Sunday Shalom USA, 16 May 2013
Written by സ്പെഷൽ കറസ്പോണ്ടന്റ്
വൈദികനാകാൻ തീവ്രമായാഗ്രഹിച്ച് സെമിനാരിയിൽച്ചേർന്ന ആ അൾത്താരബാലനെ ദൈവം വിളിച്ച് തന്റെ ന്യായാധിപപരമ്പരയിലെ ശോഭയും ശക്തിയുമുള്ളൊരു കണ്ണിയാക്കി. യഥാർത്ഥ വിളിക്കുമുൻപിൽ സ്വയം പൂർണമായി സമർപ്പിച്ച ആ യുവാവ് നീതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടി സുധീരം വാദിക്കുന്ന വക്കീലായും മനുഷ്യത്വവും നീതിയും സമം ചേർത്ത വിധികൾ സമയബന്ധിതമായി പുറപ്പെടുവിക്കുന്ന ജ്ഞാനിയായ ന്യായാധിപനായും പടിപടിയായി ഉയർന്നുവന്നു. അങ്ങനെ ഭാരതത്തിന്റെ പരമോന്നതനീതിപീ~മായ സുപ്രീം കോടതിയിൽ ജഡ്ജിയാകുക എന്ന അസുലഭമായ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തി.
ഇത് ജസ്റ്റിസ് കുര്യൻ ജോസഫ്, കാലടിക്ക ടുത്ത് പെരിയാർത്തീരത്തെ താന്നിപ്പുഴ സെന്റ് ജോസഫ്സ് ഇടവക ജോസഫ് മാണിക്കത്താന്റെയും മരങ്ങാട്ട് പ്ലാത്തോട്ടം അന്നക്കുട്ടിയുടെയും ഒൻപതു മക്കളിൽ അഞ്ചാമൻ, ഇല്ലായ്മകളുടെ നടുവിൽ, 'മ ലയാളത്തിൽ ഇംഗ്ലീഷ് പ~ിച്ചു' വളർന്ന് സുപ്രീം കോടതി ജഡ്ജിവരെയായ വ്യക്തി; ഉന്നതരുടെ പ്രീതിക്കുവേണ്ടി സ്വന്തം വിശ്വാസത്തെ ഒരിക്കലും തള്ളിപ്പറയാത്തയാൾ; കുടുംബയൂണിറ്റുമുതൽ അൽമായർക്കായുള്ള പോപ്പിന്റെ പൊന്തിഫിക്കൽ കൗൺസിലിൽവരെ ഒരേപോലെ സജീവമായി പ്രവർത്തിച്ച വിശ്വാസി; സർവോപരി, ഈശോയുടെ ലാളിത്യവും എളിമയും സ്വന്തം ജീവിതത്തിൽ യാതൊരു കലർപ്പുമില്ലാതെ ഇന്നും ആവിഷ്ക്കരിക്കുന്ന മഹത്വത്തിനുടമ... സമ്പൂർണദൈവസമർപ്പണമുണ്ടെങ്കിൽ പ്രതികൂലസാഹചര്യങ്ങളിലും എങ്ങനെ ഉയരങ്ങൾ താണ്ടാം, വളർന്നുവരാം എന്നതിന് ഉത്തമമാതൃകയായ ഇദ്ദേഹം 'സൺഡേ ശാലോ'മിലൂടെ മലയാളി ക്രൈസ്തവസമൂഹത്തോട് സംവദിക്കുകയാണിവിടെ.
