Thursday, 12 September 2013

ഇങ്ങനെയുമുണ്ടോ ഒരു പാപം?



Shalom Times, 03 September 2012
Written by  സ്റ്റെല്ല ബെന്നി 

ധ്യാനഗുരു പറഞ്ഞ ഒരു സംഭവമാണിത്. ഒരിക്കൽ അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. അന്ന് ആ ട്രെയിൻ വൈകിയാണ് ഓടിയിരുന്നത്. മാത്രമല്ല, ട്രെയിനിൽ നല്ല തിരക്കും. എന്നാലും അദ്ദേഹത്തിന് ഇരിക്കാൻ സ്ഥലം കിട്ടി. ഏതാനും സ്റ്റേഷനുകൾ പിന്നിട്ടപ്പോൾ ഒരു സ്ത്രീ ഒക്കത്ത് കുഞ്ഞുമായി ട്രെയിനിൽ കയറി. അവൾ തിക്കിത്തിരക്കി എവിടെയെങ്കിലും ചാരി നില്ക്കാനൊരു സ്ഥലം നോക്കി ധ്യാനഗുരു ഇരുന്നിരുന്ന സീറ്റിന്റെ എതിർഭാഗത്തുള്ള സീറ്റിനടുത്ത് വന്നുനിന്നു. വൈദികൻ ആ സ്ത്രീക്കുവേണ്ടി തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്താലോയെന്ന് ആലോചിക്കുന്നതിനിടയിലാണ് അദ്ദേഹം ആ കാഴ്ച കാണുന്നത്. തന്റെ എതിരെയുള്ള സീറ്റിൽ ഒരാൾക്കുകൂടി ഇരിക്കാനുള്ള സ്ഥലമുണ്ട്. പക്ഷേ, ആ സീറ്റിൽ ഇരിക്കുന്ന ഒരാൾ അല്പം കൂടുതൽ സ്ഥലം കവർന്നിട്ടുണ്ട്. കുറെനേരം കഴിഞ്ഞിട്ടും ആ കുഞ്ഞിനെയും അമ്മയെയും കണ്ടിട്ടും അയാൾ കണ്ടഭാവംപോലും നടിച്ചില്ല. അദ്ദേഹം അല്പമൊന്ന് ഒതുങ്ങിക്കൊടുത്താൽ മതി ആ സ്ത്രീക്ക് തന്റെ കുഞ്ഞിനെയും മടിയിൽ വച്ച് അവിടെ ഇരിക്കുവാനാകും. പക്ഷേ, ആ വ്യക്തി അതിനു തയാറല്ല എന്നു കണ്ടപ്പോൾ ആ വൈദികൻ അയാളെ വിളിച്ചുകൊണ്ടു പറഞ്ഞു: ''സുഹൃത്തേ, അല്പമൊന്ന് ഒതുങ്ങിയിരുന്നാൽ ഈ സ്ത്രീക്കുകൂടി അവിടെ ഇരിക്കാൻ കഴിയുമല്ലോ.'' അതിനുള്ള ഉത്തരം അദ്ദേഹം പറഞ്ഞില്ല. പകരം വലിയ കോപത്തോടുകൂടി ആ വൈദികനെ ഒന്നു നോക്കി. ആ മനുഷ്യൻ അതിനു തയാറല്ല എന്നു കണ്ടപ്പോൾ വൈദികൻ തന്റെ അഭ്യർത്ഥന വീണ്ടും ആവർ ത്തിച്ചു. അപ്പോൾ അയാൾ ഇപ്രകാരം പറഞ്ഞു; ''ഞാൻ ഒതുങ്ങിയിരുന്നിട്ട് ആരും ഈ സീറ്റിൽ ഇരിക്കാമെന്ന് കരുതേണ്ട. പകരം അച്ചനങ്ങോട്ട് എഴുന്നേറ്റു നിന്നിട്ട് അവരെ അവിടെ ഇരുത്തുകയായിരിക്കും കൂടുതൽ നല്ലത്. അച്ചനറിയാമോ മൂന്നുനാലു വർഷമായി ഞാൻ ഈ ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്നു. രാവിലെയും വൈകുന്നേരവും ഞാൻ കമ്പനിയിലേക്കു പോകുന്നതും തിരികെ വരുന്നതും ട്രെയിനിൽ തന്നെയാണ്. പലപ്പോഴും കമ്പനിയിലെ ജോലി കഴിഞ്ഞ് ക്ഷീണിച്ചവശനായിട്ടായിരിക്കും ട്രെയിനിൽ കയറിപ്പറ്റുന്നത്. നാളിതുവരെ ഒരൊറ്റ വ്യക്തിപോലും തൂങ്ങിനില്ക്കുന്ന എന്നെ കണ്ടിട്ട് അല്പമൊന്ന് ഒതുങ്ങിയിരുന്ന് എന്നെ ഇരിക്കുവാൻ അനുവദിച്ചിട്ടില്ല. എനിക്കിതുവരെ കിട്ടാത്തത് ഞാനും കൊടുക്കാൻ തയാറല്ല.'' ഇത്രയും പറഞ്ഞതിനുശേഷം അയാൾ ഒന്നുകൂടി വിശാലമായി ഇരിക്കുവാൻ ശ്രമിച്ചു.

