Friday, 4 October 2013

വിശുദ്ധ വഴികളുടെ പിന്നാമ്പുറങ്ങളിലൂടെ...



Sunday Shalom, 01 October 2013
Written by  ജോബി മാത്യു തെക്കേതിൽ 

ആഗോള സഭയിൽ നാലുവ്യക്തികൾക്ക് മാത്രം സംലഭ്യമാകുന്ന റിലേറ്റർ പദവിയിലേക്കാണ് മോൺ. പോൾ പള്ളത്തിനെ ഫ്രാൻസീസ് മാർപാപ്പാ ഉയർത്തിയിരിക്കുന്നത്. അനന്തമായ ഈ ദൈവകൃപയ്ക്ക് ഹൃദയപൂർവം നന്ദി പറയുകയാണ് മോൺ. പോൾ പള്ളത്ത്.

''കഴിഞ്ഞ 18 വർഷങ്ങളായി റോമൻ കൂരിയായിൽ പ്രവർത്തിക്കുന്നതിന് ദൈവം അവസരം നൽകി. ഏൽപിച്ച ഉത്തരവാദിത്തങ്ങളെല്ലാം തിരുസഭയുടെ തത്വസംഹിതകൾക്കും നിയമങ്ങൾക്കും അനുസരിച്ച് ചെയ്യുന്നതിന് പരമാവധി ശ്രമിച്ചിട്ടുണ്ട്. അതിന് ദൈവം നൽകിയ  അംഗീകാരമാണ് ഈ റിലേറ്റർ പദവി'' അദ്ദേഹം വിനയാന്വിതനാകുന്നു.

? മൂന്ന് മാർപാപ്പമാരോടൊപ്പം പ്രവർത്തിക്കുന്നതിന് അങ്ങേക്ക് സാധിച്ചല്ലോ.
വലിയൊരു ദൈവാനുഗ്രഹമാണിത്. മഹാനായ ജോൺ പോൾ രണ്ടാമനോട് ഹൃദയബന്ധം കാത്തുസംരക്ഷിക്കുന്നതിന് സാധിച്ചു. 16 വർഷം റോമിൽ ദൈവാരാധനയുമായി ബന്ധപ്പെട്ട കമ്മീഷനിൽ സേവനം ചെയ്തു. ആ നാളുകളിലെല്ലാം പല അവസരങ്ങളിലും ജോൺ പോൾ മാർപാപ്പയുമായും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുമായും അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സാധിച്ചു. 1999 നവംബർ മൂന്നിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് എന്നെ മോൺസിഞ്ഞോർ പദവിയിലേക്ക് ഉയർത്തിയത്.

1996-2001 കാലയളവിൽ മഹാജൂബിലിക്കൊരുക്കമായി രൂപീകരിച്ച വത്തിക്കാൻ ലിറ്റർജിക്കൽ കമ്മീഷനിൽ അംഗമായി പ്രവർത്തിക്കാൻ സാധിച്ചത് മഹനീയ അവസരമായി ഞാൻ കാണുന്നു. 2003-2004 കാലയളവിൽ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടിൽ പ്രഫസറായി സേവനമനുഷ്ഠിച്ചിരുന്നു. 2011 ഒക്‌ടോബർ ഒന്നുമുതൽ ട്രൈബൂണൽ ഓഫ് ദ റോമൻ റോട്ടയിലേക്ക് മാറ്റം ലഭിച്ചു. 2012 ജൂലൈ പത്തിന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ അതി
ന്‍റെ തലവനായി എന്നെ നിയമിച്ചു. ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ റിലേറ്ററായുള്ള നിയമനത്തിലൂടെ മൂന്ന് മാർപാപ്പമാരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ച അപൂർവ ഭാഗ്യമാണ് സംലഭ്യമായത്. തീർച്ചയായും ആഹ്ലാദത്തോടും പ്രതീക്ഷയോടും കൂടിയാണ് ഈ നിയമനത്തെ ഞാൻ കാണുന്നത്.