? ഇത്രയും വലിയൊരു രാജ്യത്തിന്റെ പരമോ ന്നത നീതിപീ~ത്തിൽ എത്തിയിരിക്കുന്നു. ഒരു ആത്മീയവ്യക്തിത്വം എന്ന നിലയിൽ ഇതിനെ എങ്ങനെ സമീപിക്കുന്നു
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. ദൈവത്തോട് സഹകരിച്ചാൽ മാത്രംമതി. മനുഷ്യാധ്വാനംകൊണ്ട് ഒന്നും സാധ്യമല്ല; ദൈവികകരുണ ലഭിക്കണം. 'അവിടുന്ന് എന്നെ എടുത്തുപയോഗിക്കണേ' എന്ന് തീവ്രമായി ആഗ്രഹിച്ചു പ്രാർത്ഥിക്കുക. അതിൽ നാമായിട്ട് യാതൊരു അയോഗ്യതയും വരുത്താതിരിക്കാൻ ശ്രദ്ധിക്കുക. പലരും സ്വയം അയോഗ്യത വിളിച്ചുവരുത്തുന്നതിനാലാണ് പിന്തള്ളപ്പെടുന്നത്. ഇത് ദൈവികപദ്ധതിയോടുള്ള എന്റെ എളിയ സഹകരണത്തിന്റെ പരിസമാപ്തിയായിമാത്രം കാണുന്നു.
? ഈ ആത്മീയവളർച്ചയുടെ കുടുംബപശ്ചാത്തലം
മാതാപിതാക്കളുടെ ആത്മീയജീവിതമാ ണെന്റെ പ്രചോദനം. ഒൻപതു മക്കളെ പോ റ്റേണ്ടിയിരുന്ന അവർ കഷ്ടപ്പാടുകളിൽ ദൈവത്തെ പഴിക്കാതെ ജീവിച്ചു. എന്റെ മൂത്ത രണ്ടു സഹോദിമാർ കർമലീത്താസന്യാസിനികളായി. ചെറുപ്പംമുതലേ അവരുടെ മാതൃകയും ലഭിച്ചു. ഏഴുവയസ്സുമുതൽ അൾത്താരബാലനായി. അല്ലാത്തപ്പോൾ ഏറ്റവും മുന്നിൽനിന്ന് ദിവ്യബലിയിൽ പങ്കെടുക്കും. ദൈവത്തോട് അടുത്തുനിൽക്കുക എന്നത് അന്നും ഇന്നും എന്നെ ആവേശംകൊള്ളിക്കുന്നു. ക്ലാസിലും അങ്ങനെതന്നെ. ദൈവത്തിന്റെ കൃപയും ഗുരുവിന്റെ അനുഗ്രഹവും നമ്മുടെ യഥാർത്ഥജീവിതവിജയത്തിന് അനിവാര്യമാണ്.
(അഡീഷണൽ അഡ്വക്കേറ്റ് ജനറലായും പിന്നെ കേരള ഹൈക്കോടതി ജഡ്ജായും എറണാകുളത്ത് സേവനം ചെയ്യുമ്പോൾ സായാഹ്നദിവ്യബലി നടക്കുന്ന ദൈവാലയങ്ങളിൽ ഏറ്റം മുൻനിരയിൽനിന്ന് പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും പിന്നീട് ദീർഘനേരം മുട്ടിന്മേൽനിന്ന് കൃതജ്ഞതയർപ്പിക്കുകയും ചെയ്യുമായിരുന്ന ഇദ്ദേഹം വിശ്വാസികൾക്ക് ഒരു വിസ്മയക്കാഴ്ചയും മാതൃകയുമായിരുന്നു.)