അപ്പോൾ ആ വൈദികൻ അങ്ങനെ അയാളോടു ചോ ദിച്ചു; ''സഹോദരാ, ഇതുവരെ നിങ്ങൾക്കു കിട്ടാത്ത നന്മ മറ്റൊരു വ്യക്തിക്ക് കൊടുക്കുവാൻ നിങ്ങൾ മടിക്കുന്നു, ശരിതന്നെ. എന്നാൽ, ഈ കൊടുക്കായ്കയുടെ ചങ്ങല ഒന്നു പൊട്ടിക്കാൻ നിങ്ങൾക്കൊന്നു മനസായിക്കൂടേ? നിങ്ങൾക്കു ലഭിക്കാത്തതുകൊണ്ട് നിങ്ങളും കൊടുക്കാത്ത ഈ ചങ്ങലയിൽ കുടുങ്ങി നാളിതുവരെ നിങ്ങൾ സഞ്ചരിച്ചു. എന്നാൽ, നിങ്ങൾക്കിതിനെ നല്കുന്നതിൽ സന്തോഷിക്കുന്നവരുടെ ചങ്ങലയാക്കി മാറ്റാൻ കഴിയും. ഇന്ന് നിങ്ങൾ ഈ സ്ത്രീക്ക് ഇരിക്കാൻ സീറ്റു കൊടുത്താൽ അവൾ എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും. മറ്റൊരിക്കൽ ഇതുപോലെ ഒരവസ്ഥയിൽ ഒരാളെ കാണുവാൻ ഇടയായാൽ ഒതുങ്ങിയിരുന്നോ സീറ്റ് ഒഴിഞ്ഞുകൊടുത്തോ അയാളെ സഹായിക്കുവാൻ നിങ്ങൾ അവളോടു കാണിക്കുന്ന കാരുണ്യം ഇടയായിത്തീരും. മാത്രമല്ല, അവളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞും ഈ കാഴ്ച കാ ണും. നാളെ ആവശ്യത്തിലായിരിക്കുന്ന ഒരാളെ കാണുമ്പോൾ സഹായിക്കാനുള്ള പ്രേരണ ആ കുരുന്നു മനസിലും മുളയെടുക്കും. അങ്ങനെ കൊടുക്കുന്നവരുടെ ചങ്ങലയിൽ ആ കുഞ്ഞും ഉൾപ്പെടാനിടവരും.'' അപ്പോഴാണ് തന്നെ നോക്കിക്കൊണ്ട് ആ സ്ത്രീയുടെ ഒക്കത്തിരുന്ന് ചിരിക്കുന്ന കുഞ്ഞിനെ അയാൾ കണ്ടത്. ആ കുഞ്ഞിലെ നന്മ ദർശിച്ചതുകൊണ്ടാകണം ഏതോ ഒരു പ്രേരണയാൽ അയാൾ ഒതുങ്ങിയിരുന്ന്, അമ്മയ്ക്കും കുഞ്ഞിനും ഇരിക്കാൻ സ്ഥലം കൊടുത്തു.

ചങ്ങലകൾ മുറിച്ചില്ലെങ്കിൽ...
സുഭാഷിതങ്ങളിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: ''നിനക്കു ചെയ്യാൻ കഴിവുള്ള നന്മ,

അതു ലഭിക്കാൻ അവകാശമുള്ളവർക്ക് നിഷേധിക്കരുത്'' (സുഭാ.3:27). പലപ്പോഴും മറ്റുള്ളവർക്ക് സഹായം ചെയ്യാനുള്ള നമ്മുടെ മടിയുടെ പിന്നിൽ ഇത്തരത്തിലുള്ള കൊടുക്കായ്കകളുടെ ചങ്ങലകൾ കാണാനിടയുണ്ട്. എന്റെ ആവശ്യസമയത്ത് എനിക്കാരും സഹായം തന്നിട്ടില്ല. അതുകൊണ്ട് ഞാനും ആർക്കും സഹായം ചെ യ്യാൻ തയാറല്ല എന്നതായിരിക്കും നമ്മുടെ നിലപാട്. എന്നാൽ, നമുക്ക് കിട്ടാത്തതു കൊടുക്കാൻ തയാറാകുന്നിടത്താണ് സ്‌നേഹത്തിന്റെ പൂർണത.

നമ്മളോട് മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ ധാരണ നമുക്കുണ്ടായിരിക്കാം. എന്നാൽ, മറ്റുള്ളവരോട് എപ്രകാരം നന്നായി പെരുമാറണം എന്നതിനെക്കുറിച്ചുള്ള ചിന്ത നമ്മളിൽ തീരെ ഇല്ലാതെയും വരാം. അതുകൊണ്ടാണ് യേശു ഇപ്രകാരം തന്റെ ശിഷ്യന്മാരോടും അതുവഴി നമ്മളോടും പറഞ്ഞത്, ''മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങ ൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ'' (ലൂക്കാ 6:31) എന്ന്.

യേശു ഇപ്രകാരം പറയുക മാത്രമല്ല ചെയ്തത്, സ്വ ന്തം ജീവിതത്തിലൂടെ അവിടുന്ന് അതു കാണിച്ചുകൊടുക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു; ''ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കുവാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെതന്നെ'' (മത്തായി 20:27).

അവസാനത്തെ അത്താഴസമയത്ത് യേശു എഴുന്നേറ്റ് മേലങ്കി മാറ്റി ഒരു തുവാലയെടുത്ത് അരയിൽ കെട്ടി. അനന്തരം ഒരു താലത്തിൽ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുകയും അരയിൽ കെട്ടിയിരുന്ന തുവാലകൊണ്ട് തുടയ്ക്കുകയും ചെയ്തു. പാദംകഴുകൽ ശുശ്രൂഷയ്ക്കുശേഷം അവിടുന്ന് മേല ങ്കി ധരിച്ച് സ്വസ്ഥാനത്തിരുന്നു. എന്നിട്ട് ശിഷ്യന്മാരോടു പറഞ്ഞു: ''ഞാനെന്താണു നിങ്ങൾക്ക് ചെയ്തതെന്ന് നിങ്ങൾ അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരു എ ന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ. ഞാൻ ഗുരുവും കർത്താവുമാണ്. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ, ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊ രു മാതൃക നല്കിയിരിക്കുന്നു'' (യോഹ.13:13-15).

