Shalom Times, 06 August 2013
ദുർബലരാകാതെ ധൈര്യമവലംബിച്ച് കർത്താവിനുവേണ്ടി കാത്തിരിക്കുവാൻ (സങ്കീ.27:14) വചനം പഠിപ്പിക്കുന്നു. എന്നാൽ, ഞാൻ പരാജയപ്പെടുമ്പോൾ എനിക്ക് എങ്ങനെ ധൈര്യത്തോടെ കർത്താവിനായി കാത്തിരിക്കാൻ സാധിക്കും?
പാദ്രെ പിയോയുടെ മറുപടി
ബലഹീനരായ നാം നമ്മിൽത്തന്നെ ആശ്രയിക്കുന്നതുകൊണ്ട് പ്രതിസന്ധികളിൽ ഭയപ്പെടുന്നത്. എന്നാൽ കർത്താവായ ക്രിസ്തു നമ്മെ ഒരു നിമിഷംപോലും വിട്ടുപിരിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ ബോധ്യം ഹൃദയത്തിലുറപ്പിക്കാൻ സാധിച്ചാൽ അത് ബലം നല്കും. പീഡിതരോടും ദുഃഖിതരോടുംകൂടി താനെപ്പോഴും ഉണ്ടായിരിക്കുമെന്ന് ദൈവം പറയുന്നു. അവരുടെ കഷ്ടതകളിൽ ഞാൻ അവരോടുകൂടെ ഉണ്ടായിരിക്കും. എന്നാണ് കർത്താവ് പറയുന്നത്. അവൻ അവരുടെ കണ്ണീരൊപ്പാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നു. അങ്ങനെയെങ്കിൽ, എത്ര ഇരുണ്ട രാത്രിക്കുശേഷവും സൂര്യൻ ഉദിക്കുമെന്നും വീണ്ടും ഒരു മധ്യാഹ്നം ഉണ്ടാകുമെന്നുമുള്ള ചിന്ത നമ്മെ ആശ്വസിപ്പിക്കട്ടെ.
സന്തോഷത്തോടും ധൈര്യത്തോടുംകൂടി ജീവിക്കുക. നിങ്ങളുടെ ഉള്ളിലുള്ള പരിശുദ്ധാത്മാവിന്‍റെ ചൈതന്യം നഷ്ടപ്പെടുത്തരുത്.
ദൈവത്തിന് നിന്റെ ആത്മാവ് എത്രത്തോളം പ്രീതികരമാണോ അത്രത്തോളം നീ പരീക്ഷിക്കപ്പെടുന്നു. അതുകൊണ്ട് എപ്പോഴും ധൈര്യത്തോടെ മുൻപോട്ട് പോകുക. ഇപ്പോൾ പ്രവർത്തിക്കാൻ സാധിക്കുന്ന സമയത്ത് നന്മ പ്രവർത്തിക്കുക. അങ്ങനെ നമുക്ക് നമ്മെത്തന്നെ ശുദ്ധീകരിക്കുകയും മറ്റുള്ളവർക്ക് മാതൃക നല്കുകയും ചെയ്യാം. പിതാവായ ദൈവത്തിന് നമ്മുടെ നന്മപ്രവൃത്തികൾ വഴി നാം മഹത്വം നല്കുന്നു.
പ്രാർത്ഥന
ദൈവമേ, നീ ഇടപെടാത്തതുമൂലം ഞാൻ ദുഃഖിക്കുമ്പോഴും പ്രശ്‌നങ്ങളിൽനിന്ന് ഞാൻ ഒളിച്ചോടുമ്പോഴും നിന്റെ സമയത്തിനായി കാത്തിരിക്കുവാനുള്ള കൃപ നല്കിയാലും. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാനുള്ള ശക്തി നല്കണമേ, ആമ്മേൻ.
No comments:
Post a Comment