Written by ഫാ.ഹ്യൂഷേ
കോഴിക്കോട് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ച 'അന്തിക്രിസ്തുവിന്റെ ആഗമനം' എന്ന പുസ്തകത്തിൽ നിന്ന്
ലോകാവസാനത്തെക്കുറിച്ചും അതിനുമുന്നോടിയായ അടയാളങ്ങളെക്കുറിച്ചും അത് എപ്പോഴാണ് സംഭവിക്കുമെന്നതിനെക്കുറിച്ചും നമുക്ക് മനസിലാക്കുക പ്രയാസമാണ്. ദൈവത്തിന്റെ പദ്ധതികളെ വ്യക്തമായി വ്യാഖ്യാനിക്കുക എന്നുപറയുന്നത് മനുഷ്യന്റെ പരിമിതമായ ബുദ്ധിക്ക് സാധ്യമായ കാര്യമല്ല. ''ഏത് ഉപദേശകൻ അവിടുത്തേയ്ക്ക് പ്രബോധനം നല്കി'' എന്ന് ഏശയ്യാ പ്രവാചകൻ (40:13) ചോദിക്കുന്നു.
ലോകത്തിന്റെ അവസാനം എന്നാണ് സംഭവിക്കുക എന്ന ചോദ്യത്തിന് ഈശോ തന്റെ ശിഷ്യൻമാർക്ക് വളരെ വ്യക്തമായി നല്കുന്ന ഉത്തരമിതാണ്; ''ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാർക്കും, സ്വർഗത്തിലെ ദൂതൻമാർക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ'' (മത്താ. 24:36).
നമ്മുടെ മരണം എപ്പോഴാണ് സംഭവിക്കുന്നത് എന്ന് നമു ക്ക് അറിയാത്തതുപോലെ അത്രയും രഹസ്യമായി ലോകാവസാനത്തിന്റെ സമയവും സൂക്ഷിക്കപ്പെടാൻ ദൈവം ആഗ്രഹിക്കുന്നു.
ആ സമയത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിക്കുവാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ പ്രഭാഷകൻ നമ്മെ ഓർമ്മിപ്പിക്കുന്നു; ''നിന്നെ ഏൽപിച്ചതിനെപ്പറ്റി ചിന്തിക്കുക; നിഗൂഢമായത് നിനക്കാവശ്യമില്ല'' (3:22). സ്വന്തം മരണത്തിനുവേണ്ടി ഭയമെന്യേ ഒരുങ്ങിയിരിക്കുന്നവക്ക് ലോകാവസാനത്തെയും ഭയക്കേണ്ടതില്ല. മാത്രമല്ല ദൈവം തന്റെ പദ്ധതിയിൽ ഇക്കാര്യം രഹസ്യമാക്കിയിരിക്കുന്നതിന് പല നന്മകളുമുണ്ട്. ഭയാനകവും സകലതും മാറ്റിമറിക്കുന്നതുമായ ആ ദിവസത്തെക്കുറിച്ചുളള വ്യക്തമായ അറിവ് ഉളളിൽ ഭയം ജനിപ്പിക്കുന്നതിനും എല്ലാം സംഭവിക്കുന്നതിന് അൽപം മുൻപ് മാത്രം ഒരുങ്ങിയാൽ മതി എന്ന തെറ്റായ ചിന്തയ്ക്കും ഇടം നല്കുമെന്നല്ലാതെ മറ്റ് ഗുണമൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല.
ലോകാവസാനത്തെക്കുറിച്ചുളള ഊഹങ്ങൾ എക്കാലത്തും സംഭവിച്ചിട്ടുളളതുപോലെ തെസലോനിക്കാക്കാരുടെയിടയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായി എന്ന് നാം വായിക്കുന്നു. ''കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞുവെന്ന് സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന് അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങൾ പെട്ടെന്ന് ചഞ്ചലചിത്തരും അസ്വസ്ഥരുമാകരുത്. ആരും നിങ്ങളെ ഒരു വിധത്തിലും വഞ്ചിക്കാതിരിക്കട്ടെ'' (2 തെസ. 2:1-3).
