Saturday, 20 July 2013

ജപമാല നേടിത്തന്ന റാങ്ക്: ആൽബിൻ, പ്രാർത്ഥനയുടെ വിജയം: സഞ്ജയ്



Sunday Shalom, 28 June 2013  
Written by  ജോസ് തോമസ് കോട്ടയം, ജോമോൻ കോട്ടയം 

എൻജിനിയറിംഗ് എൻട്രൻസിൽ ഒന്നാമതെത്തിയ കോട്ടയം മുള്ളൻകുഴി കോതവഴിക്കൽ വീട്ടിൽ ആൽബിൻ ജോസ് ജോർജും നാലാം റാങ്കുകാരനായ കോട്ടയം മാന്നാനം കലയത്താനൽ സഞ്ജയ് കെ. സണ്ണിയും വിജയവഴിയിൽ പ്രാർത്ഥന നൽകിയ പിന്തുണയെക്കുറിച്ച് സംസാരിക്കുന്നു.



ജപമാല നേടിത്തന്ന റാങ്ക്: ആൽബിൻ

ജോസ് തോമസ് കോട്ടയം
''ജപമാലയിലൂടെ മാതാവ് നേടിത്തന്നതാണീ വിജയം. ദിവസവും ജപമാല ചൊല്ലും. ഇതുവരെ മുടങ്ങിയിട്ടില്ല. ഹോസ്റ്റലിൽ വൈദികനും സുഹൃത്തുക്കൾക്കൊപ്പവും ഇടവേളകളിൽ തനിച്ചും. അതുകൊണ്ട് ഈ നേട്ടം മാതാവിന് സമർപ്പിക്കുന്നു. ജപമാല ചൊല്ലി പ്രാർത്ഥിച്ചാൽ മാതാവ് ഒരിക്കലും നമ്മെ കൈവിടില്ല.'' സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിലെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഒന്നാമനായ കോട്ടയം മുള്ളൻകുഴി കോതവഴിക്കൽഹൗസിലെ ആൽബിൻ ജോസ് ജോർജിന്റേതാണീ വാക്കുകൾ. ആൽബിൻ ഇതു പറയുമ്പോഴും കൈയിൽ ജപമാലയുണ്ട്.

മാതാവിന്റെ നാമധാരിയായ അമ്മ മേരി വി.ജെ.യാണ് തന്നെ മരിയഭക്തനാക്കിയതെന്ന് ആൽബിൻ പറയുന്നു. എന്തു പ്രശ്‌നങ്ങൾ ഉണ്ടായാലും മാതാവിനോട് പ്രാർത്ഥിച്ചാൽ മതിയെന്ന് അമ്മ പറയുമായിരുന്നു. ഇടവേളകളിൽ സോഷ്യൽ നെറ്റ് വർക്കുകളിൽ അഭയം തേടാറില്ല.ബൈബിൾവായന ഒരു ദിവസവും മുടക്കിയിട്ടില്ല. ''സ്വന്തമായി നമുക്ക് ഒന്നുമാകാനാവില്ല. എത്ര പഠിച്ചാലും എത്ര ബുദ്ധിയുള്ളവനാണെങ്കിലും ദൈവാനുഗ്രഹമില്ലെങ്കിൽ അതെല്ലാം ശൂന്യമാണ്. ഈയൊരു ബോധ്യമുണ്ടായപ്പോഴാണ് എന്തൊക്കെ തിരക്കുണ്ടെങ്കിലും ഞായറാഴ്ചകളിൽ വിശുദ്ധ കുർബാന ഉപേക്ഷിക്കില്ലെന്ന് ദൃഢനിശ്ചയമെടുത്തത്.'' ആൽബിൻ പറയുന്നു.