? കുറച്ചുകാലം സെമിനാരിയിലായിരുന്നല്ലോ. ആ വഴിയിൽനിന്നും മാറിയത്
വൈദികസ്ഥാനത്തിന്റെ മഹത്വത്തോടുള്ള മതിപ്പാണ് എന്നെ സെമിനാരിയിലേക്കാകർഷിച്ചത്. അങ്ങനെ പത്താംക്ലാസുകഴിഞ്ഞ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു. ഈ ഭൂമിയിൽ ജീവിച്ചിരിക്കേ പുരോഹിതനാകുക എന്നതിനേക്കാൾ വലിയ ഭാഗ്യമില്ലല്ലോ. അത്ര വിലപ്പെട്ടതാണത്. എന്നാൽ ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതി അതായിരുന്നില്ലെന്നു മനസ്സിലായി. അങ്ങനെ മൂന്നു വർഷത്തിനുശേഷം സെമിനാരിവിട്ട് കോളജിൽ ചേർന്ന് പ~നം തുടർന്നു. പക്ഷേ, ചെറുപുഷ്പം മിഷൻലീഗ് പോലുള്ള പ്രസ്ഥാനങ്ങളിൽ സജീവമായിക്കൊണ്ട് യഥാർത്ഥദൈവവിളികളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും ഞാൻ ശ്രദ്ധിച്ചുതുടങ്ങി. മിഷൻ ലീഗിന്റെ ജീവനായിരുന്ന കുഞ്ഞേട്ടൻ എന്ന പി.സി. ഏബ്രഹാം പാലാട്ടുകുന്നേൽ എന്നെ ഏറെ സ്വാധീനിച്ചു. അങ്ങനെ ഞാൻ ആ പ്രസ്ഥാനത്തിന്റെ രൂപതാപ്രസിഡന്റ്, ദേശീയ ഓർഗനൈസർ, ആദ്യ ദേശീയ പ്ര സിഡന്റ് (1986-94) തുടങ്ങിയ സ്ഥാനങ്ങളിലെത്തി. എനിക്ക് വൈദികനാകാനായില്ലെങ്കിലും ഇപ്രകാരം അനവധി വൈദികരെയും സന്യസ്തരെയും വാർത്തെടുക്കുന്നതിൽ പരോക്ഷമായി സഹായിക്കാൻ സാധിച്ചു.
? 'ക്രിസ്റ്റീൻ' ശുശ്രൂഷകളിൽ വളരെയേറെ താൽപ്പര്യമെടുക്കാറുണ്ട്
തീർച്ചയായും. എന്റെ മൂന്നു മക്കളും- റീനു, രഞ്ജിത്ത്, റീജൂ ക്രിസ്റ്റീൻ പരിപാടികളിൽ സജീവമായി പങ്കെടുക്കുമായിരുന്നു. അവർക്ക് അതിലൂടെ കിട്ടിയിട്ടുള്ള ആത്മീയോൽക്കർഷവും വ്യക്തിത്വവികസനവുമാണ് എന്നെ ആകർഷിച്ചത്. ന്യായാധിപനാകുന്നതുവരെ ഞാൻ ക്രിസ്റ്റീനുമായുള്ള ഔദ്യോഗികബന്ധം തുടർന്നുപോന്നു. അതുപോലെതന്നെയാണ് 'ശാലോം' ശുശ്രൂഷകളുമായുള്ള ബന്ധവും. എന്റെ വീട്ടിൽ കേബിൾ ടി.വി. കണക്ഷൻ എടുക്കുന്നതുതന്നെ ശാലോം ടെലിവിഷൻ കാണാൻവേണ്ടിയാണ്. ദൈവം സഭാശുശ്രൂഷയിൽ അല്മായരിലൂടെ നടത്തുന്ന ഒരൽഭുതമാണ് ശാലോം. ഷെവലിയർ ബെന്നി പുന്നത്തറയും സഹശുശ്രൂഷകരും ദൈവരാജ്യനിർമിതിക്കായും സുവിശേഷപ്രചാരണത്തിനായും നടത്തുന്ന ക~ിനപ്രയത്നവും അവരുടെ പ്രാർത്ഥനാജീവിതവും എന്നെ ഏറെ ആകർഷിക്കുന്നു.
