Shalom Times, 02 July 2013 10:51
Written by സ്റ്റെല്ല ബെന്നി
'ജീസസ് യൂത്ത് 87' എന്ന യൂത്ത് കൺവൻഷന് മുന്നോടിയായി ജീസസ് യൂത്തിലെ ഫസ്റ്റ്ലൈൻ ലീഡേഴ്സ് കളമശേരിയിലെ എമ്മാവൂസിൽ ഒരുമിച്ചുകൂടിയ സമയം. ആ ദിവസം ഭക്ഷണം പാകം ചെയ്യുന്ന ടീമിന്റെ ലീഡറായി ഞാൻ നിയോഗിക്കപ്പെട്ടു. കപ്പയും മത്തിയും അടുക്കളയിൽ എത്തി. ഞങ്ങളുടെ ടീമിലുള്ള ആൺകുട്ടികൾ കപ്പപ്പുഴുക്ക് ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. മീൻ കറിവയ്ക്കുന്നതിന്റെ ഉത്തരവാദിത്വം എന്നെ ഏല്പിച്ചു. എന്നാൽ, എനിക്ക് പച്ചക്കറികൾ മാത്രമായിരുന്നു പാകം ചെയ്യാൻ അറിയാമായിരുന്നത്. ആ കാലഘട്ടങ്ങളിൽ ഞാൻ തികഞ്ഞ സസ്യഭുക്കായിരുന്നു. പച്ചമീൻ കൈയിലെടുക്കുന്നതും അതു വൃത്തിയാക്കുന്നതുമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു എനിക്കന്ന്. പച്ചമീൻ കറിവയ്ക്കുന്നതിന്റെ ചേരുവകളൊന്നും അറിയുകയും ഇല്ലായിരുന്നു. ഞാനാകെ വിഷമിച്ചു. ടീമിൽ മീൻ കറി വയ്ക്കാൻ അറിയാവുന്ന മറ്റാരും ഉണ്ടായിരുന്നുമില്ല. വേറൊരു നിവൃത്തിയുമില്ലാത്തതിനാൽ ഞാൻ പാ ചകം തുടങ്ങാൻ തീരുമാനിച്ചു. അതിനുള്ള ഒരുക്കമാ യി ബാത്ത്റൂമിൽ കയറി വാതിലടച്ച്, കൈകൾ കൂപ്പി ഭക്തിയോടെ പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിച്ചു. ഈ മീൻകറി നീ തന്നെ എന്നെക്കൊണ്ട് നന്നായി പാചകം ചെയ്യിക്കണമേ. ഞാനിതുവരെ പാചകം ചെയ്തിട്ടുള്ള എല്ലാ കറികളെയുംകാൾ രുചിനിറഞ്ഞ കറിയായി ഇതിനെ രൂപാന്തരപ്പെടുത്തണമേ എന്ന് ഞാൻ പ്രാർത്ഥിച്ചു.
പിന്നീടങ്ങോട്ട് നടന്നത് ഒരു പരിശുദ്ധാത്മ പാചകമായിരുന്നു. പച്ചമത്തി നന്നാക്കുന്നതിന്റെ അറപ്പും വെറുപ്പും ഞാൻ ഓർത്തതുപോലുമില്ല. ഞൊടിയിടകൊണ്ട് ഞാനും രണ്ടു സഹോദരിമാരും കൂടി അതുണ്ടാക്കി. പക്ഷേ, പ്രശ്നം ഉദിച്ചത് അപ്പോഴല്ല. ചേരുവകൾ ചേർക്കാൻ നേരത്താണ്. എന്റെ കൂടെയുള്ള രണ്ടുപേർക്കുമറിയില്ല ചേരുവകളെന്തെന്ന്. ഒരു നിമിഷം ഞാനും ശങ്കിച്ചുനിന്നു. അടുത്ത നിമിഷം ഞാൻ പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ട് ഒരു ഊഹംവച്ച് ചേരുവകൾ എല്ലാം ചേർത്ത് കറി അടുപ്പിൽ വച്ചു. പാചകം ചെയ്തപ്പോഴും വാങ്ങിവച്ചപ്പോഴുമെല്ലാം ചങ്ക് പിടയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, വിളമ്പിക്കഴിഞ്ഞപ്പോൾ വിധം മാറി. 'സൂപ്പർ മീൻകറി' ആരാണിത് പാകംചെയ്തത് എന്നു ചോദിച്ചുകൊണ്ട് കഴിച്ചവരെല്ലാം വെച്ചയാളെ അന്വേഷിച്ച് അടുക്കളയിൽ വന്നു. ''ഞാനല്ല പരിശുദ്ധാത്മാവാണ് വെച്ചത്. അതുകൊണ്ടാണ് ഇത്ര രുചി. ഞാൻ പച്ചമീൻകറി കഴിക്കുകയില്ല. അതുകൊണ്ട് അഭിനന്ദനമെല്ലാം പരിശുദ്ധാത്മാവിന് കൊടുത്താൽ മതി.'' ഞാൻ മറുപടി പറഞ്ഞു.
