Tuesday, 30 July 2013

സഹനം ഒരു ശുശ്രൂഷ



Thursday, 11 April 2013 11:36 
Written by  സ്റ്റെല്ല ബെന്നി 


വചനപ്രഘോഷണരംഗത്ത് ദൈവം ശക്തമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി ഒരിക്കൽ തന്‍റെ വേദനകൾ ഇപ്രകാരം പങ്കു വച്ചു. ഒരു പ്രശ്‌നം മാറുമ്പോൾ മറ്റൊരു പ്രശ്‌നം. ഓർമവച്ച നാൾമുതൽ വേദനകളാണെന്നും. ''ഞാൻ ദൈവത്തോടു ചേർന്നുനിന്നിട്ടും എന്തുകൊണ്ട് എന്‍റെ ജീവിതത്തിൽ ഇങ്ങനെ സംഭവിക്കുന്നു?'' എന്ന ചോദ്യവും അദ്ദേഹത്തിന്‍റെ ഉള്ളിലുണ്ടായിരുന്നു. ആ വ്യ ക്തിക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ കർത്താവ് ഉള്ളിൽ നല്‍കിയ മറുപടി ഇപ്രകാരമായിരു ന്നു: അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ശുശ്രൂഷ സഹനമാണെന്ന് പറയുക. അവൻ ചിന്തിച്ചുറച്ചിരിക്കുന്നത് വചനപ്രഘോഷണം മാത്രമാണ് തന്‍റെ ശുശ്രൂഷയെന്നാണ്. അതിനെക്കാൾ വലുതും അർത്ഥപൂർണവുമായ ശുശ്രൂഷ അവനിലൂടെ നടത്തപ്പെടുന്ന സഹനത്തിന്‍റെ ശു ശ്രൂഷയാണ്.
വചനം നല്‍കുന്ന ഉത്തരം
ദൈവനിയോഗപ്രകാരം സഹിക്കുന്നവർ ഏറെയുണ്ടെങ്കിലും അവരിൽ അധികം പേരും തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു ദൈവശുശ്രൂഷയാണ് എന്ന തിരിച്ചറിവ് ഇല്ലാത്തവരാണ്. തങ്ങൾക്ക് അജ്ഞാതമായ എന്തോ കാരണത്താൽ ഞങ്ങൾ സഹിക്കേണ്ടിവരുന്നു എന്ന് ചിന്തിക്കുന്നവരാണ് അധികപങ്കും. എ ന്നാൽ യേശുവി
ന്‍റെ വചനങ്ങളിൽ അതിനുള്ള ഉത്തരമുണ്ട്. ''മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടണ്ടി മോചനദ്രവ്യമായി നല്കാനുമത്രേ '' (മർക്കോസ് 10:45). യേശുവിനെ പിഞ്ചെല്ലുന്ന നമ്മിൽ പലരുടെയും ജീവിതത്തിൽ കർത്താവ് നല്‍കുന്ന സഹനശുശ്രൂഷയുണ്ട്. കുടുംബത്തിനും സഭയ്ക്കും ലോകത്തിനുംവേണ്ടി ക്രിസ്തുവിനോട് ചേർന്ന് മോചനദ്രവ്യമായി നല്‍കുന്ന സഹനജീവിതം. യേശുവിനെ പിഞ്ചെല്ലുവാൻ കൊതിക്കുന്ന നമ്മളിൽ പലരും ആഗ്രഹിക്കുന്നത് വേദനകൾ കൂടാതെതന്നെ അവിടുത്തെ പരിപാലനയിൽ ആശ്രയിച്ചു മുന്നോട്ടുപോകണമെന്നതാണ്. അങ്ങനെയുള്ളവർക്കുള്ള മുന്നറിയിപ്പായി യേശു പറഞ്ഞു, ''ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്‍റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ'' (മർക്കോസ് 8:34). നമ്മളാകട്ടെ അവിടുത്തെ അനുഗമിക്കാൻ ഒരുക്കമാണ്. പക്ഷേ, അവിടുന്നാഗ്രഹിക്കുന്ന കുരിശിന്‍റെ ശുശ്രൂഷ (സഹനങ്ങൾ) ചെയ്യാൻ ഒരുക്കമല്ലതാനും. എന്നാൽ, ഒരു ക്രിസ്തുശിഷ്യന്‍റെ അനിവാര്യതകളിൽ ഒന്നാണ് സഹനശുശ്രൂഷ.

യേശുവി
ന്‍റെ ജീവിതത്തിൽ
യേശുവി
ന്‍റെ അങ്ങേയറ്റത്തെ ശൂന്യവൽക്കരണമായിരുന്നു അവിടുത്തെ മനുഷ്യാവതാരവും പീഡാനുഭവവും ക്രൂശുമരണവും. മനുഷ്യൻ ഒരു കൃമിയായിത്തീരുന്നതിനെക്കാൾ എത്രയോ വലുതായിരുന്നു അവിടുന്ന് ഇതിനുവേണ്ടി ഏറ്റെടുക്കേണ്ടിവന്ന സഹനം.  

ദൈവപിതാവിനോട് പൂർണമായും വിധേയത്വം പാലിച്ചിരുന്ന അവിടുത്തെ ജീവിതം പിതാവി
ന്‍റെ മുൻപിൽ തോരാത്ത കണ്ണുനീരിന്‍റെയും നിലയ്ക്കാത്ത വിലാപത്തിന്‍റേതുമായിരുന്നു എന്നു പറഞ്ഞാൽ നമുക്കത്ഭുതം തോന്നും. എന്നാൽ, വചനങ്ങൾ അവിടുത്തെ കണ്ണുനീരിന്‍റെ ശുശ്രൂഷയെക്കുറിച്ച് ഇപ്രകാരം പറയുന്നു, ''തന്‍റെ ഐഹികജീവിതകാലത്തു ക്രിസ്തു മരണത്തിൽ നിന്നു തന്നെ രക്ഷിക്കാൻ കഴിവുള്ളവനു കണ്ണുനീരോടും വലിയ വിലാപത്തോടും കൂടെ പ്രാർത്ഥനകളും യാചനകളും സമർപ്പിച്ചു... പുത്രനായിരുന്നിട്ടും തന്‍റെ സഹനത്തിലൂടെ അവൻ അനുസരണം അഭ്യസിച്ചു'' (ഹെബ്രാ.5:7-8). ഇത് ദൈവപിതാവിന്‍റെ ജ്ഞാനത്തിലുരുവായ അമൂല്യമായ പദ്ധതിയായിരുന്നു. ''ആർക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്ഷയുടെ കർത്താവിനെ അവിടുന്നു സഹനംവഴി പരിപൂർണനാക്കുക തികച്ചും ഉചിതമായിരുന്നു'' (ഹെബ്രാ.2:10).

മാതാവി
ന്‍റെ പങ്ക്
ഇത്തരുണത്തിൽ നോക്കിയാൽ മാതാവി
ന്‍റെ ഏറ്റവും വലിയ ശുശ്രൂഷയും സഹനശുശ്രൂഷയായിരുന്നു. ഈശോ ഉദരത്തിൽ ഉരുവായ നിമിഷം മുതൽ യേശുവിന്‍റെ മരണം വരെ പരിശുദ്ധ അമ്മ നടത്തിയത് തന്‍റെ പ്രിയപുത്രന്‍റെ കുരിശിലെ യാഗത്തോടു ചേർന്നുള്ള സഹനബലിയായിരുന്നു. കന്യകയായിരിക്കേ, പുരുഷസംസർഗമില്ലാതെ ഗർഭം ധരിക്കേണ്ടിവന്ന അവസ്ഥയും അതിനോടു ചേർന്നുള്ള സഹനങ്ങളും ഉണ്ണിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ഒളിച്ചോട്ടം, തികഞ്ഞ ദാരിദ്ര്യാരൂപിയിലുള്ള ജീവിതം, യൗസേപ്പ് പിതാവിന്‍റെ മരണം, യേശുവി ന്‍റെ പരസ്യശുശ്രൂഷാ കാലഘട്ടത്തിൽ നടത്തിയ ഏകാന്തജീവിതം, കാൽവരിയിൽ യേശു സഹിച്ച പീഡകളെ ഹൃദയത്തിലേന്തി നടത്തിയ സഹനം... പക്ഷേ, അമ്മ പരിഭവിച്ചില്ല, പിന്തിരിഞ്ഞില്ല. എന്തുകൊണ്ടിങ്ങനെ എന്നു ചോദിച്ചില്ല. പൂർണമായും ദൈവതിരുമനസിന് കീഴ്‌വഴങ്ങി.

യേശുശിഷ്യന്മാരുടെ സഹനശുശ്രൂഷ
പരിശുദ്ധാത്മാവിനാൽ നിറഞ്ഞ യേശുശിഷ്യന്മാർ അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചുകൊണ്ട് ദൈവവചനപ്രഘോഷണവുമായി സ്വദേശത്തും വിദേശത്തും ചുറ്റിനടക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. എന്നാൽ, അവർ നയിച്ചിരുന്ന വചനശുശ്രൂഷകളെയുംകാൾ കരുത്തുറ്റതായിരുന്നു അവരുടെ സഹനങ്ങൾ. അവർ കടന്നുപോയ തീവ്രമായ സഹനങ്ങളെപ്പറ്റി ലേഖനഭാഗങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ''എന്നാൽ, പരമമായ ശക്തി ഞങ്ങളുടേതല്ല ദൈവത്തിന്‍റേതാണ് എന്ന് വെളിപ്പെടുത്തുന്നതിന് ഈ നിധി മൺപാത്രങ്ങളിലാണ് ഞങ്ങൾക്കു ലഭിച്ചിട്ടുള്ളത്. ഞങ്ങൾ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകർക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും, ഭഗ്നാശരാകുന്നില്ല. പീഡിപ്പി ക്കപ്പെടുന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചു വീഴ്ത്തപ്പെടുന്നു; എങ്കിലും, നശിപ്പിക്കപ്പെടുന്നില്ല. യേശുവി
ന്‍റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായ്‌പ്പോഴും ശരീരത്തിൽ സംവഹിക്കുന്നു'' (2 കോറി.4:7-11).
 

ശുശ്രൂഷാജീവിതത്തിൽ മാത്രമല്ല, അവരുടെ വ്യക്തിജീവിതത്തിലും അവർ തീവ്രതയേറിയ സഹനങ്ങളിലൂടെ കടന്നുപോയിരുന്നു. അതേക്കുറിച്ച് പൗലോസ്ശ്ലീഹാ ഇപ്രകാരം എഴുതിയിരിക്കുന്നു. ''...സഭയാകുന്ന തന്‍റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് ഞാൻ എന്‍റെ ശരീരത്തിൽ നികത്തുന്നു'' (കൊളോ.1:24).  അപ്പസ്‌തോലന്മാരുടെ ജീവിതം വലിയ സഹനങ്ങളിലൂടെയാണ് കടന്നുപോയത്.

വിശുദ്ധരുടെ ജീവിതം
വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും ജീവിതം പരിശോധിച്ചാലും കാണാൻ കഴിയുന്നത് ക്രൂശിനോടുള്ള ഒന്നാകലാണ്. ഇവരുടെ മാത്രമല്ല, ക്രിസ്തുവിനെ പിഞ്ചെന്ന എല്ലാ വിശുദ്ധരുടെയും ജീവിതങ്ങൾ സഹനഗാഥകളായിരുന്നു.

ചില കുടുംബങ്ങളുടെ രക്ഷയ്ക്കുവേണ്ടി സഹിക്കാനായി ചിലരെ ദൈവം തിരഞ്ഞെടുക്കുന്നു. ചില സന്യാസസമൂഹങ്ങളുടെ രക്ഷയ്ക്കുവേണ്ടി സഹിക്കാനായി നിഷ്‌കളങ്കരായ ചിലരെ ദൈവം തിരഞ്ഞെടുക്കുന്നു. സഭയുടെ രക്ഷയ്ക്കും നിലനില്പിനും വേണ്ടി സഹിക്കുവാനായി ചില വ്യക്തികൾക്ക് കർത്താവ് വലിയ അഭിഷേകം കൊടുക്കുന്നു. ഇത് സഭയുടെ തുടക്കം മുതൽ എല്ലാക്കാലങ്ങളിലും ഉണ്ടായിരുന്നതാണ്. നാം തിരിച്ചറിഞ്ഞിരുന്നില്ല എന്നുമാത്രം. എല്ലാക്കാലത്തും സഭയെ താങ്ങിനിർത്തിയ സഹനശുശ്രൂഷകർ ഉണ്ടായിട്ടുണ്ട്. ഇന്നും അത് തുടർന്നുകൊണ്ടിരിക്കുന്നു.

പഴയനിയമകാലത്തെ പ്രവാചകന്മാരുടെ ജീവിതവും സഹനത്തി
ന്‍റെ വഴിത്താരകളിലായിരുന്നു. ഇതുപോലെ നമുക്ക് നല്‍കപ്പെടുന്ന സഹനങ്ങളിലൂടെ നമ്മുടെ ജീവിതവും മറ്റുള്ളവരുടെ ജീവിതവും അനുഗ്രഹിക്കപ്പെടുകയാണ്. ഇതു തിരിച്ചറിയാൻ കഴിയാത്തവർ പരാതി പറഞ്ഞും നിരാശപ്പെട്ടും തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അമൂല്യമായ സഹനങ്ങളുടെ പുണ്യം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പൗലോസ്ശ്ലീഹാ തിമോത്തിയോസിനെഴുതിയ ലേഖനത്തിൽ കണ്ണുനീരിന്‍റെ വഴിയിലൂടെ കടന്നുപോയ തിമോത്തിയോസിനെ ശക്തിപ്പെടുത്തുന്നുണ്ട്. ''യേശുക്രിസ്തുവിന്‍റെ നല്ല പടയാളികളെപ്പോലെ കഷ്ടപ്പാടുകൾ സഹിക്കുക'' (2 തിമോത്തി. 2:3). നാം ദൈവത്തിൽ നിന്നുള്ളവരാകുന്നുവെന്നും ലോകം മുഴുവൻ ദുഷ്ടന്‍റെ ശക്തിവലയത്തിലാണെന്നും (1 യോഹ.5:19) വചനം ഓർമപ്പെടുത്തുന്നു. നാം ഈ ലോകത്തിന്‍റെതായിരുന്നുവെങ്കിൽ ഇഹത്തിൽ നമുക്ക് കഷ്ടങ്ങൾ ഉണ്ടാവുകയില്ലായിരുന്നു. എന്നാൽ, നമ്മൾ ദൈവത്തിൽനിന്നും ഉള്ളവരായതുകൊണ്ട് ഈ ലോകത്തിൽ നാം കഷ്ടങ്ങളെ നേരിട്ടേതീരൂ.