എ.ഡി. 1000 ൽ വെളിപാടുപുസ്തകത്തിൽ നല്കിയിരിക്കുന്ന (20:2-15) പ്രവചനങ്ങളെക്കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങളുമായി വന്ന ചില മതവിരോധികൾ ലോകാവസാനം സമീപിച്ചിരിക്കുന്നു എന്ന് പ്രഘോഷിച്ച് വിശ്വാസികളെ വഴിതെറ്റിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
തിരുവചനങ്ങളിൽ നല്കിയിരിക്കുന്ന പ്രവചനങ്ങളിൽ നിന്ന് സാത്താൻ ധാരാളം ഫലം കൊയ്യുന്നുണ്ട്. കാരണം തെറ്റായ വ്യാഖ്യാനങ്ങൾ നല്കപ്പെടുകയും അങ്ങനെ വ്യാഖ്യാനിക്കപ്പെട്ടവ സംഭവിക്കാതിരിക്കുകയും ചെയ്യുമ്പോൾ യഥാർത്ഥ വ്യാ ഖ്യാനങ്ങൾക്കുപോലും പ്രസക്തി നഷ്ടപ്പെടുകയും തിരുവചനത്തിൽ നല്കിയിരിക്കുന്ന മുഴുവൻ പ്രവചനങ്ങളെയും അവിശ്വസിക്കുന്നതിനും പ്രാധാന്യമില്ലാത്തവയായി തളളിക്കളയുന്നതിനും അത് കാരണമാവുകയും ചെയ്യുന്നു.
വിശുദ്ധ അഗസ്റ്റിൻ ഇതിനെക്കുറിച്ച് പറയുന്നതിപ്രകാരമാണ്; ''ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനത്തെക്കുറിച്ച് വിവേചനാരഹിതമായി പ്രഘോഷിക്കുന്നവന് തെറ്റുപറ്റുന്നു. കാരണം ക്രിസ്തുവിന്റെ ആഗമനസമയം വ്യക്തമാക്കിക്കഴിഞ്ഞ് അവൻ പ്രസ്തുത സമയത്ത് വരുന്നില്ലെങ്കിൽ, പ്രവചിക്കപ്പെട്ട സമയം തെറ്റിയിരിക്കും എന്ന അനുമാനത്തിലേക്കാവില്ല വിശ്വാസികൾ നയിക്കപ്പെടുക. മറിച്ച്, അവിടുത്തെ രണ്ടാമത്തെ ആഗമനം ഉ ണ്ടാകുകയില്ല എന്ന കാഴ്ചപ്പാടിലേക്കും പ്രവചനങ്ങളെല്ലാം തെറ്റാണ് എന്ന അനുമാനത്തിലേക്കുമാവും. ഇത് വിശ്വാസജീവിതത്തിൽ ഗുരുതരമായ വീഴ്ചകൾക്ക് കാരണമാവുകതന്നെ ചെയ്യും.''
സഭാപിതാക്കൻമാരിൽ ചിലരുടെ ലോകാവസാനത്തെക്കുറിച്ചുളള കാഴ്ചപ്പാടുകളും വിശുദ്ധ ഗ്രന്ഥങ്ങളിൽ നല്കിയിരിക്കുന്ന വെളിപാടുകളും തമ്മിൽ വൈരുദ്ധ്യമുളളതായി ചിലപ്പോൾ നമുക്ക് തോന്നാം. അവരുടെ വാക്കുകളും ലോക ചരിത്രത്തിന്റെ മാനദണ്ഡങ്ങളുമനുസരിച്ച് ലോകാവസാനം വളരെ മുൻപ് തന്നെ സംഭവിക്കേണ്ടതായിരുന്നു.
പഴയനിയമത്തിലെ പ്രവാചകൻമാർ യുഗാന്ത്യം അടുത്തെത്തിയിരിക്കുന്നതായി പല ഭാഗങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ''കർത്താവിന്റെ മഹാദിനം അടുത്തിരിക്കുന്നു. അതിവേഗം അത് അടുത്തുവരുന്നു'' എന്ന് സെഫാനിയ (1:14) പ്രവാചകനും, ''ഇതാ അവസാനം അടുത്തു. ഇതാ, അത് എത്തിക്കഴിഞ്ഞു'' എന്ന് എസക്കിയേൽ (7:6) പ്രവാചകനും എഴുതുന്നു. ''സകലത്തിന്റെ യും അവസാനം സമീപിച്ചിരിക്കുന്നു'' എന്ന് വിശുദ്ധ പത്രോസിന്റെ ഒന്നാം (4:7) ലേഖനത്തിലും, ''ഇത് അവസാന മണിക്കൂറാണ്. അന്തിക്രിസ്തു വരുന്നു എന്ന് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇത് അവസാന മണിക്കൂറാണെന്ന് അതിൽ നിന്ന് നമുക്കറിയാം'' എന്ന് യോഹന്നാന്റെ ഒന്നാം ലേഖനത്തിലും (2:18) നാം വായിക്കുന്നുണ്ട്. ഈശോയുടെ വാക്കുകൾ തന്നെ ഇവിടെ സ്മരിക്കാവുന്നതാണ്; ''ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല'' (മത്താ. 24:34, ലൂക്ക. 21:32).