കർത്താവ് ഇതൊരു കല്പനയായിട്ടാണ് ശിഷ്യന്മാർക്കു നല്കിയത്. ഈ വിധത്തിൽ സ്വയം താണുകൊണ്ട് മറ്റുള്ളവരെ ഉയർത്തുന്നവരെ ശ്രേഷ്ഠന്മാരിൽ അതിശ്രേഷ്ഠന്മാരായി അവിടുന്നു മുദ്ര കുത്തുകയും ചെയ്തു. അവിടുന്നു പറഞ്ഞു: ''നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവൻ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം. ആരാണ് വലിയവൻ, ഭക്ഷണത്തിനിരിക്കുന്നവനോ പരിചരിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലേ? ഞാനാകട്ടെ നിങ്ങളുടെ ഇടയിൽ പരിചരിക്കുന്നവനെപ്പോലെയാണ്'' (ലൂക്കാ 22:26-27).

എളിമപ്പെടുവാനും താഴാനും ഒരുവൻ തയാറാകുന്നതിന്റെ തോതനുസരിച്ചേ ആത്മീയ ജീവിതത്തിൽ വളരാൻ കഴിയൂ. 'താണനിലത്തേ നീരോടൂ' എന്ന പഴമൊഴി വ്യക്തമാക്കുന്നതും ഇതുതന്നെയാണ്. നമ്മളിലെല്ലാവരുംതന്നെ ആത്മീയ ജീവിതത്തിൽ വളരുവാനും ഫലം പുറപ്പെടുവിക്കുവാനും ആഗ്രഹിക്കുന്നവരാണ്. എന്നാൽ, ഇതിനുവേണ്ടി സ്വയം താഴലിന്റെയും എളിമപ്പെടലിന്റെയും വഴിയിലൂടെ ദൈവാത്മാവ് നമ്മെ നടത്തുമ്പോഴാണ് യഥാർത്ഥത്തിലുള്ള നമ്മുടെ തകർന്ന ആത്മീയ അവസ്ഥ പുറത്തുവരുന്നത്. സ്വയം താഴലിന്റെയും എളിമപ്പെടലിന്റെയും വഴികളിലൂടെ നയിക്കപ്പെടാനുള്ള കൃപ ദൈവാത്മാവിനോട് നാം ചോദിച്ചു വാങ്ങേണ്ടിയിരിക്കുന്നു.

ഇതു പാപംതന്നെ
പലരും പാപത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ സ്വയം നീതീകരിച്ചുപോകുന്ന ഒരു ഘട്ടമുണ്ട്. ഞാൻ ആർക്കെതിരെയും യാതൊരു തിന്മയും ചെയ്യുന്നില്ലല്ലോ എന്ന ചിന്തയാണ് അത്. എന്നാൽ, ദൈവവചനം പറയുന്നു; മറ്റുള്ളവരോടു ചെയ്യുന്ന ദ്രോഹങ്ങൾ മാത്രമല്ല പാപം. മറ്റുള്ളവർക്ക് ചെയ്യാതിരിക്കുന്ന നന്മയും പാപമാണ്. ഇതിനെക്കുറിച്ച് അധികമാർക്കും ബോധ്യമില്ല. എന്നാൽ ലേഖനത്തിലൂടെ ഇപ്രകാരം ദൈവം സംസാരിക്കുന്നു: ''ചെയ്യേണ്ട നന്മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു'' (യാക്കോബ് 4:17).

സ്‌നേഹപൂർവമുള്ള ഒരു വാക്ക്, ഒരു സാന്ത്വനം, കരുണാർദ്രമായ ഒരു കടാക്ഷം, അപരന്റെ നന്മയെക്കുറിച്ചുള്ള ഒരേറ്റുപറച്ചിൽ, വാത്സല്യപൂർവമുള്ള ഒരു തലോടൽ, അപരന്റെ നന്മ കാംക്ഷിച്ചുകൊണ്ട് കൊടുക്കുന്ന ഒരു തിരുത്തൽ, വിശക്കുന്നവന്റെ നേർക്കു നീട്ടുന്ന ഒരു പാത്രം ഭക്ഷണം, ദാഹിക്കുന്നവനു പകർന്നുകൊടുക്കുന്ന ദാഹജലം... എ ന്നിങ്ങനെ എത്രയെത്ര നന്മകളാണ് നമുക്കു മറ്റുള്ളവർക്കു നല്കാൻ കഴിയുന്നത്. അറിഞ്ഞുകൊണ്ട് നാമതു നിഷേധിക്കുമ്പോൾ അതു പാപമായിത്തീരുന്നു.
ഏറ്റവും പ്രധാനമായ ഒരു സംഗതി നമ്മുടെ കൊടുക്കായ്കകളുടെയും കൊടുത്തതിന്റെയും കണക്കാണ് അവസാന വിധിയുടെ സമയത്ത് നമ്മുടെ നേർക്കുള്ള വിധിവാചകത്തിനുള്ള തെളിവായി വായിക്കപ്പെടുന്നത്.