''ലോകം നിങ്ങളെ ദ്വേഷിച്ചുവെങ്കിൽ അത് അതിനുമുൻപേ എന്നെ ദ്വേഷിച്ചുവെന്ന് അറിഞ്ഞുകൊള്ളുവിൻ. നിങ്ങൾ ലോകത്തിന്‍റേതായിരുന്നുവെങ്കിൽ ലോകം സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു. നിങ്ങൾ ലോകത്തിന്‍റേതല്ലാത്തതുകൊണ്ട് ഞാൻ നിങ്ങളെ ലോകത്തിൽനിന്നും എടുത്തതുകൊണ്ട് ലോകം നിങ്ങളെ ദ്വേഷിക്കുന്നു'' (യോഹ.15:18-20). ക്രിസ്തുവിനോടൊത്തുള്ള ജീവിതം സൗഭാഗ്യകരമാണ്. പക്ഷേ, ആ സൗ ഭാഗ്യം ലോകത്തി
ന്‍റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതല്ല. ''യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നവരെല്ലാം പീഡിപ്പിക്കപ്പെടും. അതേസമയം ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും'' (2 തിമോത്തി. 3:12-13).

അതുകൊണ്ട് ഈ ലോകത്തിൽ ആയിരിക്കുമ്പോൾ ന മ്മൾ സഹിക്കേണ്ടിവരുന്ന എല്ലാ കഷ്ടങ്ങളെയും ദൈവസ്തുതികളായി അർപ്പിക്കാം. ദൈവം തരുന്ന സഹനങ്ങളെ നന്ദിയോടെ സ്വീകരിക്കാം. നമ്മുടെ പൗരത്വം സ്വർഗത്തിലാണ്. സഹനങ്ങളിൽ സ്ഥിരതയുള്ളവരായി നിന്നുകൊണ്ട് സ്വർഗത്തിൽ നമുക്ക് നിക്ഷേപങ്ങൾ കരുതിവയ്ക്കാം. എന്തെന്നാൽ ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല അവനുവേണ്ടി സഹിക്കാൻകൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു.

ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? (ജോബ് 38:4)



Shalom, 02 July 2013
Written by  ഫാ. ജോസഫ് വയലിൽ സി.എം.ഐ 

അനുഗ്രഹങ്ങൾ കിട്ടിയതുകൊണ്ടാണ് ജോബ് ദൈവത്തിന്‍റെ വിശ്വസ്ത ദാസനായി നില്‍ക്കുന്നതെന്നും ഇവയെല്ലാം നഷ്ടപ്പെട്ടാൽ അദ്ദേഹവും ദൈവത്തിൽനിന്ന് അകലുമെന്നും സാത്താൻ ദൈവത്തോട് പറഞ്ഞു. അങ്ങനെയെങ്കിൽ അവനെ നീ പരീക്ഷിച്ചുനോക്ക് എന്ന് ദൈവം സാത്താന് അനുമതി നൽകി. സാത്താന്‍റെ പരീക്ഷണത്തിന്‍റെ ഭാഗമായി ജോബിന് മക്കളും സ മ്പത്തും നഷ്ടപ്പെട്ടു. ശരീരത്തിൽ വ്രണങ്ങൾ ഉണ്ടായി. ജോബിനുണ്ടായ അനർത്ഥങ്ങളെക്കുറിച്ച് അറിഞ്ഞ മൂന്ന് സ്‌നേഹിതന്മാർ ഒരുമിച്ച് ജോബിനെ കാണാനും ആശ്വസിപ്പിക്കാനും എ ത്തി. ജോബിന്‍റെ അവസ്ഥ കണ്ട അവർ ഉറക്കെ നിലവിളിച്ചു. വസ്ത്രം കീറി. തലയിൽ പൂഴി വാരിയിട്ടു. ജോബിന്‍റെ പീഡകൾ അതികഠിനമെന്ന് കണ്ട് ഒരക്ഷരം സംസാരിക്കാനാവാതെ ഏഴു രാ പകലുകൾ അവർ ജോബിനോടൊപ്പം നിലത്തിരുന്നു.

പിന്നീട് ജോബ് പരാതികളും ആവലാതികളും ദൈവസന്നിധിയിൽ പറയാൻ തുടങ്ങി. ഒരുപാട് ന്യായവാദങ്ങളും ദൈവസന്നിധിയിൽ ഉയർത്തി. നിരവധി ചോദ്യങ്ങൾ ദൈവത്തോട് ചോദിച്ചു. സ്വന്തം പാപം നിമിത്തമാണ് ജോബ് ക്ലേശങ്ങൾ സഹിക്കേണ്ടിവന്നതെന്ന് ജോബി
ന്‍റെ കൂട്ടുകാർ സ്ഥാപിക്കുവാൻ ശ്രമിക്കുന്നു. ജോബും കൂട്ടരും പറഞ്ഞ ന്യായവാദങ്ങളെയും ചോദിച്ച ചോദ്യങ്ങളെയുമെല്ലാം നേരിടുന്ന ദൈവത്തെ നാം കാണുന്നു. ദൈവം ജോബിനോട് പറഞ്ഞു: പൗരുഷത്തോടെ നീ അര മുറുക്കുക; ഞാൻ നിന്നെ ചോദ്യം ചെയ്യും. തുടർന്ന് ചോദ്യങ്ങളുടെ പരമ്പര ആരംഭിക്കുകയാണ്. ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു (38:4). നിനക്ക് അറിയാമെങ്കിൽ പറയുക എന്ന് ദൈവം ജോബിനെ ഇതേ വചനത്തിലൂടെ വെല്ലുവിളിക്കുന്നുമുണ്ട്. തുടർന്ന് ദൈവം ചോദിക്കുന്ന ചോദ്യങ്ങളിൽനിന്ന് ചില സാമ്പിളുകൾ ഇവിടെ ഉദ്ധരിക്കട്ടെ: സമുദ്രത്തിന്‍റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? പ്രകാശത്തിന്‍റെ വസതിയിലേക്കുള്ള വഴി ഏതാണ്? കന്മഴയുടെ കലവറ നീ കണ്ടിട്ടുണ്ടോ? ഭൂമിയിൽ വ്യാപരിക്കു ന്ന കിഴക്കൻ കാറ്റിന്‍റെ പ്രഭവകേന്ദ്രത്തിലേക്കുള്ള വഴി ഏത്? മഴക്ക് ഒരു ജനയിതാവ് ഉണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? ആകാശത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളെ നിനക്കറിയാമോ? ഈബീസിന് ജ്ഞാനവും പൂവൻകോഴിക്ക് മുൻകൂട്ടി കാണാൻ കഴിവും കൊടുത്തത് ആരാണ്? നി ന്‍റെ കൽപനയാലാണോ കഴുകൻ പറന്നുയരുന്നതും ഉയരത്തിൽ കൂടുകൂട്ടുന്നതും? നീ ദൈവത്തെപ്പോലെ ശക്തനാണോ? അവിടുത്തെപ്പോലെ ഗർജനം മുഴക്കാൻ നിനക്കാകുമോ? നിനക്ക് മുതലയെ ചൂണ്ടയിട്ട് പിടിക്കാമോ? അവന്‍റെ മൂക്കിൽ കയറിടാമോ?

ദൈവത്തി
ന്‍റെ ചോദ്യങ്ങളുടെ മുൻ പിൽ ജോബ് പതറി. ജോബിന്‍റെ പ്രതികരണം ഈ വാക്കുകളിൽ ഒതുങ്ങി; അങ്ങേക്ക് എല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശ്യവും ത ടയാനാവുകയില്ലെന്നും ഞാൻ അറിയുന്നു. അറിവില്ലാതെ ഉപദേശത്തെ മറച്ചുവയ്ക്കുന്നവൻ ആരാണ് എന്ന് അങ്ങ് ചോദിച്ചു. എനിക്ക് മനസിലാകാത്ത അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞുപോയി. കേൾക്കുക, ഞാൻ സംസാരിക്കുന്നു, ഞാൻ ചോദിക്കും, നീ ഉത്തരം പറയണം എന്ന് അങ്ങ് പറഞ്ഞു. അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ എന്‍റെ കണ്ണുകൾ അങ്ങയെ കാണുന്നു. അതിനാൽ ഞാൻ എന്നെത്തന്നെ വെറുക്കുന്നു. പൊടിയിലും ചാരത്തിലും കിടന്ന് ഞാൻ പശ്ചാത്തപിക്കുന്നു.

ദൈവത്തെ ചോദ്യം ചെയ്തയാൾ ദൈവത്തി
ന്‍റെ ചോദ്യങ്ങൾക്ക് മുൻപിൽ കീഴടങ്ങുന്നു. ദൈവത്തോട് ന്യായം പറഞ്ഞവൻ ദൈവം പറഞ്ഞ ന്യായവാദങ്ങൾക്ക് മുൻപിൽ ഉത്തരം പറയാനില്ലാതെ അടിയറവ് പറയുന്നു. ജോബിനെ അവഹേളിക്കുവാനോ നാണംകെടുത്തുവാനോ ആയിരുന്നില്ല ദൈവത്തിന്‍റെ ചോദ്യങ്ങൾ. ജോബിനെ യാഥാർത്ഥ്യബോധത്തിലേക്ക് കൊണ്ടുവരിക എന്നത് മാത്രമായിരുന്നു ദൈവത്തിന്‍റെ ലക്ഷ്യം. ജോബ് സ്വന്തം നിസാരതയും ദൈവത്തിന്‍റെ ശക്തിയും ഏറ്റുപറഞ്ഞു. ചെയ്ത തെറ്റിനെയോർത്ത് അനുതപിച്ചു. അപ്പോൾ ദൈവം ജോബിനെ സമൃദ്ധമാ യി അനുഗ്രഹിച്ചു. പരീക്ഷണത്തിന് മുൻപുണ്ടായിരുന്ന സമൃദ്ധി ഇരട്ടിയാ ക്കി തിരിച്ചുനല്കി.

നമ്മളും ദൈവത്തോട് ധാരാളം ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ചിലപ്പോൾ ന്യായവാദങ്ങളും പറയാറുണ്ട്. ദൈവം നാലുചോദ്യങ്ങൾ തിരിച്ചു ചോദിച്ചാൽ നമുക്കും മറുപടി ഉണ്ടാവില്ല. ചോദ്യങ്ങളും ന്യായങ്ങളും ഉപേക്ഷിച്ച് എളിമയോടെ പ്രാർത്ഥിക്കാം. അപ്പോൾ ജോബിനെ എന്നതുപോലെ, ദൈവം നമ്മെയും അനുഗ്രഹിക്കും.

 

വിശുദ്ധ വസ്തുക്കളിലൂടെ വിടുതൽ ലഭിക്കുമോ?



Shalom Times, 05 June 2013
Written by  ഫ്രാൻസിസ് മാക് നറ്റ് 
വിവ. രഞ്ചിത്ത് ലോറൻസ്

കാനാൻ ദേശത്തേക്കുള്ള യാത്രാമധ്യേ മരുഭൂമിയിൽവച്ച് മോശ പിച്ചളസർപ്പത്തെ ഉയർത്തുന്ന സംഭവം സംഖ്യയുടെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ''കർത്താവ് മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചളസർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തിനിർത്തുക. ദംശനമേല്ക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി അതിനെ വടിയിൽ ഉയർത്തിനിർത്തി. ദംശനമേറ്റവർ പിച്ചളസർപ്പത്തെ നോക്കി; അവർ ജീവിച്ചു'' (സംഖ്യ 21:8-9). ദൈവത്താൽ വിശുദ്ധീകരിക്കപ്പെട്ട വസ്തുക്കളിലൂടെ ലഭിക്കുന്ന വിടുതലിനെക്കുറിച്ച് നടപടി പുസ്തകത്തിലും പ്രതിപാദിക്കുന്നുണ്ട്.

യേശുവി
ന്‍റെ വസ്ത്രത്തിൽ സ്പർശിച്ച് സൗഖ്യം സ്വന്തമാക്കിയ രക്തസ്രാവക്കാരി സ്ത്രീയെ നാം ബൈബിളിൽ കാണുന്നു. ഗനേസറത്തിൽവച്ച് രോഗികൾ യേശുവിന്‍റെ വസ്ത്രത്തിൽ സ്പർശിച്ച് സൗഖ്യം നേടുന്നു. ''അവന്‍റെ വസ്ത്രത്തിന്റെ വിളുമ്പിൽ ഒന്നു തൊടാനെങ്കിലും അനുവദിക്കണമെന്ന് അവർ അവനോടപേക്ഷിച്ചു. സ്പർശിച്ചവരെല്ലാം സുഖം പ്രാപിക്കുകയും ചെയ്തു'' (മത്തായി 14:36).

''പൗലോസി
ന്‍റെ കരങ്ങൾ വഴി ദൈവം അസാധാരണമായ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നു. അവന്‍റെ ശരീരസ്പർശനമേറ്റ തൂവാലകളും അംഗവസ്ത്രങ്ങളും അവർ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോൾ രോഗം അവരെ വിട്ടു മാറുകയും അശുദ്ധാത്മാക്കൾ അവരിൽനിന്ന് പുറത്തുവരുകയും ചെയ്തിരുന്നു'' (അപ്പ. 19:11-12).
വെഞ്ചരിച്ച വസ്തുക്കളുടെ ഉപയോഗം വഴിയായി സൗഖ്യവും വിടുതലും ദൈവം ഇന്നും നല്കുന്നു. വെഞ്ചരിക്കാനുള്ള അധികാരം വൈദികർക്കു മാത്രമാണ്. അനുഗ്രഹത്തി
ന്‍റെ ഈ നീർച്ചാലിൽ നിന്നും പാനം ചെയ്യുന്നതുവഴി സ്വർഗീയയാത്രയിൽ നമുക്ക് ഊർജ്ജവും സംരക്ഷണവും ലഭിക്കുമെന്നത് തീർച്ചയാണ്.

