Sunday Shalom, 02 October 2013
Written by ബിനോജ് മണി
അടുത്തയിടെ ഒരു ഉത്സവകാലത്ത് കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. തലയിൽ ലൈറ്റുള്ള കൊമ്പും വച്ച് 'ചെകുത്താൻ'മാരെപ്പോലെ നടക്കുന്ന കൊച്ചുകുട്ടികൾ. ഒന്നും രണ്ടുമല്ല, ഒരുപാടുപേർ. സ്വന്തം മക്കൾ ചെകുത്താൻമാരെപ്പോലെ നടക്കുന്നതു കണ്ട് രസിക്കുന്ന മാതാപിതാക്കൾ. കുട്ടികൾക്കുളള പുതിയ കളിക്കോപ്പു കണ്ടപ്പോൾ യഥാർത്ഥത്തിൽ ഞെട്ടൽ മാത്രമല്ല വേദനയും തോന്നി.
കുട്ടികളെ 'ചാത്തൻ'മാരാക്കല്ലേ!
അതുപോലെ അടുത്തകാലത്ത് ഒരു പ്രമുഖ ദിനപത്രത്തിൽ ഒരു പരസ്യം കാണാനിടയായി. ''ലുട്ടാപ്പിയാകൂ, സമ്മാനം നേടൂ'' - ഇതായിരുന്നു പരസ്യവാചകം. കുട്ടികളെ ലുട്ടാപ്പിയായി വേഷം കെട്ടിച്ച് മൊബൈൽ ഫോണിൽ വീഡിയോ ഷൂട്ട് ചെയ്ത് അവരുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താൽ മതി. കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളാണത്രേ. ഇനി ലുട്ടാപ്പി ആരാണെന്നറിയേണ്ടേ? കുട്ടികൾക്കുള്ള ഒരു പ്രസിദ്ധീകരണത്തിലെ ചെകുത്താൻ കഥാപാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ കുട്ടിയെ ചെകുത്താനെപ്പോലെ വേഷംകെട്ടിച്ച് അവന്റെ കുറെ വിക്രിയകൾ മൊബൈൽ ഫോണിൽ പകർത്തി അയച്ചുകൊടുത്താൽ സമ്മാനം. കുഞ്ഞുങ്ങളോടു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ക്രൂരത!
കഷ്ടം! ദൈവം നല്കിയിരിക്കുന്ന മക്കളെ ചെകുത്താനെപ്പോലെ വേഷം കെട്ടിക്കാൻ എങ്ങനെയാണ് മാതാപിതാക്കൾക്ക് കഴിയുന്നത്? ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്, മക്കൾ കർത്താവിന്റെ ദാനവും ഉദരഫലം ഒരു സമ്മാനവുമെന്നാണ് (സങ്കീർത്തനം.127:3). അവിടുന്നാണ് അവരുടെ അന്തരംഗത്തിന് രൂപം നല്കുന്നതും അമ്മയുടെ ഉദരത്തിൽ മെനയുന്നതും (സങ്കീർത്തനം 139:13) ഒരുപക്ഷേ, ഈ തിരിച്ചറിവില്ലാത്തതിനാലായിരിക്കാം പലരും ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും മെനഞ്ഞ് സമ്മാനമായി നല്കിയിരിക്കുന്ന കുഞ്ഞുങ്ങളെ ചെകുത്താൻമാരെപ്പോലെ വേഷം കെട്ടിക്കുന്നത്.
സാത്താന് അവസരം കൊടുക്കരുതേ !
ഓ ! ഇതിലെന്താ കുഴപ്പം ? ഇതൊക്കെ വെറും വിനോദമായിട്ടോ, കളിയായിട്ടോ മാത്രം കണ്ടാൽ പോരേ എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. ഇത്തരം നിസാരകാര്യങ്ങളൊക്കെ വലിയ കാര്യമാക്കേണ്ടതുണ്ടോ എന്നു കരുതുന്നവരുമുണ്ട്. സത്യത്തിൽ ഇതിൽ പതിയിരിക്കുന്ന അപകടങ്ങളെപ്പറ്റിയുള്ള തിരിച്ചറിവില്ലാത്തതുകൊണ്ടാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത്. ''ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവൻ അല്പാല്പമായി നശിക്കും'' (പ്രഭാ. 19:1).