? റിലേറ്റർ എന്ന സ്ഥാനത്തി
ന്‍റെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്.
വിശുദ്ധരുടെ നാമകരണ നടപടികളുടെ കാര്യാലയവുമായി ബന്ധപ്പെട്ട പദവിയാണിത്. വിശുദ്ധപദവി പ്രഖ്യാപനത്തിനായുള്ള നാമകരണ നടപടികളുമായി ബന്ധപ്പെട്ട് രൂപതകളിൽ നടക്കുന്ന പ്രവർത്തനം, എഴുത്തുകൾ, സാക്ഷിവിസ്താരങ്ങൾ എന്നിവയ്ക്കുശേഷം തയാറാക്കുന്ന രേഖകൾ അതാത് രൂപതകൾ വിശുദ്ധരുടെ നാമകരണ നടപടികളുടെ കാര്യാലയത്തിലേക്ക് അയക്കുന്നു. അവിടെ അത് 25 വാല്യങ്ങളെങ്കിലും ആക്കി ബൈന്‍റ് ചെയ്തതിനുശേഷം രൂപതയിൽ നടക്കുന്ന നാമകരണ നടപടിക്രമങ്ങൾ വസ്തുതാപരമാണെന്ന് ഡിക്രി ഇറങ്ങുന്നു. അതിനുശേഷമുള്ള അടുത്ത ഘട്ടത്തിലാണ് റിലേറ്ററെ നിയമിക്കുന്നത്. ആഗോള കത്തോലിക്കാ സഭയുടെ നാമകരണ നടപടികൾ സസൂക്ഷ്മമായി പരിശോധിക്കുന്നതിന് നാലു റിലേറ്റർമാരാണ് ഉള്ളത്. തിരുസംഘത്തി
ന്‍റെ തലവൻ (പ്രീഫെക്ട്) കർദിനാൾ ആ ഞ്ചലോ അമാത്തോയാണ് ഓരോ നാമകരണ നടപടിയും ഏതൊക്കെ റിലേറ്റർമാരെയാണ് ഏൽപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നത്.

റിലേറ്ററെ സഭ ഏൽപ്പിച്ച പ്രധാന ഉത്തരവാദിത്തം രൂപതയിൽനിന്ന് അയക്കുന്ന രേഖകൾ വസ്തുതാനിഷ്ഠമായും സുവ്യക്തമായും പഠിച്ച് പ്രസ്തുത വ്യക്തി വീരോചിതമായി ക്രൈസ്തവ പുണ്യങ്ങൾ അഭ്യസിച്ചോ എന്ന കാര്യം സമർത്ഥിക്കുന്നതോ മറിച്ചുള്ളതോ ആയ പ്രബന്ധം തയാറാക്കുന്നതിന് മാർഗനിർദേശം നൽകുക എന്നതാണ്. പോസ്റ്റുലേറ്ററാണ് ഓരോ നാമകരണ നടപടിയെയും കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്നുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യേണ്ടത്. നാമകരണ നടപടികളുടെ ആകെത്തുകയായി രൂപമെടുത്തതാണ് 'Possissio' എന്ന ഔദ്യോഗിക പേരിലറിയപ്പെടുന്ന പ്രബന്ധം. ഈ പ്രബന്ധം തിരുസഭാ നിയമങ്ങൾക്കും തത്വങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച് പ്രസ്തുത രേഖ വിശുദ്ധരുടെ നാമകരണ നടപടികൾക്കുള്ള കാര്യാലയത്തിന് സമർപ്പിക്കുന്ന ഉത്തരവാദിത്തമാണ് റിലേറ്റർക്കുള്ളത്.

? റിലേറ്റർ എന്ന പദവി ഏത് തിരുസംഘവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഇത് ഒരു സ്ഥിരനിയമനമാണോ.
നേരത്തെ സൂചിപ്പിച്ചതുപോലെ ഇത് വിശുദ്ധരുടെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട തിരുസംഘത്തി
ന്‍റെ കീഴിലാണ് വരുന്നത്. ഇറ്റലിക്കാരനായ കർദിനാൾ ആൻജലോ അമാത്തോ ആണ് തലവൻ. റിലേറ്റർ സ്ഥാനം ആദ്യഘട്ടത്തിൽ അഞ്ചു വർഷത്തേക്കും ദീർഘകാലത്തിൽ റോമൻ കൂരിയായിലെ റിട്ടയർമെന്‍റ് കാലമായ 70 വയസുവരെയും നീണ്ടുനിൽക്കാവുന്നതാണ്. ഇപ്പോൾ ഞാൻ ഈ സ്ഥാനത്ത് നിയമിക്കപ്പെട്ടത് ഒരാളുടെ റിട്ടയർമെന്‍റുമായി ബന്ധപ്പെട്ടുണ്ടായ ഒഴിവിലാണ്. അദ്ദേഹം കൈകാര്യം ചെയ്ത ഏകദേശം അമ്പതോളം കേസുകളാണ് എനിക്കിനി കൈകാര്യം ചെയ്യാനുളളത്. ഭാരിച്ച ഉത്തരവാദിത്തമാണ് റിലേറ്റർ എന്ന പദവി എന്നാണ് ഞാൻ മനസിലാക്കുന്നത്.