അത്ഭുതകരമായ വിടുതലുകൾ
സഭയുടെ ആദികാലം മുതൽ എണ്ണ, വെള്ളം തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് രോഗസൗഖ്യത്തിനും പൈശാചിക പീഡകളിൽ നിന്നുള്ള വിടുതലിനായും പ്രാർത്ഥിക്കുന്ന പാരമ്പര്യം ഉണ്ട്. എണ്ണയും വീഞ്ഞും ഒരു സാധാരണ മരുന്നായിട്ട് യേശുവിന്റെ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നുവെന്ന് നല്ല സമരിയാക്കാര
ന്‍റെ ഉപമയിൽ കാണുന്നു. മരുന്ന് കൊടുക്കുന്നതോടൊപ്പം പ്രാർത്ഥിക്കുന്ന രീതിയിൽ നിന്നാവാം ഈ പാരമ്പര്യത്തിന്‍റെ തുടക്കം.

യാക്കോബ് ശ്ലീഹാ പറയുന്നു: ''നിങ്ങളിൽ ആരെങ്കിലും രോഗിയാണെങ്കിൽ അവൻ സഭയിലെ ശ്രേഷ്ഠന്മാരെ വിളിക്കട്ടെ. അവർ കർത്താവി
ന്‍റെ നാമത്തിൽ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാർത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും'' (യാക്കോ. 5:14-15). വിടുതലിനായി പ്രാർത്ഥിക്കുമ്പോൾ നെറ്റിയിലോ രോഗമുള്ള ഭാഗത്തോ എണ്ണ പുരട്ടി പ്രാർത്ഥിക്കാവുന്നതാണ്.

വെഞ്ചരിച്ച ഉപ്പി
ന്‍റെ ഉപയോഗം വഴിയായി ധാരാളം അത്ഭുതകരമായ വിടുതലുകൾ കണ്ടിട്ടുള്ളതായി ഈശോസഭ വൈദികനായ ഫാ. റിക് തോമസ് പറയുന്നു. സാധാരണയായി ഉപയോഗിക്കുന്ന വിശുദ്ധവസ്തു വെഞ്ചരിച്ച വെള്ളം അഥവാ ഹന്നാൻവെള്ളമാണ്. ഇതിനു പുറമേ വിശുദ്ധ ഗ്രന്ഥം, വെഞ്ചരിച്ച മെഴുകുതിരികൾ, കുരിശ് എന്നിവയും വിടുതൽ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കാറുണ്ട്.

നമ്മുടെ പ്രിയപ്പെട്ടവരിൽ ദുഷ്ടാരൂപിയുടെ സ്വാധീനം ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനായി വെഞ്ചരിച്ച വസ്തുക്കൾ ഉപയോഗിക്കാമെന്ന് പ്രശസ്ത ഭൂതോച്ഛാടകനായ ഫാ. ഗബ്രിയേൽ അമോർത്ത് പറയുന്നു. 'ഒരു ഭൂതോച്ചാടക
ന്‍റെ അനുഭവങ്ങൾ' എന്ന പുസ്തകത്തിൽ അദ്ദേഹം ഇതിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ''സാധാരണ ഏതെങ്കിലും വസ്ത്രം ആശീർവദിച്ചശേഷം അത് ബാധയുണ്ടെന്ന് കരുതുന്നവരുടെ അലമാരയിൽ വയ്ക്കുക. മിക്കപ്പോഴും അവർ ആ വസ്ത്രം അണിയുന്നതേ അസ്വസ്ഥരാവുകയും അവ കീറിക്കളയുകയും ചെയ്യും. കാരണം, അതിന്‍റെ സ്പർശനം സഹിക്കാവുന്നതിലും അപ്പുറമാണ്.... വെഞ്ചരിച്ച വെള്ളം മറ്റൊരു പരീക്ഷണമാണ്. ഉദാഹരണത്തിന് മകന്‍റെയോ ഭർത്താവിന്‍റെയോ ജീവിതത്തിൽ തിന്മയുടെ സ്വാധീനം കാണുന്ന സ്ത്രീ കാപ്പിയിലോ ചായയിലോ വിശുദ്ധ ജലം ചേർക്കുന്നുവെന്നിരിക്കട്ടെ. ബാധയുള്ള വ്യക്തി കാരണമറിയാതെ അതിനെ ചവർപ്പുള്ളതായും ഭക്ഷ്യയോഗ്യമല്ലാത്തതെന്നും കണ്ടെത്തും.''

വെഞ്ചരിച്ച വസ്തുക്കളുടെ ഉപയോഗം അന്ധവിശ്വാസമോ പിശാചുബാധിതനായ വ്യക്തിയുടെ മാനസികനിലയെ സ്വാധീനിക്കാൻ ഉപയോഗിക്കുന്ന കേവലം ഒരു ദൃശ്യ അടയാളമോ ആയി കരുതാവുന്നതല്ല. വിശുദ്ധ ഗ്രന്ഥത്തി
ന്‍റെ അടിസ്ഥാനത്തിലും സഭയുടെ പാരമ്പര്യത്തിലൂന്നിയുമുള്ള വിശുദ്ധ വസ്തുക്കളുടെ ഉപയോഗം നമ്മുടെ വിശ്വാസജീവിതത്തെ ഏറെ സഹായിക്കുന്നു. സർവശക്തനായ ദൈവം തിന്മയുടെ മൂർത്തീഭാവമായിരിക്കുന്ന പിശാചിനോട് പൊരുതുവാൻ നല്കിയിരിക്കുന്ന വെഞ്ചരിച്ച വസ്തുക്കളെ, വിവേകപൂർവം നമുക്കും ഉപയോഗിക്കാം.

Monday, 29 July 2013

കുഷ്ഠരോഗികളുടെ ഇടയിൽ ജീവിച്ച മാലാഖ


Tuesday, 02 July 2013 11:19 
Written by  കെ. ജെ. മാത്യു

മ്മുടെ ജീവിതത്തെ നിലംപരിശാക്കുന്ന ചില ദുഃഖാനുഭവങ്ങൾ സംഭവിക്കാറുണ്ട്. പ്രളയജലം ഭൂമിയെ മൂടുന്നതുപോലെ അവ നമ്മെ മൂടിക്കളഞ്ഞെന്നിരിക്കും. അത്തരത്തിലുള്ള ഒരു അനുഭവത്തിലൂടെ കടന്നുപോയ വ്യക്തിയാണ് ഡോ. മേരി വർഗീസ്. ഇന്ത്യയിലെ പ്രശസ്തമായ വെല്ലൂർ മെഡിക്കൽ കോളജിൽനിന്നും ബിരുദം നേടിയ അവർക്ക് അവിടെത്തന്നെ ജോലി ലഭിച്ചു. സഹപ്രവർത്തകരോടൊപ്പം ഉല്ലാസയാത്രയ്ക്കുപോയ അവരുടെ വാൻ അപകടത്തിൽപ്പെട്ടു. ഡോ. മേരിയുടെ നട്ടെല്ലിന് ഗുരുതരമായ പരിക്കുപറ്റി. അങ്ങനെ അവരുടെ ശരീരം അരയ്ക്ക് താഴോട്ട് തളർന്നു. മാത്രമല്ല, മുഖത്തെ മാംസക്കഷണങ്ങൾ പല ഭാഗത്തും പറിഞ്ഞുപോയതുമൂലം അവർ വിരൂപയായിത്തീർന്നു. മാനസികമായും ശാരീരികമായും അതികഠിനവേദന അനുഭവിച്ച നാളുകളായിരുന്നു അത്.

ഒരു ദൈവദൂതൻ
മറ്റുള്ളവരെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥ വന്നല്ലോ എന്നതായിരുന്നു അവരെ മഥിച്ച വലിയ വേദന. അങ്ങനെ അവൾ ദിനങ്ങൾ തള്ളിനീക്കുകയാണ്. കഠിനമായ പരീക്ഷണങ്ങളുടെ നാളുകളിൽ നാം മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ദൈവം ആ സമയങ്ങളിലും ആശ്വാസം പകർന്നുകൊണ്ട് കൂടെയുണ്ട് എന്നതാണാക്കാര്യം. എന്തുകൊണ്ട് ദൈവമേ, നീ എന്നെ കൈവെടിഞ്ഞു എന്ന് പലപ്പോഴും നാം ദൈവത്തോട് പരാതി പറയാറുണ്ട്. എന്നാൽ, ദൈവം ഒരിക്കലും നമ്മെ കൈവിടുന്നില്ല. തന്റെ മക്കൾ വേദനിക്കുമ്പോൾ മാറിനില്ക്കുന്നവനല്ല നമ്മുടെ ദൈവം. അവിടുന്ന് ഏതെങ്കിലും വിധത്തിൽ ആശ്വാസമായി നമ്മുടെ അടുത്തെത്തും. അതൊരു വ്യക്തിയിലൂടെയോ ഒരു പുസ്തകത്തിലൂടെയോ ഒരു ലേഖനത്തിലൂടെയോ തിരുവചനത്തിലൂടെയോ അല്ലെങ്കിൽ വ്യക്തിപരമായ പ്രാർത്ഥനയിൽ ലഭിക്കുന്ന ആശ്വാസത്തിലൂടെയോ ആയിരിക്കാം. അവിടുത്തെ സ്‌നേഹം മാറ്റമില്ലാത്തതാണ്. പ്രകൃതിയുടെ സ്വഭാവം മാറിയാലും നമ്മുടെ ദൈവത്തിന്റെ സ്‌നേഹം ഒരിക്കലും മാറുന്നില്ല. ''മലകൾ അകന്നുപോയേക്കാം. കുന്നുകൾ മാറ്റപ്പെട്ടേക്കാം. എന്നാൽ, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല'' (ഏശയ്യാ 54:19). കഠിനമായ വേദനകളിലൂടെ, പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ വചനം ഏറ്റുപറയുക. നിങ്ങളുടെ പേരു ചേർത്ത് വായിക്കുക. ആ അതുല്യമായ ദൈവികസാന്നിധ്യത്താൽ നിങ്ങളുടെ ഹൃദയം ഇപ്പോൾത്തന്നെ നിറയും.

ഡോ. മേരി വർഗീസിന്റെ ജീവിതത്തിലും അതുതന്നെയാണ് സംഭവിച്ചത്. അവരുടെ തകർന്നടിഞ്ഞ ജീവിതത്തിലേക്ക് ദൈവം ഒരു ദൂതനെ അയച്ചു. അത് കുഷ്ഠരോഗികൾക്കിടയിൽ യേശുവിന്റെ സ്‌നേഹം പങ്കുവയ്ക്കാൻ ജീവിതം ഉഴിഞ്ഞുവച്ച ഡോ. പോൾ ബ്രാൻഡായിരുന്നു. ഡോ. പോൾ ബ്രാൻഡ് മേരി വർഗീസിനെ കണ്ട് സഹതപിക്കുകയല്ല ചെയ്തത്. പ്രത്യുത, അദ്ദേഹം പറഞ്ഞു: ''ഡോ. മേരീ, ഇങ്ങനെ കസേരയിൽ ഇരുന്നാൽ പോരാ. ഭാവിയിൽ ചെയ്യുവാനുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കണം.'' അരയ്ക്ക് താഴെ തളർന്ന് വീൽചെയറിൽ ആയിരിക്കുന്ന എനിക്ക് എന്ത് ഭാവി കാര്യങ്ങൾ എന്ന അർത്ഥത്തിൽ ഡോ. മേരി നോക്കി. അപ്പോൾ ഡോ. പോൾ ബ്രാൻഡ് പറഞ്ഞു: ''മേരിയെക്കൊണ്ട് ഇനിയും യേശുവിന് വലിയ കാര്യങ്ങൾ ചെയ്യുവാനുണ്ട്. മുൻപത്തേതിനെക്കാൾ വലിയ കാര്യങ്ങൾ.'' അദ്ദേഹം ഡോ. മേരിയെ തന്റെ കുഷ്ഠരോഗാശുപത്രിയിലേക്ക് ക്ഷണിച്ചു.

കുഷ്ഠരോഗികളെ ആകർഷിച്ച ഡോ. മേരി അതൊരു ദൈവവിളിയായി കണ്ട് സന്തോഷത്തോടെ സ്വീകരിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് അവർ കുഷ്ഠരോഗികളെ പരിശോധിക്കുവാൻ തുടങ്ങി. എല്ലാവരും വെറുപ്പോടും അറപ്പോടും നോക്കുന്ന തങ്ങളെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന ഒരു ഡോക്ടർ ഇതാ വന്നിരിക്കുന്നു. അതവരുടെ ഹൃദയങ്ങളെ തൊട്ടു. മാത്രമല്ല, ഡോ. മേരി അവരിൽ ഒരാളെപ്പോലെത്തന്നെയാണ്. തങ്ങളെപ്പോലെ വൈകല്യവും വൈരൂപ്യവുമുള്ള ഒരാൾ. എന്നിട്ടും ഈ ഡോക്ടർ എത്ര സന്തോഷവതിയാണ്! അതവരെ ചിന്തിപ്പിച്ചു. ഈ സാഹചര്യത്തിൽ അവർ ദൈവത്തെ കൂടുതൽ അറിയുവാനും സ്‌നേഹിക്കുവാനും പഠിച്ചു. ഇരുൾമൂടിയിരുന്ന അവരുടെ മനസുകൾ പ്രകാശമാനമായിത്തീർന്നു. കുഷ്ഠരോഗികളുടെ ഇടയിൽ ജീവിക്കുന്ന ഒരു മാലാഖയായിത്തീർന്നു ഡോ. മേരി.


അവരുടെ പ്രവർത്തനം ലോകം ശ്രദ്ധിച്ചു. പ്രതികൂലങ്ങളിൽ മനസ് തകർന്നിരുന്ന അനേകർക്ക് അവരുടെ ജീവിതം പ്രചോദനമായി. അനേക പുസ്തകങ്ങൾ അവരെക്കുറിച്ച് എഴുതപ്പെട്ടു. ദൈവത്തിന്റെ പദ്ധതി ഓർക്കുക. ഡോ. മേരി വർഗീസിന്റെ ജീവിതത്തിൽ ഇപ്രകാരം ഒരു അപകടം സംഭവിച്ചില്ലായിരുന്നുവെങ്കിൽ അവർ ഒരു സാധാരണ ഡോക്ടറായി ജീവിക്കുമായിരുന്നു. എന്നാൽ, ഇപ്രകാരം ദൈവം അ വരെ തന്റെ പദ്ധതിയനുസരിച്ച് ന യിച്ചപ്പോൾ അവരുടെ ജീവിതം അർത്ഥപൂർണമായി. മാത്രമല്ല, ഇരുളിനെ പ്രകാശിപ്പിക്കുന്ന ഒരു പ്രകാശഗോപുരവുമായി അവർ മാറി. ജീവിതത്തിൽ നാം മറ്റുള്ളവർക്ക് പ്രചോദനം നല്കുന്നവരായി മാ റുമ്പോഴാണ് നമ്മുടെ ജീവിതം സാർ ത്ഥകമാകുന്നത്. മറ്റുള്ളവരെ പ്രകാശിപ്പിക്കുന്നതായി നമ്മുടെ ജീവിതം മാറണം. അത് യേശുവിന്റെ ആഗ്രഹമാണ്.