? ഇന്ത്യൻ ജുഡീഷ്യറി ഏറെ വിമർശനങ്ങൾ നേരിടുന്നു; ജൂഡീഷ്യൽ ആക്ടിവിസം ഏറെ ചർച്ചചെയ്യപ്പെടുന്നു. രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ ഈ പരിണാമദശയിൽ എന്തു പങ്കാണ് വഹിക്കാനാകുക
ദൈവനാമത്തിലാണ് ഞാൻ കേരള ഹൈക്കോടതി ജഡ്ജിയായും ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഇപ്പോൾ, മാർച്ച് എട്ടിന് ഇന്ത്യൻ സുപ്രീം കോടതി ജഡ്ജായും സത്യപ്രതിജ്ഞ ചെയ്തത്. എന്നിലേൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിർഭയമായും സത്യസന്ധമായും ഭരണഘടനാനുസൃതമായി നിറവേറ്റും എന്നാണ് ഞാൻ ദൈവത്തിനു കൊടുത്തിട്ടുള്ള വാഗ്ദാനം. നിയമം വ്യാഖ്യാനിക്കുക എന്നതാണ് ഭരണഘടനാപരമായി ന്യായാധിപന്റെ ഉത്തരവാദിത്വം. ഇതു ചെയ്യുമ്പോൾ, ഏതു മനുഷ്യനന്മയെപ്രതിയാണോ ആ നിയമം ഉണ്ടാക്കിയിട്ടുള്ളത് അത് നടപ്പാക്കാൻ ആ നിയമം ഉപകരിക്കുന്നുണ്ടോ എന്ന് കോടതിക്ക് നോക്കാം. നിയമത്തിന്റെ ഉദ്ദേശ്യശുദ്ധി വ്യാഖ്യാനിക്കുമ്പോൾ ആത്യന്തികമായി മനുഷ്യനന്മ എന്ന തലത്തിൽ നാം എത്തിച്ചേരും. സമൂഹത്തിൽ ക്രമം വളർത്തുക എന്നതാണ് നിയമത്തിന്റെ ഉദ്ദേശ്യം. മനുഷ്യനന്മ കൈവരുമ്പോൾ സമൂഹത്തിൽ സമാധാനവും ശാന്തിയും കൈവരും. ഓരോ ന്യായാധിപനും ഈ കാഴ്ചപ്പാടോടെ തന്റെ ഉത്തരവാദിത്വത്തെ സമീപിച്ചാൽ ഇന്ത്യൻ ജുഡീഷ്യറി ഏതു പരിണാമദശയിലും ഉയരുകതന്നെചെയ്യും.
? ഇന്ത്യയിൽ ഒട്ടനവധി നിയമങ്ങളുണ്ട്; ഇന്ത്യൻ ഭരണഘടനയാകട്ടെ അതീവബൃഹത്തുമാണ്. പക്ഷേ, പൗരന്മാരിൽ, ഭരണകർത്താക്കളിൽ നീതിബോധം ശുഷ്കമാണെന്ന നിരീക്ഷണമുണ്ടല്ലോ
നിയമത്തെക്കുറിച്ചുള്ള അറിവും നീതിബോധവും രണ്ടും രണ്ടാണ്. കേവലമായ അറിവുകൊണ്ട് നീതിബോധമുണ്ടാകില്ല. ഉൾക്കണ്ണുകൊണ്ട് സഹോദരനെ കാണാൻ കഴിയുന്നവനേ നീതിബോധമുണ്ടാകൂ. ദൈവം പ്രവർത്തിക്കുന്നത് മനുഷ്യന്റെ ഈ ഉൾക്കണ്ണിലൂടെയാണ്. 'കണ്ണുള്ളവൻ കാണട്ടെ, കാതുള്ളവൻ കേൾക്കട്ടെ,' എന്ന് നമ്മുടെ യേശുനാഥൻ പറഞ്ഞതിന്റെ പൊരുളിതാണ്. യഥാർത്ഥ മതാത്മകജീവിതവും ആത്മീയതയുമുണ്ടെങ്കിലേ ഉൾക്കണ്ണ് തുറക്കുകയുള്ളൂ. ഇതിനുള്ള പരിശ്രമങ്ങൾ വേണം.