? ഭാരതസഭയിൽ നിന്ന് വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ ഉൾപ്പെടെയുള്ള പുണ്യാത്മാക്കളുടെ നാമകരണ നടപടി പുരോഗമിക്കുകയാണല്ലോ.
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയസച്ചനെ പോലുള്ളവരുടെ 'Possissio' അംഗീകരിക്കപ്പെട്ട് പോയതാണ്. ആയതിനാൽ ഇത്തരം നാമകരണ നടപടി സംബന്ധിച്ച് റിലേറ്റർക്ക് ഒന്നും ചെയ്യാനില്ല. എങ്കിലും പുതിയ നാമകരണ നടപടി ഉണ്ടാകുമ്പോൾ ഭാരതസഭാംഗം എന്ന നിലയിൽ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് സാധിക്കും. അങ്ങനെ സത്വര നടപടികളിലൂടെ 'Possissio' ഉണ്ടാക്കി നൽകുന്നതിന് ശ്രമിക്കും.

? 'Possissio' തിരുസംഘത്തിൽ സമർപ്പിച്ചതിനുശേഷമുള്ള അതി
ന്‍റെ നടപടിക്രമം എങ്ങനെയാണ്
'Possissio' യുടെ 70 കോപ്പിയെങ്കിലും വിശുദ്ധരുടെ നാമകരണ നടപടികളുമായി ബന്ധപ്പെട്ട തിരുസംഘത്തിന് നൽകണം. ആർക്കൈവ്‌സിൽ ഇതിന്‍റ് ഒരു കോപ്പി സൂക്ഷിക്കും. ഒമ്പത് ദൈവശാസ്ത്രജ്ഞന്മാരടങ്ങുന്ന ടീം ഗഹനമായി ഇത് പരിശോധിക്കും. ഒമ്പതുപേരിൽ ഒരാളെ വസ്തുനിഷ്ഠമായി ഇക്കാര്യം വിലയിരുത്തുന്നതിന് അവർ നിയോഗിക്കും. ഇദ്ദേഹം ഇക്കാര്യം ആഴത്തിൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ആറുപേർ ആ റിപ്പോർട്ട് അനുകൂലിച്ചാൽ മാത്രമേ തുടർ നടപടികൾ പുരോഗമിക്കുകയുള്ളൂ. പിന്നീട് ദൈവശാസ്ത്രജ്ഞന്മാരുടെ നിഗമനങ്ങളുംകൂടി ചേർത്ത് പ്രിന്‍റ് ചെയ്ത് ബുക്കുകളാക്കും. അതിനുശേഷമാണ് കർദിനാൾമാരും ബിഷപ്പുമാരുമടങ്ങിയ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിന് സമർപ്പിക്കുന്നത്. എല്ലാ റിപ്പോർട്ടും അനുകൂലമാണെങ്കിൽ പ്രീഫെക്ട് (തലവൻ) റിപ്പോർട്ട് പത്ത് പേജിലേക്ക് ചുരുക്കി മാർപാപ്പയുടെ അനുമതിക്ക് സമർപ്പിക്കും. മാർപാപ്പ  പ്രാർത്ഥനാപൂർവ്വം ഈ റിപ്പോർട്ടിൽ  ഒപ്പുവയ്ക്കുന്നതോടുകൂടി ആ വ്യക്തി ധന്യപദവിയിൽ എത്തപ്പെടുന്നു. 'Possissio' തയാറാക്കുന്നതിനോടൊപ്പംതന്നെ ശക്തമായ ഒരു അത്ഭുതം സംഭവിക്കുകയാണെങ്കിൽ അതി
ന്‍റെ റിപ്പോർട്ടും മറ്റും പോസ്റ്റുലേറ്റർക്ക് സമർപ്പിക്കാം. അങ്ങനെയെങ്കിൽ നടപടിക്രമങ്ങൾ കുറെക്കൂടി വേഗത്തിലാകും.

? റിലേറ്റർ എന്ന പദവി ഏറ്റെടുക്കുന്നതെന്നാണ്. ഭാരതത്തിൽനിന്ന് ഏതെങ്കിലും നാമകരണ നടപടികളുടെ 'Possissio'  തയാറാക്കുന്നുണ്ടോ.
വിശുദ്ധരുടെ നാമകരണ നടപടികളുടെ തലവനായ കർദിനാൾ ആൻജലോ അമാത്തോയുടെ കൈകളിലാണ് മാർപാപ്പ പുറപ്പെടുവിച്ച അധികാരപത്രം ഇരിക്കുന്നത്. റോമിൽ ചെന്നാൽ ആദ്യനടപടി കർദിനാളിൽനിന്ന് ഇത് വാങ്ങിക്കുക എന്നതാണ്. ഏകദേശം അമ്പതോളം കേസ് പൂർത്തിയാക്കപ്പെടാൻ ഉണ്ട്.
കേരളത്തിൽനിന്ന് അഗസ്റ്റിൻ ജോൺ ഊക്കനച്ച
ന്‍റെ നാമകരണ നടപടികൾക്ക് റിലേറ്ററെ നിയമിക്കുന്ന തലത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. വിശുദ്ധ അൽഫോൻസാമ്മയുടെ നാമകരണ നടപടികൾക്കായി പോസ്റ്റുലേറ്ററുടെ അസിസ്റ്റന്‍റായി പ്രവർത്തിക്കുന്നതിനുളള ദൈവകൃപ ലഭിച്ചത്  ഒരനുഗ്രഹമായി കാണുന്നു. 'Possissio' സമർപ്പിച്ചു കഴിഞ്ഞാൽ അത്ഭുതം സംഭവിക്കുന്നതിന്‍റെ വെളിച്ചത്തിലാണ് നാമകരണ നടപടി മുന്നോട്ട് പോകുന്നത്.