അഗ്നിശോധനയുടെ കാലം
അങ്ങനെ ജീവിതം രൂപാന്തരപ്പെടണമെങ്കിൽ ഇത്തരത്തിലുള്ള അഗ്നിശോധനകൾ നമുക്കാവശ്യമാണ്. അഗ്നിയിലൂടെയാണല്ലോ സ്വർണം ശുദ്ധീകരിക്കപ്പെടുന്നത്. ദൈവത്തിന് സ്വീകാര്യരായ മനുഷ്യരും അപ്രകാരം ശുദ്ധീകരിക്കപ്പെടുന്നു. ഈ ലേഖനം വായിക്കുന്ന നിങ്ങൾ ഇപ്രകാരം കഠിനമായ വേദനകൾ അനുഭവിക്കുന്ന ഒരു വ്യക്തിയായിരിക്കാം. ഓർക്കുക, നിങ്ങൾ ദൈവത്തിന് പ്രിയപ്പെട്ടവനാണ്/പ്രിയപ്പെട്ടവളാണ്. നിങ്ങൾ ഇപ്പോൾത്തന്നെ ഫലം പുറപ്പെടുവിക്കുന്നതിൽ അവിടുന്ന് സംപ്രീതനാണ്. കൂടുതൽ ഫലങ്ങൾ പുറപ്പെടുവിക്കുവാനായി അവിടുന്ന് നിങ്ങളെ വെട്ടിയൊരുക്കുന്നുവെന്ന് ദൃഢമായി വിശ്വസിക്കുക (യോഹ.15:2). സഹനങ്ങളൊന്നും നഷ്ടമല്ലെന്നോർക്കുക.

എന്റെ അനുഭവത്തിൽ നിന്നാണ് ഞാനിതെഴുതുന്നത്. നീണ്ട ഒരു അഗ്നിശോധനയുടെ നാളുകളിലൂടെ ഞാൻ കടന്നുപോയി. 2002 മുതൽ 2011 വരെ. ഒന്നിനു പുറകേ ഒന്നായി അപകടങ്ങളും രോഗങ്ങളും. എന്റെ കൈ ഒരു അപകടത്തിൽപ്പെട്ട് ഒടിഞ്ഞു. മൂന്ന് ഓപ്പറേഷനുകൾ വേണ്ടിവന്നു അത് ശരിയാകുവാൻ. അങ്ങനെ മൂന്നുനാല് വർഷങ്ങൾ അതുകൊണ്ട് ക്ലേശിച്ചു. 2005 ൽ എന്നെ തീർത്തും ഞെരുക്കിയ ഒരു മാനസികവേദന എനിക്കുണ്ടായി. പലപ്പോഴും ഏകാന്തതയിൽ ഞാൻ കരഞ്ഞിട്ടുണ്ട്. 2008 ൽ അതിഗുരുതരമായ ഹൃദയരോഗമെനിക്ക് പിടിപെട്ടു. മരണത്തിന്റെ വക്കിലായിരുന്നു ഞാൻ. ഈ നാളുകളിൽ മാനസികമായ ഒട്ടേറെ വ്യഥകൾ. പക്ഷേ, ദൈവം കൂടെയുണ്ടായിരുന്നു. എല്ലാം കടന്നുപോയി. ഈ നാളുകളിൽ അഗ്നിസ്‌നാനമേറ്റുവാങ്ങിയ എനിക്ക് ദൈവം  കൂടുതൽ അടുത്തുള്ളവനായി. വലിയ സ്‌നേഹത്തോടെ അവിടുത്തോട് സംസാരിക്കുവാനായി.

അമൂല്യ സമ്മാനം
അതിനാൽ പ്രിയപ്പെട്ടവരേ, നിങ്ങൾ വിഷമിക്കേണ്ടാ.  ഒരു കണ്ണീരും നഷ്ടമാകുന്നില്ല. നിങ്ങൾക്ക് നിലനില്ക്കു ന്ന ഒരു ദൈവികദർശനം അവിടുന്ന് ഒരുക്കിവച്ചിട്ടുണ്ട്. ജോബ് ഇപ്രകാരം പറയുന്നില്ലേ: ''അങ്ങയെക്കുറിച്ച് ഞാ ൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു'' (ജോബ് 42:5). ഈ ലോകത്തിൽ അനേക വർഷങ്ങൾ ജീവിച്ചിട്ടും ദൈവത്തെ അനുഭവിച്ചറിഞ്ഞില്ലെങ്കിൽ എന്ത് പ്രയോജനം? ആ അമൂല്യസമ്മാനം നിങ്ങൾക്ക് നല്കുവാൻ ദൈവം നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നുവെന്ന് മാത്രം ചി ന്തിക്കുക. അതോടൊപ്പം ആ പ്രകാശം ചുറ്റുമുള്ളവരിലേക്കും പ്രസരിക്കും. പരാതി പറയാത്ത സഹനജീവിതം നിങ്ങളോട് ചേർന്നു നില്ക്കുന്നവർ ശ്രദ്ധിക്കുന്നില്ലെന്ന് കരുതുന്നുണ്ടോ? അവരും ദൈവത്തെക്കുറിച്ച് ചിന്തിക്കുവാൻ നി ങ്ങൾ കാരണമാകും. അങ്ങനെ പ്രകാശത്തിന്റെ മക്കളാകണം എന്ന യേശുവിന്റെ വലിയ ആഗ്രഹം സഫലീകരിക്കപ്പെടും. അതിനാൽ ഒരു കണ്ണീരും നഷ്ടപ്പെടുത്താതെ, അവ ഓരോന്നും അനുഗ്രഹത്തിന്റെ മുത്തുമ ണികളായി മാറ്റുവാൻ കെല്പുള്ളവന്റെ കൈയിൽ നി ങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തെ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ സമർപ്പിച്ച്
പ്രാർത്ഥിക്കുക:

സ്‌നേഹപിതാവേ, ഞാൻ അങ്ങയെ ആരാധിക്കുന്നു. അങ്ങയുടെ സ്‌നേഹം അചഞ്ചലമാണെന്ന് ഞാൻ വിശ്വസിക്കുകയും അധരംകൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നു. അങ്ങയുടെ സ്‌നേഹത്താൽ എന്നെ പൊതിഞ്ഞാലും. ഞാൻ ആ സ്‌നേഹനദിയിൽ മുങ്ങിക്കുളിക്കട്ടെ. എന്റെ എല്ലാ സങ്കടവും വേദനയും മാറട്ടെ. അങ്ങയുടെ പ്രകാശത്തിൽ എന്നെ എന്നെന്നും കാത്തുകൊള്ളണമേ എന്നുമാത്രം ഞാൻ പ്രാർത്ഥിക്കുന്നു. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, പ്രകാശത്തിൽ വസിക്കാനു ള്ള കൃപ എനിക്ക് ലഭിക്കുവാനായി തിരുസന്നിധിയിൽ പ്രാർത്ഥിക്കണമേ, ആമ്മേൻ.

Sunday, 28 July 2013

ആരാണ് ആ മഹതി ?



THE LADY OF ALL NATIONS
 
Written by Messengers of the Lady of All Nations (Messolans)

ലോകത്തില്‍ ഏറ്റവും അധികം ആദരിക്കപ്പെടുന്ന സ്ത്രീരക്നം
ലോകം കണ്ടത്തില്‍ ഏറ്റവും പ്രശസ്തയായ മഹിളാമണി
ഏറ്റവും അധികം ചിത്രീകരിക്കപ്പെട്ട
സ്ത്രീ സവ്ന്തര്യം
ഏറ്റവും അധികം പെണ്‍കുട്ടികള്‍ക്ക് പേരിന്
നിദാനമായ ആദര്‍ശവതി
ഏറ്റവും അധികം പള്ളികളും സ്ഥാപനങ്ങളും നാമകരണം
ചെയപ്പെട്ടിരിക്കുന്ന പുണൃശോക
യേശു ക്രിസ്തുവി ല്‍ വിശ്വസിച്ച ആദ്യവൃക്തി
ക്രിസ്തുവിന്‍റെ ശിഷ്യത്വം സ്വീകരിച്ച ആദ്യ ക്രിസ്ത്യാനി
മാളികമുകളില്‍ പരിശുദ്ധാത്മാവിനെ കാത്തിരുന്ന
ശിഷ്യരോടൊത്തുണ്ടായിരുന്ന
ആദിമസഭയുടെ ജനനി

മാര്‍ട്ടിന്‍  ലൂഥര്‍  ആ മഹതിയെപ്പറ്റി ഇപ്രകാരം പറയുന്നു: ദൈവം കന്യാമറിയത്തിന്‍റെ ആത്മാവ്‌ പരിശുദ്ധാത്മാവിനാല്‍ പൂരിതമായി രൂപാന്തരപ്പെടുത്തി. അങ്ങനെ അവള്‍ ജീവിക്കാന്‍ തുടങ്ങിയ നിമിഷം മുതല്‍ സകല പാപരഹിതയയിരുന്നു. മറിയം ദൈവമാതാവും, അതേസമയം കന്യകയുമായിരുന്നുവെന്നുളളത് ഒരു വിശ്വസ സത്യമാണ്. കന്യാമറിയം സ്വര്‍ഗ്ഗത്തിലാണെന്നുള്ളതിന് ഒരു സംശയവുമില്ല. മറിയത്തോടുള്ള വണക്കം മനുഷ്യഹൃദയത്തിന്‍റെ അടിതട്ടില്‍തന്ന രേഗപ്പെടുതിയിരിക്കുന്നു. അവള്‍ യേശുവിന്‍റെയും  നമ്മുടയെല്ലാവരുടെയും അമ്മയാണ്. അവള്‍ ദൈവത്തെ പാലൂട്ടി, ദൈവത്തെ താരാട്ടുപാടിയുറക്കി, ദൈവത്തിനു ഭക്ഷണം പാകം ചെയ്തുകൊടുത്തു.
ആംഗ്ലേയ കവിപുംഗവന്‍ ഈ മഹതിയെ പ്രകീര്‍ത്തിച്ചുപാടി:

“Mother ! whose virgin bosom was uncrost
With the least shade of thought to sin allied;
Women ! above all women glorified,
Our tainted nature’s solitary boast.”

                                        -William Wordsworth
                                                         The Virgin

നസ്രത്തിലെ ആ ഗ്രമീണ കന്യക മംഗലവാര്‍ത്ത സ്വീകരിച്ചപ്പോള്‍ ദൈവത്തിന്‍റെ അമ്മയായി കുരിശിന്‍ ചുവട്ടില്‍ വച്ച് സര്‍വ്വജനപദങ്ങളുടെയും അമ്മയായി, നാഥയായി  സ്വപുത്രനാല്‍ അവരോധിക്കപട്ടു. എന്നാല്‍ സര്‍വ്വജനപദങ്ങളുടെയും നാഥയെന്ന നാമധേയത്തല്‍ മാതാവ് പ്രത്യക്ഷപ്പെട്ടത് ആംസ്റ്റര്‍ഡാമില്‍ 1945 മുതല്‍  54 വരെയുള്ള കാലഘട്ടത്തില്‍ ഇഡാപേര്‍ഡമാന്‍ എന്ന വനിതക്കായിരുന്നു. 60 പ്രാവശ്യത്തെ സന്ദര്‍ശനങ്ങളില്‍ നാഥ നല്‍കിയ സന്ദേശങ്ങളില്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍: നാഥയുടെ നാമധേയവും ചിത്രവും പ്രവചങ്ങള്‍, നിര്‍ധേശങ്ങളും ഉപദേശങ്ങളും പുതിയ സത്യരൂപിയുടെ വരവ്, നാരകീയ ദൃശ്യങ്ങള്‍ അനുദിനദിവ്യബലി, ദൈവത്തിനു നന്ദി അഞ്ചാമത്തെ മരിയന്‍ വിശ്വാസസത്യം ദൈവശസ്ത്രജ്ഞന്‍മാര്‍ക്കുള്ള ഉപദേശം  മറിയം നമ്മുടെ മദ്ധൃസ്ഥയായിരിക്കട്ട !
എന്നാല്‍ നാഥ ലോകജനതക്കു നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനം, ഹ്രസ്വമായ, അത്ഭുതങ്ങളുടെ കലവറയായ, ഫലവത്തായ ഒരു പ്രര്‍ത്ഥനയാണ്. ഈ പ്രാര്‍ത്ഥനയിലൂടെ
മാതാവ്‌ വഴി: തിരക്കേറിയ ഈ ലോകത്തില്‍ ഒരോരുത്തരും ദിവസേന എല്ലാ സംരംഭങ്ങള്‍ക്കും മുന്‍പ് പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിനായി ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കുന്നു. എല്ലാ മനുഷരുടെയും ഹൃദയത്തില്‍ പരിശുദ്ധാത്മാവ് നിറയട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. അതുവഴി ധാര്‍മ്മികാധഃപതനം, ദുരിന്തങ്ങള്‍, യുദ്ധം ഇവയില്‍നിന്നും നാം സംരക്ഷിക്കപ്പെടട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

നാഥ  പഠിപ്പിച്ച  പ്രാര്‍ത്ഥന

കര്‍ത്താവായ യേശുക്രിസ്തുവേ,
പിതാവിന്‍റെ പുത്രാ, അങ്ങയുടെ അരൂപിയെ
ഇപ്പോള്‍ ഭൂമിയിലേക്കയക്കണമേ. എല്ലാ
ജനപദങ്ങളുടെയും ഹൃദയത്തില്‍പരിശുദ്ധാത്മാവ്
വസിക്കട്ടെ! അതുവഴി ധാര്‍മ്മികാധഃപതനം,
ദുരന്തങ്ങള്‍, യുദ്ധം ഇവയില്‍നിന്നും അവര്‍
സംരക്ഷിക്കപ്പെടട്ടെ. 
സര്‍വ്വജനപദങ്ങളുടെയും നാഥയായ പരിശുദ്ധ കന്യാമറിയം
ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ, 
ആമ്മേന്‍

Sunday, 21 July 2013

ദൈവം ക്ഷമിക്കാത്ത പാപം?



