Saturday, 15 June 2013

നിരീശ്വരനായ പ്രസിഡന്റ് വിശ്വാസവഴികൾ കണ്ടെത്തി 
 https://shalomonline.net/media/k2/items/cache/33e97b31f7f1473b08265f33c8ce0df5_L.jpg

Sunday Shalom, 14 June 2013 14:30   
നിരീശ്വരവാദിയും ദരിദ്രരുടെ നേതാവുമായ ഉറുഗ്വെ പ്രസിഡന്റ് ജോസ് മുജിക്കയുമായുള്ള കൂടിക്കാഴ്ചയിലൂടെ ഫ്രാൻസീസ് മാർപാപ്പാ വീണ്ടും ലോകശ്രദ്ധ നേടി.

വത്തിക്കാൻ: ആഗോള കത്തോലിക്ക സഭയുടെ നേതാവായ ഫ്രാൻസിസ് മാർപാപ്പയും ഉറുഗ്വെയിലെ  ദരിദ്രരുടെ പിതാവായ ഉറുഗ്വെ പ്രസിഡന്റ് ജോസ് മുജിക്കയും വത്തിക്കാനിൽ കൂടിക്കാഴ്ചനടത്തിയത് മാധ്യമശ്രദ്ധ നേടി.   

ഉറുഗ്വെയുടെ പ്രസിഡന്റായ മുജിക്കയുടെ വരുമാനത്തിന്റെ 90 ശതമാനവും ഉപവിപ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റിവെക്കുന്നു. പ്രസിഡന്റിന്റെ കൊട്ടാരം വിട്ട് ഒരു സാധാരണ ഫാംഹൗസിലാണ് അദ്ദേഹം ഭാര്യയോടൊപ്പം കഴിയുന്നത്.  പത്തുവർഷത്തിലേറെ പഴക്കമുള്ള ഒരു പഴഞ്ചൻ വോൾസ് വാഗൺ കാറിലാണ് ഇപ്പോഴും യാത്ര. ലളിതജീവിതശൈലി കൊണ്ട് ശ്രദ്ധേയനായ മാർപാപ്പാ അദ്ദേഹത്തോട് തുറന്ന സംഭാഷണം നടത്തിയതും ഇക്കാരണങ്ങളൊക്കെ തന്നെ. 

45 മിനിട്ടു ദൈർഘ്യമുള്ള കൂടിക്കാഴ്ചയാണ് നടന്നത്. ഒരു രാഷ്ട്രനേതാവുമായി ഇതുവരെ നടന്നതിൽ ഏറ്റവും ദീർഘമായ കൂടിക്കാഴ്ചയാണിത്. അദ്ദേഹം പ്രഖ്യാപിത നിരീശ്വരവാദിയാണ്. പലപ്പോഴും സഭാകാര്യങ്ങൾക്ക് പുറം തിരിഞ്ഞുനി ൽക്കുന്ന അദ്ദേഹം മാർപാപ്പയുമായുള്ള കൂടിക്കാഴ്ച ചോദിച്ചുവാങ്ങുകയായിരുന്നു. പ്രസിഡന്റിന് മാർപാപ്പ ഊഷ്മളസ്വീകരണമാണ് ഒരുക്കിയിരുന്നത്. മീറ്റിംഗു തുടങ്ങുന്നതിനുമുമ്പ് അടുത്തകാലത്ത് അന്തരിച്ച ഉറുഗ്വെയൻ എഴുത്തുകാരനും തിയോളജിയനുമായിരുന്ന ആൽബർട്ടോ മെതോൾ ഫെരയെ രണ്ടുപേരും അനുസ്മരിച്ചു. രണ്ടുപേരുടെയും സുഹൃത്തായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി  വത്തിക്കാന്റെ അഡൈ്വസറുമായിരുന്നു. മാർപാപ്പ കത്തോലിക്കസഭയിൽ ലാളിത്യത്തിന്റെ കാര്യത്തിൽ ഒരുവലിയ വിപ്ലവത്തിന് കാരണമാകുമെന്നാണ് മുജിക്കയുടെ അഭിപ്രായം. മാർപാപ്പയോട് സംസാരിക്കുന്നത് മുൻ പരിചയമുള്ള അയൽവാസിയോട് സംസാരിക്കുന്നതുപോലെ ഹൃദ്യമാണെന്നും അദ്ദേഹം പറയുന്നു. കൂടിക്കാഴ്ചക്ക് ശേഷം നിരീശ്വരവാദിയായ പ്രസിഡന്റ് പറഞ്ഞത് ലാറ്റിനമേരിക്കയിൽ കത്തോലിക്കസഭയുടെ പ്രസക്തിയേറുകയാണെന്നും സഭയുമായുള്ള ബന്ധം ഇന്ന് അനിവാര്യമാണെന്നുമാണ്. കൊളംബിയുടെ കാര്യത്തിൽ സമാധാനത്തിനായി ഇടപെടണമെന്നും മാർപാപ്പയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഉറുഗ്വെയിലെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി പലതും ചെയ്യാൻ കഴിയുമെങ്കിലും സ്‌നേഹവും പരിചരണവും നൽകാൻ രാജ്യത്തിന് കഴിയില്ല. അവിടെയാണ് സഭയ്ക്ക് സാന്നിധ്യമുറപ്പിക്കുവാൻ കഴിയുക. കത്തോലിക്കാസഭയിലെ വൈദികർ  രണ്ടുനൂറ്റാണ്ടുമുമ്പ് ഉറുഗ്വെയ്ക്ക് നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചതോടൊപ്പം സഭ ഇന്ന് നൽകുന്ന സംഭാവനകളെക്കുറിച്ചും  വാചാലനായി. നന്മ ചെയ്യുന്ന നിരീശ്വരവാദികളെപ്പോലും മാർപാപ്പ ക്രിസ്തുമാർഗത്തിലേക്ക് ആകർഷിക്കുന്നു എന്നതിന് തെളിവായിട്ടാണ് ലോകം ഈ സംഭവത്തെ കാണുന്നത്. 

No comments:

Post a Comment