Sunday Shalom, 13 July 2013 11:17
Written by ശാന്തിമോൻ ജേക്കബ്
വിശുദ്ധ പത്രോസിന്റെ പിൻഗാമികളിൽ ഏറ്റവും വേഗത്തിൽ വിശുദ്ധപദം പ്രാപിക്കുന്ന വ്യക്തിയാവുകയാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ; പ്രത്യേകിച്ചും ആധുനിക കാലഘട്ടത്തിൽ.
പരിശുദ്ധ സിംഹാസനത്തിൽ ഇരുന്ന 265 മാർപാപ്പമാരിൽ 78 പേരാണ് ഇതുവരെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. വിശുദ്ധ പത്രോസ് മുതലുള്ള ആദ്യത്തെ 35 മാർപാപ്പമാരും വിശുദ്ധരായി; ആദ്യത്തെ 54 പേരിൽ വിശുദ്ധരായി പ്രഖ്യപിക്കപ്പെടാത്തത് വെറും രണ്ടുപേർ മാത്രം. മറ്റു മാർപാപ്പമാരിൽ 16 പേർ വിശുദ്ധ പദത്തിന്റെ വളരെ അടുത്തുണ്ട്; വാഴ്ത്തപ്പെട്ടവരും മറ്റുമാണ് അവർ.
2005 മെയ്മാസത്തിലാണ് ജോൺ പോൾ രണ്ടാമന്റെ നാമകരണ നടപടി ആരംഭിച്ചത്. എട്ടു വർഷത്തിനുള്ളിൽ അദ്ദേഹം അൾത്താര വണക്കത്തിനു യോഗ്യൻ ആകുന്നു!
കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചവരിൽ ഒരു പാപ്പ മാത്രമാണ് ഇതുവരെ വിശുദ്ധനായത്; പത്താം പീയൂസ് മാർപാപ്പ. ജോ ൺ ഇരുപത്തിമൂന്നാമൻ കൂടി ഇക്കുറി വിശുദ്ധ പദവിയിലെത്തുന്നതോടെ അവരുടെ എണ്ണം മൂന്നാവും. ജോൺ പോൾ രണ്ടാമൻ ഇരുപതാം നൂറ്റാണ്ടിന്റെയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെയും പാപ്പയാണ് എന്ന പ്രത്യേകതയുമുണ്ട്.
എഡി 33 മുതൽ 32 വർഷം ആയിരുന്നു ആദ്യ മാർപാപ്പയുടെ ഭരണകാലം. പത്രോസിനു ശേഷം പാപ്പായായ ലിനസ് വിശുദ്ധനായി. ആദ്യ 13 പാപ്പാമാരും രക്തസാക്ഷിത്വം വരിച്ചു എന്ന പ്രത്യേകതയുമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഭരണം നടത്തിയവരിൽ ഒരാൾ മാത്രമാണ് വിശുദ്ധ പദവിയിലേക്കു നീങ്ങുന്നത്; പീയൂസ് ഒൻപതാമൻ പാപ്പ.
ഇരുപതാം നൂറ്റാണ്ടിലെ പാപ്പമാരിൽ പീയൂസ് പന്ത്രണ്ടാമനും പോൾ ആറാമനും 'ധന്യൻ' ആണ്. ജോൺ പോൾ ഒന്നാമൻ ദൈവദാസനാണ്.
No comments:
Post a Comment