Sunday, 21 July 2013

ദൈവം ക്ഷമിക്കാത്ത പാപം?



Friday, 15 February 2013 11:20 
Written by  റവ. ഡോ. മൈക്കിൾ കാരിമറ്റം


“മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോട് ക്ഷമിക്കപ്പെടും. എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോട് ക്ഷമിക്കപ്പെടുകയില്ല.” ഈ സുവിശേഷഭാഗം വിശ്വാസികളിൽ ആശയക്കുഴപ്പം മാത്രമല്ല, ആശങ്കയും സൃഷ്ടിക്കുന്നതായി ചിലർ ഉന്നയിക്കുന്ന സംശയങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ സർവപാപങ്ങളും പൊറുക്കുന്ന ദൈവം ക്ഷമിക്കാൻ മടിക്കുന്ന പാപമുണ്ടോ? ഈ ചോദ്യത്തിന്റെ ഉത്തരംകൊണ്ടുമാത്രം സംശയങ്ങൾ ശമിക്കില്ല. മനുഷ്യപുത്രനെതിരായ പാപവും പരിശുദ്ധാത്മാവിനെതിരായ പാപവും തമ്മിലുള്ള വ്യത്യാസം എന്ത്; എന്താണ് പരിശുദ്ധാത്മാവിനെതിരായ പാപം?...  

പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോട് ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല എന്ന ഗുരുമൊഴി സമാന്തരസുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിട്ടുണ്ട് (മത്താ.12:3132; മർക്കോ.3:29; ലൂക്കാ 12:10). “മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവർ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും”  എന്നാണ് മർക്കോസ് (3:28) രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു സമാനമായ ഒരു വാക്യം വിശുദ്ധ മത്തായിയും രേഖപ്പെടുത്തിയിട്ടുണ്ട്: “മനുഷ്യന്റെ എല്ലാ പാപവും ദൂഷണവും ക്ഷമിക്കപ്പെടും” (മത്താ.12:31).

'മനുഷ്യപുത്രൻ' എന്ന പദത്തിന് മനുഷ്യൻ എന്നുതന്നെയാണ് അർത്ഥം. ഇത് അരമായ ഭാഷയിലെ ഒരു പ്രയോഗമാണ്. അതിനാൽ മനുഷ്യൻ മനുഷ്യർക്കെതിരെ ചെയ്യുന്ന പാപങ്ങൾ ക്ഷമിക്കപ്പെടും. എന്നാൽ , ദൈവത്തിനെതിരെ ചെയ്യുന്ന പാപങ്ങൾ ക്ഷമിക്കപ്പെടില്ല എന്നാണ് ചോദ്യവിഷയമായ തിരുമൊഴിയുടെ അർത്ഥമെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. വിശുദ്ധ മർക്കോസ് രേഖപ്പെടുത്തിയിരിക്കുന്ന തിരുവചനം മാത്രമായിരുന്നെങ്കിൽ ഒരുപക്ഷേ, ഈ വ്യാഖ്യാനം ശരിയാണെന്നു കരുതാൻ ന്യായമുണ്ടായിരുന്നു.

എന്നാൽ, മനുഷ്യപുത്രനെതിരെയുള്ള പാപത്തെക്കുറിച്ച് വിശുദ്ധ മത്തായിയും  വിശുദ്ധ ലൂക്കായും പറയുമ്പോ ൾ അത് ഏതെങ്കിലും മനുഷ്യനെയല്ല, മനുഷ്യപുത്രനായി അവതരിച്ച യേശുവിനെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകും. തന്നെയുമല്ല, പാപം എന്നത് ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റായാണ് ബൈബിൾ പഠിപ്പിക്കുന്നത്. മനുഷ്യനെതിരെ ചെയ്യുന്നതാണെങ്കിലും പാപം അതിൽത്തന്നെ ദൈവപ്രമാണത്തിന്റെ ലംഘനവും ദൈവത്തിനെതിരായ തെറ്റുമാണ്. അതിനാൽ യേശുവിനെതിരെ ചെയ്യുന്ന പാപത്തിന് മോചനമുണ്ട് എന്നുതന്നെ ആദ്യഭാഗം വ്യാഖ്യാനിക്കണം.

