Monday, 29 July 2013

കുഷ്ഠരോഗികളുടെ ഇടയിൽ ജീവിച്ച മാലാഖ


Tuesday, 02 July 2013 11:19 
Written by  കെ. ജെ. മാത്യു

മ്മുടെ ജീവിതത്തെ നിലംപരിശാക്കുന്ന ചില ദുഃഖാനുഭവങ്ങൾ സംഭവിക്കാറുണ്ട്. പ്രളയജലം ഭൂമിയെ മൂടുന്നതുപോലെ അവ നമ്മെ മൂടിക്കളഞ്ഞെന്നിരിക്കും. അത്തരത്തിലുള്ള ഒരു അനുഭവത്തിലൂടെ കടന്നുപോയ വ്യക്തിയാണ് ഡോ. മേരി വർഗീസ്. ഇന്ത്യയിലെ പ്രശസ്തമായ വെല്ലൂർ മെഡിക്കൽ കോളജിൽനിന്നും ബിരുദം നേടിയ അവർക്ക് അവിടെത്തന്നെ ജോലി ലഭിച്ചു. സഹപ്രവർത്തകരോടൊപ്പം ഉല്ലാസയാത്രയ്ക്കുപോയ അവരുടെ വാൻ അപകടത്തിൽപ്പെട്ടു. ഡോ. മേരിയുടെ നട്ടെല്ലിന് ഗുരുതരമായ പരിക്കുപറ്റി. അങ്ങനെ അവരുടെ ശരീരം അരയ്ക്ക് താഴോട്ട് തളർന്നു. മാത്രമല്ല, മുഖത്തെ മാംസക്കഷണങ്ങൾ പല ഭാഗത്തും പറിഞ്ഞുപോയതുമൂലം അവർ വിരൂപയായിത്തീർന്നു. മാനസികമായും ശാരീരികമായും അതികഠിനവേദന അനുഭവിച്ച നാളുകളായിരുന്നു അത്.

ഒരു ദൈവദൂതൻ
മറ്റുള്ളവരെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥ വന്നല്ലോ എന്നതായിരുന്നു അവരെ മഥിച്ച വലിയ വേദന. അങ്ങനെ അവൾ ദിനങ്ങൾ തള്ളിനീക്കുകയാണ്. കഠിനമായ പരീക്ഷണങ്ങളുടെ നാളുകളിൽ നാം മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ദൈവം ആ സമയങ്ങളിലും ആശ്വാസം പകർന്നുകൊണ്ട് കൂടെയുണ്ട് എന്നതാണാക്കാര്യം. എന്തുകൊണ്ട് ദൈവമേ, നീ എന്നെ കൈവെടിഞ്ഞു എന്ന് പലപ്പോഴും നാം ദൈവത്തോട് പരാതി പറയാറുണ്ട്. എന്നാൽ, ദൈവം ഒരിക്കലും നമ്മെ കൈവിടുന്നില്ല. തന്റെ മക്കൾ വേദനിക്കുമ്പോൾ മാറിനില്ക്കുന്നവനല്ല നമ്മുടെ ദൈവം. അവിടുന്ന് ഏതെങ്കിലും വിധത്തിൽ ആശ്വാസമായി നമ്മുടെ അടുത്തെത്തും. അതൊരു വ്യക്തിയിലൂടെയോ ഒരു പുസ്തകത്തിലൂടെയോ ഒരു ലേഖനത്തിലൂടെയോ തിരുവചനത്തിലൂടെയോ അല്ലെങ്കിൽ വ്യക്തിപരമായ പ്രാർത്ഥനയിൽ ലഭിക്കുന്ന ആശ്വാസത്തിലൂടെയോ ആയിരിക്കാം. അവിടുത്തെ സ്‌നേഹം മാറ്റമില്ലാത്തതാണ്. പ്രകൃതിയുടെ സ്വഭാവം മാറിയാലും നമ്മുടെ ദൈവത്തിന്റെ സ്‌നേഹം ഒരിക്കലും മാറുന്നില്ല. ''മലകൾ അകന്നുപോയേക്കാം. കുന്നുകൾ മാറ്റപ്പെട്ടേക്കാം. എന്നാൽ, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല'' (ഏശയ്യാ 54:19). കഠിനമായ വേദനകളിലൂടെ, പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ വചനം ഏറ്റുപറയുക. നിങ്ങളുടെ പേരു ചേർത്ത് വായിക്കുക. ആ അതുല്യമായ ദൈവികസാന്നിധ്യത്താൽ നിങ്ങളുടെ ഹൃദയം ഇപ്പോൾത്തന്നെ നിറയും.