പിശാചിനെ നുണയനും നുണയുടെ പിതാവുമെന്നാണ് യേശു വിശേഷിപ്പിക്കുന്നത് (യോഹ. 8:44). ഇന്ന് പിശാച് പല രീതിയിലാണ് കുഞ്ഞുങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നത്. അതിൽ ചിലതാണ് മുകളിൽ സൂചിപ്പിച്ചത്. കുട്ടികൾ വായിക്കുന്ന കഥകൾ, കുട്ടികളുടെ ടി.വി പ്രോഗ്രാമുകൾ, സിനിമകൾ, വീഡിയോഗെയിമുകൾ എന്നിവയിലൊക്കെ ഇന്ന് നിറഞ്ഞുനില്ക്കുന്നത് ചെകുത്താൻ കഥാപാത്രങ്ങളും അന്യഗ്രഹജീവികളുമൊക്കെയാണ്. അക്ഷരംപോലും അറിയാത്ത കുരുന്നുകളുടെ 'ഹീറോ'കളും ഇത്തരം കഥാപാത്രങ്ങളാണ്. കാരണം, ആവശ്യനേരത്ത് വിളിക്കുമ്പോഴും മന്ത്രം ചെയ്യുമ്പോഴും ഓടിയെത്തുന്ന രക്ഷകരുടെ റോളാണ് പല കഥാപാത്രങ്ങൾക്കും നല്കിയിരിക്കുന്നത്. കുഞ്ഞുമനസിൽ അവർ സ്നേഹിക്കുന്നതും അവർക്ക് ആരാധനാ പാത്രമായിരിക്കുന്നതും ചെകുത്താൻ കഥാപാത്രങ്ങളാണെന്നത് വളരെ ഗൗരവമായി കാണേണ്ട കാര്യമാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ, മാതാപിതാക്കളും മാധ്യമങ്ങളും അറിഞ്ഞോ അറിയാതെയോ കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ ചെകുത്താന് വാതിലുകൾ തുറന്നു കൊടുക്കുന്നു. ദൈവവചനം നല്കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക. ''സാത്താന് നിങ്ങൾ അവസരം കൊടുക്കരുത്''(എഫേ. 4:27).
കുട്ടികളെ ആകർഷിക്കാൻ എത്രയെത്ര തന്ത്രങ്ങൾ
നഴ്സറി കുട്ടികൾക്ക് കണക്കു പഠിക്കാനായി പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പുസ്തകത്തിന്റെ പേര് "‑monster mathematics' എന്നാണ്."monster' എന്നാൽ കുട്ടിച്ചാത്തൻ. കുട്ടികൾക്ക് കുട്ടിച്ചാത്തൻമാർ ഏറെ പരിചിതരായതുകൊണ്ടാണോ അതോ കുട്ടിച്ചാത്തന്മാർ കുട്ടികളുടെ ഹീറോ ആയതുകൊണ്ടാണോ എന്നറിയില്ല, ആ പുസ്തകത്തിൽ കുട്ടിച്ചാത്തൻമാരെ ഉപയോഗിച്ചാണ് കണക്ക് പഠിപ്പിക്കുന്നത്.
ഉദാ: 1 monster + 1 monster = 2 monsters എണ്ണം പഠിപ്പിക്കാൻ വേറെ എന്തൊക്കെ വഴികളുണ്ട്. പക്ഷികളെയോ മൃഗങ്ങളെയോ പൂക്കളെയോ ഒക്കെ ഉപയോഗിച്ച് എണ്ണം പഠിപ്പിക്കാമല്ലോ? നഴ്സറി കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന പ്രമുഖ മാസികയിലെ സ്ഥിരം പംക്തിയായ ഒരു കഥ ലുട്ടാപ്പി എന്ന കുട്ടിച്ചാത്തന്റെ വികൃതിത്തരങ്ങളാണ്. ചില ചാനലുകളിലെ റിയാലിറ്റിഷോകളിൽ ചെകുത്താൻമാരുടെ വേഷംകെട്ടിച്ച് കുട്ടികളെക്കൊണ്ട് നൃത്തം ചെയ്യിക്കുന്നു. ഒരു ബേക്കറിയിൽ കണ്ട കേക്കിന്റെ പേരും എന്നെ അതിശയിപ്പിച്ചു þ "-Devils food cake.