പൗരസ്ത്യ സാമ്രാജ്യത്തിന്റെ അധ:പതനവും അതിനോടനുബന്ധിച്ച കലാപങ്ങളും ദർശിച്ച് ലോകാവസാനത്തിന്റെ അടയാളങ്ങളാണതെന്ന് മഹാനായ വിശുദ്ധ ഗ്രിഗറി പറഞ്ഞിരുന്നു. അവസാന നാളുകളിലെ സംഭവങ്ങൾക്കാണ് താൻ സാക്ഷ്യം വഹിക്കുന്നതെന്ന് വിശുദ്ധ അമ്പ്രോസും എഴുതി. ആര്യൻ പാഷണ്ഡതകളും അതിനോടനുബന്ധിച്ച പീഡനങ്ങളുമുണ്ടായപ്പോൾ അത് അവസാനത്തെ പരീക്ഷണമാണെന്ന് വിശുദ്ധ ഹിലാരിയും സൂചന നല്കി. വിശുദ്ധ സിപ്രിയൻ വളരെ വ്യക്തമായി തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു; 'പീഡനങ്ങളുടെ കാലം നമ്മുടെ മേൽ ആഗതമായിരിക്കുന്നു. അന്തിക്രിസ്തുവിന്റെ കാലം സമീപിച്ചിരിക്കുന്നു. യുദ്ധസജ്ജരായി നമുക്ക് നമ്മെത്തന്നെ ഒരുക്കാം.'
തിരുവചനങ്ങളും ചരിത്രത്തിൽ യഥാർത്ഥത്തിൽ സംഭവിച്ചതും സഭാപിതാക്കൻമാരുടെ പഠനങ്ങളും കൂട്ടിയോജിപ്പിക്കുക എന്നത് പ്രയാസകരമായ കാര്യമാണ്. യോഹന്നാൻ പ്രതിപാദിച്ച അവസാന മണിക്കൂർ ആരംഭിച്ചിട്ട് ഇന്ന് രണ്ടായിരത്തോളം വർഷങ്ങൾ കഴിഞ്ഞു. പിതാക്കൻമാരുടെ വാക്കുകൾക്കതീതമായി ലോകം ഇന്നും നിലനിൽക്കുന്നു. തിരുവചനങ്ങളിലെ പ്രവചനങ്ങൾ അവിശ്വസിക്കുന്നതിനും സഭാപിതാക്കൻമാരെ തെറ്റുപറ്റിയവർ എന്ന് മുദ്രകുത്തുന്നതിനും ഇത് കാരണമാവില്ലേ? അങ്ങനെ ചെയ്യുന്നത് തിന്മയാണെന്ന് തിരുവചനങ്ങൾത്തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
''ദൈവം തന്റെ വചനങ്ങളിൽ എന്നും വിശ്വസ്തനാണ് ''(സങ്കീ. 144:13). അവിടുന്ന് വീണ്ടും ഇത് ഉറപ്പിച്ചുപറയുന്നു; ''ആകാശവും ഭൂമിയും കടന്നുപോ കും, എന്നാൽ എന്റെ വചനങ്ങൾ കടന്നുപോവുകയില്ല'' (മത്താ. 24:35). വിശുദ്ധ പത്രോസിന്റെ വാക്കുകൾ ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത നമുക്ക് നല്കുന്നുണ്ട്; ആദ്യം തന്നെ നിങ്ങൾ ഇത് മനസിലാക്കണം: ''അധമവികാരങ്ങൾക്ക് അടിമപ്പെട്ടു ജീവിക്കുന്ന നിന്ദകർ നിങ്ങളെ പരിഹസിച്ചുകൊണ്ട് അവസാനനാളുകളിൽ പ്രത്യക്ഷപ്പെടും. അവർ പറയും; അവന്റെ പ്രത്യാഗമനത്തെക്കുറിച്ചുളള വാഗ്ദാനം എവിടെ? എന്തെന്നാൽ പിതാക്കൻമാർ നിദ്രപ്രാപിച്ച നാൾ മുതൽ സകലകാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുണ്ടായിരുന്ന സ്ഥിതിയിൽത്തന്നെ തുടരുന്നല്ലോ... പ്രിയപ്പെട്ടവരെ, കർത്താവിന്റെ മുമ്പിൽ ഒരു ദിവസം ആയിരം വർഷങ്ങൾ പോലെയും ആയിരം വർഷങ്ങൾ ഒരു ദിവസം പോലെയുമാണ് എന്ന കാര്യം നിങ്ങൾ വിസ്മരിക്കരുത്. കാലവിളംബത്തെക്കുറിച്ച് ചിലർ വിചാരിക്കുന്നതുപോലെ, കർത്താവു തന്റെ വാഗ്ദാനം പാലിക്കുന്നതിൽ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട് നിങ്ങളോട് ദീർഘക്ഷമകാണിക്കുന്നുവെന്നേയുളളൂ'' (2 പത്രോ. 3:3-9).