ഡോ. മേരി വർഗീസിന്റെ ജീവിതത്തിലും അതുതന്നെയാണ് സംഭവിച്ചത്. അവരുടെ തകർന്നടിഞ്ഞ ജീവിതത്തിലേക്ക് ദൈവം ഒരു ദൂതനെ അയച്ചു. അത് കുഷ്ഠരോഗികൾക്കിടയിൽ യേശുവിന്റെ സ്‌നേഹം പങ്കുവയ്ക്കാൻ ജീവിതം ഉഴിഞ്ഞുവച്ച ഡോ. പോൾ ബ്രാൻഡായിരുന്നു. ഡോ. പോൾ ബ്രാൻഡ് മേരി വർഗീസിനെ കണ്ട് സഹതപിക്കുകയല്ല ചെയ്തത്. പ്രത്യുത, അദ്ദേഹം പറഞ്ഞു: ''ഡോ. മേരീ, ഇങ്ങനെ കസേരയിൽ ഇരുന്നാൽ പോരാ. ഭാവിയിൽ ചെയ്യുവാനുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കണം.'' അരയ്ക്ക് താഴെ തളർന്ന് വീൽചെയറിൽ ആയിരിക്കുന്ന എനിക്ക് എന്ത് ഭാവി കാര്യങ്ങൾ എന്ന അർത്ഥത്തിൽ ഡോ. മേരി നോക്കി. അപ്പോൾ ഡോ. പോൾ ബ്രാൻഡ് പറഞ്ഞു: ''മേരിയെക്കൊണ്ട് ഇനിയും യേശുവിന് വലിയ കാര്യങ്ങൾ ചെയ്യുവാനുണ്ട്. മുൻപത്തേതിനെക്കാൾ വലിയ കാര്യങ്ങൾ.'' അദ്ദേഹം ഡോ. മേരിയെ തന്റെ കുഷ്ഠരോഗാശുപത്രിയിലേക്ക് ക്ഷണിച്ചു.

കുഷ്ഠരോഗികളെ ആകർഷിച്ച ഡോ. മേരി അതൊരു ദൈവവിളിയായി കണ്ട് സന്തോഷത്തോടെ സ്വീകരിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് അവർ കുഷ്ഠരോഗികളെ പരിശോധിക്കുവാൻ തുടങ്ങി. എല്ലാവരും വെറുപ്പോടും അറപ്പോടും നോക്കുന്ന തങ്ങളെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന ഒരു ഡോക്ടർ ഇതാ വന്നിരിക്കുന്നു. അതവരുടെ ഹൃദയങ്ങളെ തൊട്ടു. മാത്രമല്ല, ഡോ. മേരി അവരിൽ ഒരാളെപ്പോലെത്തന്നെയാണ്. തങ്ങളെപ്പോലെ വൈകല്യവും വൈരൂപ്യവുമുള്ള ഒരാൾ. എന്നിട്ടും ഈ ഡോക്ടർ എത്ര സന്തോഷവതിയാണ്! അതവരെ ചിന്തിപ്പിച്ചു. ഈ സാഹചര്യത്തിൽ അവർ ദൈവത്തെ കൂടുതൽ അറിയുവാനും സ്‌നേഹിക്കുവാനും പഠിച്ചു. ഇരുൾമൂടിയിരുന്ന അവരുടെ മനസുകൾ പ്രകാശമാനമായിത്തീർന്നു. കുഷ്ഠരോഗികളുടെ ഇടയിൽ ജീവിക്കുന്ന ഒരു മാലാഖയായിത്തീർന്നു ഡോ. മേരി.