അതുമാത്രമോ അടുത്തിടെ പുറത്തിറങ്ങിയ 'ഡ്രാക്കുള' എന്ന ഹൊറർ സിനിമ വിജയിപ്പിക്കുന്നതിൽ മുഖ്യപങ്ക് കുട്ടികൾക്കാണെന്ന് അതിന്റെ നിർമ്മാതാക്കൾ തന്നെ പരസ്യം ചെയ്തിരിക്കുന്നത് കണ്ടപ്പോഴും അമ്പരപ്പുണ്ടായി. കുട്ടികളെ തന്റെ ആകർഷണ വലയത്തിലാക്കാൻ പിശാച് പരിശ്രമിക്കുന്നതിന്റെ ചില ഉദാഹരണങ്ങളാണിവ. പ്രശസ്ത ഭൂതോച്ഛാടകനായ ഫാ. ഗാബ്രിയേൽ അമോർത്തിന്റെ വാക്കുകൾ ശ്രദ്ധിക്കുക: ''പലരും സാത്താന് വാതിലുകൾ മലർക്കെ തുറന്നുകൊടുക്കുന്നു. ദൈവവിശ്വാസത്തിൽ നിന്നും അകന്നുപോകുന്നത് തന്നെ മുഖ്യം. വിശ്വാസം കുറയുമ്പോൾ അന്ധവിശ്വാസം വർദ്ധിക്കും. ദൈവത്തെ ഉപേക്ഷിക്കുമ്പോൾ, സാത്താൻ ഉളളിൽ പ്രവേശിക്കുന്നു. ഇന്നത്തെ മാധ്യമങ്ങൾ സാത്താനു വേണ്ടി വളരെയധികം കാര്യങ്ങൾ ചെയ്തു കൊടുക്കുന്നുവെന്നതിൽ യാതൊരു സംശയവുമില്ല. ചില അധാർമ്മികമായ ഷോകൾ, അക്രമങ്ങൾ അമിതമായി കാണിക്കുന്ന സിനിമകൾ, ഹൊറർ, സെക്സ്. ഇതിനെല്ലാം പുറമേ, മാധ്യമങ്ങൾ മന്ത്രവാദങ്ങൾക്കും കവറേജ് നല്കുന്നുണ്ട്.''
കുട്ടികൾ കാണുന്നതും വായിക്കുന്നതും കേൾക്കുന്നതും അവരുടെ സ്വഭാവരൂപീകരണത്തിൽ മുഖ്യപങ്കു വഹിക്കുന്നുണ്ട്. ഒരു കുട്ടിക്ക് വാങ്ങികൊടുക്കുന്ന കളിപ്പാട്ടംപോലും കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ സ്വാ ധീനിക്കുന്നു. അങ്ങനെയെങ്കിൽ മുകളിൽ സൂചിപ്പിച്ച കഥകളുടെയും സിനിമകളുടെയും ആകർഷണശക്തി കണ്ടില്ലെന്നു നടിക്കാൻ നമുക്ക് കഴിയില്ല. ഇന്ന് കുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നത് ഇത്തരത്തിലുള്ള കഥകളും സിനിമകളും വീഡിയോ ഗെയിമുകളുമാണ്. ഒരു കടയിൽ 'മായാവി'എന്ന കുട്ടിച്ചാത്തന്റെ കഥകളുടെ സി.ഡി കണ്ട് അതു വേണമെന്ന് എന്റെ മൂന്നര വയസുള്ള മകൾ വാശിപിടിക്കുന്നത് കണ്ടപ്പോൾ അത് ചെലുത്തുന്ന ആ കർഷണശക്തി ചെറുതല്ലെന്നു മനസിലായി. കുറച്ചുനാൾ മുൻപ് ഒരു ടി.വി. ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന 'കുട്ടിച്ചാത്തൻ' സീരിയൽ കാണാൻ കുട്ടികൾ കൃത്യസമയത്ത് തന്നെ കാത്തിരിക്കാറുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അവർക്കത് കാണാൻ സാധിച്ചില്ലെങ്കിലോ പിന്നെ വലിയ പ്രശ്നമാണത്രേ. സത്യത്തിൽ ആദി മുതലേ പിശാചിന്റെ വലിയ തന്ത്രമാണ് ഈ ആകർഷണം അഥവാ വശീകരണം. ദൈവം കഴിക്കരുതെന്ന് പറഞ്ഞ വൃക്ഷത്തിന്റെ ഫലത്തിലേക്ക് ഹവ്വായെ പിശാച് തന്ത്രപൂർവ്വം ആകർഷിച്ച് തന്റെ വശത്താക്കുന്നു. പിശാച് അതുതന്നെയാണ് അവർത്തിക്കുന്നതും. കുഞ്ഞുങ്ങളുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറി അവരെ തന്റെ വശത്താക്കാൻ ഇത്തരം കഥകളും പ്രോഗ്രാമുകളും വീഡിയോ ഗെയിമുകളും മറ്റും പിശാച് ഉപകരണമാക്കുന്നു.
തിന്മയെ നന്മയാക്കുമ്പോൾ
നാം ഗൗരവമായി കാണേണ്ട മറ്റൊരു കാര്യം ഇത്തരം കഥാപാത്രങ്ങളും കഥകളും കുട്ടികളിൽ ഉണ്ടാക്കുന്ന ആശയക്കുഴപ്പമാണ്. മാത്രമല്ല ഇവ കുട്ടികളെ വഴിതെറ്റിക്കുകയും അവരിൽ തിന്മയുടെ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. പിശാച് വരുന്നത് വഴിതെറ്റിക്കാനാണെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. ''ഭൂമിയുടെ നാലു കോണിലുമുളള ജനതകളെ വഴിതെറ്റിക്കാൻ അവൻ പുറത്തു വരും'' (വെളിപാട് 20:8). നന്മയും തിന്മയും വേർതിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ഇത്തരം കഥകളും കഥാപാത്രങ്ങളും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ''തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവന് ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം!'' (ഏശയ്യാ 5:20). തിന്മയെ വെള്ളപൂശാൻ അഥവാ നന്മയുടെ പരിവേഷം നല്കാനാണ് ഇത്തരത്തിലുള്ള കഥകളിൽ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, ഒരു പ്രമുഖ കുട്ടികളുടെ മാസികയിലെ സ്ഥിരം പംക്തിയിൽ രണ്ടു കുട്ടിച്ചാത്തൻ കഥാപാത്രങ്ങളുണ്ട് - മായാവിയും ലുട്ടാപ്പിയും. അതിൽ മായാവിയെ നല്ലവനായ കുട്ടിച്ചാത്തനായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചെകുത്താന്മാരിലും നല്ലവരോ? ഇതാണ് കുട്ടികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ചെകുത്താൻമാരിലും നല്ലവരുണ്ടെന്ന മിഥ്യബോധം കുട്ടികളിൽ ഇത്തരം കഥകളും കഥാപാത്രങ്ങളും ഉളവാക്കിയേക്കാം. ഇനി ചൂടപ്പംപോലെ വിറ്റഴിഞ്ഞ ഹാരിപോട്ടർ കഥകളുടെ കാര്യമോ? അവയുടെ പ്രമേയം മന്ത്രവാദം പഠിച്ച് ദുർമന്ത്രവാദികൾക്കെതിരെ പോരാടുന്ന കുഞ്ഞുനായകനാണ്. ഒരു ദുർമന്ത്രവാദി ഹാരിയുടെ മാതാപിതാക്കളെ കൊല്ലുന്നു. അനാഥനായ ഹാരിപോട്ടർ ആ ദുർമന്ത്രവാദിയോട് പ്രതികാരം ചെയ്യാനായി ദുർമന്ത്രവാദ പാഠശാലയിൽ ചേരുന്നു. ഹോഗ്വാർട്സ് സ്കൂൾ ഓഫ് വിച്ച് ക്രാഫ്റ്റ് ആൻഡ് വിസാർഡി എന്ന ദുർമന്ത്രവാദ പാഠശാലയിൽ ഹാരി ചെലവിടുന്ന ഓരോ വർഷത്തിനും ഓരോ ഭാഗം എന്ന നിലയിലാണ് ഗ്രന്ഥകാരി ആറ് പുസ്തകങ്ങൾ എഴുതിയത്. ആ കഥയിലെ നായകൻ മന്ത്രവാദം പഠിച്ച സ്കൂളിൽ അഡ്മിഷൻ ലഭിക്കുമോയെന്നറിയുവാൻ അതു വായിച്ച അനേകം കുട്ടികൾ കത്തുകൾ അയച്ചുവത്രേ. മന്ത്രവാദത്തെ ദൈവവചനം ഒരു വലിയ തിന്മയായി ഉയർത്തിക്കാട്ടുമ്പോൾ ഇത്തരം കഥകൾ തിന്മയെ നന്മയാക്കി മാറ്റാൻ ശ്രമിക്കുകയാണ്. മാത്രവുമല്ല, ഇത്തരം കഥകളും പ്രോഗ്രാമുകളും കുട്ടികളിൽ തിന്മയോടും തിന്മയുടെ ശക്തികളോടും ഒരു മൃദുസമീപനം ഉണ്ടാക്കുകയും ചെയ്യുന്നു.