Friday, 15 February 2013 11:20 
Written by  റവ. ഡോ. മൈക്കിൾ കാരിമറ്റം


“മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോട് ക്ഷമിക്കപ്പെടും. എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോട് ക്ഷമിക്കപ്പെടുകയില്ല.” ഈ സുവിശേഷഭാഗം വിശ്വാസികളിൽ ആശയക്കുഴപ്പം മാത്രമല്ല, ആശങ്കയും സൃഷ്ടിക്കുന്നതായി ചിലർ ഉന്നയിക്കുന്ന സംശയങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ സർവപാപങ്ങളും പൊറുക്കുന്ന ദൈവം ക്ഷമിക്കാൻ മടിക്കുന്ന പാപമുണ്ടോ? ഈ ചോദ്യത്തിന്റെ ഉത്തരംകൊണ്ടുമാത്രം സംശയങ്ങൾ ശമിക്കില്ല. മനുഷ്യപുത്രനെതിരായ പാപവും പരിശുദ്ധാത്മാവിനെതിരായ പാപവും തമ്മിലുള്ള വ്യത്യാസം എന്ത്; എന്താണ് പരിശുദ്ധാത്മാവിനെതിരായ പാപം?...  

പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോട് ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല എന്ന ഗുരുമൊഴി സമാന്തരസുവിശേഷങ്ങൾ മൂന്നും രേഖപ്പെടുത്തിയിട്ടുണ്ട് (മത്താ.12:3132; മർക്കോ.3:29; ലൂക്കാ 12:10). “മനുഷ്യമക്കളുടെ എല്ലാ പാപങ്ങളും അവർ പറയുന്ന ദൂഷണങ്ങളും ക്ഷമിക്കപ്പെടും”  എന്നാണ് മർക്കോസ് (3:28) രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു സമാനമായ ഒരു വാക്യം വിശുദ്ധ മത്തായിയും രേഖപ്പെടുത്തിയിട്ടുണ്ട്: “മനുഷ്യന്റെ എല്ലാ പാപവും ദൂഷണവും ക്ഷമിക്കപ്പെടും” (മത്താ.12:31).

'മനുഷ്യപുത്രൻ' എന്ന പദത്തിന് മനുഷ്യൻ എന്നുതന്നെയാണ് അർത്ഥം. ഇത് അരമായ ഭാഷയിലെ ഒരു പ്രയോഗമാണ്. അതിനാൽ മനുഷ്യൻ മനുഷ്യർക്കെതിരെ ചെയ്യുന്ന പാപങ്ങൾ ക്ഷമിക്കപ്പെടും. എന്നാൽ , ദൈവത്തിനെതിരെ ചെയ്യുന്ന പാപങ്ങൾ ക്ഷമിക്കപ്പെടില്ല എന്നാണ് ചോദ്യവിഷയമായ തിരുമൊഴിയുടെ അർത്ഥമെന്നു വ്യാഖ്യാനിക്കുന്നവരുണ്ട്. വിശുദ്ധ മർക്കോസ് രേഖപ്പെടുത്തിയിരിക്കുന്ന തിരുവചനം മാത്രമായിരുന്നെങ്കിൽ ഒരുപക്ഷേ, ഈ വ്യാഖ്യാനം ശരിയാണെന്നു കരുതാൻ ന്യായമുണ്ടായിരുന്നു.

എന്നാൽ, മനുഷ്യപുത്രനെതിരെയുള്ള പാപത്തെക്കുറിച്ച് വിശുദ്ധ മത്തായിയും  വിശുദ്ധ ലൂക്കായും പറയുമ്പോ ൾ അത് ഏതെങ്കിലും മനുഷ്യനെയല്ല, മനുഷ്യപുത്രനായി അവതരിച്ച യേശുവിനെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകും. തന്നെയുമല്ല, പാപം എന്നത് ആത്യന്തികമായി ദൈവത്തിനെതിരെ ചെയ്യുന്ന തെറ്റായാണ് ബൈബിൾ പഠിപ്പിക്കുന്നത്. മനുഷ്യനെതിരെ ചെയ്യുന്നതാണെങ്കിലും പാപം അതിൽത്തന്നെ ദൈവപ്രമാണത്തിന്റെ ലംഘനവും ദൈവത്തിനെതിരായ തെറ്റുമാണ്. അതിനാൽ യേശുവിനെതിരെ ചെയ്യുന്ന പാപത്തിന് മോചനമുണ്ട് എന്നുതന്നെ ആദ്യഭാഗം വ്യാഖ്യാനിക്കണം.

മനുഷ്യനായി അവതരിച്ച ദൈവപുത്രനെ എല്ലാവർക്കും മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിഞ്ഞില്ല. മനുഷ്യസ്വഭാവം ഒരു മറയായിനിന്നു. അതിനാൽ തെറ്റിദ്ധാരണ സാധ്യമായിരുന്നു. തങ്ങൾ തിരസ്‌കരിക്കുകയും വധിക്കുകയും ചെയ്യുന്നതെന്ന് ദൈവപുത്രനെയാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നില്ല യേശുവിനെ തള്ളിപ്പറയുകയും വധശിക്ഷ വിധിക്കുകയും ചെയ്തത്. അതിനാൽ അവരുടെ പാപത്തിന് മോചനസാധ്യതയുണ്ട്. എന്നാൽ, പരിശുദ്ധാത്മാവിനെതിരെയുള്ള പാപത്തിന്റെ സ്വഭാവം വ്യത്യസ്തമാണ്.

വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിൽ ഒറ്റപ്പെട്ട വാക്യങ്ങളുടെ ഒരു സമാഹാരത്തിന്റെ കൂടെയാണ് പഠനവിഷയമായ ഗുരുമൊഴി പ്രത്യക്ഷപ്പെടുന്നത്. അതിനാൽ വിശദീകരണം എളുപ്പമല്ല.

എന്നാൽ, യേശു പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ചുണ്ടായ ഒരു തർക്കം വിശദീകരിക്കുന്നതിനുമധ്യേയാണ് വിശുദ്ധ മർക്കോസും മത്തായിയും ഈ തിരുവചനം അവതരിപ്പിച്ചിരിക്കുന്നത്. യേശു പിശാചുക്കളെ പുറത്താക്കുന്നത് പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണെന്ന ഫരിസേയരുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് അന്തഛിദ്രമുള്ള രാജ്യത്തിന്റെയും നഗരത്തിന്റെയും ഉപമയിലൂടെ തെളിയിച്ചതിനുശേഷമാണ് (മത്താ.12:2230; മർക്കോ.3:2027) പരിശുദ്ധാത്മാവിനെതിരെ പറയുന്ന ദൂഷണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

അറിവില്ലായ്മയോ തെറ്റിദ്ധാരണയോ മൂലമല്ല,  മനപൂർവം സത്യത്തെ വളച്ചൊടിക്കുകയും വ്യക്തമായി അറിയുന്ന സത്യം നിഷേധിക്കുകയുമാണ് യേശുവിന്റെ എതിരാളികൾ ചെയ്തത്. ദൈവാത്മാവിനാലാണ് താൻ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെന്ന് വ്യക്തമായിരിക്കെ അത് അശുദ്ധാത്മാവിനാലാണെന്നു വാദിക്കുന്നത് അറിയുന്ന സത്യം നിഷേധിക്കലാണ്, ദൈവാത്മാവിനെ അശുദ്ധാത്മാവായി ചിത്രീകരിക്കലാണ്. ഇക്കാര്യം വിശുദ്ധ മർക്കോസ് വിശദീകരണമായി എടുത്തുപറയുന്നുണ്ട്: “അവൻ ഇങ്ങനെ പറഞ്ഞത് തനിക്ക് അശുദ്ധാത്മാവുണ്ട് എന്നു പറഞ്ഞതുകൊണ്ടാണ്” (മർക്കോ.3:30).

പാപബോധവും പശ്ചാത്താപവും മാനസാന്തരവുമില്ലാതെ പാപമോചനം സാധ്യമല്ലല്ലോ. പാപമോചനത്തിന്റെ ഉറവിടമായ ദൈവാത്മാവിനെത്തന്നെ നിഷേധിക്കുകയും അശുദ്ധാത്മാവായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഹൃദയം കഠിനമാക്കുന്നതിന്റെ ലക്ഷണമാണ്. ഇപ്രകാരം ഒരവസ്ഥയിൽ പാപമോചനം അസാധ്യമായിത്തീരുന്നു. മോചിക്കാൻ ദൈവം സന്നദ്ധനല്ലാത്തതിനാലല്ല, മറിച്ച് മോചനം സ്വീകരിക്കാൻ പാപി ഒരുക്കമല്ലാത്തതിനാലാണ് പാപം ക്ഷമിക്കപ്പെടാത്തതായിത്തീരുന്നത്. ഈ അവസ്ഥയിൽ തുടരുന്നിടത്തോളംകാലം മോചനം അസാധ്യവുമാണ്.

പാപമോചനം അസാധ്യമാകുന്ന സാഹചര്യത്തെക്കുറിച്ച് ബൈബിളിൽ വേറെയും പരാമർശങ്ങളുണ്ട്. “ഒരിക്കൽ പ്രകാശം ലഭിക്കുകയും സ്വർഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവിൽ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും തിരിച്ചറിയുകയും ചെയ്തവർ വീണുപോവുകയാണെങ്കിൽ അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവർ ദൈവപുത്രനെ സ്വമനസാ അധിക്ഷേപിക്കുകയും വീണ്ടും കുരിശിൽ തറയ്ക്കുകയും ചെയ്തു”  (ഹെബ്രാ.6:46).

ഒരിക്കൽ വിശ്വാസത്തിലേക്ക് കടന്നുവന്നതിനുശേഷം യേശുവിനെ തള്ളിപ്പറഞ്ഞ്, സഭാസമൂഹത്തിൽനിന്ന് പുറത്തുപോകുന്നവർക്ക് പിന്നീട് മാനസാന്തരം പ്രയാസമായിരിക്കുമെന്ന് ഈ തിരുവചനങ്ങൾ സൂചിപ്പിക്കുന്നു. മാനസാന്തരം സംഭവിക്കാത്തതിനാലാണ് മോചനം അസാധ്യമാകുന്നത്.

ഒരിക്കൽ സ്വീകരിച്ച വിശ്വാസം മനപൂർവം ഉപേക്ഷിക്കുന്നവർക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷാവിധിയെക്കുറിച്ച് ഹെബ്രാ.10:26-31ൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്: “പാപങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടാൻ പിന്നൊരു ബലി അവശേഷിക്കുന്നില്ല. മറിച്ച്, ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്‌നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കൂ”  (ഹെബ്രാ.10:27). ഒരിക്കൽ അറിഞ്ഞ്, ബോധ്യപ്പെട്ട സത്യത്തെ നിഷേധിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്. അപ്രകാരമുള്ള പാപം നിത്യശിക്ഷ വിളിച്ചുവരുത്തുന്നു. “മരണാർഹമായ പാപം” എന്നാണ് വിശുദ്ധ യോഹന്നാൻ അതിനെ വിശേഷിപ്പിക്കുന്നത് (1 യോഹ.5:16-17). ഹൃദയം കഠിനമാക്കി, സത്യം നിഷേധിച്ച്, സഭാസമൂഹത്തെ ഉപേക്ഷിച്ച്, തങ്ങളുടെ ഹൃദയകാഠിന്യത്തിൽ തുടരുന്നവർക്ക് പാപമോചനം ലഭിക്കുകയില്ല. “അവൻ നിത്യപാപത്തിന് ഉത്തരവാദിയാകും” (മർക്കോ.3:29).

എന്നാൽ, സ്വന്തം തെറ്റു മനസ്സിലാക്കി, പാപം ഏറ്റുപറഞ്ഞ് ദൈവത്തിലേക്ക് മടങ്ങാൻ ഒരാൾ തയാറാകുമ്പോൾ ക്ഷമിക്കപ്പെടാത്തതായി ഒരു പാപവുമില്ല. ഇതിന് എളിമയും ഹൃദയപരിവർത്തനവും ആവശ്യമാണ്. അതിനാൽ ചോദ്യവിഷയമായ തിരുമൊഴി ആരെയും നിരാശയിലേക്ക് നയിക്കേണ്ടതില്ല; മറിച്ച് യഥാർത്ഥമായ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കുമാണ് നയിക്കേണ്ടത്.

 പരിശുദ്ധാത്മാവിനെതിരെയുള്ള പാപം എന്നത് ആത്യന്തികമായി ദൈവത്തെയും അവിടുത്തെ രക്ഷാകരസ്‌നേഹത്തെയും മനപൂർവം തിരസ്‌കരിക്കുന്നതും എതിർക്കുന്നതുമാണ്. അറിവില്ലായ്മയാലോ ബലഹീനതയാലോ ചെയ്തുപോകുന്ന ഒരു പാപമല്ല അത്. പ്രത്യുത, പൂർണമായ അറിവോടും സ്വതന്ത്രമനസോടുംകൂടെ ദൈവത്തെ തള്ളിപ്പറയുകയും ദൈവികമായ സകലതിനെയും എതിർക്കുകയും ചെയ്യുന്നത് പരിശുദ്ധാത്മാവിനെതിരെയുള്ള പാപമാകുന്നു. ആ അവസ്ഥയിൽ തുടരുന്നിടത്തോളം കാലം മോചനം അസാധ്യമായിത്തീരുന്നു.

 

ജസ്റ്റിസ് കുര്യൻ ജോസഫ്, പരമോന്നത നീതിപീഠത്തിന്റെ മാനുഷികമുഖം



Sunday Shalom USA, 16 May 2013
Written by  സ്‌പെഷൽ കറസ്‌പോണ്ടന്റ് 

വൈദികനാകാൻ തീവ്രമായാഗ്രഹിച്ച് സെമിനാരിയിൽച്ചേർന്ന ആ അൾത്താരബാലനെ ദൈവം വിളിച്ച് തന്റെ ന്യായാധിപപരമ്പരയിലെ ശോഭയും ശക്തിയുമുള്ളൊരു കണ്ണിയാക്കി. യഥാർത്ഥ വിളിക്കുമുൻപിൽ സ്വയം പൂർണമായി സമർപ്പിച്ച ആ യുവാവ് നീതി നിഷേധിക്കപ്പെട്ടവർക്കുവേണ്ടി സുധീരം വാദിക്കുന്ന വക്കീലായും മനുഷ്യത്വവും നീതിയും സമം ചേർത്ത വിധികൾ സമയബന്ധിതമായി പുറപ്പെടുവിക്കുന്ന ജ്ഞാനിയായ ന്യായാധിപനായും പടിപടിയായി ഉയർന്നുവന്നു. അങ്ങനെ ഭാരതത്തിന്റെ പരമോന്നതനീതിപീ~മായ സുപ്രീം കോടതിയിൽ ജഡ്ജിയാകുക എന്ന അസുലഭമായ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തി.