? മാർപാപ്പയുടെ കാര്യനിർവഹണ സമിതിയിലെ ഒരു പ്രധാന അംഗമെന്ന നിലയിൽ പാപ്പയുടെ ലളിത ജീവിതത്തെ എങ്ങനെ നോക്കിക്കാണുന്നു.
ഫ്രാൻസിസ് മാർപാപ്പ കാണിക്കുന്നത് സഭയുടെ പുതിയൊരു മുഖമാണ് എന്നതിൽ സംശയമില്ല. ലാളിത്യമെന്നത് സഭയുടെ മുഖമുദ്രയാണ്. സഭ അതിൽനിന്ന് ചിലപ്പോഴെങ്കിലും വ്യതിചലിച്ചുപോയി. ചില പ്രത്യേക കാര്യങ്ങളിൽ തളച്ചിടപ്പെട്ട ഒരു സാഹചര്യവും നിലനിൽക്കുന്നുണ്ട്. അതിൽനിന്ന് സഭയെ പുറത്തെത്തിക്കുന്നതിനാണ് പാപ്പയുടെ ശ്രമം. ക്രിസ്തുവി
ന്‍റെ ലളിത ജീവിതശൈലി നാം തുടരണം. അതിന് നമുക്ക് ബാധ്യതയുണ്ട്.

സഭ പൊതുവിൽ ലളിതജീവിതശൈലിയെ നെഞ്ചിലേറ്റുന്നതാണ്. എന്നാൽ, ചിലപ്പോഴെല്ലാം അതിന് സാധിക്കാതെയും വരുന്നുണ്ട്. ലളിത ജീവിതശൈലിയും ഇടപെടലുകളും സഭ ഇന്നും തുടരേണ്ടിയിരിക്കുന്നു. ഏവരെയും ഒന്നായി കണ്ട് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ദൈവം നൽകുന്ന സമ്പത്ത് അർഹതപ്പെട്ടവനുമായി പങ്കുവയ്ക്കുന്നതിനുള്ള വേദിയും സഭ ഒരുക്കണം. അതിലൂടെ സമൂഹത്തിലെ അന്ത രം കുറയ്ക്കാൻ സാധിക്കും.

ദൈവനിയോഗത്താൽ സംലഭ്യമായ പദവി നല്ല രീതിയിൽ നിർവഹിക്കപ്പെടുന്നതിന് വായനക്കാരുടെ പ്രാർത്ഥന ചോദിച്ചാണ് അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്.

പാലാ രൂപത ഏഴാച്ചേരി പള്ളത്ത് അഗസ്റ്റിൻ - മേരിക്കുട്ടി ദമ്പതികളുടെ മകനായ ഫാ. പോൾ പാലാ ഗുഡ്‌ഷെപ്പേർഡ് മൈനർ സെമിനാരിയിലും ആലുവാ സെന്‍റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടിലും വൈദികപഠനം പൂർത്തിയാക്കി. 1987 ൽ വൈദികനായ ഉടൻ കൊഴുവനാൽ സെന്‍റ് ജോൺ നെപ്യുംസ്യാൻസ് പള്ളിയിൽ അസിസ്റ്റന്‍റ് വികാരിയായി. തുടർന്ന് റോമിൽ പോയി ഉപരിപഠനം നടത്തി ലാറ്റിൻ കാനൻ നിയമത്തിലും പൗരസ്ത്യ കാനൻ നിയമത്തിലും ഡോക്ടറേറ്റ് നേടി. ലാറ്റിൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ജർമൻ തുടങ്ങി എട്ടോളം ഭാഷകളിൽ പ്രാവീണ്യമുണ്ട്. ഫാ. പോൾ പള്ളത്ത് വിവിധ ഭാഷകളിലായി 12 ഓളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തിലും ആരാധനാക്രമത്തിലും അവഗാഹം നേടിയ അച്ചൻ ഇപ്പോൾ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടിലെ അസോസിയേറ്റ് പ്രഫസറാണ്. 

No comments:

Post a Comment