Sunday Shalom, 19 July 2013
ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാരാജ്യം ലോകയുവത്വത്തിന്റെ ഏറ്റവും വലിയ ആഘോഷത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഈ ലാറ്റിനമേരിക്കൻ രാജ്യത്തുളള റിയോ ഡി ജനീറോ വലിയ പ്രതീക്ഷയിലാണ്: ചുരുങ്ങിയ കാലംകൊണ്ട് ലോകമെമ്പാടും വിശ്വാസത്തിന് പുത്തനുണർവേകിയ ഫ്രാൻസീസ് പാപ്പ സ്വന്തം ഭൂഖണ്ഡത്തിന്റെ പുത്രനായി യുവജനസംഗമത്തിനെത്തുന്നു.
യുവജനസംഗമത്തിൽ 24 മുതൽ 26 വരെയുള്ള ദിവസങ്ങളിലായി 250 പ്രഭാഷണങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പോർച്ചുഗീസ് ഭാഷയിൽ 133 ഉം സ്പാനീഷിൽ 50 ഉം ഇംഗ്ലീഷിൽ 25 ഉം ഇറ്റാലിയനിലും ഫ്രഞ്ചിലും 15 ഉം ജർമ്മനിൽ എട്ടും പോളീഷിൽ അഞ്ചുമാണ് പ്രഭാഷണങ്ങൾ. കൂടാതെ അറബി, റഷ്യ, ക്രോയേഷ്യ, ഗ്രീക്ക്, ചെക്ക്, സ്ലോവേനിയൻ, ഡാനീഷ് ഭാഷകളിൽ ഓരോ പ്രഭാഷണങ്ങളുമുണ്ട്. ''നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ'' (മത്താ. 28:19) എന്നതാണ് ഈ വർഷത്തെ തീം. മിഷനറിമാരാകുക, ശിഷ്യരാവുക, പ്രതീക്ഷയ്ക്കുവേണ്ടി ദാഹിക്കുക, ദൈവത്തിന് വേണ്ടി ദാഹിക്കുക ഈ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും പ്രഭാഷണങ്ങൾ. സാവോ സെബാസ്റ്റിയോ, റിയോ സെന്റർ എക്സിബിഷൻ ആന്റ് കൺവൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് പ്രഭാഷണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. അയ്യായിരത്തോളം പേർക്ക് സംബന്ധിക്കാവുന്ന ഹാളുകളാണിവയെല്ലാം. വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ദ ലെയ്റ്റി അനുവദിക്കുന്ന സംഘത്തിന്റെ സ്തുതി ആരാധനയോടുകൂടി എല്ലാ ദിവസവും രാവിലെ ഒമ്പതിന് വിദ്യാഭ്യാസസെഷനും നടക്കും.
കർദിനാൾ, മെത്രാൻ, എന്നിവരോടുള്ള തീർത്ഥാടകരുടെ ചോദ്യോത്തരവേളയും ഉണ്ടായിരിക്കും.
പ്രഭാഷണം നടത്തുന്ന കർദിനാൾമാരോടും മെത്രാന്മാരോടുമുള്ള വത്തിക്കാന്റെ നിർദ്ദേശം വ്യക്തിപരമായ അനുഭവങ്ങളും സാക്ഷ്യങ്ങളും വിശുദ്ധരുടെയും മറ്റ് റോൾ മോഡലുകളുടെയും ജീവിതങ്ങൾ പങ്കുവയ്ക്കണമെന്നാണ്.
ശാരീരികവൈകല്യമോ മറ്റ് ബുദ്ധിമുട്ടുകളോ ഉള്ള തീർത്ഥാടകരെ സഹായിക്കാനായി ഇരുനൂറിലധികം വോളന്റിയേഴ്സ് സജീവമായി പ്രവർത്തിക്കും. കാഴ്ച കേൾവി വൈകല്യമുള്ളവർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പ്രത്യേകഘടനയുള്ള ബാത്ത്റൂമുകൾ മറ്റ് സൗകര്യങ്ങൾ തുടങ്ങിയവ ഇതിലേക്കായി ഒരുക്കിയിട്ടുണ്ട്. മുൻലോകയുവനജനദിനത്തിൽ വൈകല്യമുള്ള ആയിരത്തോളം പേരാണ് പങ്കെടുത്തത്. കൂടുതലും അമേരിക്ക, ബ്രസീൽ തുടങ്ങിയരാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു.
യുവാക്കൾക്കായി മാത്രം മാറ്റിവെച്ചിരിക്കുന്ന 26ന് പാപ്പ 'വൊക്കേഷൻ ഫെയർ' സന്ദർശിക്കുകയും പ്രതീകാത്മകമായി നാലു യുവജനങ്ങളെ തിരഞ്ഞെടുത്ത് കുമ്പസാരിപ്പിക്കുകയും ചെയ്യും. കുരിശിന്റെ വഴിയാണ് അത്യധികം ഭക്തിനിർഭരമായ അന്നത്തെ മറ്റൊരു പരിപാടി. വലിയ അത്ഭുതങ്ങളാണ് ഈ വേളയിൽ നടക്കാറ്. ടിവിയിലൂടെയും മറ്റും ലോകയുവജനദിന പരിഹാരപ്രദക്ഷിണം ദർശിച്ച നിരവധി പേർ മാനസാന്തരപ്പെട്ടതിന്റെ ചരിത്രമുണ്ട്.
ശനിയാഴ്ചത്തെ പ്രാർത്ഥനാജാഗരമാണ് ഈ മഹാസംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇനം. രാവുമുഴുവൻ പ്രാർത്ഥനയിൽ 'ക്യാംപസ് ഫീദേ'യിൽ കഴിച്ചുകൂട്ടുന്ന ഇവരോടൊപ്പം പാപ്പയും കുറെനേരം ഉണ്ടാകും. പിറ്റേന്ന് രാവിലെ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകും. ഈ വേളകളിലെ പോപ്പിന്റെ പ്രബോധനങ്ങൾക്കായി കാതോർത്തിരിക്കുകയാണ് റിയോയും ഒപ്പം ലോകവും.
No comments:
Post a Comment