ലോകം കാത്തിരുന്ന കർത്താവിന്റെ ഒന്നാമത്തെ ആഗമനം തികച്ചും നല്ലതും അനിവാര്യവുമായിട്ടുകൂടി പ്രവചനങ്ങളിൽ വ്യക്തമാക്കിയതിനെക്കാൾ ഏകദേശം നാലായിരം വർഷങ്ങൾക്കുശേഷമാണ് സംഭവിച്ചത് എന്ന് നാം മനസിലാക്കണം. രണ്ടാമത്തെ ആഗമനത്തെക്കുറിച്ചെന്നതുപോലെതന്നെയുളള പ്രവചനങ്ങൾ ആദ്യത്തെ ആഗമനത്തിനും നല്കപ്പെട്ടിരുന്നു. 'ഇതാ അടുത്തെത്തിയിരിക്കുന്നു' എന്നു പറഞ്ഞ് ഏശയ്യ പ്രവാചകൻ നടത്തിയ പ്രവചനങ്ങളും 'അൽപസമയത്തിനുളളിൽ' എന്നു പറഞ്ഞ് ഹഗ്ഗായി പ്രവാചകൻ പ്രവചിച്ചവയും സംഭവിച്ചത് ഏകദേശം എഴുനൂറുവർഷങ്ങൾക്ക് ശേഷമാണെന്നും നമുക്ക് ചരിത്രം പരിശോധിച്ചാൽ കാണുവാൻ സാധിക്കും.
സഭാപിതാക്കൻമാർ യുഗാന്ത്യത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ തികച്ചും സത്യമായിരുന്നു. അവർ ദർശിച്ച പീഡനത്തിന്റെയും വേദനയുടെയും രംഗങ്ങൾ യുഗാന്ത്യത്തിന്റെ അടയാളങ്ങൾ തന്നെയായിരുന്നു. വിശ്വാസികളുടെ പ്രത്യാശയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി യഥാർത്ഥ ലക്ഷ്യം എടുത്തുകാണിക്കുന്നതിൽ എന്താണ് തെറ്റുളളത്. മരണകരമായ ഒരു അസുഖത്തിന് സാധ്യമായ എല്ലാ പ്രതിവിധികളും പരീക്ഷിക്കുവാനും പ്രയോഗിക്കുവാനും വൈദ്യൻമാർ തയ്യാറാകാറുണ്ടല്ലോ. അതിനാൽത്തന്നെ യുഗാന്ത്യത്തെക്കുറിച്ച് പ്രവചനങ്ങൾ നടത്തിയ സഭാപിതാക്ക ൻമാർക്ക് തെറ്റുപറ്റിയെന്നോ, അവർ വിവേകരഹിതരായി പ്രവർത്തിച്ചുവെന്നോ നമുക്ക് പറയാനാവില്ല. കാലത്തിന്റെ അടയാളങ്ങളെ അവർ വിവേചിക്കുകയും സകലതും ക്രമപ്പെടുന്നതിനുവേണ്ടി അവർ തീക്ഷ്ണമായി പ്രാർത്ഥിക്കുകയും മാധ്യസ്ഥം വഹിക്കുകയും ചെയ്തിരുന്നിരിക്കണം.