അവരുടെ പ്രവർത്തനം ലോകം ശ്രദ്ധിച്ചു. പ്രതികൂലങ്ങളിൽ മനസ് തകർന്നിരുന്ന അനേകർക്ക് അവരുടെ ജീവിതം പ്രചോദനമായി. അനേക പുസ്തകങ്ങൾ അവരെക്കുറിച്ച് എഴുതപ്പെട്ടു. ദൈവത്തിന്റെ പദ്ധതി ഓർക്കുക. ഡോ. മേരി വർഗീസിന്റെ ജീവിതത്തിൽ ഇപ്രകാരം ഒരു അപകടം സംഭവിച്ചില്ലായിരുന്നുവെങ്കിൽ അവർ ഒരു സാധാരണ ഡോക്ടറായി ജീവിക്കുമായിരുന്നു. എന്നാൽ, ഇപ്രകാരം ദൈവം അ വരെ തന്റെ പദ്ധതിയനുസരിച്ച് ന യിച്ചപ്പോൾ അവരുടെ ജീവിതം അർത്ഥപൂർണമായി. മാത്രമല്ല, ഇരുളിനെ പ്രകാശിപ്പിക്കുന്ന ഒരു പ്രകാശഗോപുരവുമായി അവർ മാറി. ജീവിതത്തിൽ നാം മറ്റുള്ളവർക്ക് പ്രചോദനം നല്കുന്നവരായി മാ റുമ്പോഴാണ് നമ്മുടെ ജീവിതം സാർ ത്ഥകമാകുന്നത്. മറ്റുള്ളവരെ പ്രകാശിപ്പിക്കുന്നതായി നമ്മുടെ ജീവിതം മാറണം. അത് യേശുവിന്റെ ആഗ്രഹമാണ്.

അഗ്നിശോധനയുടെ കാലം
അങ്ങനെ ജീവിതം രൂപാന്തരപ്പെടണമെങ്കിൽ ഇത്തരത്തിലുള്ള അഗ്നിശോധനകൾ നമുക്കാവശ്യമാണ്. അഗ്നിയിലൂടെയാണല്ലോ സ്വർണം ശുദ്ധീകരിക്കപ്പെടുന്നത്. ദൈവത്തിന് സ്വീകാര്യരായ മനുഷ്യരും അപ്രകാരം ശുദ്ധീകരിക്കപ്പെടുന്നു. ഈ ലേഖനം വായിക്കുന്ന നിങ്ങൾ ഇപ്രകാരം കഠിനമായ വേദനകൾ അനുഭവിക്കുന്ന ഒരു വ്യക്തിയായിരിക്കാം. ഓർക്കുക, നിങ്ങൾ ദൈവത്തിന് പ്രിയപ്പെട്ടവനാണ്/പ്രിയപ്പെട്ടവളാണ്. നിങ്ങൾ ഇപ്പോൾത്തന്നെ ഫലം പുറപ്പെടുവിക്കുന്നതിൽ അവിടുന്ന് സംപ്രീതനാണ്. കൂടുതൽ ഫലങ്ങൾ പുറപ്പെടുവിക്കുവാനായി അവിടുന്ന് നിങ്ങളെ വെട്ടിയൊരുക്കുന്നുവെന്ന് ദൃഢമായി വിശ്വസിക്കുക (യോഹ.15:2). സഹനങ്ങളൊന്നും നഷ്ടമല്ലെന്നോർക്കുക.

എന്റെ അനുഭവത്തിൽ നിന്നാണ് ഞാനിതെഴുതുന്നത്. നീണ്ട ഒരു അഗ്നിശോധനയുടെ നാളുകളിലൂടെ ഞാൻ കടന്നുപോയി. 2002 മുതൽ 2011 വരെ. ഒന്നിനു പുറകേ ഒന്നായി അപകടങ്ങളും രോഗങ്ങളും. എന്റെ കൈ ഒരു അപകടത്തിൽപ്പെട്ട് ഒടിഞ്ഞു. മൂന്ന് ഓപ്പറേഷനുകൾ വേണ്ടിവന്നു അത് ശരിയാകുവാൻ. അങ്ങനെ മൂന്നുനാല് വർഷങ്ങൾ അതുകൊണ്ട് ക്ലേശിച്ചു. 2005 ൽ എന്നെ തീർത്തും ഞെരുക്കിയ ഒരു മാനസികവേദന എനിക്കുണ്ടായി. പലപ്പോഴും ഏകാന്തതയിൽ ഞാൻ കരഞ്ഞിട്ടുണ്ട്. 2008 ൽ അതിഗുരുതരമായ ഹൃദയരോഗമെനിക്ക് പിടിപെട്ടു. മരണത്തിന്റെ വക്കിലായിരുന്നു ഞാൻ. ഈ നാളുകളിൽ മാനസികമായ ഒട്ടേറെ വ്യഥകൾ. പക്ഷേ, ദൈവം കൂടെയുണ്ടായിരുന്നു. എല്ലാം കടന്നുപോയി. ഈ നാളുകളിൽ അഗ്നിസ്‌നാനമേറ്റുവാങ്ങിയ എനിക്ക് ദൈവം  കൂടുതൽ അടുത്തുള്ളവനായി. വലിയ സ്‌നേഹത്തോടെ അവിടുത്തോട് സംസാരിക്കുവാനായി.