? ആധുനികഭരണവ്യവസ്ഥയുടെയും നീതിനിർവഹണസംവിധാനത്തിന്റെയും നയതന്ത്രബന്ധത്തിന്റെയുമൊക്കെ ഉറവിടം കത്തോലിക്കാ സഭയുടെ കെട്ടുറപ്പാർന്ന സംവിധാനമാണല്ലോ. എന്നാൽ, ആധുനികലോകത്ത് ഇക്കാര്യങ്ങളിൽ സഭ പിന്നാക്കം പോയിട്ടുള്ളതായി വിമർശനമുണ്ടല്ലോ
ഭൗതികലോകത്തെ ക്രമവൽക്കരിക്കുക, വിശുദ്ധീകരിക്കുക എന്നത് സഭയുടെ ദൗത്യമാണ്. പ്രബോധനത്തിലൂടെ ഇത് നിർവഹിക്കുക എന്നതായിരുന്നു സഭയുടെ പര മ്പരാഗതനയം. എന്നാൽ ഇതു പോരാ, ഇ ടപെടലുകൾ വേണ്ടിവരും. പാവങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള പക്ഷംചേരലിലൂടെയാണിത് സാധിക്കുക. ലോകത്തിലെ തിരുത്തൽശക്തിയാണ് സഭ. വിശ്വാസത്തിൽ സ്ഥിരതയും ആത്മീയനിറവും ആത്മാഭിഷേകവുമുള്ള മക്കളെ പ്രോത്സാഹിപ്പിച്ച് ഈ രംഗങ്ങളിലേക്ക് വിടണം; അവർക്ക് തുടർന്നും സഭ പിൻബലം കൊടുക്കണം. അതാണ് ഈ വിമർ ശനത്തിനുള്ള മറുപടി. പക്ഷേ, ഭാരതസഭ വേണ്ടത്ര ന്യായാധിപരെ വാർത്തെടുത്തിട്ടില്ല. അതേസമയം മറ്റു പ്രൊഫഷണലുകൾക്കായി ഏറെ ശ്രദ്ധിക്കുന്നുണ്ടുതാനും. ഒരു ലീഗൽ അക്കാദമിക്കോ മറ്റോ സാധ്യതയില്ലേ. സഭ നേരിട്ട് ഇതിൽ ഇടപെടേണ്ട എന്നാണെന്റെ കാഴ്ചപ്പാട്. അത് നീതിപീ~ത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. മറ്റു രംഗങ്ങളിൽ അങ്ങനെയൊരു വിശ്വാസ്യതയുടെ വെല്ലുവിളി ഇല്ല.
? പക്ഷേ, മാതാപിതാക്കൾക്ക് ഇതാവാമല്ലോ. മക്കളെ ഡോക്ടറും എൻജിനീയറും ഐ.എ.എസ്സുകാരുമൊക്കെയാക്കാൻ തത്ര പ്പെടുന്നതുപോലെ നല്ല ന്യായാധിപരാക്കാൻ അവരെന്തുകൊണ്ട് ശ്രമിക്കുന്നില്ല
ജുഡീഷ്യറിയിലേക്കു പോയാൽ ചിട്ടയും കാർക്കശ്യവുമുള്ള ജീവിതമാണെന്ന് എല്ലാവർക്കുമറിയാം. ഇന്നത്തെ ഉപഭോഗസംസ്കാരത്തിൽ വളർന്നുവരുന്ന മക്കൾക്ക് അത്തരമൊരു ചിട്ടയായ ജീവിതം സാധ്യമാണോയെന്ന് മാതാപിതാക്കൾ സംശയിക്കുന്നു. സമൂഹത്തിൽനിന്ന് ഒരർത്ഥത്തിൽ മാറ്റിനിറുത്തപ്പെട്ട, ഗ്ലാമറില്ലാത്ത ആ ജീവിതം, അതിലെ കടുത്ത വെല്ലുവിളികൾ, ഇതൊക്കെയാവാം കാരണം.