മനുഷ്യനായി അവതരിച്ച ദൈവപുത്രനെ എല്ലാവർക്കും മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല. മനുഷ്യസ്വഭാവം ഒരു മറയായിനിന്നു. അതിനാൽ തെറ്റിദ്ധാരണ സാധ്യമായിരുന്നു. തങ്ങൾ തിരസ്‌കരിക്കുകയും വധിക്കുകയും ചെയ്യുന്നതെന്ന് ദൈവപുത്രനെയാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നില്ല യേശുവിനെ തള്ളിപ്പറയുകയും വധശിക്ഷ വിധിക്കുകയും ചെയ്തത്. അതിനാൽ അവരുടെ പാപത്തിന് മോചനസാധ്യതയുണ്ട്. എന്നാൽ, പരിശുദ്ധാത്മാവിനെതിരെയുള്ള പാപത്തിന്റെ സ്വഭാവം വ്യത്യസ്തമാണ്.

വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിൽ ഒറ്റപ്പെട്ട വാക്യങ്ങളുടെ ഒരു സമാഹാരത്തിന്റെ കൂടെയാണ് പഠനവിഷയമായ ഗുരുമൊഴി പ്രത്യക്ഷപ്പെടുന്നത്. അതിനാൽ വിശദീകരണം എളുപ്പമല്ല.

എന്നാൽ, യേശു പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ചുണ്ടായ ഒരു തർക്കം വിശദീകരിക്കുന്നതിനുമധ്യേയാണ് വിശുദ്ധ മർക്കോസും മത്തായിയും ഈ തിരുവചനം അവതരിപ്പിച്ചിരിക്കുന്നത്. യേശു പിശാചുക്കളെ പുറത്താക്കുന്നത് പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണെന്ന ഫരിസേയരുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് അന്തഛിദ്രമുള്ള രാജ്യത്തിന്റെയും നഗരത്തിന്റെയും ഉപമയിലൂടെ തെളിയിച്ചതിനുശേഷമാണ് (മത്താ.12:2230; മർക്കോ.3:2027) പരിശുദ്ധാത്മാവിനെതിരെ പറയുന്ന ദൂഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

അറിവില്ലായ്മയോ തെറ്റിദ്ധാരണയോ മൂലമല്ല,  മനപൂർവം സത്യത്തെ വളച്ചൊടിക്കുകയും വ്യക്തമായി അറിയുന്ന സത്യം നിഷേധിക്കുകയുമാണ് യേശുവിന്റെ എതിരാളികൾ ചെയ്തത്. ദൈവാത്മാവിനാലാണ് താൻ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെന്ന് വ്യക്തമായിരിക്കെ അത് അശുദ്ധാത്മാവിനാലാണെന്നു വാദിക്കുന്നത് അറിയുന്ന സത്യം നിഷേധിക്കലാണ്, ദൈവാത്മാവിനെ അശുദ്ധാത്മാവായി ചിത്രീകരിക്കലാണ്. ഇക്കാര്യം വിശുദ്ധ മർക്കോസ് വിശദീകരണമായി എടുത്തുപറയുന്നുണ്ട്: “അവൻ ഇങ്ങനെ പറഞ്ഞത് തനിക്ക് അശുദ്ധാത്മാവുണ്ട് എന്നു പറഞ്ഞതുകൊണ്ടാണ്” (മർക്കോ.3:30).

പാപബോധവും പശ്ചാത്താപവും മാനസാന്തരവുമില്ലാതെ പാപമോചനം സാധ്യമല്ലല്ലോ. പാപമോചനത്തിന്റെ ഉറവിടമായ ദൈവാത്മാവിനെത്തന്നെ നിഷേധിക്കുകയും അശുദ്ധാത്മാവായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഹൃദയം കഠിനമാക്കുന്നതിന്റെ ലക്ഷണമാണ്. ഇപ്രകാരം ഒരവസ്ഥയിൽ പാപമോചനം അസാധ്യമായിത്തീരുന്നു. മോചിക്കാൻ ദൈവം സന്നദ്ധനല്ലാത്തതിനാലല്ല, മറിച്ച് മോചനം സ്വീകരിക്കാൻ പാപി ഒരുക്കമല്ലാത്തതിനാലാണ് പാപം ക്ഷമിക്കപ്പെടാത്തതായിത്തീരുന്നത്. ഈ അവസ്ഥയിൽ തുടരുന്നിടത്തോളംകാലം മോചനം അസാധ്യവുമാണ്.