നിത്യസഹായകനായ പരിശുദ്ധാത്മാവ്
നമ്മുടെ നിത്യസഹായകനായ പരിശുദ്ധാത്മാവ് ഏതെല്ലാം വിധത്തിൽ നമ്മെ സഹായിക്കും എന്ന് വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഞാനീ സംഭവം പറഞ്ഞത്. യേശു ശിഷ്യന്മാരോടു പറഞ്ഞു. ''ഞാൻ പിതാവിനോടു അപേക്ഷിക്കുകയും എന്നേക്കും നിങ്ങളുടെ കൂടെയായിരിക്കുവാൻ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങൾക്കു തരുകയും ചെയ്യും.'' (യോഹ.14:16). നിത്യവും നിങ്ങളുടെ കൂടെ ആയിരിക്കുവാൻ എന്നു പറഞ്ഞിരിക്കുന്ന വാക്ക് ഏറെ ശ്രദ്ധേയമാണ്. എല്ലാ സമയത്തും നമ്മളോടൊപ്പമായിരിക്കുന്നതിനും ഏതു കാര്യത്തിലും നമ്മെ സഹായിക്കുന്നതിനും വേണ്ടിയാണ് പരിശുദ്ധാത്മാവിനെ നല്കിയിരിക്കുന്നത്. ജീവിതത്തിന്റെ അനേക നിമിഷങ്ങളിൽ പരിശുദ്ധാത്മാവ് കൈപിടിച്ചുയർത്തിയതിന്റെ സാക്ഷ്യങ്ങൾ എനിക്കുണ്ട്.
കണക്കറിയാത്തവൾ കണക്കുടീച്ചറായ കഥ
എനിക്ക് ചെറുപ്പം മുതലേ കണക്ക് വളരെ ബുദ്ധിമുട്ടുള്ള വിഷയമായിരുന്നു. അഞ്ചാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ കണക്കിന് പൂജ്യം മാർക്ക് കിട്ടിയിട്ടുണ്ട്. ഞാൻ അധ്യാപികയായി ആദ്യമായി നിയമിക്കപ്പെട്ടത് ഒരു മഠംവക എൽ.പി സ്കൂളിലാണ്. അവിടെ എനിക്ക് എല്ലാ വിഷയവും പഠിപ്പിക്കണമായിരുന്നു. കണക്കു പഠിപ്പിക്കണമെന്നറിഞ്ഞപ്പോൾ തന്നെ ചങ്കിടിക്കുവാൻ തുടങ്ങി. കണക്ക് പഠിപ്പിക്കുന്നതിൽനിന്നും ഒഴിവാക്കിത്ത രണമെന്ന് ഞാൻ ഹെഡ്മിസ്ട്രസ് സി സ്റ്ററിനോട് അപേക്ഷിച്ചു. ഹെഡ്മിസ്ട്രസ് മറ്റ് അധ്യാപകരോടു ചോദിച്ചു. എനിക്കു പകരം കണക്ക് ക്ലാസിൽ പോകാമോ എന്ന്. പക്ഷേ, ആരും തയാറായില്ല. അവസാനം സിസ്റ്റർ എ ന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, ''പ്രാർത്ഥിച്ചുകൊണ്ട് മോൾ അങ്ങു തുടങ്ങിക്കോ. ഒന്നിനും കുറവ് വരികയില്ല. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിച്ചാൽ മതി, ഞാൻ സഹായിക്കാം.''