? നീതി നടപ്പാക്കിക്കിട്ടാൻ സുപ്രീം കോടതിയെ സമീപിക്കുക എന്നത് പാവപ്പെട്ടവർക്ക് ചിന്തിക്കാനേ പ്രയാസം. വളരെ ചെലവേറിയ ഈ നീതിനിർവഹണ സംവിധാനത്തിൽ കേരള ഹൈക്കോടതിവരെ അവരെ സഹായിക്കാൻ രൂപീകരിക്കപ്പെട്ട കേരള ലീഗൽ സർവീസ് കമ്മിറ്റിയുടെ അധ്യക്ഷനെന്നനിലയിൽ നിരവധി അദാലത്തുകളും മറ്റും സംഘടിപ്പിച്ചിട്ടുള്ള അങ്ങ് സുപ്രീം കോടതിയെക്കുറിച്ച് എന്തു പറയുന്നു
നീതി പൗരന്റെ അവകാശമാണ്, സൗജന്യമല്ല. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ പറയുന്നുണ്ട്. നീതിക്കായി കേഴുന്നവന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ നീതിപീ~ത്തിനും ബന്ധപ്പെട്ട ഏവർക്കും ബാധ്യതയുണ്ട്. ദൗർഭാഗ്യവശാൽ സുപ്രീം കോടതിയിലും മറ്റും വ്യവഹാരമെന്നത് ഭാരിച്ച പണച്ചെലവുമുള്ള കാര്യമാണ്. മുഖ്യകാരണം അഭിഭാഷകരുടെ ഫീതന്നെ. അവരുടെ പക്ഷത്തുനിന്ന് ആത്മപരിശോധന ഉണ്ടാകണം. കൂടാതെ, സുപ്രീം കോടതിയിൽ 'നാഷണൽ ലീഗൽ സർവീസ് കമ്മിറ്റിയുണ്ട്.' അതുമായി ബന്ധപ്പെടാം.
? കേരള ഹൈക്കോടതി ജഡ്ജായിരിക്കേ ഏറ്റവും കൂടുതൽ കേസുകളിൽ തീർപ്പുകൽപ്പിച്ചതിനുള്ള ബഹുമതി അങ്ങേക്കായിരുന്നു. നീതിബോധത്താൽ ശ്രദ്ധേയവുമായിരുന്നു ആ വിധിതീർപ്പുകൾ. ഇതിന്റെ ബൈബിൾ അ ധിഷ്~ിതപ്രചോദനം എന്താണ്
ഭരണഘടന അനുവദിക്കുന്നിടത്തോളം, അതിൽ അധിഷ്~ിതമായ നിയമങ്ങൾക്ക് കോട്ടം തട്ടാതെ കാരുണ്യപൂർവം നിയമത്തെ വ്യാഖ്യാനിക്കാനും കേസുകൾക്ക് തീർപ്പാക്കാനും ശ്രമിക്കണം. നീതിയിൽ കരുണ കലർത്തണം. നമ്മുടെ കോടതികൾക്ക് മുന്നിൽ വരുന്ന കേസുകളിൽ നല്ലൊരു പങ്കും വ്യക്തിബന്ധങ്ങളിലെ സംഘർഷങ്ങളിൽനിന്ന് ഉടലെടുത്തതാണ്. ഇത്തരം കേസുകളിൽ നിയമത്തിന്റെ തലനാരിഴ കീറിയ വ്യാഖ്യാനത്തിന് യാതൊരു പ്രസക്തിയുമില്ല. മനുഷ്യബന്ധങ്ങൾ ദൈവം സ്ഥാപിച്ചതാകയാൽ ദൈവം ആഗ്രഹിക്കുന്നവിധത്തിൽ, നിയമം അനുവദിക്കുന്ന തരത്തിൽ കേസുകൾ തീർപ്പാക്കുക എന്നതാണ് കരണീയം. 'സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ' എന്ന ദൈവവചനത്തിൽ ഇതെല്ലാം അടങ്ങിയിരിക്കുന്നു.
? അങ്ങയുടെ ജുഡീഷ്യൽ സർവീസിൽ സഭയുമായി, വിശ്വാസവുമായി ബന്ധപ്പെട്ട് എന്തെല്ലാം സംഘർഷങ്ങളാണ് ഉണ്ടായിട്ടുള്ളത്
സംഘർഷം ഇല്ലേയില്ല. അതേസമയം മനുഷ്യബന്ധങ്ങളെ ഇണക്കിച്ചേർത്ത ഒട്ടനവധി അനുഭവങ്ങൾ, ഉറ്റവരെ തിരിച്ചുകിട്ടിയതിലുള്ള നിരവധിപ്പേരുടെ സന്തോഷം, അങ്ങനെ ഹൃദയസ്പർശിയായ അനുഭവങ്ങൾ നിരവധിയാണ്. നീതിയെ കൈവിടാതെ നിൽക്കുന്നിടത്തോളം സംഘർഷത്തിന് സാധ്യതയേയില്ല.
? ഇന്ന് ലൈംഗികാപവാദക്കേസുകൾ വല്ലാതെ പെരുകുന്നു; സുപ്രീം കോടതിപോലും ചില പ്രാദേശികകേസുകളിൽ ഇടപെടുന്നു. എന്താണീ ദുരവസ്ഥയ്ക്കുകാരണം; എന്താണിതിനു പരിഹാരം
ഇത് ഉപഭോഗസംസ്കാരത്തിന്റെ ഉപോൽപ്പന്നമാണ്- ആസ്വദിക്കുക, വലിച്ചെറിയുക! ഇന്നത്തെ പരസ്യങ്ങളുടെ അധാർമികമായ ശൈലി, ചലച്ചിത്രലോകത്തെ പേക്കൂത്തുകൾ, ഇവ മൊബൈൽ ഫോണിലൂടെപോലും സകലർക്കും ലഭ്യമാകുന്ന അവസ്ഥ, കുട്ടികളിൽപ്പോലും മയക്കുമരുന്നു പ്രചരിക്കുന്ന ദുഃസ്ഥിതി ഇതൊക്കെ കാരണങ്ങളാണ്. 'നീലമാധ്യമ'ങ്ങളെ നിയന്ത്രിക്കലാണ് പരമപ്രധാനം. ഇത് സമൂഹത്തിന്റെ അടിത്തറ ഇളക്കിയിരിക്കുന്നു. ഒരു സെൻസർ ബോർഡംഗം സഹഅംഗത്തിന്റെ വജ്രാഭരണം മോഷ്ടിച്ചു എന്ന കേസ് വന്നിരിക്കുന്നു! എന്തൊരു വഷളായ അവസ്ഥ!
ഇവയെ തടയാൻ നിലവിലുള്ള നിയമം അപര്യാപ്തമെങ്കിൽ പുതിയവ ഉണ്ടാക്കാൻ സർക്കാർ തയാറാകണം, നടപ്പാക്കാൻ പൊലിസ് ജാഗ്രത കാട്ടണം, നല്ല മനസ്സുള്ളവർ സംഘടിച്ച് ശബ്ദമുയർത്തണം. വേണ്ടിവന്നാൽ കോടതിയെ സമീപിച്ച് പരിഹാരം തേടാം. എന്നാൽ ഒരു പരിധിവരെ മാത്രമേ ഇത് സാധ്യമാകൂ. ആത്മീയപ്രസ്ഥാനങ്ങൾക്ക് പക്ഷേ, വലിയ പങ്കുവഹിക്കാനാവും. ജഡത്തിന്റെ താൽക്കാലികവിലയേക്കാൾ ആ ത്മാവിന്റെ ശാശ്വതമഹത്വം പരിചയപ്പെടുത്തുന്ന, അനുഭവവേദ്യമാക്കിത്തീർക്കുന്ന ആത്മീയനവീകരണപ്രസ്ഥാനങ്ങൾ ഇ
തിൽ ഏറെ ശ്രദ്ധിക്കണം. ഇതിനായി, കേവലം മതാത്മക അനുഷ്~ാനജീവിതത്തിനപ്പുറത്തേക്ക്, ആത്മീയതയുടെ അടിസ്ഥാനങ്ങളിലേക്ക് നമ്മുടെ സഭാശുശ്രൂഷകൾ വളരേണ്ടിയിരിക്കുന്നു.