അന്ത്യവിധിയുടെ അളവുകോൽ
അന്ത്യവിധിയുടെ സമയത്ത് ഇടയൻ ചെമ്മരിയാടുകളെ കോലാടുകളി ൽനിന്നും വേർതിരിക്കുന്നതുപോലെ നീതിമാന്മാരെയും നീതിരഹിതരെ യും വേർതിരിക്കും. നീതിമാന്മാരെ തന്റെ വലതുവശത്തും നീതിരഹിതരെ തന്റെ ഇടതുവശത്തും നിർത്തും. അനന്തരം അവിടുന്ന് തന്റെ വലതുവശത്തു ള്ള നീതിമാന്മാരോടായി പറയും; എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവി ൻ. ലോകസ്ഥാപനം മുതൽ നി ങ്ങൾക്കായി സജ്ജമാക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. എന്തെന്നാൽ, എനിക്കു വിശന്നു നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്കു ദാഹി ച്ചു നിങ്ങൾ കുടിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നു നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗൃഹത്തിലായിരുന്നു നിങ്ങൾ എന്റെ അടുത്തുവന്നു.
അപ്പോൾ നീതിമാന്മാർ ഇങ്ങനെ മറുപടി പറയും: കർത്താവേ നിന്നെ വിശക്കുന്നവനായി കണ്ട് ഞങ്ങൾ ആഹാരം നല്കിയതും ദാഹിക്കുന്നവനായി കണ്ട് കുടിക്കാൻ നല്കിയതും എപ്പോൾ? നിന്നെ ഞങ്ങൾ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ട് സന്ദർശിച്ചത് എപ്പോൾ? അപ്പോൾ കർത്താവ് മറുപടി പറയും, സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് ചെയ്തുകൊടുത്തപ്പോൾ നിങ്ങൾ എനിക്കുതന്നെയാണ് ചെയ്തത് (മത്തായി 25:32-40).

അനന്തരം അവിടുന്ന് തന്റെ ഇടതുഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നിൽനിന്നകന്ന് പിശാചിനും അവന്റെ ദൂതന്മാർക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. എനിക്കു വിശന്നു നിങ്ങൾ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു നിങ്ങൾ കുടിക്കാൻ തന്നില്ല. ഞാൻ പരദേശിയായിരുന്നു നിങ്ങൾ എന്നെ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു നിങ്ങളെന്നെ ഉടുപ്പിച്ചില്ല. രോഗാവസ്ഥയിലും കാരാഗൃഹത്തിലും ആയിരുന്നു നിങ്ങളെന്നെ സന്ദർശിച്ചില്ല. അപ്പോൾ അവർ ചോദിക്കും: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ പരദേശിയോ നഗ്നനോ രോഗിയോ കാരാഗൃഹത്തിൽ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എ പ്പോൾ? അപ്പോൾ അവൻ മറുപടി പറയും. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഈ ഏറ്റവും എളിയവരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്യാതിരുന്നപ്പോൾ എനിക്കുതന്നെയാണ് ചെയ്യാതിരുന്നത്. ഇവർ നിത്യശിക്ഷയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പ്രവേശിക്കും (മത്തായി 25:41-46).

നരകത്തിൽ വിലാപവും പല്ലുകടിയും ആയിരിക്കും എന്ന് തിരുവചനത്തിൽ എഴുതപ്പെട്ടിട്ടുണ്ട്. ആ വിലാപം മിക്കവാറും എനിക്കു കഴിയാതെ പോയല്ലോ എന്നുള്ളതായിരിക്കും. എന്റെ കിണറ്റിലെ വെള്ളംകൊ ണ്ട് കർത്താവിന്റെ ദാഹമകറ്റാൻ, എന്റെ മേശയിലെ ഭക്ഷണംകൊണ്ട് അവന്റെ വിശപ്പകറ്റാൻ, എന്റെ വസ്ത്രംകൊണ്ട് അവന്റെ നഗ്നതയകറ്റാൻ കഴിയാതെ പോയല്ലോ എന്ന് ചിന്തിച്ചായിരിക്കും അപ്പോൾ വിലപിക്കുന്നത്. ആ വിലാപം നമ്മുടെ വായിൽനിന്നും പുറപ്പെടാതിരിക്കുവാൻ വെളിച്ചമുള്ള നേരത്ത് നമുക്ക് കണ്ണു തുറക്കാം. ഇന്ന് എന്നുള്ള ദിനങ്ങൾ ഉള്ളിടത്തോ ളം നാൾ നമുക്ക് നന്മ ചെയ്യാം. അതിനുള്ള കൃപാവരം ലഭിക്കാൻ തമ്പുരാനോടപേക്ഷിക്കാം.

പരിശുദ്ധാത്മാവായ ദൈവമേ, ദരിദ്രരിലും നിരാലംബരിലും എന്റെ സഹായം ആവശ്യമായ ഓരോരുത്തരിലും യേശുവിന്റെ മുഖം ദർശിച്ചുകൊണ്ട് അവർക്കു ശുശ്രൂഷ ചെയ്യുവാനും അങ്ങനെ നിത്യജീവന്റെ പാതയിലേക്ക് നയിക്കപ്പെടാനുമുള്ള കൃപാവരം എനിക്ക് നല്കണമേ, ആമ്മേൻ.