ഞാൻ സിസ്റ്റർ പറഞ്ഞത് അനുസരിച്ചു. കണക്കു പുസ്തകം തുറക്കുന്നതിനു മുൻപുതന്നെ ആ വിഷയത്തെയും പുസ്തകത്തെയും പ്രത്യേകമാംവണ്ണം പരിശുദ്ധാത്മാവിന് സമർപ്പിച്ചു. ഞാനിങ്ങനെ പ്രാർത്ഥിച്ചു: ''പരിശുദ്ധാത്മാവേ നിത്യസഹായകാ, എന്റെമേൽ പറന്നിറങ്ങണമേ. ജ്ഞാനവും ബുദ്ധിയും അറിവും ഓർമശക്തിയും നല്കുന്ന പരിശുദ്ധാത്മാവേ എന്റെ നിസഹായതയിൽ എന്നെ സഹായിക്കണമേ. എനിക്കു പകരം അവിടുന്ന് എന്റെ ഉള്ളിലിരുന്ന് കണക്കു പഠിപ്പിക്കണമേ. അതിന്റെ എല്ലാ മഹത്വവും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.'' പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ട് കണക്കുക്ലാസിലേക്ക് ചെന്നു. ഞാൻ കണക്കു പഠിപ്പിച്ചു തുടങ്ങി. കുട്ടികൾക്കെല്ലാം വലിയ സന്തോഷമായി. ഞാൻ പറയുന്നതെല്ലാം അവർ വാപൊളിച്ചിരുന്ന് കേട്ടു. അവർക്കെല്ലാം വലിയ അത്ഭുതമായി. കാരണം, ഇന്നലെവരെ അവർക്ക് ഏറ്റവും ബുദ്ധിമുട്ടായിരുന്ന കണക്ക് ഒരാഴ്ചത്തെ എന്റെ പഠിപ്പിക്കൽകൊണ്ട് എളുപ്പമായിത്തീർന്നു.
ആ സ്കൂളിൽ ക്ലാസ്ടീച്ചർ രീതിയാ യിരുന്നു നിലനിന്നിരുന്നത്. അതായത് ഒരു ടീച്ചർ തന്നെ എല്ലാ വിഷയവും പഠിപ്പിക്കണമായിരുന്നു. എനിക്ക് നന്നാ യി പഠിപ്പിക്കാനറിയാവുന്ന മറ്റു വിഷയങ്ങൾ നിലനില്ക്കേ കുട്ടികൾ ഏറ്റവും അധികം ഇഷ്ടപ്പെട്ടത് അന്നുവരെ അവർക്ക് വിഷമമായിരുന്ന കണക്കുക്ലാസിനെയാണ്. അവർ എനിക്കൊരു പേരിട്ടു, 'കണക്കുടീച്ചർ.' കുട്ടികളു ടെ കണക്കിലുള്ള മാറ്റം തിരിച്ചറിഞ്ഞപ്പോൾ മാതാപിതാക്കൾ എന്നെ കാണാൻ വന്നു. അവർക്കും അത്ഭുതമായിരുന്നു. കാരണം, കുട്ടികളിൽ പലർക്കും കണക്ക് അതുവരെ കീറാമുട്ടിയായിരുന്നു. ഞാൻ അവരോട് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ പറഞ്ഞു. അവർ അനുസരിച്ചു. അത്ഭുതകരമായ മാറ്റം അവരുടെ പഠനത്തിലും സ്വഭാവരീതികളിലും ഉണ്ടായി.
ഒൻപതാം ക്ലാസിലെ ഓണാഘോഷം
ഒൻപതാം ക്ലാസുവരെ എനിക്ക് ഇംഗ്ലീഷ് പ്രയാസമേറിയ വിഷയമായിരുന്നു. ശ,െ ംമ െതുടങ്ങിയ നിസാരവാക്കുകളുടെ അർത്ഥംപോലും അ റിഞ്ഞുകൂടായിരുന്നു. ഒൻപതിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് എന്റെ ക്ലാസ്ടീച്ചർ ഓണത്തെക്കുറിച്ച് ഇംഗ്ലീഷിൽ ഒരു പ്രസംഗം എഴുതിത്തന്നു. ഒരാഴ്ചയോളം ഞാൻ കഷ്ടപ്പെട്ട് പഠിച്ചിട്ടും ആ പ്രസംഗത്തിന്റെ കാൽഭാഗം പോലും ഹൃദിസ്ഥമാക്കാൻ കഴിഞ്ഞില്ല. അതുമൂലം എനിക്ക് ടീച്ചറിന്റെ തല്ലുകിട്ടി. ക്ലാസിനു പുറത്തിറങ്ങി നില്ക്കേണ്ടതായും വന്നു. അപ്പോഴാ ണ് വേദപാഠക്ലാസിൽ ടീച്ചർ പറഞ്ഞ കാര്യം ഓർത്തത്. പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചാൽ ജ്ഞാനവും ബുദ്ധിയും ആലോചനാശക്തിയും ഓർമശക്തിയും എല്ലാം ലഭിക്കുമെന്നും പഠനം ഏറ്റവും എളുപ്പമായിത്തീരുമെന്നും. ഞാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചു. പരിശുദ്ധാത്മാവിന് ആ പ്രസംഗം സമർപ്പിച്ചു. അത്ഭുതമെന്നു പറയട്ടെ, രണ്ടാഴ്ച കിണഞ്ഞു പരിശ്രമിച്ചിട്ടും പഠിക്കാൻ പറ്റാതിരുന്നത് അരമണിക്കൂർകൊണ്ട് ഹൃദിസ്ഥമാക്കാൻ കഴിഞ്ഞു. ഞാൻ പ്രസംഗം പറയുന്നത് കേട്ടപ്പോൾ ടീച്ചറിനും അത്ഭുതമായി. ടീച്ചർ ചോദിച്ചു, ''ഇത്രയും നാൾ പഠിക്കാൻ വിഷമിച്ചിരുന്ന ഈ ഉപന്യാസം നീയെങ്ങനെയാണ് ഇപ്പോൾ പഠിച്ചെടുത്തത്.'' ഞാൻ പറഞ്ഞു, ''ഞാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചു. പരിശുദ്ധാത്മാവ് എന്നെ പഠിപ്പിച്ചു.'' എന്നാൽ പിന്നെ നിനക്കിത് ആദ്യമേ ചെയ്തുകൂടായിരുന്നോ എന്ന് ടീച്ചർ ചോദിച്ചു.
അന്നുമുതൽ എന്റെ ഇംഗ്ലീഷ് പഠനത്തിന്റെ നിലവാരമുയർന്നു. മുക്കിമൂളി ഇംഗ്ലീഷ് വായിച്ചുകൊണ്ടിരുന്ന ഞാൻ അന്നുമുതൽ ഇംഗ്ലീഷ് പഠി ക്കാൻ വിഷമിക്കുന്നവരെ സഹായിക്കുന്നവരുടെ ഗണത്തിലേക്കുയർത്തപ്പെട്ടു. ഒരു കാര്യം അതിലൂടെ എനിക്ക് മനസിലായി. വിജയം നല്കുന്നവൻ കർത്താവാണ്. ''കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച വരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയർത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നത് ദൈവമാണ്'' (സങ്കീ.75:6).
സമാധാനം നല്കുന്ന പരിശുദ്ധാത്മാവ്
സമാധാനദാതാവായ യേശുവിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ നിറയുന്നത് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെയാണ്. ഒരിക്കൽ ഞാൻ പലവിധ പ്രശ്നങ്ങളാൽ ആകുലചിത്തയും അസമാധാനം നിറഞ്ഞവളും ആയിരുന്നു. സമാധാനം കിട്ടുവാൻ ഞാൻ വളരെയേറെ കൊന്തകൾ ചൊല്ലി. നൊവേനകൾ ആവർത്തിച്ചു ചൊല്ലി. പക്ഷേ, എന്റെ ഹൃദയത്തിന് സമാധാനം കിട്ടിയില്ല. അപ്പോൾ എന്റെ ആത്മീയോപദേശകൻ പറഞ്ഞു; സമാധാനം ലഭിക്കാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുക. ഞാനത് അനുസരിച്ചു. ഞാൻ ഇപ്രകാരം പ്രാർത്ഥിച്ചു: 'സമാധാനദാതാവായ ദൈവത്തിന്റെ പരിശുദ്ധാത്മാവേ, എന്റെ ഹൃദയത്തിൽ വന്നുനിറഞ്ഞ് എനിക്ക് സമാധാനം നല്കണമേ.' ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കുറച്ചുസമയം കണ്ണുകളടച്ചിരുന്നു. അത്ഭുതമെന്നേ പറയേണ്ടൂ. അനേക ദിവസങ്ങൾ പ്രാർത്ഥിച്ചിട്ട് ലഭിക്കാതിരുന്നത് ഏതാനും മിനിറ്റുകൊണ്ട് എന്റെ ഹൃദയം അനുഭവിച്ചറിഞ്ഞു. യേശു പറഞ്ഞു: ''ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടുപോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാൻ നല്കുന്നത്'' (യോഹ.14:27). ലോകം ഒരു മ നുഷ്യന് സമാധാനം നല്കുവാൻ ശ്രമിക്കുന്നത് അവന്റെ ജീവിതത്തിലെ പ്രതികൂലങ്ങളെ അനുകൂലങ്ങളാക്കി പരിണമിപ്പിച്ചുകൊണ്ടാണ്. എന്നാൽ, പരിശുദ്ധാത്മാവ് അങ്ങനെയല്ല. പ്രശ്നങ്ങളും പ്രതിസന്ധികളും നിലനില്ക്കുമ്പോൾത്തന്നെ ഹൃദയത്തെ സമാധാനംകൊണ്ട് നിറയ്ക്കുന്നു.
