Sunday Shalom, 23 August 2013
Written by ജോർജ് കൊമ്മറ്റം
ഫ്രാൻസിലെ ലൂർദ് മാതാവിന്റെ അനുഗ്രഹമാണ് ഡാനില കാസ്റ്റെലിയുടെ ജീവിതം മാറ്റിമറിച്ചത്. 33-ാമത്തെ വയസിൽ രോഗം ശരീരത്തെ കാർന്നുതിന്നുതുടങ്ങിയിരുന്നു. ഒടുവിൽ ലൂർദ് മാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ മാതാവിന്റെ സവിശേഷ അനുഗ്രഹത്താൽ അവൾ രോഗവിമോചിതയായി. ലൂർദ്ദ് മാതാവിന്റെ 69-ാമത്തെ അത്ഭുതമായാണ് സഭ ഇത് കാണുന്നത്.
''ലൂർദ്മാതാവിന്റെ അനുഗ്രഹത്താൽ ലഭിച്ച രോഗസൗഖ്യം ലോകത്തോട് വിളിച്ചുപറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു.'' സൗഖ്യം പ്രാപിച്ച ഡാനില പറയുന്നു. ''രോഗസൗഖ്യം പ്രാപിച്ചതിനുമാത്രമല്ല, തന്റെ ജീവിതത്തിലൂടനീളം ദൈവം നൽകുന്ന എല്ലാ നന്മകളും ഞാൻ ഓർക്കുന്നു.''
34 വയസു വരെ ഡാനിലയുടെ ജീവിതം ഒരു സാധാരണ സ്ത്രീയുടെതുപോലായിരുന്നു. എന്നാൽ 34-ാമത്തെ വയസിലാണ് അവളുടെ ബ്ലഡ് പ്രഷർ കുതിച്ചുയർന്നത്.
ആദ്യം ഡോക്ടേഴ്സിന് രോഗത്തെക്കുറിച്ച് യാതൊരു ഊഹവും കിട്ടിയില്ല. 1982-ൽ ഹിസ്റ്റീറെക്ടോമിയും അനക്സെക്ടോമിയും നടത്തി നോക്കി. പക്ഷേ. രോഗത്തിന് യാതൊരു മാറ്റവും കണ്ടില്ല. അതിനുശേഷം പാൻക്രീയാസ് സർജറി നടത്തി.
അതിനുശേഷമാണ് 1983 ൽ ഡോക്ടർമാർ ട്യൂമർ ബാധിച്ചത് കണ്ടെത്തുന്നത്. അത് നീക്കം ചെയ്യാൻ വേണ്ടി നിരവധി സർജറികൾ നടത്തി. അവളുടെ ജീവിതം അതോടെ രോഗക്കിടക്കയിലായി. പക്ഷേ, ഈ സർജറികളോ ചികിത്സയോ അവളുടെ രോഗാവസ്ഥയ്ക്ക് അറുതിവരുത്തിയില്ല. ഈ വേളയിലാണ് അമേരിക്കയിലെ മയോക്ലിനിക്കിൽ ചികിത്സ തേടാം എന്ന് ചിന്തിക്കുന്നത്. പക്ഷേ, എന്തുകൊണ്ടാണെന്നറിയില്ല, പകരം ലൂർദിലേയ്ക്ക് ഒരു തീർത്ഥാടനം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു ഡാനില. അതാകട്ടെ, ദീർഘകാലമായ ഒരു ആഗ്രഹവുമായിരുന്നു.
ഡാനിലയുടെ ഭർത്താവ് ഇറാൻ വംശജനായ ഡോക്ടറായിരുന്നു. അദ്ദേഹത്തിന്റെ കൈപിടിച്ച് അവൾ ലൂർദ് സന്ദർശിച്ചു. അവിടുത്തെ ദിവ്യസ്നാനത്തിനുശേഷം അവളിൽ അത്ഭുതമാറ്റം ദർശനീയമായിരുന്നു.
അവളുടെ ഭർത്താവ് അവളെ കാത്തുനിൽക്കുകയായിരുന്നു. ദിവ്യസ്നാനത്തിനുശേഷം മടങ്ങിവന്ന അവളോട് അദ്ദേഹം പറഞ്ഞു. ''എല്ലാം കടന്നുപോയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.''
''അതെ എല്ലാം നമുക്ക് പിന്നിലായിക്കഴിഞ്ഞിരിക്കുന്നു...'' പക്ഷേ, പിന്നീട് കുറെ നാൾ കൂടി കഴിഞ്ഞാണ് അവൾ തന്റെ രോഗശാന്തി ലൂർദിലെ മെഡിക്കൽ ഒബ്സർവേഷൻ ഓഫീസിൽ റിപ്പോർട്ട് ചെയ്യുന്നത്.
നീണ്ട 23 വർഷത്തെ നിരന്തരമായ പരിശോധനയ്ക്കും പഠനത്തിനും വിശകലനത്തിനും ശേഷമാണ് ഇക്കഴിഞ്ഞ മാസം ബിഷപ് ജീയോവാനി ഗുഡിച്ചി ഈ രോഗശാന്തി അത്ഭുതകരമെന്ന് വിശേഷിപ്പിക്കുന്നത്.
നിരവധി വർഷത്തെ പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷമേ ഒരു അത്ഭുതം വത്തിക്കാൻ അംഗീകരിക്കുകയുള്ളൂ.
മെഡിക്കൽ ബ്യൂറോ ഹെഡ് ആയ ഡോ. അലെസാൻഡ്രോ ഡി ഫ്രാൻസിസ് പറഞ്ഞത് നൂറിലധികം ഡോക്ടർമാരും നഴ്സുമാരും ഈ രോഗശാന്തി അത്ഭുതകരമായി കാണുന്നു എന്നാണ്.
ഈ വനിതയുടെ രോഗശാന്തി ഇന്നത്തെ വൈദ്യശാസ്ത്രിത്തിന് കണ്ടെത്താൻ കഴിയാത്തവിധത്തിലുള്ള അത്ഭുതകരമായ സംഭവമാണെന്ന് ഡോ. അലക്സാൻഡ്രോയും സാക്ഷ്യപ്പെടുത്തുന്നു.
1858-ൽ ലൂർദിൽ മാതാവ് ഇടയച്ചെക്കന്മാർക്ക് ദർശനം നൽകിയതിന് ശേഷം 700 ലധികം അത്ഭുതങ്ങൾ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഡാനിലയുടെ രോഗശാന്തി വത്തിക്കാൻ അംഗീകരിച്ച ലൂർദ്ദിലെ 69-ാമത്തെ അത്ഭുതമായി മാറിയിരിക്കുകയാണ്.
No comments:
Post a Comment