Sunday, 7 July 2013

സുനാമിത്തിരകളെ തടഞ്ഞുനിർത്തിയ ദിവ്യകാരുണ്യം

 
 Shalom Times, 02 July 2013 10:42 
Written by  ശാന്തിമോൻ ജേക്കബ് 

ലറിക്കുതിച്ചെത്തുന്ന സുനാമിത്തിരകളെ ദിവ്യകാരുണ്യത്തിന്റെ ശക്തികൊണ്ട് തടഞ്ഞുനിർത്തിയ ഒരിടയനും അദ്ദേഹത്തിന്റെ ഇടവകജനവും.
ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ ഇക്വഡോറിനടുത്തുള്ള ഒരു ദ്വീപാണ് ടുമാകോ. നിരവധി പ്രശസ്ത ഫുട്‌ബോൾ താരങ്ങളുടെ ജന്മനാട്. ചുറ്റും പസഫിക് സമുദ്രത്തിന്റെ ഇരമ്പൽ. കടലിന്റെ കനിവു കാത്തുകഴിയുന്ന ഒരു ജനത.

1906 ജനുവരി 13 ശനിയാഴ്ച. രാവിലെ 10 മണി സമയം. പെട്ടെന്നാണ് വലിയ ശബ്ദത്തോടെ ഭൂമി കുലുങ്ങിയത്. ശാന്തസമുദ്രത്തിൽ ഏറെ ദൂരയല്ലാതെയെവിടെയോ ഒരു അഗ്നിപർവത സ്‌ഫോടനം. പത്തു മിനിറ്റോളം നീണ്ടുനിന്നു ഭൂമിയുടെ കമ്പനം.

ഇനി എന്തു സംഭവിക്കുമെന്ന് നാട്ടുകാർക്കു നന്നായറിയാം; ആകാശത്തോളം മുട്ടെ ഇരമ്പിയാർക്കും സമുദ്രജലം. അതൊരുപക്ഷേ, ഈ കൊച്ചുദ്വീപിനെ നക്കിത്തുടക്കാനും സാധ്യതയുണ്ട്.
ജനങ്ങൾ ഒന്നായി തങ്ങളുടെ ഇടവക ദേവാലയത്തിലേക്കു പാഞ്ഞു. ഫാ. ജെറാർഡോ ലറോൻഡോയാണു വികാരി; ഫാ. ജൂലിയൻ അദ്ദേഹത്തിന്റെ സഹായിയും.
ഉടനടി ഒരു ദിവ്യകാരുണ്യപ്രദിക്ഷണം നടത്തണമെന്നതായിരുന്നു നാട്ടുകാരുടെ അഭ്യർത്ഥന.

ഫാ. ജറാർഡോയും ഫാ. ജൂലിയാനും ദേവാലയത്തിനുള്ളിലേക്കു കടന്നു. സക്രാരിയിൽ സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യം അവർ ഭക്ഷിച്ചു. കടൽവെള്ളം ഇരമ്പിയെത്തി പള്ളി തകർന്നുപോയാലും കൂദാശചെയ്ത തിരുവോസ്തികൾ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രേഷ്ഠമായൊരു മുൻകരുതൽ. ഇനിയുള്ളത്, അരുളിക്കയിൽ വെക്കാനുള്ള തിരുവോസ്തി മാത്രം.
ദിവ്യകാരുണ്യം അരുളിക്കയിൽ സ്ഥാപിച്ച് പള്ളിയുടെ പുറത്തേക്കിറങ്ങി ഫാ. ജെറാർഡോ; കൂട്ടായി ഫാ. ജൂലിയാനും ഇടവകജനം മുഴുവനും. ദ്വീപിന്റെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായിത്തുടങ്ങി. വൈദികരും ജനവും കടൽത്തീരത്തേക്കു നീങ്ങി.

തീരത്തെ കാർന്നുതിന്നാനാവുംവിധം കൂറ്റൻ തിര ദൂരെനിന്നു കുതിച്ചെത്തുന്നതുകാണാം; ടുമാകോയിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തേക്കാൾ ഉയരമുണ്ടതിന്.
ജനം നിലവിളിച്ചു; ചിലർ ദൈവത്തെ വിളിച്ച് അലറിക്കരഞ്ഞു; ഇടത്തുകൈയിൽ അരുളിക്ക ഉയർത്തിപ്പിടിച്ച് വലത്തുകൈ കൊണ്ട് കടൽത്തിരകളുടെമേൽ ആകാശത്തു കുരിശടയാളം വരച്ചു ഫാ. ജെറാർഡോ.

''കർത്താവേ കരുണയുണ്ടാകേണമേ. പാപികളായ ഈ മക്കളുടെ മേൽ അലിവു തോന്നേണമേ.'' നെഞ്ചുരുകി പ്രാർത്ഥിച്ചു ആ നന്മയുള്ള വൈദികൻ.

പെട്ടെന്ന്, ജനത്തിന്റെ നിലവിളി നിലച്ചു. ''അത്ഭുതം, അത്ഭുതം'' അവർ വിളിച്ചുകൂവി.
അതെ, അതൊരു മഹാത്ഭുതം തന്നെയായിരുന്നു. മരങ്ങൾക്കുമേലെ, ആകാശത്തോളമുയർന്ന സുനാമിത്തിരകൾ മുന്നോട്ടു കുതിക്കാതെ പിന്നോട്ടു വലിയുന്നതിനെ അത്ഭുതമെന്നല്ലാതെ എന്തു പേരാണു വിളിക്കുക?
ടുമാകോയിലെ ദിവ്യകാരുണ്യനാഥൻ അവരെ രക്ഷിച്ചിരിക്കുന്നു. വാർത്ത മറ്റൊരു സുനാമിപോലെ ലോകമെങ്ങും പരന്നു. യൂറോപ്പിൽ നിന്നുപോലും ഫാ. ജെറാർഡോയ്ക്കു കത്തുകൾ ലഭിച്ചു; തങ്ങൾക്കു വേണ്ടിക്കൂടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനകളുമായി.
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച 'എന്റെ ഓർമയ്ക്കായി'  എന്ന പുസ്തകത്തിൽനിന്ന്)

 

2 comments: