Friday, 19 July 2013

ചന്ദ്രനിലെ ശിലാഫലകം



Shalom Times, 05 June 2013
Written by  ലൈസമ്മ ചാക്കോ

ശാസ്ത്രവും വിശ്വാസവും എതിർധ്രുവങ്ങളാണോ?
ശാസ്ത്രലോകത്തെ മഹാരഥന്മാർ ദൈവവിശ്വാസികളായിരുന്നോ?

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ എഡ്വിൻ ആൾഡ്രിൻ, നീൽ ആംസ്‌ട്രോംഗ് എന്നീ അമേരിക്കൻ ബഹിരാകാശ യാത്രികർ ചന്ദ്രമണ്ഡലത്തിൽ ഒരു ശിലാഫലകം നാട്ടി. ആ ഫലകത്തിൽ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

''അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തെയും അങ്ങ് സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു. അവിടുത്തെ ചിന്തയിൽ വരാൻമാത്രം മർത്ത്യനെന്തു മേന്മയുണ്ട്?'' സങ്കീർത്തനങ്ങൾ എട്ടാം അധ്യായത്തിലെ മൂന്നും നാലും വാക്യങ്ങളാണ് ആ ശിലാഫലകത്തിൽ എഴുതിയിരിക്കുന്നത്. ദൈവം ബുദ്ധിയില്ലാത്തവന്റെ കണ്ടുപിടുത്തമാണ് എന്ന് പറയുന്നതിലെ യുക്തിരാഹിത്യം ഇവിടെ പൊലിയുന്നു.

പ്രപഞ്ചം ദൈവത്തിന്റെ അസ്തിത്വത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ക്രമരഹിതമായ, താളപ്പിഴകളുടെ സമുച്ചയമല്ല പ്രപഞ്ചം. മറിച്ച്, സുനിശ്ചിതമായ ഒരു ക്രമം പ്രപഞ്ചത്തിനുണ്ട്. ഈ ക്രമം നല്കിയത് ദൈവമാണ് എന്ന സത്യം തിരിച്ചറിയുന്നവനാണ് ബുദ്ധിമാൻ.

ഈശ്വരനിൽ വിശ്വസിക്കാത്തവന് തന്നെത്തന്നെയോ മറ്റുള്ളവരെയോ വിശ്വസിക്കാൻ കഴിയില്ല. ഈ വിശ്വാസമില്ലായ്മയാണ് ഇന്ന് ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന പല അക്രമങ്ങളുടെയും കാരണം.

അപരൻ തനിക്ക് ശത്രുവാണെന്ന് സങ്കല്പിച്ച് ഇങ്ങോട്ടാക്രമിക്കുന്നതിന് മുൻപ് അങ്ങോട്ടാക്രമിച്ച് രക്ഷപെടാൻ ശ്രമിക്കുന്ന മനുഷ്യന്റെ സ്വാർത്ഥതയാണ് അക്രമത്തിന്റെ അടിസ്ഥാനകാരണം. രാജ്യങ്ങൾ തമ്മിലായാലും കുടുംബങ്ങൾ തമ്മിലായാലും വ്യക്തികൾ തമ്മിലായാലും പരസ്പരം പോരടിക്കുന്നത് വിശ്വാസമില്ലായ്മയുടെ ഫലമായാണ്. 'നിന്റെ സഹോദരൻ എവിടെ?' എന്ന ചോദ്യം അവനെ അസഹ്യപ്പെടുത്തുന്നതും അപരനെ കാണാൻ പറ്റാത്തവിധം അന്ധനാക്കുന്നതും സ്വാർത്ഥമോഹത്തിന്റെ കെട്ടുകളാണ്.