''പരീക്ഷയിൽ വിജയിക്കണമെങ്കിൽ ദൈവാനുഗ്രഹത്തിന് പുറമെ ആത്മവിശ്വാസവും വേണം. പരീക്ഷയെഴുതുവാൻ ഒരുങ്ങുന്നവർക്ക് ആദ്യമായി വേണ്ടതും ഇതാണ്. എനിക്ക് പരീക്ഷയ്ക്ക് വിജയിക്കാനാവുമെന്ന് ഉറച്ചു വിശ്വസിക്കുക. പഠനത്തിന് മുമ്പ് 15 മിനിറ്റെങ്കിലും ശാന്തമായി പ്രാർത്ഥിക്കുക. നന്നായി പഠിക്കുന്നതിന് കുടുംബാംഗങ്ങളുടെ പിന്തുണയും വേണം. ആത്മവിശ്വാസം, കഠിനാധ്വാനം, പ്രാർത്ഥന ഇതു മൂന്നുമുണ്ടെങ്കിൽ പരാജയപ്പെടില്ല.''

എൻട്രൻസ് കോച്ചിങ്ങിന്റെ പേരുപറഞ്ഞ് മതപഠനവും ഞായറാഴ്ച ദിവ്യബലിയും മുടക്കുന്നവർക്ക് ചുട്ട മറുപടിയാണ് ഈ ഒന്നാം റാങ്കുകാരൻ. നാഗമ്പടം സെന്റ് ആന്റണീസ് പളളിയിൽ എല്ലാ ചൊവ്വാഴ്ചകളിലും നടക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കുന്നതുപോലും ആൽബിൻ മുടങ്ങാറില്ലത്രേ. കോട്ടയം റബർ ബോർഡിൽ ഉദ്യോഗസ്ഥയായ ആൽബിന്റെ അമ്മ  പരീക്ഷാസമയങ്ങളിൽ ലീവെടുത്ത് പള്ളിയിൽ പ്രാർത്ഥിക്കുന്നുണ്ടാവും. വീട്ടിലും പ്രത്യേകം പ്രാർത്ഥന നടത്തും. ഏതായാലും ഈ പ്രാർത്ഥനയൊന്നും പാഴായിപ്പോയി ല്ലെന്ന് ആൽബിന്റെ വിജയം ഓർമ്മിപ്പിക്കുന്നു. പിതാവ് ജോർജ് വർഗീസ്. ഏക സഹോദരി ഹൈദരാബാദിൽ പഠിക്കുന്നു.  
574.1651 സ്‌കോർ നേടിയാണ് ആൽബിൻ ഒന്നാമതെത്തിയത്. എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ സ്‌കോർ മെയ് അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ പ്രവേശന കമ്മീഷണർക്ക് സമർപ്പിച്ച യോഗ്യതാപരീക്ഷയുടെ മാർക്കും പ്രവേശന പരീക്ഷക്ക് ലഭിച്ച സ്‌കോറും 50:50 അനുപാതത്തിൽ സ്റ്റാന്റഡൈസേഷൻ പ്രക്രിയയ്ക്കു വിധേയമാക്കിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. ഇതിനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 22 ബോർഡുകളിൽ നിന്നും ലഭിച്ച മാർക്ക് ഡാറ്റ സർക്കാർ നിയോഗിച്ച സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധ സമിതിയുടെ മേൽനോട്ടത്തിൽ ഏകീകരിച്ചിരുന്നു.