 

വിശുദ്ധരാകാൻ വിളിക്കപ്പെട്ടവർ

Written by  ആർച്ചുബിഷപ് ഫുൾട്ടൻ ജെ.ഷീൻ 

 

Shalom Times, 05 February 2013

ലോകരക്ഷകനായ യേശു ജറുസലെമിലേക്ക് രാജകീയപ്രവേശം നടത്തിയപ്പോൾ ജനങ്ങൾ വഴിയിൽ വസ്ത്രങ്ങൾ വിരിച്ചും ഇലകൾ നിരത്തിയും അവന് വഴിയൊരുക്കി ഓശാന പാടി. ഓശാന പാടിയവരോട് നിശബ്ദരാകാൻ പറഞ്ഞവരെ അവൻ ഓർമിപ്പിച്ചത് നിങ്ങൾ നിശബ്ദരായിരുന്നാൽ ഈ കല്ലുകൾ ആർപ്പു വിളിക്കും എന്നാണ്. എന്നാൽ, ഓശാന പാടിയവരാകട്ടെ പരിശുദ്ധൻ എന്ന് അവനെ വിളിച്ചപ്പോൾ അതിന്റെ യഥാർത്ഥ അർത്ഥം എന്തെന്ന് അറിഞ്ഞിരുന്നില്ല. അവർ പാടിയ സ്തുതികൾ അവൻ സ്വീകരിച്ചതെന്തുകൊണ്ടെന്നും അവർക്ക് മനസിലാക്കാൻ സാധിച്ചില്ല. അവർ കരുതിയത് ഭൂമിയിലെ ഒരു രാജാവായി തങ്ങൾ അവിടുത്തെ പ്രഘോഷിക്കുകയാണെന്നാണ്. അവൻ മഹത്തായ ആത്മീയസാമ്രാജ്യത്തിലെ ചക്രവർത്തിയാകാൻ പോകുന്നയാളായിരുന്നു എന്ന് അവരാരും മനസിലാക്കിയില്ല. വിശുദ്ധരാകാൻ വിളിക്കപ്പെട്ട (റോമാ 1:7) നമ്മളും പലപ്പോഴും അതുപോലെയാണ്. ഓരോ വിശുദ്ധ കുർബാനയിലും അവിടുത്തെ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ഓശാന പാടുമ്പോഴും അർത്ഥം മനസിലാക്കുന്നില്ല.
ജനത്തിന്റെ ഓശാനവിളികളും സ്തുതിഗീതങ്ങളുമെല്ലാം  യേശു സ്വീകരിച്ചത് കുരിശിൽ ബലിയായി താൻ അർപ്പിക്കപ്പെടാൻ പോകുന്നതുകൊണ്ടാണ്. അങ്ങനെ ബലിയായി അർപ്പിക്കപ്പെടുന്നയാൾ പരിശുദ്ധനായിരിക്കണമെന്നതും യേശുവിനറിയാവുന്ന കാര്യമാണ്. അഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കാൽവരിയിൽ ബലി അർപ്പിക്കുന്ന വേളയിൽ അവൻ സ്വയം പരിശുദ്ധനെന്ന് പറയുന്നതിനു പകരം വിശുദ്ധരോട് സംസാരിക്കുന്നു, തന്റെ പ്രിയപ്പെട്ട അമ്മയോടും പ്രിയശിഷ്യൻ യോഹന്നാനോടും. ശ്രദ്ധിച്ചുകേൾക്കുമെങ്കിൽ അവിടെ ഉയരുന്നത് നമുക്കുവേണ്ടിയുള്ള സന്ദേശങ്ങളാണെന്ന് മനസിലാക്കാം.

ആ വാക്കുകൾ എത്ര ഹൃദയസ്പർശിയാണെന്ന് നോക്കുക, ''യേശു തന്റെ അമ്മയും താൻ സ്‌നേഹിച്ച ശിഷ്യനും അടുത്ത് നില്ക്കുന്നതുകണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോട് പറഞ്ഞു: ഇതാ, നിന്റെ അമ്മ'' (യോഹ. 19:2627). മാതാവിനോടും യോഹന്നാനോടുമായി അവൻ പറയുന്ന വാക്കുകളാണത്. അവിടുന്ന് വിശുദ്ധരോട് സംസാരിക്കുകയാണ്. വിശുദ്ധരുടെ മാധ്യസ്ഥ്യം അവിടുത്തേക്കാവശ്യമില്ല, എന്തെന്നാൽ അവിടുന്ന് ദൈവത്തിന്റെ പരിശുദ്ധനാണ്. പക്ഷേ, നമുക്ക് പരിശുദ്ധിയുടെ ആവശ്യമുണ്ട്. ബലിയർപ്പിക്കപ്പെടുന്ന ഓരോരുത്തരും പരിശുദ്ധരും കളങ്കമേശാത്തവരും ആയിരിക്കണം. ഒരു ക്രൈസ്തവൻ എന്ന നിലയിൽ നാമോരോരുത്തരും ബലിയായി അർപ്പിക്കപ്പെടാനും ബലിയർപ്പകരാകാനും വിളിക്കപ്പെട്ടിരിക്കുന്നു എന്ന സത്യം ഓർക്കാം.

സാർവദേശീയ ദൗത്യം
എങ്ങനെയാണ് ബലിയർപ്പണത്തിൽ നമുക്ക് വിശുദ്ധരായ പങ്കാളികളാകാൻ സാധിക്കുക? ഈ ചോദ്യത്തിന് യേശു നല്കിയ ഉത്തരമിതാണ്, തന്റെ അനുഗൃഹീതയായ മാതാവിന്റെ സംരക്ഷണത്തിൽ സ്വയം സമർപ്പിക്കുക. അവൻ ഓരോരുത്തരോടും പറയുന്നു, ''ഇതാ, നിന്റെ അമ്മ'' യോഹന്നാനെ അഭിസംബോധന ചെയ്യുന്നതിലൂടെ സഭയോടും സഭയുടെ സകല അംഗങ്ങളോടും അവൻ പറയുന്നു, ''ഇതാ, നിന്റെ അമ്മ.'' തന്റെ അമ്മയെ അവിടുന്ന് സ്ത്രീ എ ന്നാണ് ആ സമയത്ത് വിളിക്കുന്നത്, അമ്മേ എന്നല്ല. കാരണം, അവൾക്ക് സാർവദേശീയമായ ഒരു ദൗത്യമാണുള്ളത്, എല്ലാവരുടെയും അമ്മയാകാൻ. അവൾ യേശുവിന്റെമാത്രം അമ്മയല്ല. ഓരോ വ്യക്തിയുടെയും അമ്മയാണ്. അവിടുത്തെ അമ്മയായിരുന്നു മറിയം, ഇപ്പോൾ അവിടുത്തെ മൗതികശരീരമായ സഭയുടെ മാതാവായിരിക്കുന്നു. നാം അവളുടെ മക്കളും.