ന്യൂയോർക്കിലെ സുപ്രസിദ്ധ മതപ്രസംഗകനായ റവ. ഹാരിഫോസ്ഡിക്കിനെ കാണാൻ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ പഠനം നടത്തിക്കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ ചെന്നു. മുഖവുര കൂടാതെ അയാൾ പറഞ്ഞു: ''ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല. താങ്കളുമായി ഒരു വാഗ്വാദത്തിന് വന്നതാണ്.'' അയാളുടെ വാദങ്ങൾ ശാന്തനായി കേട്ടിരുന്നശേഷം ഫോസ്ഡിക്ക് പറഞ്ഞു: ''നിങ്ങൾ വിശ്വസിക്കാത്ത ആ ദൈവത്തെക്കുറിച്ച് വിശദീകരിക്കാമോ?''

മനുഷ്യന് ഭൂമിയിൽ ദുഃഖങ്ങൾ മാത്രം നല്കുന്ന ദൈവത്തെക്കുറിച്ചായിരുന്നു അയാൾക്ക് പറയാനുണ്ടായിരുന്നത്. മനുഷ്യന്റെ ഓരോ തെറ്റും കുറ്റവും കണ്ടുപിടിച്ച് അവനെ നിർദ്ദയം ശിക്ഷിക്കുന്ന ദൈവത്തിലായിരുന്നു അയാൾക്ക് വിശ്വാസമില്ലാതിരുന്നത്.

ഫോസ്ഡിക്ക് പറഞ്ഞു: ''ഇമ്മാതിരിയുള്ള ഒരു ദൈവത്തിൽ ഞാനും വിശ്വസിക്കുന്നില്ല.''
മേൽവിവരിച്ച ചെറുപ്പക്കാരന്റെ പ്രതിനിധികളാണ് ഇന്ന് പലരും. ദൈവത്തിന്റെ യഥാർത്ഥ മുഖവും സ്വഭാവവും- അത് സ്‌നേഹവും നന്മയും കരുണയുമാണെന്ന കാര്യം നമ്മൾ പലപ്പോഴും വിസ്മരിക്കുന്നു. തെറ്റിദ്ധരിക്കപ്പെട്ട ദൈവത്തിന്റെ യഥാർത്ഥ മുഖം ലോകത്തിന് കാണിച്ചുകൊടുക്കേണ്ടത് വിശ്വാസികളുടെ ഉത്തരവാദിത്വമാണ്. ഈ വിശ്വാസവർഷത്തിൽ ഓരോ വിശ്വാസിയും അതിനായി കഠിനാധ്വാനം ചെയ്യണം.

ദൈവത്തിന്റെ മുൻപിൽ വിനീതനാകുന്നതിൽ അഭിമാനംകൊണ്ട മഹാരഥന്മാരെക്കുറിച്ച് ഇന്നത്തെ തലമുറ ഏറെ പഠിക്കേണ്ടിയിരിക്കുന്നു. വിശ്വോത്തര പ്രതിഭയായ സർ ഐസക് ന്യൂട്ടൺ പറഞ്ഞു: ''സൂര്യനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമുള്ള ഈ മനോഹര സൗരയൂഥം ബുദ്ധിയും ശക്തിയുമുള്ള പരമസത്തയുടെ അധീശത്വത്തിൽനിന്നും ചിന്തയിൽനിന്നും മാത്രമേ ഉത്ഭവിച്ചിരിക്കുകയുള്ളൂ.''

ലോകത്തിലെ റോക്കറ്റ് വിദഗ്ധരിലൊരാളായ- മനുഷ്യനെ ചന്ദ്രനിലെത്തിച്ച കൂറ്റൻ റോക്കറ്റിന്റെ രൂപകല്പനയ്ക്ക് പിന്നിലെ മുഖ്യശില്പിയായിരുന്ന ഡോ. വെർണർവോൺ ബ്രൗൺ പ്രഖ്യാപിച്ചു: ''പ്രപഞ്ചത്തിന്റെ മഹത്വം സ്രഷ്ടാവിന്റെ അസ്തിത്വത്തിലുള്ള എന്റെ വിശ്വാസത്തെ ദൃഢതരമാക്കുകയേ ചെയ്തിട്ടുള്ളൂ.''