ഇത് ജസ്റ്റിസ് കുര്യൻ ജോസഫ്, കാലടിക്ക ടുത്ത് പെരിയാർത്തീരത്തെ താന്നിപ്പുഴ സെന്റ് ജോസഫ്‌സ് ഇടവക ജോസഫ് മാണിക്കത്താന്റെയും മരങ്ങാട്ട് പ്ലാത്തോട്ടം അന്നക്കുട്ടിയുടെയും ഒൻപതു മക്കളിൽ അഞ്ചാമൻ, ഇല്ലായ്മകളുടെ നടുവിൽ, 'മ ലയാളത്തിൽ ഇംഗ്ലീഷ് പ~ിച്ചു' വളർന്ന് സുപ്രീം കോടതി ജഡ്ജിവരെയായ വ്യക്തി; ഉന്നതരുടെ പ്രീതിക്കുവേണ്ടി സ്വന്തം വിശ്വാസത്തെ ഒരിക്കലും തള്ളിപ്പറയാത്തയാൾ; കുടുംബയൂണിറ്റുമുതൽ അൽമായർക്കായുള്ള പോപ്പിന്റെ പൊന്തിഫിക്കൽ കൗൺസിലിൽവരെ ഒരേപോലെ സജീവമായി പ്രവർത്തിച്ച വിശ്വാസി; സർവോപരി, ഈശോയുടെ ലാളിത്യവും എളിമയും സ്വന്തം ജീവിതത്തിൽ യാതൊരു കലർപ്പുമില്ലാതെ ഇന്നും ആവിഷ്‌ക്കരിക്കുന്ന മഹത്വത്തിനുടമ... സമ്പൂർണദൈവസമർപ്പണമുണ്ടെങ്കിൽ പ്രതികൂലസാഹചര്യങ്ങളിലും എങ്ങനെ ഉയരങ്ങൾ താണ്ടാം, വളർന്നുവരാം എന്നതിന് ഉത്തമമാതൃകയായ ഇദ്ദേഹം 'സൺഡേ ശാലോ'മിലൂടെ മലയാളി ക്രൈസ്തവസമൂഹത്തോട് സംവദിക്കുകയാണിവിടെ.



? ഇത്രയും വലിയൊരു രാജ്യത്തിന്റെ പരമോ ന്നത നീതിപീ~ത്തിൽ എത്തിയിരിക്കുന്നു. ഒരു ആത്മീയവ്യക്തിത്വം എന്ന നിലയിൽ ഇതിനെ എങ്ങനെ സമീപിക്കുന്നു

മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. ദൈവത്തോട് സഹകരിച്ചാൽ മാത്രംമതി. മനുഷ്യാധ്വാനംകൊണ്ട് ഒന്നും സാധ്യമല്ല; ദൈവികകരുണ ലഭിക്കണം. 'അവിടുന്ന് എന്നെ എടുത്തുപയോഗിക്കണേ' എന്ന് തീവ്രമായി ആഗ്രഹിച്ചു പ്രാർത്ഥിക്കുക. അതിൽ നാമായിട്ട് യാതൊരു അയോഗ്യതയും വരുത്താതിരിക്കാൻ ശ്രദ്ധിക്കുക. പലരും സ്വയം അയോഗ്യത വിളിച്ചുവരുത്തുന്നതിനാലാണ് പിന്തള്ളപ്പെടുന്നത്. ഇത് ദൈവികപദ്ധതിയോടുള്ള എന്റെ എളിയ സഹകരണത്തിന്റെ പരിസമാപ്തിയായിമാത്രം കാണുന്നു.



? ഈ ആത്മീയവളർച്ചയുടെ കുടുംബപശ്ചാത്തലം

മാതാപിതാക്കളുടെ ആത്മീയജീവിതമാ ണെന്റെ പ്രചോദനം. ഒൻപതു മക്കളെ പോ റ്റേണ്ടിയിരുന്ന അവർ കഷ്ടപ്പാടുകളിൽ ദൈവത്തെ പഴിക്കാതെ ജീവിച്ചു. എന്റെ മൂത്ത രണ്ടു സഹോദിമാർ കർമലീത്താസന്യാസിനികളായി. ചെറുപ്പംമുതലേ അവരുടെ മാതൃകയും ലഭിച്ചു. ഏഴുവയസ്സുമുതൽ അൾത്താരബാലനായി. അല്ലാത്തപ്പോൾ ഏറ്റവും മുന്നിൽനിന്ന് ദിവ്യബലിയിൽ പങ്കെടുക്കും. ദൈവത്തോട് അടുത്തുനിൽക്കുക എന്നത് അന്നും ഇന്നും എന്നെ ആവേശംകൊള്ളിക്കുന്നു. ക്ലാസിലും അങ്ങനെതന്നെ. ദൈവത്തിന്റെ കൃപയും ഗുരുവിന്റെ അനുഗ്രഹവും നമ്മുടെ യഥാർത്ഥജീവിതവിജയത്തിന് അനിവാര്യമാണ്.

(അഡീഷണൽ അഡ്വക്കേറ്റ് ജനറലായും പിന്നെ കേരള ഹൈക്കോടതി ജഡ്ജായും എറണാകുളത്ത് സേവനം ചെയ്യുമ്പോൾ സായാഹ്നദിവ്യബലി നടക്കുന്ന ദൈവാലയങ്ങളിൽ ഏറ്റം മുൻനിരയിൽനിന്ന് പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും പിന്നീട് ദീർഘനേരം മുട്ടിന്മേൽനിന്ന് കൃതജ്ഞതയർപ്പിക്കുകയും ചെയ്യുമായിരുന്ന ഇദ്ദേഹം വിശ്വാസികൾക്ക് ഒരു വിസ്മയക്കാഴ്ചയും മാതൃകയുമായിരുന്നു.)



? കുറച്ചുകാലം സെമിനാരിയിലായിരുന്നല്ലോ. ആ വഴിയിൽനിന്നും മാറിയത്

വൈദികസ്ഥാനത്തിന്റെ മഹത്വത്തോടുള്ള മതിപ്പാണ് എന്നെ സെമിനാരിയിലേക്കാകർഷിച്ചത്. അങ്ങനെ പത്താംക്ലാസുകഴിഞ്ഞ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മൈനർ സെമിനാരിയിൽ ചേർന്നു. ഈ ഭൂമിയിൽ ജീവിച്ചിരിക്കേ പുരോഹിതനാകുക എന്നതിനേക്കാൾ വലിയ ഭാഗ്യമില്ലല്ലോ. അത്ര വിലപ്പെട്ടതാണത്. എന്നാൽ ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതി അതായിരുന്നില്ലെന്നു മനസ്സിലായി. അങ്ങനെ മൂന്നു വർഷത്തിനുശേഷം സെമിനാരിവിട്ട് കോളജിൽ ചേർന്ന് പ~നം തുടർന്നു. പക്ഷേ, ചെറുപുഷ്പം മിഷൻലീഗ് പോലുള്ള പ്രസ്ഥാനങ്ങളിൽ സജീവമായിക്കൊണ്ട് യഥാർത്ഥദൈവവിളികളെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും ഞാൻ ശ്രദ്ധിച്ചുതുടങ്ങി. മിഷൻ ലീഗിന്റെ ജീവനായിരുന്ന കുഞ്ഞേട്ടൻ എന്ന പി.സി. ഏബ്രഹാം പാലാട്ടുകുന്നേൽ എന്നെ ഏറെ സ്വാധീനിച്ചു. അങ്ങനെ ഞാൻ ആ പ്രസ്ഥാനത്തിന്റെ രൂപതാപ്രസിഡന്റ്, ദേശീയ ഓർഗനൈസർ, ആദ്യ ദേശീയ പ്ര സിഡന്റ് (1986-94) തുടങ്ങിയ സ്ഥാനങ്ങളിലെത്തി. എനിക്ക് വൈദികനാകാനായില്ലെങ്കിലും ഇപ്രകാരം അനവധി വൈദികരെയും സന്യസ്തരെയും വാർത്തെടുക്കുന്നതിൽ പരോക്ഷമായി സഹായിക്കാൻ സാധിച്ചു.



? 'ക്രിസ്റ്റീൻ' ശുശ്രൂഷകളിൽ വളരെയേറെ താൽപ്പര്യമെടുക്കാറുണ്ട്

തീർച്ചയായും. എന്റെ മൂന്നു മക്കളും- റീനു, രഞ്ജിത്ത്, റീജൂ  ക്രിസ്റ്റീൻ പരിപാടികളിൽ സജീവമായി പങ്കെടുക്കുമായിരുന്നു. അവർക്ക് അതിലൂടെ കിട്ടിയിട്ടുള്ള ആത്മീയോൽക്കർഷവും വ്യക്തിത്വവികസനവുമാണ് എന്നെ ആകർഷിച്ചത്. ന്യായാധിപനാകുന്നതുവരെ ഞാൻ ക്രിസ്റ്റീനുമായുള്ള ഔദ്യോഗികബന്ധം തുടർന്നുപോന്നു. അതുപോലെതന്നെയാണ് 'ശാലോം' ശുശ്രൂഷകളുമായുള്ള ബന്ധവും. എന്റെ വീട്ടിൽ കേബിൾ ടി.വി. കണക്ഷൻ എടുക്കുന്നതുതന്നെ ശാലോം ടെലിവിഷൻ കാണാൻവേണ്ടിയാണ്. ദൈവം സഭാശുശ്രൂഷയിൽ അല്മായരിലൂടെ നടത്തുന്ന ഒരൽഭുതമാണ് ശാലോം. ഷെവലിയർ ബെന്നി പുന്നത്തറയും സഹശുശ്രൂഷകരും ദൈവരാജ്യനിർമിതിക്കായും സുവിശേഷപ്രചാരണത്തിനായും നടത്തുന്ന ക~ിനപ്രയത്‌നവും അവരുടെ പ്രാർത്ഥനാജീവിതവും എന്നെ ഏറെ ആകർഷിക്കുന്നു.



 ? ഇന്ത്യൻ ജുഡീഷ്യറി ഏറെ വിമർശനങ്ങൾ നേരിടുന്നു; ജൂഡീഷ്യൽ ആക്ടിവിസം ഏറെ ചർച്ചചെയ്യപ്പെടുന്നു. രാജ്യത്തെ നീതിന്യായവ്യവസ്ഥയുടെ ഈ പരിണാമദശയിൽ എന്തു പങ്കാണ് വഹിക്കാനാകുക

ദൈവനാമത്തിലാണ് ഞാൻ കേരള ഹൈക്കോടതി ജഡ്ജിയായും ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഇപ്പോൾ, മാർച്ച് എട്ടിന് ഇന്ത്യൻ സുപ്രീം കോടതി ജഡ്ജായും സത്യപ്രതിജ്ഞ ചെയ്തത്. എന്നിലേൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിർഭയമായും സത്യസന്ധമായും ഭരണഘടനാനുസൃതമായി നിറവേറ്റും എന്നാണ് ഞാൻ ദൈവത്തിനു കൊടുത്തിട്ടുള്ള വാഗ്ദാനം. നിയമം വ്യാഖ്യാനിക്കുക എന്നതാണ് ഭരണഘടനാപരമായി ന്യായാധിപന്റെ ഉത്തരവാദിത്വം. ഇതു ചെയ്യുമ്പോൾ, ഏതു മനുഷ്യനന്മയെപ്രതിയാണോ ആ നിയമം ഉണ്ടാക്കിയിട്ടുള്ളത് അത് നടപ്പാക്കാൻ ആ നിയമം ഉപകരിക്കുന്നുണ്ടോ എന്ന് കോടതിക്ക് നോക്കാം. നിയമത്തിന്റെ ഉദ്ദേശ്യശുദ്ധി വ്യാഖ്യാനിക്കുമ്പോൾ ആത്യന്തികമായി മനുഷ്യനന്മ എന്ന തലത്തിൽ നാം എത്തിച്ചേരും. സമൂഹത്തിൽ ക്രമം വളർത്തുക എന്നതാണ് നിയമത്തിന്റെ ഉദ്ദേശ്യം. മനുഷ്യനന്മ കൈവരുമ്പോൾ സമൂഹത്തിൽ സമാധാനവും ശാന്തിയും കൈവരും. ഓരോ ന്യായാധിപനും ഈ കാഴ്ചപ്പാടോടെ തന്റെ ഉത്തരവാദിത്വത്തെ സമീപിച്ചാൽ ഇന്ത്യൻ ജുഡീഷ്യറി ഏതു പരിണാമദശയിലും ഉയരുകതന്നെചെയ്യും.



? ഇന്ത്യയിൽ ഒട്ടനവധി നിയമങ്ങളുണ്ട്; ഇന്ത്യൻ ഭരണഘടനയാകട്ടെ അതീവബൃഹത്തുമാണ്. പക്ഷേ, പൗരന്മാരിൽ, ഭരണകർത്താക്കളിൽ നീതിബോധം ശുഷ്‌കമാണെന്ന നിരീക്ഷണമുണ്ടല്ലോ

നിയമത്തെക്കുറിച്ചുള്ള അറിവും നീതിബോധവും രണ്ടും രണ്ടാണ്. കേവലമായ അറിവുകൊണ്ട് നീതിബോധമുണ്ടാകില്ല. ഉൾക്കണ്ണുകൊണ്ട് സഹോദരനെ കാണാൻ കഴിയുന്നവനേ നീതിബോധമുണ്ടാകൂ. ദൈവം പ്രവർത്തിക്കുന്നത് മനുഷ്യന്റെ ഈ ഉൾക്കണ്ണിലൂടെയാണ്. 'കണ്ണുള്ളവൻ കാണട്ടെ, കാതുള്ളവൻ കേൾക്കട്ടെ,' എന്ന് നമ്മുടെ യേശുനാഥൻ പറഞ്ഞതിന്റെ പൊരുളിതാണ്. യഥാർത്ഥ മതാത്മകജീവിതവും ആത്മീയതയുമുണ്ടെങ്കിലേ ഉൾക്കണ്ണ് തുറക്കുകയുള്ളൂ. ഇതിനുള്ള പരിശ്രമങ്ങൾ വേണം.