പ്രാർത്ഥനയുടെ വിജയം: സഞ്ജയ്


ജോമോൻ കോട്ടയം
കഠിനാധ്വാനവും പ്രാർത്ഥനയുംകൊണ്ടു മാത്രമാണീ വിജയമെന്ന് നാലാം റാങ്കുകാരൻ കോട്ടയം മാന്നാനം കലയത്താനൽ സഞ്ജയ് കെ. സണ്ണി പറയുന്നു. കുടുംബപ്രാർത്ഥനകൾ മുടക്കാറില്ല. എല്ലാ ദിവസവും രാത്രി ഒരേ സമയത്താണ് കുടുംബപ്രാർത്ഥന. സീരിയലുകളോ റിയാലിറ്റി ഷോകളോ ഇവരുടെ കുടുംബത്തിലെ സന്ധ്യാപ്രാർത്ഥനകളെ ബാധിക്കാറില്ല. എല്ലാവരും ഒന്നുചേർന്നുള്ള പ്രാർത്ഥനയാണ് ഈ നേട്ടം സമ്മാനിച്ചതെന്ന് സഞ്ജയ് പറയുമ്പോൾ അതിൽ തെല്ലും അതിശയോക്തിയില്ല.
എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും ശനിയും ഞായറും സഞ്ജയ് ദിവ്യബലി മുടക്കാറില്ല. സാധിക്കുന്ന ദിവസങ്ങളിൽ ഇടദിവസവും ഇടവക ദേവാലയമായ കുടമാളൂർ പള്ളിയിലെത്തും. രാവിലെയും വൈകിട്ടുമുള്ള ബൈബിൾ വായനയും മുടക്കിയിട്ടില്ല. കമ്പ്യൂട്ടറിനു മുമ്പിലോ ടെലിവിഷനു മുമ്പിലോ അധികസമയം ചെലവഴിക്കാത്ത സഞ്ജയ് പഠനവും പ്രാർത്ഥനയും


ഒരേപോലെ  കൊണ്ടുപോകുന്ന അപൂർവം പേരിലൊരാളാണ്. പിതാവ് സണ്ണി ജോസഫ് കെ.ഇ. കോളജിൽ പ്രഫസറാണ്. അമ്മ ലിസമ്മ ജോസഫ് എൽ.ഐ.സി കോട്ടയം ഡിവിഷണൽ ഓഫിസിൽ ഉദ്യോഗസ്ഥയാണ്. മൂത്ത സഹോദരൻ സച്ചിൻ ബിടെക് വിദ്യാർത്ഥിയും സഹോദരി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. പരീക്ഷയ്ക്കായി എല്ലാ ദിവസവും രാവിലെ അഞ്ചിന് ഉണരും. അരമണിക്കൂർ പ്രാർത്ഥിക്കും. ബൈബിൾവായനയ്ക്കും ജപമാലയ്ക്കുംശേഷമാണ് പഠനം. ശനിയാഴ്ചകളിൽ മുടങ്ങാതെ മാന്നാനം ചാവറയച്ചന്റെ പള്ളിയിൽ നൊവേനയിലും പങ്കുകൊണ്ടു. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോഴാണ് നമ്മുടെ പ്രാർത്ഥന ദൈവത്തിന് സ്വീകാര്യമാകുന്നതെന്ന് സഞ്ജയ്‌യുടെ പക്ഷം. രാത്രി 11 മണിക്കാണ് ഉറങ്ങിയിരുന്നത്. യാതൊരു ടെൻഷനുമില്ലാതെയാണ് പരീക്ഷയെഴുതിയത്. മാതൃകാ ചോദ്യപേപ്പർ ഉപയോഗിച്ച് പല തവണ പരീക്ഷ എഴുതി ഓരോ സിലബസും സംബന്ധിച്ച് നെറ്റിൽനിന്നും മറ്റും ഡൗൺലോഡ് ചെയ്ത് പഠിച്ചിരുന്നു. അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രോത്സാഹനവും പ്രാർത്ഥനയും ഏറെ ഉപകാരപ്രദമായി.

''പരീക്ഷയെ അഭിമുഖീകരിക്കുന്നവർ ആദ്യം ചെയ്യേണ്ടത് യാതൊരു ടെൻഷനുമില്ലാതെ പരീക്ഷ നേരിടുക എന്നതാണ്. മാതൃകാ ചോദ്യപേപ്പറുണ്ടാക്കി പരമാവധി പലതവണ പരീക്ഷ എഴുതണം. ഇത് ആത്മവിശ്വാസം വളർത്തും. എത്ര പഠനതിരക്കുകൾ ഉണ്ടെങ്കിലും പ്രാർത്ഥനയ്ക്കും പള്ളിയിൽ പോകുന്നതിനും സമയം കണ്ടെത്തണം.'' സഞ്ജയ് ഓർമ്മിപ്പിക്കുന്നു.

No comments:

Post a Comment