? അങ്ങയുടെ കുടുംബത്തെക്കുറിച്ച്
ഭാര്യ റൂബിയാണ് എന്റെ കുടുംബജീവിതത്തിന്റെ പ്രധാനപിൻബലം. ഒരു ന്യായാധിപന്റെ സഹധർമിണിയുടെ വളരെ പരിമിതമായ സാമൂഹ്യജീവിതത്തോട് ഇണങ്ങി വീട്ടമ്മയായി റൂബി കഴിയുന്നു. മകൾ റീനു നിയമത്തിൽ ബിരുദാനന്തരബിരുദധാരിണിയാണ്. ഭർത്താവ്, ഇരിങ്ങാലക്കുട എസ്.എച്ച് ഹോസ്പിറ്റലിൽ ശിശുരോഗവിദഗ്ധനായ ഡോ. വിമൽ വിൻസെന്റ്. ഇവർക്ക് മൂന്നു മക്കൾ.
(റീനുവിന്റെ വിവാഹനിശ്ചയത്തിനാണ് 2006 ൽ കേരളത്തിന്റെ വിവിധഭാഗങ്ങളി ൽനിന്നുള്ള ആയിരത്തോളം അഗതിക ളെ ക്ഷണിച്ചുവരുത്തി എറണാകുളം ഹൈ ക്കോടതിക്കടുത്തുള്ള ഇൻഫന്റ് ജീസസ് ചർച്ച് പാരിഷ് ഹാളിൽ സ്വയം ഭക്ഷണം വിളമ്പി ഇദ്ദേഹം സൽക്കരിച്ചത്. ഇദ്ദേഹവും ഭാര്യയും മക്കളും പ്രതിശ്രുതവരനും അവരുടെ കുടുംബാംഗങ്ങളും ഈ അഗതികളോടൊപ്പമിരുന്ന് സദ്യയുണ്ടു. എറണാകുളം നഗരത്തിലെ തെരുവുകളിൽ ക്ഷണക്കത്തു കിട്ടാതെ അലഞ്ഞുതിരിയുന്നവർക്കായി അൻപതോളം സീറ്റുകൾ ആ സദസ്സിൽ 'റിസർവു'ചെയ്തിരുന്നു! എഡിറ്റർ)
രണ്ടാമത്തത് മകനാണ് - സൗദി അറേബ്യയിൽ എൻജീനിയറായ രഞ്ജിത് കുര്യൻ. ജൂണിൽ വിവാഹിതനാകും. ഇരിങ്ങാലക്കുട തട്ടിൽ കുടുംബാംഗം രേശ്മയാണ് വധു. മൂന്നാമത്തെ മകൾ റീജു- എം.ബി.എ. പാസ്സായി. ദില്ലിയിൽ ജോലിക്ക് ശ്രമിക്കുന്നു.
**********
അഭിമുഖത്തിന്റെ അവസാനം, തുടങ്ങിയപ്പോഴെന്നതുപോലെ, കഴുത്തിലണിഞ്ഞിരിക്കുന്ന ജപമാലയിലെ കുരിശിൽ പിടിച്ച് ഏതാനും നിമിഷം പ്രാർത്ഥന, കൃതജ്ഞത. കോടതിയിൽ ഓരോ സിറ്റിംഗിനു മുൻപും പരിശുദ്ധാത്മാവിന്റെ ജ്ഞാനവരത്തിനാ യി പ്രാർത്ഥിക്കുന്ന ഈ ന്യായാധിപനുവേണ്ടി നമുക്കും പ്രാർത്ഥിക്കാം- കേരളകത്തോലിക്കാ സഭയുടെ ജയക്കൊടിയായി ഇന്ത്യൻ പരമോന്നതനീതിപീ~ത്തിൽ, ശേഷിക്കുന്ന ആറു വർഷത്തെ സേവനകാലത്ത് വലിയ വിശ്വാസസാക്ഷ്യം നൽകാൻ; നീതിക്കായി കേഴുന്ന ഭാരതജനതയ്ക്ക് സമാശ്വാസമാകാൻ.
No comments:
Post a Comment