? ആധുനികഭരണവ്യവസ്ഥയുടെയും നീതിനിർവഹണസംവിധാനത്തിന്റെയും നയതന്ത്രബന്ധത്തിന്റെയുമൊക്കെ ഉറവിടം കത്തോലിക്കാ സഭയുടെ കെട്ടുറപ്പാർന്ന സംവിധാനമാണല്ലോ. എന്നാൽ, ആധുനികലോകത്ത് ഇക്കാര്യങ്ങളിൽ സഭ പിന്നാക്കം പോയിട്ടുള്ളതായി വിമർശനമുണ്ടല്ലോ

ഭൗതികലോകത്തെ ക്രമവൽക്കരിക്കുക, വിശുദ്ധീകരിക്കുക എന്നത് സഭയുടെ ദൗത്യമാണ്. പ്രബോധനത്തിലൂടെ ഇത് നിർവഹിക്കുക എന്നതായിരുന്നു സഭയുടെ പര മ്പരാഗതനയം. എന്നാൽ ഇതു പോരാ, ഇ ടപെടലുകൾ വേണ്ടിവരും. പാവങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള പക്ഷംചേരലിലൂടെയാണിത് സാധിക്കുക. ലോകത്തിലെ തിരുത്തൽശക്തിയാണ് സഭ. വിശ്വാസത്തിൽ സ്ഥിരതയും ആത്മീയനിറവും ആത്മാഭിഷേകവുമുള്ള മക്കളെ പ്രോത്സാഹിപ്പിച്ച് ഈ രംഗങ്ങളിലേക്ക് വിടണം; അവർക്ക് തുടർന്നും സഭ പിൻബലം കൊടുക്കണം. അതാണ് ഈ വിമർ ശനത്തിനുള്ള മറുപടി. പക്ഷേ, ഭാരതസഭ വേണ്ടത്ര ന്യായാധിപരെ വാർത്തെടുത്തിട്ടില്ല. അതേസമയം മറ്റു പ്രൊഫഷണലുകൾക്കായി ഏറെ ശ്രദ്ധിക്കുന്നുണ്ടുതാനും. ഒരു ലീഗൽ അക്കാദമിക്കോ മറ്റോ സാധ്യതയില്ലേ. സഭ നേരിട്ട് ഇതിൽ ഇടപെടേണ്ട എന്നാണെന്റെ കാഴ്ചപ്പാട്. അത് നീതിപീ~ത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. മറ്റു രംഗങ്ങളിൽ അങ്ങനെയൊരു വിശ്വാസ്യതയുടെ വെല്ലുവിളി ഇല്ല.

? പക്ഷേ, മാതാപിതാക്കൾക്ക് ഇതാവാമല്ലോ. മക്കളെ ഡോക്ടറും എൻജിനീയറും ഐ.എ.എസ്സുകാരുമൊക്കെയാക്കാൻ തത്ര പ്പെടുന്നതുപോലെ നല്ല ന്യായാധിപരാക്കാൻ അവരെന്തുകൊണ്ട് ശ്രമിക്കുന്നില്ല

ജുഡീഷ്യറിയിലേക്കു പോയാൽ ചിട്ടയും കാർക്കശ്യവുമുള്ള ജീവിതമാണെന്ന് എല്ലാവർക്കുമറിയാം. ഇന്നത്തെ ഉപഭോഗസംസ്‌കാരത്തിൽ വളർന്നുവരുന്ന മക്കൾക്ക് അത്തരമൊരു ചിട്ടയായ ജീവിതം സാധ്യമാണോയെന്ന് മാതാപിതാക്കൾ സംശയിക്കുന്നു. സമൂഹത്തിൽനിന്ന് ഒരർത്ഥത്തിൽ മാറ്റിനിറുത്തപ്പെട്ട, ഗ്ലാമറില്ലാത്ത ആ ജീവിതം, അതിലെ കടുത്ത വെല്ലുവിളികൾ, ഇതൊക്കെയാവാം കാരണം.

? നീതി നടപ്പാക്കിക്കിട്ടാൻ സുപ്രീം കോടതിയെ സമീപിക്കുക എന്നത് പാവപ്പെട്ടവർക്ക് ചിന്തിക്കാനേ പ്രയാസം. വളരെ ചെലവേറിയ ഈ നീതിനിർവഹണ സംവിധാനത്തിൽ കേരള ഹൈക്കോടതിവരെ അവരെ സഹായിക്കാൻ രൂപീകരിക്കപ്പെട്ട കേരള ലീഗൽ സർവീസ് കമ്മിറ്റിയുടെ അധ്യക്ഷനെന്നനിലയിൽ നിരവധി അദാലത്തുകളും മറ്റും സംഘടിപ്പിച്ചിട്ടുള്ള അങ്ങ് സുപ്രീം കോടതിയെക്കുറിച്ച് എന്തു പറയുന്നു

നീതി പൗരന്റെ അവകാശമാണ്, സൗജന്യമല്ല. ഇത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽത്തന്നെ പറയുന്നുണ്ട്. നീതിക്കായി കേഴുന്നവന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ നീതിപീ~ത്തിനും ബന്ധപ്പെട്ട ഏവർക്കും ബാധ്യതയുണ്ട്. ദൗർഭാഗ്യവശാൽ സുപ്രീം കോടതിയിലും മറ്റും വ്യവഹാരമെന്നത് ഭാരിച്ച പണച്ചെലവുമുള്ള കാര്യമാണ്. മുഖ്യകാരണം അഭിഭാഷകരുടെ ഫീതന്നെ. അവരുടെ പക്ഷത്തുനിന്ന് ആത്മപരിശോധന ഉണ്ടാകണം. കൂടാതെ, സുപ്രീം കോടതിയിൽ 'നാഷണൽ ലീഗൽ സർവീസ് കമ്മിറ്റിയുണ്ട്.' അതുമായി ബന്ധപ്പെടാം.



? കേരള ഹൈക്കോടതി ജഡ്ജായിരിക്കേ ഏറ്റവും കൂടുതൽ കേസുകളിൽ തീർപ്പുകൽപ്പിച്ചതിനുള്ള ബഹുമതി അങ്ങേക്കായിരുന്നു. നീതിബോധത്താൽ ശ്രദ്ധേയവുമായിരുന്നു ആ വിധിതീർപ്പുകൾ. ഇതിന്റെ ബൈബിൾ അ ധിഷ്~ിതപ്രചോദനം എന്താണ്

ഭരണഘടന അനുവദിക്കുന്നിടത്തോളം, അതിൽ അധിഷ്~ിതമായ നിയമങ്ങൾക്ക് കോട്ടം തട്ടാതെ കാരുണ്യപൂർവം നിയമത്തെ വ്യാഖ്യാനിക്കാനും കേസുകൾക്ക് തീർപ്പാക്കാനും ശ്രമിക്കണം. നീതിയിൽ കരുണ കലർത്തണം. നമ്മുടെ കോടതികൾക്ക് മുന്നിൽ വരുന്ന കേസുകളിൽ നല്ലൊരു പങ്കും വ്യക്തിബന്ധങ്ങളിലെ സംഘർഷങ്ങളിൽനിന്ന് ഉടലെടുത്തതാണ്. ഇത്തരം കേസുകളിൽ നിയമത്തിന്റെ തലനാരിഴ കീറിയ വ്യാഖ്യാനത്തിന് യാതൊരു പ്രസക്തിയുമില്ല. മനുഷ്യബന്ധങ്ങൾ ദൈവം സ്ഥാപിച്ചതാകയാൽ ദൈവം ആഗ്രഹിക്കുന്നവിധത്തിൽ, നിയമം അനുവദിക്കുന്ന തരത്തിൽ കേസുകൾ തീർപ്പാക്കുക എന്നതാണ് കരണീയം. 'സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ' എന്ന ദൈവവചനത്തിൽ ഇതെല്ലാം അടങ്ങിയിരിക്കുന്നു.



? അങ്ങയുടെ ജുഡീഷ്യൽ സർവീസിൽ സഭയുമായി, വിശ്വാസവുമായി ബന്ധപ്പെട്ട് എന്തെല്ലാം സംഘർഷങ്ങളാണ് ഉണ്ടായിട്ടുള്ളത്

സംഘർഷം ഇല്ലേയില്ല. അതേസമയം മനുഷ്യബന്ധങ്ങളെ ഇണക്കിച്ചേർത്ത ഒട്ടനവധി അനുഭവങ്ങൾ, ഉറ്റവരെ തിരിച്ചുകിട്ടിയതിലുള്ള നിരവധിപ്പേരുടെ സന്തോഷം, അങ്ങനെ ഹൃദയസ്പർശിയായ അനുഭവങ്ങൾ നിരവധിയാണ്. നീതിയെ കൈവിടാതെ നിൽക്കുന്നിടത്തോളം സംഘർഷത്തിന് സാധ്യതയേയില്ല.



? ഇന്ന് ലൈംഗികാപവാദക്കേസുകൾ വല്ലാതെ പെരുകുന്നു; സുപ്രീം കോടതിപോലും ചില പ്രാദേശികകേസുകളിൽ ഇടപെടുന്നു. എന്താണീ ദുരവസ്ഥയ്ക്കുകാരണം; എന്താണിതിനു പരിഹാരം

ഇത് ഉപഭോഗസംസ്‌കാരത്തിന്റെ ഉപോൽപ്പന്നമാണ്-  ആസ്വദിക്കുക, വലിച്ചെറിയുക! ഇന്നത്തെ പരസ്യങ്ങളുടെ അധാർമികമായ ശൈലി, ചലച്ചിത്രലോകത്തെ പേക്കൂത്തുകൾ, ഇവ മൊബൈൽ ഫോണിലൂടെപോലും സകലർക്കും ലഭ്യമാകുന്ന അവസ്ഥ, കുട്ടികളിൽപ്പോലും മയക്കുമരുന്നു പ്രചരിക്കുന്ന ദുഃസ്ഥിതി ഇതൊക്കെ കാരണങ്ങളാണ്. 'നീലമാധ്യമ'ങ്ങളെ നിയന്ത്രിക്കലാണ് പരമപ്രധാനം. ഇത് സമൂഹത്തിന്റെ അടിത്തറ ഇളക്കിയിരിക്കുന്നു. ഒരു സെൻസർ ബോർഡംഗം സഹഅംഗത്തിന്റെ വജ്രാഭരണം മോഷ്ടിച്ചു എന്ന കേസ് വന്നിരിക്കുന്നു! എന്തൊരു വഷളായ അവസ്ഥ!

ഇവയെ തടയാൻ നിലവിലുള്ള നിയമം അപര്യാപ്തമെങ്കിൽ പുതിയവ ഉണ്ടാക്കാൻ സർക്കാർ തയാറാകണം, നടപ്പാക്കാൻ പൊലിസ് ജാഗ്രത കാട്ടണം, നല്ല മനസ്സുള്ളവർ സംഘടിച്ച് ശബ്ദമുയർത്തണം. വേണ്ടിവന്നാൽ കോടതിയെ സമീപിച്ച് പരിഹാരം തേടാം. എന്നാൽ ഒരു പരിധിവരെ മാത്രമേ ഇത് സാധ്യമാകൂ. ആത്മീയപ്രസ്ഥാനങ്ങൾക്ക് പക്ഷേ, വലിയ പങ്കുവഹിക്കാനാവും. ജഡത്തിന്റെ താൽക്കാലികവിലയേക്കാൾ ആ ത്മാവിന്റെ ശാശ്വതമഹത്വം പരിചയപ്പെടുത്തുന്ന, അനുഭവവേദ്യമാക്കിത്തീർക്കുന്ന ആത്മീയനവീകരണപ്രസ്ഥാനങ്ങൾ ഇ
തിൽ ഏറെ ശ്രദ്ധിക്കണം. ഇതിനായി, കേവലം മതാത്മക അനുഷ്~ാനജീവിതത്തിനപ്പുറത്തേക്ക്, ആത്മീയതയുടെ അടിസ്ഥാനങ്ങളിലേക്ക് നമ്മുടെ സഭാശുശ്രൂഷകൾ വളരേണ്ടിയിരിക്കുന്നു.



? അങ്ങയുടെ കുടുംബത്തെക്കുറിച്ച്

ഭാര്യ റൂബിയാണ് എന്റെ കുടുംബജീവിതത്തിന്റെ പ്രധാനപിൻബലം. ഒരു ന്യായാധിപന്റെ സഹധർമിണിയുടെ വളരെ പരിമിതമായ സാമൂഹ്യജീവിതത്തോട് ഇണങ്ങി വീട്ടമ്മയായി റൂബി കഴിയുന്നു. മകൾ റീനു നിയമത്തിൽ ബിരുദാനന്തരബിരുദധാരിണിയാണ്.  ഭർത്താവ്, ഇരിങ്ങാലക്കുട എസ്.എച്ച് ഹോസ്പിറ്റലിൽ ശിശുരോഗവിദഗ്ധനായ ഡോ. വിമൽ വിൻസെന്റ്. ഇവർക്ക് മൂന്നു മക്കൾ.

(റീനുവിന്റെ വിവാഹനിശ്ചയത്തിനാണ് 2006 ൽ കേരളത്തിന്റെ വിവിധഭാഗങ്ങളി ൽനിന്നുള്ള ആയിരത്തോളം അഗതിക ളെ ക്ഷണിച്ചുവരുത്തി എറണാകുളം ഹൈ ക്കോടതിക്കടുത്തുള്ള ഇൻഫന്റ് ജീസസ് ചർച്ച് പാരിഷ് ഹാളിൽ സ്വയം ഭക്ഷണം വിളമ്പി ഇദ്ദേഹം സൽക്കരിച്ചത്. ഇദ്ദേഹവും ഭാര്യയും മക്കളും പ്രതിശ്രുതവരനും അവരുടെ കുടുംബാംഗങ്ങളും ഈ അഗതികളോടൊപ്പമിരുന്ന് സദ്യയുണ്ടു. എറണാകുളം നഗരത്തിലെ തെരുവുകളിൽ ക്ഷണക്കത്തു കിട്ടാതെ അലഞ്ഞുതിരിയുന്നവർക്കായി അൻപതോളം സീറ്റുകൾ ആ സദസ്സിൽ 'റിസർവു'ചെയ്തിരുന്നു!  എഡിറ്റർ)

രണ്ടാമത്തത് മകനാണ് - സൗദി അറേബ്യയിൽ എൻജീനിയറായ രഞ്ജിത് കുര്യൻ. ജൂണിൽ വിവാഹിതനാകും. ഇരിങ്ങാലക്കുട തട്ടിൽ കുടുംബാംഗം രേശ്മയാണ് വധു. മൂന്നാമത്തെ മകൾ റീജു- എം.ബി.എ. പാസ്സായി. ദില്ലിയിൽ ജോലിക്ക് ശ്രമിക്കുന്നു.