യുഗാന്ത്യത്തിന്റെ മുന്നോടികളിൽ ചിലത് അടയാളങ്ങളാണ്. ഇവയിൽ പെടുന്നവയാണ് അതികഠോരമായ പീഡനങ്ങളും വിശ്വാസത്യാഗവും. അതുകൊണ്ടുതന്നെ അവയുടെ സ്ഫുരണങ്ങൾ എക്കാലത്തും പ്രത്യക്ഷപ്പെടാവുന്നവയാണ്. എന്നാൽ ലോകം മുഴുവൻ സുവിശേഷം പ്രസംഗിക്കപ്പെടും, അന്തിക്രിസ്തു പ്രത്യക്ഷപ്പെടും എന്നിങ്ങനെയുളളവ യുഗാന്ത്യത്തിന്റെ സ്വഭാവവുമായി ബന്ധമുളളവയാണ്. അടയാളങ്ങളൊന്നും യുഗാന്ത്യത്തെ നിശ്ചയിക്കുന്നവയല്ല, മറിച്ച് സൂചിപ്പിക്കുന്നവയാണ്.
നാലുതരത്തിലുളള അടയാളങ്ങൾ നമുക്കിവിടെ കാണുവാൻ സാധിക്കും.
1. നിത്യമായ പീഡനങ്ങൾ: ''ഇവയ്ക്കെല്ലാം മുമ്പ് അവർ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏൽ പിച്ചുകൊടുക്കും. എന്റെ നാമത്തെപ്രതി രാജാക്കൻമാരുടെയും ദേശാധിപതികളുടെയും മുമ്പിൽ അവർ നിങ്ങളെ കൊണ്ടുചെല്ലും... അവർ നിങ്ങളിൽ ചിലരെ കൊല്ലുകയും ചെയ്യും. എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും'' (ലൂക്കാ 21:12-17).
ഈ പ്രവചനം സഭയുടെ ആരംഭം മുതൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. അന്തിക്രിസ്തുവിന്റെ ആഗമനത്തോടുകൂടി ഇതിന്റെ സമാപ്തിയാവും.
2. സഭയ്ക്കുളളിലുളള വേദനകൾ: യേശു പറഞ്ഞു: ''ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിച്ചുകൊളളുവിൻ. പലരും എന്റെ നാമത്തിൽ വന്ന്, ഞാൻ ക്രിസ്തുവാണ് എന്ന് പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും'' (മത്താ. 24:4).
സഭയ്ക്കുളളിൽ പല പാഷണ്ഡതകളും വിഭജനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ കൂടുതൽ കഠിനമായ ഒന്ന് വരാനിരിക്കുന്നതേയുളളൂ.
3. രാജ്യങ്ങൾ തമ്മിലുളള മഹായുദ്ധങ്ങൾ: ''നിങ്ങൾ യുദ്ധങ്ങളെപ്പറ്റി കേൾക്കും. അവയെപ്പറ്റിയുളള കിംവദന്തികളും...ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണർന്നെഴുന്നേൽക്കും'' (മത്താ. 24:6-7).
നിരന്തരമായ യുദ്ധങ്ങൾക്ക് ചരിത്രം സാക്ഷ്യം വഹിച്ചു. അന്തിക്രിസ്തു നടത്തുന്ന ഭയാനകമായ യുദ്ധങ്ങളോടുകൂടി അതിനും അവസാനമാകും.
4. പ്രപഞ്ചശക്തികൾ ഇളകും: ''ക്ഷാമങ്ങളും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും'' (മത്താ. 24:7). ആകാശത്തിലും ഭൂമിയിലും അത്ഭുതകരങ്ങളായ അടയാളങ്ങൾ പ്രത്യക്ഷപ്പെടും.
നമ്മുടെ നാഥന്റെ പ്രവചനങ്ങളെല്ലാം ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ട്. ഇത്തരത്തിലുളള വേദനകൾ അവസാനനാളുകളിൽ അതിന്റെ അത്യുച്ചിയിലെത്തും. മനുഷ്യന് അസഹ്യമായ വേദനകളുടെ പ്രത്യാഘാതങ്ങൾ അവസാനനാളുകളിൽ നേരിടേണ്ടതായി വരും.
ഇത്തരത്തിലുളള അടയാളങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ നാം വിശ്വാസത്തിന്റെ കണ്ണുകളുയർത്തി അവയെ വീക്ഷിക്കണം. സകലതും സംഭവിക്കുമ്പോഴും ഈശോ പറയുന്നു: ''ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്'' (മത്താ. 24:8). എന്നാൽ ഈറ്റുനോവിലേക്ക് പ്രവേശിക്കുന്നതോടുകൂടി ''നീചൻമാർക്കെതിരെ യുദ്ധം ചെയ്യാൻ സൃഷ്ടിമുഴുവൻ കർത്താവിന്റെ പക്ഷത്ത് അണിനിരക്കും'' (ജ്ഞാനം 5:20).