അതുകൊണ്ടാണ് 'സ്ത്രീ' എന്ന വാക്ക് ഉപയോഗിക്കുന്നത്. നമ്മെ മറ്റൊരു ക്രിസ്തുവാക്കാൻ അവൾ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധനെ വളർത്തിക്കൊണ്ടുവന്നതുപോലെ, പരിശുദ്ധരെ ദൈവത്തിനായി വളർത്താൻ അവൾക്കേ കഴിയൂ.

ക്രിസ്തുവിന്റെ മൗതികശരീരത്തിന്റെ അമ്മയാകാനുള്ള ദൗത്യത്തിന്റെ ഒരുക്കം അവളുടെ ദിവ്യപുത്രന്റെ ജീവിതത്തിലെ മൂന്ന് ദൃശ്യങ്ങളിൽ അനാവൃതമാകുന്നു. കാൽവരിതന്നെ വെളിപ്പെടുത്തണമായിരുന്നു അതിനെ ബലപ്പെടുത്താനുള്ള ദൃശ്യങ്ങൾ. അതായത്, ദൈവത്തിന്റെമാത്രം അമ്മയല്ല, മനുഷ്യന്റെകൂടി അമ്മയാകാൻ; വിശുദ്ധരുടെമാത്രം അമ്മയല്ല വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരുടെകൂടി അമ്മയാകാൻ- മറിയം വിളിക്കപ്പെട്ടിരിക്കുന്നു.

ആത്മീയ മണവാട്ടി
ഒന്നാമത്തെ ദൃശ്യം ദേവാലയത്തിൽവച്ച് തിരുപ്പുത്രനെ കാണാതാവുന്നതാണ്. മൂന്ന് ദിവസങ്ങൾക്കുശേഷം തന്നെ കണ്ടെത്തുമ്പോൾ മാതാപിതാക്കളോട് ബാലനായ യേശു പറയുന്നത് ശ്രദ്ധേയമാണ്. ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് അറിഞ്ഞുകൂടേ എന്നാണവന്റെ ചോദ്യം. വിശുദ്ധനായ യൗസേപ്പിന്റെ ആശാരിപ്പണികളിൽ സഹായിക്കലല്ലാതെ മഹത്തായ മറ്റൊരു ദൗത്യംകൂടി തനിക്കുണ്ടെന്ന് അവൻ മാതാവിനെ ഓർമിപ്പിക്കുകയാണ്. മനുഷ്യരുടെ രക്ഷ എന്ന വലിയൊരു ജോലി ചെയ്യാനാണ് തന്റെ പിതാവ് തന്നെ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്, സകല മനുഷ്യരും ക്രിസ്തുവിന്റെ സാഹോദര്യത്തിന്റെ രാജ്യത്തിൽ സ്വർഗസ്ഥനായ പിതാവിന്റെ ദത്തുപുത്രൻമാരാകാൻവേണ്ടിയുള്ള വലിയ ദൗത്യമാണത്. ആ വാക്കുകളുടെ വ്യാപ്തി എന്തുമാത്രം മറിയം മനസിലാക്കിയെന്നത് നമുക്കറിഞ്ഞുകൂടാ. പക്ഷേ 18 വർഷങ്ങൾക്കുശേഷം കാനായിലെ കല്യാണവിരുന്നിൽ ആ ദൗത്യം അവൾ കൂടുതൽ മനസിലാക്കി. അവസാനമായി കാൽവരിയിൽവച്ച് ആ ദൗത്യമെന്തെന്ന് പൂർണമായും അറിഞ്ഞ് ഏറ്റെടുക്കുകയും ചെയ്തു.