**********

അഭിമുഖത്തിന്റെ അവസാനം, തുടങ്ങിയപ്പോഴെന്നതുപോലെ, കഴുത്തിലണിഞ്ഞിരിക്കുന്ന ജപമാലയിലെ കുരിശിൽ പിടിച്ച് ഏതാനും നിമിഷം പ്രാർത്ഥന, കൃതജ്ഞത. കോടതിയിൽ ഓരോ സിറ്റിംഗിനു മുൻപും പരിശുദ്ധാത്മാവിന്റെ ജ്ഞാനവരത്തിനാ യി പ്രാർത്ഥിക്കുന്ന ഈ ന്യായാധിപനുവേണ്ടി നമുക്കും പ്രാർത്ഥിക്കാം-  കേരളകത്തോലിക്കാ സഭയുടെ ജയക്കൊടിയായി ഇന്ത്യൻ പരമോന്നതനീതിപീ~ത്തിൽ, ശേഷിക്കുന്ന ആറു വർഷത്തെ സേവനകാലത്ത് വലിയ വിശ്വാസസാക്ഷ്യം നൽകാൻ; നീതിക്കായി കേഴുന്ന ഭാരതജനതയ്ക്ക് സമാശ്വാസമാകാൻ.

വിപുലമായ പരിപാടികളുമായി ജൂലൈ 22-28 പാപ്പ റിയോ ഡി ജനീറോയിൽ



Sunday Shalom USA, 19 June 2013
ലോകമെമ്പാടുനിന്നുമുള്ള പരശതം കത്തോലിക്കാ യുവജനങ്ങൾ സമ്മേളിക്കുന്ന 14-ാമത് ലോക യുവജനസംഗമത്തിൽ പങ്കുചേരാൻ ഫ്രാൻസിസ് പാപ്പ ജൂലൈ 22ന് ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക്. പാപ്പയായശേഷമുള്ള ആദ്യ വിദേശസന്ദർശനം അവിസ്മരണീയമാക്കാൻ നിരവധി പരിപാടികളാണ് ബ്രസീൽ സർക്കാരും സഭയും ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷം പാപ്പ മറ്റുചില രാജ്യങ്ങൾക്കൂടി സന്ദർശിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഈ വർഷം ബ്രസീലിൽ സന്ദർശനം മാത്രമേ ഉണ്ടാകൂവെന്ന വത്തിക്കാൻ വക്താവിന്റെ അറിയിപ്പോടെ പ്രഥമസന്ദർശനം വൻ പ്രാധാന്യമുള്ളതായിക്കഴിഞ്ഞു.

യുവജനസംഗമത്തിനു പുറമെ, ലഹരി വിമുക്ത കേന്ദ്രത്തിന്റെ ഉദ്ഘാടനം, ചേരി സന്ദർശനം, ജൂവനൈൽ ഹോം സന്ദർശനം എന്നിവയാണ് പാപ്പ പങ്കെടുന്ന മറ്റു ചില പരിപാടികൾ. കൂടാതെ, ഔവർ ലേഡി ഓഫ് അപ്പാർസിഡ തീർത്ഥാടനകേന്ദ്രത്തിലെത്തുന്ന പാപ്പ, ബ്രസീലിയൻ ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ കർദിനാൾ റെയ്മൺഡോ ഡമാസെലോയ്‌ക്കൊപ്പം ദിവ്യബലിയർപ്പിക്കും.

ജൂലൈ 22ന് വൈകിട്ട് നാലിന് അന്റോണിയോ കാർലോസ് ഡോബിം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പാപ്പയ്ക്ക് പ്രൊട്ടോക്കാൾ പ്രകാരം ത്രിതലസ്വീകരണമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. ബ്രസീലിയൻ പ്രസിഡന്റ് ഡിൽമ റൗസെഫ്, റിയോ ഡി ജനീറോ ഗവർണർ സെർജിയോ കാബ്രൽ, റിയോ ഡി ജനീറോ മേയർ എഡ്വാർഡോ പാസ് എന്നിവർ സ്വീകരിക്കും.

ലോകത്തിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ഔർ ലേഡി ഓഫ് അപ്പാർസിഡയിൽ പാപ്പ എത്തുന്നത് 24നാണ്. അവിടെ ദിവ്യബലിയർപ്പിച്ചശേഷം ബ്രസീലിലെ മെത്രാന്മാരോടും ബോം ജീസസ് സെമിനാരിയിലെ വൈദികാർത്ഥികൾക്കുമൊപ്പം ഭക്ഷണം കഴിക്കും. വൈകിട്ട് സെന്റ് ഫ്രാൻസീസ് ഓഫ് അസീസി ആശുപത്രി സന്ദർശിക്കും. ലഹരിക്കടിപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സഭാധികൃതർ ആരംഭിക്കുന്ന 'ദ പോളോ ഫാർ ഇന്റഗ്രൽ അറ്റൻഷൻ ടു മെന്റൽ ഹെൽത്ത്' കേന്ദ്രത്തിന്റെ ഉദ്ഘാടനവും പാപ്പ നിർവഹിക്കും.

ജോൺ പോൾ രണ്ടാമൻ പാപ്പ 1980ൽ ബ്രസീലിലിലെത്തിയപ്പോ ൾ സന്ദർശിച്ച റിയോയിലെ ചേരിയും ഫ്രാൻസിസ് പാപ്പ സന്ദർശിക്കുന്നു ണ്ട്. തുടർന്ന് വൈകിട്ട് ആറിന് ലോക യുവജന സമ്മേളനവേദിയിലെത്തുന്ന പാപ്പ യുവജനങ്ങളെ അഭിസംബോധനചെയ്യും.

'ക്വിന്ത ദ ബോവ വിസ്ത' പാർക്കിൽ 26ന് യുവജനങ്ങളുടെ കുമ്പസാരം കേൾക്കും. വൈകിട്ട് ജോവാക്കിം പാലസിൽ ജൂവൈനൻ ഹോമിൽ കഴിയുന്ന അന്തേവാസികളുമായി ആശയവിനിമയം നടത്തും. സന്ധ്യാപ്രാർത്ഥനയും അവർക്കൊപ്പമായിരിക്കും. ലോക യുവജന സമ്മേളനത്തിലെ സുപ്രധാന തിരുക്കർമങ്ങളിലൊന്നായ കുരിശിന്റെ വഴി പ്രാർത്ഥനയിൽ പാപ്പയും പങ്കുചേരും. 26ന് വൈകിട്ട് ആറിന് കോപ്പാകബനാ ബീച്ചിലാണ് കുരിശിന്റെ വഴി.

സെന്റ് സെബാസ്റ്റ്യൻസ് കത്തീഡ്രലിൽ പാപ്പയുടെ മുഖ്യകാർമികത്വത്തിൽ 27ന് അർപ്പിക്കുന്ന ദിവ്യബലിയിൽ ബ്രസീലിലെ നിരവധി ബിഷപ്പുമാരും വൈദികരും സഹകാർമികരായിരിക്കും. വൈകിട്ട് 7.30നാണ് പ്രയർ വിജിലിനായി പാപ്പ കാംപസ് ഫീദെയിൽ എത്തുന്നത്. ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്ന പാപ്പ, യുവജനങ്ങൾക്ക് സന്ദേശവും നൽകും.

സമ്മേളനത്തിന്റെ സമാപനദിനമായ 28ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന യുവജനങ്ങൾക്കായി പാപ്പ ദിവ്യബലി അർപ്പിക്കും. അതേ വേദിയിൽവെച്ച് അടുത്ത സമ്മേളനവേദിയും പാപ്പ പ്രഖ്യാപിക്കും. ലോക യുവജനസമ്മേളനത്തിന് പിന്നിൽ പ്രവർത്തിച്ച ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിൽ അംഗങ്ങളെയും യൂത്ത് വോളണ്ടിയർമാരെയും നേരിൽ കാണുന്ന പാപ്പ വൈകിട്ട് 7.00ന് വത്തിക്കാനിലേക്ക് തിരിക്കും.

വിശുദ്ധ കൊച്ചുത്രേസ്യ, വിശുദ്ധ അന്റോണിയോ ദ സാന്റാന, വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമൻ, വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനാം, വാഴ്ത്തപ്പെട്ട ചിയാറാ ലൂസ് ബഡാന എന്നിവരുടെ തിരുശേഷിപ്പുകൾ ലോക യുവജന സമ്മേളന വേദിയിൽ വണക്കത്തിനു ക്രമീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.


ജോൺപോൾ രണ്ടാമൻ വിശുദ്ധനിരയിലേക്ക്....




Sunday Shalom, 13 July 2013

ലിയ മുക്കുവനും പുണ്യവാനുമായ പത്രോസ് ഇരുന്ന പീഠവും വിശുദ്ധം തന്നെ. ഇന്നാ പീഠം പുണ്യാത്മാക്കളെ വിളയിക്കുന്നു. പ്രതിഭകളെ അംഗീകരിക്കാ ൻ കാലതാമസം എടുത്തേക്കുമെങ്കിലും വിശുദ്ധരെ വണങ്ങാൻ കാലം താമസിപ്പിക്കാറില്ല. പ്രത്യാശയുടെ സന്ദേശം പഞ്ചഭൂഖണ്ഡങ്ങൾ യാത്ര ചെയ്ത് പങ്കുവച്ച പത്രോസിന്റെ പിൻഗാമി വാഴ്ത്തപ്പെട്ട ജോൺപോൾ രണ്ടാമൻ പാപ്പ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തപ്പെടുകയായി. അദ്ദേഹം നിത്യതയിലേക്ക് മടങ്ങിയിട്ട് എട്ടു വർഷമേ ആകുന്നുള്ളൂ. 2005 ഏപ്രിൽ രണ്ടിനായിരുന്നു മരണം. ഒരു വിശ്വാസിയെ വിശുദ്ധ പദവിയിലേക്കുയർത്താൻ രണ്ട് അത്ഭുതങ്ങളാണ് സ്ഥിരീകരിക്കേണ്ടത്. 2011 മെയ് ഒന്നിന് അൾത്താര വണക്കിനുള്ള പ്രഥമ അത്ഭുതം സ്ഥിരീകരിച്ചുകൊണ്ട് വാഴ്ത്തപ്പെട്ട ഗണത്തിലേക്കുയർത്തി, ജോൺ പോൾ മാർപാപ്പയെ. സിസ്റ്റർ മാരി സിമോൻ പിയറി എന്ന ഫ്രഞ്ചു കന്യാസ്ത്രീയുടെ ദീർഘകാലത്തെ പാർക്കിൻസൻസ് രോഗം സൗഖ്യമായ സംഭവമാണ് ഇതിനു നിദാനമായത്. സഭയുടെ സമീപചരിത്രത്തിൽ ആദ്യമായാണ് ഒരാൾ ഇത്രവേഗം അൾത്താരവണക്കത്തിന് പാത്രമാകുന്നത്.

 ഡിസംബർ എട്ടിന് അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തിൽ അതീവ മാതൃഭക്തനും കൂടിയായ ജോ ൺ പോൾ രണ്ടാമൻ പാപ്പയെ വിശുദ്ധ പദവിയിലേക്കുയർത്തുന്നു. വത്തിക്കാ ൻ സ്‌ക്വയറിൽ ജനലക്ഷങ്ങളെ സാക്ഷിനിർത്തി തന്റെ ശുശ്രൂഷയുടെ 27 വർഷത്തിനിടയിൽ 482 പേരെ വിശുദ്ധ പദവിയിലേക്കുയർത്തിയ പാപ്പ ഇനിമുതൽ വിശുദ്ധ ജോൺപോൾ രണ്ടാമനാകും. മധ്യഅമേരിക്കയിലെ കോസ്റ്ററിക്കയിൽ, തലച്ചോറിന് ക്ഷതം സംഭവിച്ച ഫ്‌ളോറി ബത് മോറെ എന്ന സ്ത്രീയുടെ സൗഖ്യമാണ് ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ മരണശേഷം അഞ്ചു വർഷം കഴിഞ്ഞുമാത്രമേ നാമകരണ നടപടികൾ ആരംഭിക്കാവൂ എന്ന പതിവ് തെറ്റിച്ചു ജോൺ പോൾ പാപ്പയുടെ കാര്യത്തിൽ. മാത്രവുമല്ല, വാഴ്ത്തപ്പെട്ടവനായി ഉയർത്തപ്പെട്ടതിനുശേഷം ഏതാനും വർഷങ്ങൾ പിന്നിട്ടിട്ടേ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാറുള്ളൂ. അതും തെറ്റിച്ചു ഈ പുണ്യാത്മാവിന്റെ കാര്യത്തിൽ.

വാഴ്ത്തപ്പെട്ട ജോൺ പോൾ രണ്ടാമനൊപ്പം വാഴ്ത്തപ്പെട്ട ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെയും വിശുദ്ധനായി പ്രഖ്യാപിക്കും. 1963 ൽ കാലം ചെയ്ത ജോൺ ഇരുപത്തി മൂന്നാമൻ പാപ്പയാണ് രണ്ടാം വത്തിക്കാൻ സൂനഹദോസിന് തിരി തെളിച്ചത്. ആധുനിക ലോകത്തോടു സംവദിക്കാൻ കത്തോലിക്കാ സഭയുടെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ശ്രദ്ധേയമായ കാൽവയ്പായിരുന്നു അത്. സൂനഹദോസിന്റെ സുവർണജൂബിലിയുടെ പതാക തിരുസഭയുടെ തിരുമുറ്റത്ത് പാറിപ്പറക്കുമ്പോൾ, ആ മഹാസംഭവത്തിന് നേതൃത്വം നൽകിയ മനസിനെ വണങ്ങുക മനോഹരംതന്നെ. സൂനഹദോസ് പൂർത്തിയാക്കുംമുമ്പേ നിത്യതയിലേക്ക് മടങ്ങിയ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയത് ജോൺ പോൾ രണ്ടാമൻ പാപ്പയാണ്, രണ്ടായിരാമാണ്ടിൽ.

വിശുദ്ധനെ വാഴിച്ച കരവും അതേറ്റുവാങ്ങിയ കരവും ഒരുപോലെ വണങ്ങപ്പെടുക അസുലഭ കാര്യംതന്നെ. പത്രോസിന്റെ പീഠം എത്രയോ മനോഹരം, അതലങ്കരിക്കുന്നവരോ മഹോന്നതരും.