ഇതിൽക്കൂടുതൽ വ്യക്തമായി എപ്പോഴാണ് ലോകാവസാനം സംഭവിക്കുക എന്നതിനെക്കുറിച്ച് സംസാരിക്കാനാവുമെന്ന് തോന്നുന്നില്ല. ആറായിരം വർഷങ്ങളാണ് ഭൂമുഖത്തിന്റെ കാലാവധി എന്ന് ചില സഭാപിതാക്കൻമാരും ദൈവശാസ്ത്രജ്ഞരും അനുമാനിക്കുന്നതിനെക്കുറിച്ച് നാമെന്താണ് പറയുക. വിശുദ്ധ ജസ്റ്റിൻ, വിശുദ്ധ ഐറീൻ, വിശുദ്ധ ഹിലാരി, വിശുദ്ധ ജെറോം എന്നിവർ ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. ആറു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെട്ട ലോകം നശിപ്പിക്കുവാനും ആറു ദിവസങ്ങൾ എടുക്കും എന്നവർ വാദിക്കുന്നു. പത്രോസ് ശ്ലീഹാ തന്റെ ലേഖനത്തിൽ 'കർത്താവിന് ഒരു ദിവസം ആയിരം വർഷങ്ങൾ പോലെയാണ്' എന്ന് രേഖപ്പെടുത്തുന്നുണ്ടല്ലോ. വിശുദ്ധ അഗസ്റ്റിനും, ദൈവശാസ്ത്രജ്ഞൻമാരിൽ ബെല്ലർമീനും ഈ പഠനത്തോട് യോജിക്കുന്നു. എന്നാൽ വിശുദ്ധ അമ്പ്രോസും മറ്റ് പല സഭാപിതാക്കൻമാരും ഇതിന് മതിയായ പ്രാധാന്യം നല്കുന്നില്ല.
കണക്കുകളിലൂടെയും ഊഹങ്ങളിലൂടെയും അന്തിക്രിസ്തുവിന്റെയും യുഗാന്ത്യത്തിന്റെയും വർഷവും തിയതിയും നിശ്ചയിക്കുന്നത് അനുകരണീയമായ കാര്യമല്ല. കർത്താവിന്റെ പ്രത്യാഗമനത്തെക്കുറിച്ച് നാം മനസിലാക്കേണ്ടത് ഇതു മാത്രമാണ്; ''കർത്താവിന്റെ ദിനം കളളനെപ്പോലെ വരും'' (2 പത്രോ. 3:10). ''ആ ദിവസത്തെക്കുറിച്ചോ, മണിക്കൂറിനെക്കുറിച്ചോ, ആർക്കും അറിയില്ല''(മത്താ. 24:36). തീർച്ചയുളള ഒരു വസ്തുത, കർത്താവിന്റെ ദിവസം ആഗതമാകും എന്നുളളത് മാത്രമാണ്. പഴനിയമ പ്രവാചകൻമാരും വെളിപാടുപുസ്തകവും വളരെ വ്യക്തമായി ഇക്കാര്യങ്ങൾ വിവരിക്കുന്നുണ്ട്.
അവസാനമായി രണ്ടുകാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടത്; അന്തിക്രിസ്തുവിന്റെ പ്രത്യക്ഷപ്പെടലിനെയും ഈശോയുടെ രണ്ടാം വരവിനെയും ഒരു തരത്തിലും നിഷേധിക്കുവാൻ തിരുവചനപഠനങ്ങളുടെയും സഭാപഠനങ്ങളുടെയും വെളിച്ചത്തിൽ നമുക്ക് സാധിക്കുകയില്ല. രണ്ടാമത്, അവയുടെ സമയവും ദിവസവും കൃത്യതയോടെ പ്രഖ്യാപിക്കുന്നതിൽ നിന്നും നാം പിന്മാറണം. നമ്മുടെ കർത്താവ് നല്കിയ ഉപമയിലെ വിവേകമതികളായ കന്യകമാരെപ്പോലെ എപ്പോഴും മണവാളന്റെ ആഗമനത്തെ കാത്തിരിക്കുക എന്നതാണ് ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്വം.
No comments:
Post a Comment