പാപപരിഹാരത്തെക്കുറിച്ച് സംസാരിക്കുകയും വിശുദ്ധീകരണത്തെക്കുറിച്ച് പ്രഘോഷിക്കുകയും ചെയ്തവൻ ആദ്യമേതന്നെ ''മറിയമേ, സ്വസ്തി'' എന്ന് തന്റെ സ്വർഗീയദൂതനിലൂടെ പറഞ്ഞു എന്നത് എത്ര വലിയൊരു ചിന്തയാണ് തരുന്നത്. അവളുടെ പുത്രൻ രണ്ടാമതായി അവളെ വിളിച്ചത്, 'സ്ത്രീയേ'എന്നാണ്. അതൊരിക്കലും അവിടെവച്ച് അവൾക്ക് അവന്റെ മാതാവെന്ന സ്ഥാനം അവസാനിക്കുന്നു എന്നല്ല അർത്ഥമാക്കുന്നത്.് അവൾ എന്നേക്കും ദൈവമാതാവ് തന്നെയാണ്. പക്ഷേ, അവളുടെ മാതൃത്വം വലുതാവുകയും വികസിക്കുകയും ചെയ്തു, അത് ആത്മീയവും സാർവലൗകികവുമായി. കാരണം, കാൽവരിയിൽ നമ്മുടെ കർത്താവായ യേശു ഭരമേല്പിച്ച നിമിഷം മുതൽ അവൾ നമ്മുടെ മാതാവായി. അതുവഴി സ്വാഭാവികമായല്ലാതെ നിലനില്ക്കുന്ന ഒരു ബന്ധം അവിടുത്തേക്കുമാത്രം സാധ്യമായ വിധത്തിൽ അവിടുന്ന് രൂപപ്പെടുത്തി.
എങ്ങനെയാണ് മറിയം മനുഷ്യരുടെ അമ്മയാകുന്നത്? ക്രിസ്തുവിന്റെ അമ്മ മാത്രമല്ല ആത്മീയമായി അവന്റെ മണവാട്ടികൂടി ആകുന്നതിലൂടെയാണ് അത് സാധ്യമാകുന്നത്. ക്രിസ്തു പുതിയ ആദമാണ്, മറിയം പുതിയ ഹവ്വായും. ആദവും ഹവ്വായും അവരുടെ സ്വാഭാവികമക്കൾക്ക് ജന്മം നല്കിയതുപോലെ ക്രിസ്തുവും ക്രിസ്തുവിന്റെ അമ്മയുംകൂടി കുരിശിൽ അവരുടെ ആത്മീയസന്താനങ്ങൾക്ക്, അഥവാ ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങളായ നമുക്ക്, ജന്മം നല്കി. ബെത്‌ലഹേമിൽ അവൾ തന്റെ ആദ്യജാതന് ജന്മം നല്കി. വിശുദ്ധ ലൂക്കാ യേശുവിനെ അവളുടെ ആദ്യജാതനെന്ന് വിളിക്കുന്നത് ശ്രദ്ധിക്കുക. ഭൗതികമായി മറിയത്തിന് വേറെ മക്കളുണ്ടായിരുന്നതുകൊണ്ടല്ല അത്. ആത്മീയമായി അവൾക്ക് ഇനിയും പുത്രരുണ്ടാകേണ്ടിയിരുന്നതുകൊണ്ടാണങ്ങനെ വിശേഷിപ്പിക്കുന്നത്. സ്ത്രീയേ, എന്ന് യേശു വിളിച്ച സമയത്ത് മറിയം മണവാട്ടിയായിത്തീരുകയാണ്, ആ ദുഃഖത്തിന്റെ പരകോടിയിൽ ആത്മാവിൽ തന്റെ ആദ്യജാതന് ജന്മം നല്കുന്നു, അതാണ് യോഹന്നാൻ. രണ്ടാമത്തേത് ആരാണെന്ന് നമുക്ക് വ്യക്തമായി അറിയില്ല; ഒരുപക്ഷേ അത് വിശുദ്ധ പത്രോസ് ആയിരിക്കാം, അന്ത്രയോസ് ആയിരിക്കാം.

എന്തുതന്നെയായാലും നാമും കുരിശിൻചുവട്ടിലെ അവളുടെ ആത്മീയസന്താനങ്ങൾതന്നെ, എത്രാമത്തെയായാലും. ദൈവപുത്രനു പകരം സെബദിയുടെ പുത്രനെ സ്വീകരിക്കുന്നത് തീർച്ചയായും ദരിദ്രമായ ഒരു വെച്ചുമാറലാണ്, മറിയത്തെ സംബന്ധിച്ചിടത്തോളം. പക്ഷേ നമുക്ക് അത് വലിയൊരു നേട്ടമാണ്. ലോകത്തിലെ ഏറ്റവും സ്‌നേഹമയിയായ അമ്മയെ, യേശുവിന്റെതന്നെ അമ്മയെ, നമുക്ക് ലഭിച്ചിരിക്കുന്നു. 
  



 

Wednesday, 11 September 2013

ആരും വരുന്നില്ലെങ്കിലും...



Shalom Times, 06 September 2013
Written by  ബെന്നി പുന്നത്തറ

മരിയ അനാഥയായിരുന്നു. കന്യാസ്ത്രീകൾ നടത്തുന്ന അനാഥാലയത്തിൽ വളർന്ന അവളെ അവർ പഠിപ്പിച്ചു, വിവാഹവും നടത്തി. എന്നാൽ, ഭർത്താവ് അവളുടെ ആഭരണങ്ങളെല്ലാം തട്ടിയെടുത്തതിനുശേഷം ഉപേക്ഷിക്കുകയാണ് ചെയ്തത്. കാലങ്ങൾ കടന്നുപോയി. അധ്യാപികയായ അവൾ ഒരു കൊച്ചുഭവനം നിർമിച്ച്, ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തി ജീവിക്കുന്നു. എപ്പോഴും വീട് ഭംഗിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുന്ന അമ്മയോട് ഒരിക്കൽ മകൾ ചോദിച്ചു:

''അമ്മേ, നമ്മുടെ വീട്ടിൽ വരാൻ നമുക്കാരും ഇല്ല. പിന്നെന്തിനാ ഈ വീടെപ്പോഴും ഇങ്ങനെ ഭംഗിയായി സൂക്ഷിക്കാൻ വേണ്ടി അമ്മ കഷ്ടപ്പെടുന്നത്?''
''മോളേ, ആരും വരാനില്ലെങ്കിലും ഇത് ഈശോ തന്ന വീടാ. നമുക്കാരും ഇല്ലെങ്കിലും ഈശോ നമ്മുടെ കൂടെയുണ്ട്. അപ്പോൾ ഈശോ തന്ന, ഈശോ വസിക്കുന്ന വീട് അലങ്കോലപ്പെട്ടു കിടന്നാൽ ഈശോയ്ക്ക് വിഷമമാവില്ലേ?''