തിന്മയെ ഉപേക്ഷിക്കാം, നന്മയെ മുറുകെപ്പിടിക്കാം.
ഇക്കാര്യത്തിൽ മാതാപിതാക്കൾ നിതാന്ത ജാഗ്രത പുലർത്തണം. ദൈവവിശ്വാസത്തിലും നന്മയിലും വിശുദ്ധിയിലും അവർ വളർന്നുവരുന്നതിനാണ് മാതാപിതാക്കൾ മുൻതൂക്കം നല്കേണ്ടത്. അതിന് സഹായിക്കുന്ന പുസ്തകങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ അവർക്ക് നല്കണം. ഇന്ന് കുട്ടികൾ ദൈവവിശ്വാസത്തിലും നന്മയിലും വളർന്നു വരുന്നതിനു സഹായകമാകുന്ന പുസ്തകങ്ങളും മാസികകളും വിശുദ്ധരുടെ ജീവചരിത്രങ്ങളുമെല്ലാം ലഭ്യമാണ്. പല പ്രായത്തിലുളള കുട്ടികൾക്കായുളള ബൈബിളുകളും ബൈബിൾ ചിത്രകഥകളും വിശുദ്ധരുടെ ജീവിതങ്ങളും ആസ്പദമാക്കിയുളള സിനിമകളും ലഭ്യമാണ്. അത് കുട്ടികൾക്ക് നല്കുകയും കഥകൾ പറഞ്ഞു കൊടുക്കുകയും വായിക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണം. അതേസമയം, പിശാചിനും പൈശാചിക പ്രവർത്തനങ്ങൾക്കും അവരുടെ ജീവിതത്തിലേക്കുളള വാതിൽ തുറന്നുകൊടുക്കുന്ന ടി. വി. പ്രോഗ്രാമുകളും സിനിമകളും കുട്ടികൾ കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ കാണുന്ന പ്രോഗ്രാമുകളുടെയും വീഡിയോ ഗെയിമുകളുടെയും ഉളളടക്കം മാതാപിതാക്കൾ അറിഞ്ഞിരിക്കണം. കുട്ടികളുടേതെന്നു പറയപ്പെടുന്ന ചില ടി.വി പ്രോ ഗ്രാമുകളിൽപ്പോലും അക്രമവും ലൈംഗികതയുമൊക്കെ നി റഞ്ഞുനില്ക്കുന്നു. തിന്മയുടെ ശക്തികൾക്ക് ഹീറോ പരിവേഷം നല്കുന്ന അല്ലെങ്കിൽ, തിന്മയെ നന്മയായി ഉയർത്തിക്കാട്ടുന്നവ കുട്ടികൾ കാണിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം പ്രോഗ്രാമുകൾ സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന കുട്ടികളാണെങ്കിൽ അവരെ മാതാപിതാക്കൾ സ്നേഹത്തോടെ പറഞ്ഞു മനസിലാക്കി അതിൽ നിന്ന് പിന്തിരിപ്പിക്കണം.
ഓർക്കുക, കുഞ്ഞുങ്ങൾ ദൈവം നല്കിയിരിക്കുന്ന അമൂല്യമായ മുത്തുകളാണ്. അവരെ നമുക്ക് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാം. ''നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടു കൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം'' (മത്തായി. 7:6).
No comments:
Post a Comment