സുപ്രസിദ്ധ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ പറയുന്നു: ''ശാസ്ത്രത്തെ നിഷേധിക്കുന്ന മതം അന്ധവും മതത്തെ നിഷേധിക്കുന്ന ശാസ്ത്രം മുടന്തുള്ളതുമാണ്.''
ആധുനിക ശാസ്ത്രത്തിന്റെ പ്രത്യേകിച്ച്, ഊർജതന്ത്രത്തിന്റെ പല നിരീക്ഷണങ്ങളും ഈശ്വരവിശ്വാസത്തിന്റെ സാധ്യത ശരിവയ്ക്കുന്നതാണെന്ന് ശ്രദ്ധിച്ചാൽ മനസിലാകും.
ജീവന്റെ രഹസ്യത്തെക്കുറിച്ചുള്ള ശാസ്ത്രത്തിന്റെ പുതിയ പഠനമാണ് ഹ്യൂമൻ ജീനോം പ്രൊജക്ട്. ഈ പഠനങ്ങൾ മനുഷ്യജീവനിലും പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളിലുമുള്ള ഈശ്വരന്റെ പങ്കിനെ അടിവരയിട്ടുറപ്പിക്കുന്നതാണ്.

നൂറു ട്രില്യൺ (1 എഴുതി 14 പൂജ്യമിട്ടാൽ കിട്ടുന്ന സംഖ്യ) കോശങ്ങളെകൊണ്ടാണ് നമ്മുടെ ശരീരം ഉണ്ടാക്കിയിരിക്കുന്നത്. അതായത്, നൂറുകോടി വാക്കുകൾകൊണ്ടെഴുതിയ കൂറ്റൻ പുസ്തകമാണ് മനുഷ്യശരീരം.

ഈ പുസ്തകത്തെ വായിച്ചെടുക്കുന്ന വിദ്യയാണ് ജീനോം സ്വീക്വൻസിങ്. അതിസങ്കീർണമായ ഈ ശാസ്ത്രശാഖയുടെ പ്രൊജക്ട് ഡയറക്ടറായ ഫ്രാൻസിസ് കോളിൻസ് (യൗവനത്തിൽ നിരീശ്വരവാദിയായിരുന്നു അദ്ദേഹം) പറയുന്നു: "DNA IS THE LANGUAGE OF GOD.''

ഡി.എൻ.എ യെക്കുറിച്ചുള്ള- ജനിതകഘടനയെക്കുറിച്ചുള്ള- പഠനം ശാസ്ത്രത്തെകൊണ്ടെത്തിക്കുന്നത് ജീവനിലുള്ള ഈശ്വരന്റെ അനിഷേധ്യമായ പങ്കിലേക്കാണെന്ന് ശാസ്ത്രം സമ്മതിച്ചുകഴിഞ്ഞതാണ്.

ദൈവത്തിൽ  വിശ്വസിക്കുന്നത് തന്റെ അന്തസിന് ചേർന്നതല്ലെന്ന് കരുതുന്നവർ യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നവരോ ഉറക്കംനടിക്കുന്നവരോ ആണെന്നതാണ് സത്യം.
മഹാരഥന്മാരായ പല ശാസ്ത്രജ്ഞ മാരും തങ്ങളുടെ കണ്ടുപിടുത്തങ്ങളിലൂടെ കൂടുതലായി ഈശ്വരവിശ്വാസത്തിലേക്ക് വരികയാണ് ചെയ്തിട്ടുള്ളത്. ഓരോ പുതിയ കണ്ടുപിടുത്തവും സ്രഷ്ടാവായ ദൈവത്തിന്റെ കരവിരുതാണ് വെളിപ്പെടുത്തുന്നതെന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തുന്നു.

ചുരുക്കത്തിൽ, മനുഷ്യന്റെ യുക്തിയും ബുദ്ധിയും കഴിവും ഒന്നും ഈശ്വരവിശ്വാസത്തെ തടസപ്പെടുത്തുന്നില്ല. മറിച്ച്, കൂടുതൽ വിശ്വാസത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്.

 

No comments:

Post a Comment