പാപമോചനം അസാധ്യമാകുന്ന സാഹചര്യത്തെക്കുറിച്ച് ബൈബിളിൽ വേറെയും പരാമർശങ്ങളുണ്ട്. “ഒരിക്കൽ പ്രകാശം ലഭിക്കുകയും സ്വർഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവിൽ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും തിരിച്ചറിയുകയും ചെയ്തവർ വീണുപോവുകയാണെങ്കിൽ അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവർ ദൈവപുത്രനെ സ്വമനസാ അധിക്ഷേപിക്കുകയും വീണ്ടും കുരിശിൽ തറയ്ക്കുകയും ചെയ്തു”  (ഹെബ്രാ.6:46).

ഒരിക്കൽ വിശ്വാസത്തിലേക്ക് കടന്നുവന്നതിനുശേഷം യേശുവിനെ തള്ളിപ്പറഞ്ഞ്, സഭാസമൂഹത്തിൽനിന്ന് പുറത്തുപോകുന്നവർക്ക് പിന്നീട് മാനസാന്തരം പ്രയാസമായിരിക്കുമെന്ന് ഈ തിരുവചനങ്ങൾ സൂചിപ്പിക്കുന്നു. മാനസാന്തരം സംഭവിക്കാത്തതിനാലാണ് മോചനം അസാധ്യമാകുന്നത്.

ഒരിക്കൽ സ്വീകരിച്ച വിശ്വാസം മനപൂർവം ഉപേക്ഷിക്കുന്നവർക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷാവിധിയെക്കുറിച്ച് ഹെബ്രാ.10:26-31ൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്: “പാപങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടാൻ പിന്നൊരു ബലി അവശേഷിക്കുന്നില്ല. മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ”  (ഹെബ്രാ.10:27). ഒരിക്കൽ അറിഞ്ഞ്, ബോധ്യപ്പെട്ട സത്യത്തെ നിഷേധിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അപ്രകാരമുള്ള പാപം നിത്യശിക്ഷ വിളിച്ചുവരുത്തുന്നു. “മരണാർഹമായ പാപം” എന്നാണ് വിശുദ്ധ യോഹന്നാൻ അതിനെ വിശേഷിപ്പിക്കുന്നത് (1 യോഹ.5:16-17). ഹൃദയം കഠിനമാക്കി, സത്യം നിഷേധിച്ച്, സഭാസമൂഹത്തെ ഉപേക്ഷിച്ച്, തങ്ങളുടെ ഹൃദയകാഠിന്യത്തിൽ തുടരുന്നവർക്ക് പാപമോചനം ലഭിക്കുകയില്ല. “അവൻ നിത്യപാപത്തിന് ഉത്തരവാദിയാകും” (മർക്കോ.3:29).

എന്നാൽ, സ്വന്തം തെറ്റു മനസ്സിലാക്കി, പാപം ഏറ്റുപറഞ്ഞ് ദൈവത്തിലേക്ക് മടങ്ങാൻ ഒരാൾ തയാറാകുമ്പോൾ ക്ഷമിക്കപ്പെടാത്തതായി ഒരു പാപവുമില്ല. ഇതിന് എളിമയും ഹൃദയപരിവർത്തനവും ആവശ്യമാണ്. അതിനാൽ ചോദ്യവിഷയമായ തിരുമൊഴി ആരെയും നിരാശയിലേക്ക് നയിക്കേണ്ടതില്ല; മറിച്ച് യഥാർത്ഥമായ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കുമാണ് നയിക്കേണ്ടത്.

 പരിശുദ്ധാത്മാവിനെതിരെയുള്ള പാപം എന്നത് ആത്യന്തികമായി ദൈവത്തെയും അവിടുത്തെ രക്ഷാകരസ്‌നേഹത്തെയും മനപൂർവം തിരസ്‌കരിക്കുന്നതും എതിർക്കുന്നതുമാണ്. അറിവില്ലായ്മയാലോ ബലഹീനതയാലോ ചെയ്തുപോകുന്ന ഒരു പാപമല്ല അത്. പ്രത്യുത, പൂർണമായ അറിവോടും സ്വതന്ത്രമനസോടുംകൂടെ ദൈവത്തെ തള്ളിപ്പറയുകയും ദൈവികമായ സകലതിനെയും എതിർക്കുകയും ചെയ്യുന്നത് പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാകുന്നു. ആ അവസ്ഥയിൽ തുടരുന്നിടത്തോളം കാലം മോചനം അസാധ്യമായിത്തീരുന്നു.

 

No comments:

Post a Comment