വരദാന ഫലസമൃദ്ധി
പരിശുദ്ധാത്മാവിനോട് ചോദിക്കു ന്നവർക്ക് അവിടുന്ന് വരദാനഫലങ്ങളുടെ സമൃദ്ധി നല്കും.
ഞാൻ ചെറുപ്പത്തിൽ പാടാൻ കഴിവുള്ള ആളായിരുന്നില്ല. എന്നാൽ, നൃത്തം ചെയ്യുവാനും അഭിനയിക്കുവാനുമൊക്കെ കഴിവുണ്ടണ്ടായിരുന്നു. മുതിർന്നപ്പോൾ എന്റെ ഉള്ളിൽ പാടാനുള്ള ആഗ്രഹം വളർന്നുവന്നു. ദൈവത്തെ പാടിസ്തുതിക്കുവാനുള്ള കൊതികൊണ്ടാണ് പാടാനുള്ള വരത്തിനുവേണ്ടി കൊതിച്ചത്. ഞാൻ പരിശുദ്ധാത്മാവിനോട് ഇപ്രകാരം പ്രാർത്ഥിച്ചു, 'ഓ പരിശുദ്ധാത്മാവേ, നൃത്തം ചെയ്യാനും അഭിനയിക്കാ നുമുള്ള കഴിവുകൾ തിരിച്ചെടുത്തിട്ട് എനിക്ക് ദൈവത്തെ പാടിസ്തുതിക്കാനുള്ള വരം തരണമേ. അത്ഭുതമെന്നേ പറയേണ്ടൂ, ഞാൻ നന്നായി പാടാൻ തുടങ്ങി. നൃത്തം ചെയ്യാനും അഭിനയിക്കാനുമുള്ള കഴിവുകൾ തിരിച്ചെടുക്കാതെ തന്നെ പരിശുദ്ധാത്മാവ് എന്നെക്കൊണ്ട് പാടിച്ചു. ''ചോദിക്കുവിൻ; നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ; നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ; നിങ്ങൾക്കു തുറന്നുകിട്ടും. എന്തെന്നാൽ, ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാമ്പിനെ കൊ ടുക്കുക? മുട്ട ചോദിച്ചാൽ പകരം തേളിനെ കൊടുക്കുക? മക്കൾക്കു നല്ല ദാനങ്ങൾ നല്കാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!'' (ലൂക്കാ 11:9-13)
അതിനാൽ നമുക്ക് പരിശുദ്ധാത്മാവിനുവേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കാം. എന്തെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങ ൾക്കുവേണ്ടിയല്ല പരിശുദ്ധാത്മാവിനുവേണ്ടിയാണ് നാം ചോദിക്കേണ്ടത്. നിത്യവും നമ്മിൽ വസിക്കുന്നതിനും എല്ലാ കാര്യങ്ങളിലും നമ്മെ സഹായിക്കുന്നതിനുംവേണ്ടി നിത്യസഹായകനായി നമ്മോടൊത്തായിരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ എന്നുവേണം പ്രാ ർത്ഥിക്കാൻ.
പ്രാർത്ഥന
ഓ പരിശുദ്ധാത്മാവേ, പാപിയായ എന്നെ ജീവിതയാത്രയിൽ നിരന്തരം സഹായിക്കാൻ അവിടുന്ന് സ്വർഗംവിട്ട് ഇറങ്ങിവരണമേ. എന്റെ ജീവിതത്തിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അവിടുത്തെ നിത്യസഹായം തന്നുകൊണ്ട് എന്നെ ദൈവമക്കളുടെ സ്ഥാനത്തേക്കുയർ ത്തി യാലും. സുവിശേഷം ലോകമെങ്ങും അറിയിക്കുന്നതിന് ആവശ്യമായ വരദാനഫലങ്ങളുടെ സമൃദ്ധി തന്ന് എന്നെ അനുഗ്രഹിക്കണമേ, ആമ്മേൻ.
No comments:
Post a Comment