Sunday, 21 July 2013

വിപുലമായ പരിപാടികളുമായി ജൂലൈ 22-28 പാപ്പ റിയോ ഡി ജനീറോയിൽ



Sunday Shalom USA, 19 June 2013
ലോകമെമ്പാടുനിന്നുമുള്ള പരശതം കത്തോലിക്കാ യുവജനങ്ങൾ സമ്മേളിക്കുന്ന 14-ാമത് ലോക യുവജനസംഗമത്തിൽ പങ്കുചേരാൻ ഫ്രാൻസിസ് പാപ്പ ജൂലൈ 22ന് ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക്. പാപ്പയായശേഷമുള്ള ആദ്യ വിദേശസന്ദർശനം അവിസ്മരണീയമാക്കാൻ നിരവധി പരിപാടികളാണ് ബ്രസീൽ സർക്കാരും സഭയും ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷം പാപ്പ മറ്റുചില രാജ്യങ്ങൾക്കൂടി സന്ദർശിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഈ വർഷം ബ്രസീലിൽ സന്ദർശനം മാത്രമേ ഉണ്ടാകൂവെന്ന വത്തിക്കാൻ വക്താവിന്റെ അറിയിപ്പോടെ പ്രഥമസന്ദർശനം വൻ പ്രാധാന്യമുള്ളതായിക്കഴിഞ്ഞു.

യുവജനസംഗമത്തിനു പുറമെ, ലഹരി വിമുക്ത കേന്ദ്രത്തിന്റെ ഉദ്ഘാടനം, ചേരി സന്ദർശനം, ജൂവനൈൽ ഹോം സന്ദർശനം എന്നിവയാണ് പാപ്പ പങ്കെടുന്ന മറ്റു ചില പരിപാടികൾ. കൂടാതെ, ഔവർ ലേഡി ഓഫ് അപ്പാർസിഡ തീർത്ഥാടനകേന്ദ്രത്തിലെത്തുന്ന പാപ്പ, ബ്രസീലിയൻ ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ കർദിനാൾ റെയ്മൺഡോ ഡമാസെലോയ്‌ക്കൊപ്പം ദിവ്യബലിയർപ്പിക്കും.

ജൂലൈ 22ന് വൈകിട്ട് നാലിന് അന്റോണിയോ കാർലോസ് ഡോബിം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പാപ്പയ്ക്ക് പ്രൊട്ടോക്കാൾ പ്രകാരം ത്രിതലസ്വീകരണമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ബ്രസീലിയൻ പ്രസിഡന്റ് ഡിൽമ റൗസെഫ്, റിയോ ഡി ജനീറോ ഗവർണർ സെർജിയോ കാബ്രൽ, റിയോ ഡി ജനീറോ മേയർ എഡ്വാർഡോ പാസ് എന്നിവർ സ്വീകരിക്കും.

ലോകത്തിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ഔർ ലേഡി ഓഫ് അപ്പാർസിഡയിൽ പാപ്പ എത്തുന്നത് 24നാണ്. അവിടെ ദിവ്യബലിയർപ്പിച്ചശേഷം ബ്രസീലിലെ മെത്രാന്മാരോടും ബോം ജീസസ് സെമിനാരിയിലെ വൈദികാർത്ഥികൾക്കുമൊപ്പം ഭക്ഷണം കഴിക്കും. വൈകിട്ട് സെന്റ് ഫ്രാൻസീസ് ഓഫ് അസീസി ആശുപത്രി സന്ദർശിക്കും. ലഹരിക്കടിപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സഭാധികൃതർ ആരംഭിക്കുന്ന 'ദ പോളോ ഫാർ ഇന്റഗ്രൽ അറ്റൻഷൻ ടു മെന്റൽ ഹെൽത്ത്' കേന്ദ്രത്തിന്റെ ഉദ്ഘാടനവും പാപ്പ നിർവഹിക്കും.

ജോൺ പോൾ രണ്ടാമൻ പാപ്പ 1980ൽ ബ്രസീലിലിലെത്തിയപ്പോ ൾ സന്ദർശിച്ച റിയോയിലെ ചേരിയും ഫ്രാൻസിസ് പാപ്പ സന്ദർശിക്കുന്നു ണ്ട്. തുടർന്ന് വൈകിട്ട് ആറിന് ലോക യുവജന സമ്മേളനവേദിയിലെത്തുന്ന പാപ്പ യുവജനങ്ങളെ അഭിസംബോധനചെയ്യും.

'ക്വിന്ത ദ ബോവ വിസ്ത' പാർക്കിൽ 26ന് യുവജനങ്ങളുടെ കുമ്പസാരം കേൾക്കും. വൈകിട്ട് ജോവാക്കിം പാലസിൽ ജൂവൈനൻ ഹോമിൽ കഴിയുന്ന അന്തേവാസികളുമായി ആശയവിനിമയം നടത്തും. സന്ധ്യാപ്രാർത്ഥനയും അവർക്കൊപ്പമായിരിക്കും. ലോക യുവജന സമ്മേളനത്തിലെ സുപ്രധാന തിരുക്കർമങ്ങളിലൊന്നായ കുരിശിന്റെ വഴി പ്രാർത്ഥനയിൽ പാപ്പയും പങ്കുചേരും. 26ന് വൈകിട്ട് ആറിന് കോപ്പാകബനാ ബീച്ചിലാണ് കുരിശിന്റെ വഴി.

സെന്റ് സെബാസ്റ്റ്യൻസ് കത്തീഡ്രലിൽ പാപ്പയുടെ മുഖ്യകാർമികത്വത്തിൽ 27ന് അർപ്പിക്കുന്ന ദിവ്യബലിയിൽ ബ്രസീലിലെ നിരവധി ബിഷപ്പുമാരും വൈദികരും സഹകാർമികരായിരിക്കും. വൈകിട്ട് 7.30നാണ് പ്രയർ വിജിലിനായി പാപ്പ കാംപസ് ഫീദെയിൽ എത്തുന്നത്. ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്ന പാപ്പ, യുവജനങ്ങൾക്ക് സന്ദേശവും നൽകും.

സമ്മേളനത്തിന്റെ സമാപനദിനമായ 28ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന യുവജനങ്ങൾക്കായി പാപ്പ ദിവ്യബലി അർപ്പിക്കും. അതേ വേദിയിൽവെച്ച് അടുത്ത സമ്മേളനവേദിയും പാപ്പ പ്രഖ്യാപിക്കും. ലോക യുവജനസമ്മേളനത്തിന് പിന്നിൽ പ്രവർത്തിച്ച ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിൽ അംഗങ്ങളെയും യൂത്ത് വോളണ്ടിയർമാരെയും നേരിൽ കാണുന്ന പാപ്പ വൈകിട്ട് 7.00ന് വത്തിക്കാനിലേക്ക് തിരിക്കും.

വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ അന്റോണിയോ ദ സാന്റാന, വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമൻ, വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനാം, വാഴ്ത്തപ്പെട്ട ചിയാറാ ലൂസ് ബഡാന എന്നിവരുടെ തിരുശേഷിപ്പുകൾ ലോക യുവജന സമ്മേളന വേദിയിൽ വണക്കത്തിനു ക്രമീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.


No comments:

Post a Comment