അമൂല്യ സമ്മാനം
അതിനാൽ പ്രിയപ്പെട്ടവരേ, നിങ്ങൾ വിഷമിക്കേണ്ടാ.  ഒരു കണ്ണീരും നഷ്ടമാകുന്നില്ല. നിങ്ങൾക്ക് നിലനില്ക്കു ന്ന ഒരു ദൈവികദർശനം അവിടുന്ന് ഒരുക്കിവച്ചിട്ടുണ്ട്. ജോബ് ഇപ്രകാരം പറയുന്നില്ലേ: ''അങ്ങയെക്കുറിച്ച് ഞാ ൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു'' (ജോബ് 42:5). ഈ ലോകത്തിൽ അനേക വർഷങ്ങൾ ജീവിച്ചിട്ടും ദൈവത്തെ അനുഭവിച്ചറിഞ്ഞില്ലെങ്കിൽ എന്ത് പ്രയോജനം? ആ അമൂല്യസമ്മാനം നിങ്ങൾക്ക് നല്കുവാൻ ദൈവം നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നുവെന്ന് മാത്രം ചി ന്തിക്കുക. അതോടൊപ്പം ആ പ്രകാശം ചുറ്റുമുള്ളവരിലേക്കും പ്രസരിക്കും. പരാതി പറയാത്ത സഹനജീവിതം നിങ്ങളോട് ചേർന്നു നില്ക്കുന്നവർ ശ്രദ്ധിക്കുന്നില്ലെന്ന് കരുതുന്നുണ്ടോ? അവരും ദൈവത്തെക്കുറിച്ച് ചിന്തിക്കുവാൻ നി ങ്ങൾ കാരണമാകും. അങ്ങനെ പ്രകാശത്തിന്റെ മക്കളാകണം എന്ന യേശുവിന്റെ വലിയ ആഗ്രഹം സഫലീകരിക്കപ്പെടും. അതിനാൽ ഒരു കണ്ണീരും നഷ്ടപ്പെടുത്താതെ, അവ ഓരോന്നും അനുഗ്രഹത്തിന്റെ മുത്തുമ ണികളായി മാറ്റുവാൻ കെല്പുള്ളവന്റെ കൈയിൽ നി ങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തെ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ സമർപ്പിച്ച്
പ്രാർത്ഥിക്കുക:

സ്‌നേഹപിതാവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. അങ്ങയുടെ സ്‌നേഹം അചഞ്ചലമാണെന്ന് ഞാൻ വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നു. അങ്ങയുടെ സ്‌നേഹത്താൽ എന്നെ പൊതിഞ്ഞാലും. ഞാൻ ആ സ്‌നേഹനദിയിൽ മുങ്ങിക്കുളിക്കട്ടെ. എന്റെ എല്ലാ സങ്കടവും വേദനയും മാറട്ടെ. അങ്ങയുടെ പ്രകാശത്തിൽ എന്നെ എന്നെന്നും കാത്തുകൊള്ളണമേ എന്നുമാത്രം ഞാൻ പ്രാർത്ഥിക്കുന്നു. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, പ്രകാശത്തിൽ വസിക്കാനു ള്ള കൃപ എനിക്ക് ലഭിക്കുവാനായി തിരുസന്നിധിയിൽ പ്രാർത്ഥിക്കണമേ, ആമ്മേൻ.

No comments:

Post a Comment