മകളുടെ ചോദ്യവും അമ്മയുടെ ഉത്തരവും ക്രിസ്തുകേന്ദ്രീകൃതമായ ഒരു ജീവിതത്തിന്റെ മനോഹാരിതയും ശക്തിയും വെളിപ്പെടുത്തിത്തരുന്നുണ്ട്. ''എന്നെ അന്വേഷിക്കുവാൻ ആരുമില്ല, എന്നെ സ്‌നേഹിക്കാനും മനസിലാക്കാനും സഹായിക്കാനും ആരുമില്ല, എന്റെ ജീവിതം വിലയില്ലാത്തതാണ്,'' തുടങ്ങിയ ചിന്തകൾ സ്വന്തം ജീവിതത്തെ സ്‌നേഹിക്കാനും ആദരിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുത്താം. തല്ഫലമായി എങ്ങനെയെങ്കിലും ജീവിച്ചാൽ മതി എന്ന മനോഭാവം രൂപപ്പെടുകയും ജീവിതം അലങ്കോലപ്പെട്ടുപോവുകയും ചെയ്യും. എന്നാൽ, ക്രിസ്തു ജീവിതത്തിന്റെ കേന്ദ്രമാകുമ്പോൾ എല്ലാം വ്യത്യസ്തമാകും.

മറ്റുള്ളവരുടേതുപോലെയുള്ള കഴിവോ അറിവോ ഇല്ലെങ്കിലും ഇത് ഈശോ തന്ന ജീവിതമാണ്.
നമ്മുടെ ജോലി, ജീവിതപങ്കാളി, മക്കൾ ഇവിടെയെല്ലാം നമ്മളാഗ്രഹിക്കാത്ത കുറവുകളുണ്ടാകാം. കുറവുകളുണ്ടെങ്കിലും അവയെല്ലാം ഈശോ തന്നതാണ്.
ദൈവം തന്ന സമ്മാനങ്ങളെ അവഗണിക്കുമ്പോൾ ദൈവത്തെതന്നെയാണ് അവഗണിക്കുന്നത്. അത് സ്‌നേഹംതന്നെയായ ദൈവത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തും. അതിനാൽ എങ്ങനെയെങ്കിലും ജീവിച്ചാൽ പോരാ. ഏറ്റവും നന്നായി ജീവിക്കണം. ദൈവത്തോടുള്ള സ്‌നേഹം ദൈവം തന്നതിനെയെല്ലാം ആദരവോടും സ്‌നേഹത്തോടുംകൂടെ കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കും. അതിനായി നമുക്കു പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങുതന്ന ജീവിതം വിശുദ്ധിയിലും സ്‌നേഹത്തിലും കാത്തുസൂക്ഷിക്കാത്തതിന്റെ കാരണം അങ്ങയോടുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും കുറവാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ദൈവമേ, ഞങ്ങളോടു ക്ഷമിക്കണമേ. സമ്മാനത്തിന്റെ മൂല്യം സമ്മാനം തരുന്ന വ്യക്തിയുടെ മഹത്വത്തിലാണെന്നും ഞങ്ങൾ തിരിച്ചറിയട്ടെ. അവിടുന്ന് ഞങ്ങൾക്കു തന്നിട്ടുള്ള യാതൊന്നിനെയും വിലകുറച്ചു കാണാതിരിക്കാനും അവയിലൂടെ അങ്ങയെ തിരിച്ചു സ്‌നേഹിക്കാനും ഞങ്ങളെ പഠിപ്പിച്ചാലും, ആമ്മേൻ.

അൾത്താര ശുശ്രൂഷകരായിരുന്ന ഇരട്ട സഹോദരങ്ങൾക്ക് എൻജിനിയറിംഗിൽ റാങ്ക്




Sunday Shalom, 07 September 2013

എറണാകുളം: ജനനത്തിലും പഠനവഴികളിലും ജീവിതത്തിലും ഒരുമിച്ചു നീങ്ങിയ ഇരട്ട സഹോദരങ്ങൾക്ക് എൻജിനിയറിംഗ് പരീക്ഷയിൽ റാങ്കിന്റെ തിളക്കം. ആലുവ കരൂമാലൂർ അറയ്ക്കപ്പടി മേനാച്ചേരി വീട്ടിൽ വർഗീസിന്റെ ഇരട്ടമക്കളായ വിനുവും വിജുവുമാണ് മഹാത്മാഗാന്ധി സർവകലാശാലയുടെ ബിടെക് പരീക്ഷയിൽ റാങ്ക് നേടിയത്. മെക്കാനിക്കൽ എൻജിനിയറിംഗിൽ 87.26 ശതമാനം മാർക്കോടെ വിനു ഒന്നാം റാങ്ക് നേടിയപ്പോൾ 86.26 ശതമാനം മാർക്കോടെ വിജു മൂന്നാം റാങ്ക് സ്വന്തമാക്കി. കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജിലായിരുന്നു ഇരുവരുടെയും ബിടെക് പഠനം. സ്‌കൂൾതലം മുതൽ ഒരുമിച്ചായിരുന്നു പഠനം കരുമാലൂർ എഫ്.എം.സി.ടി.എച്ച്.എസിൽ പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ഇരുവരും പ്ലസ്ടുവിനും ഒരു സ്‌കൂളിലെത്തി. സയൻസ് ഗ്രൂപ്പെടുത്ത് പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം.

കരുമാലൂർ സെന്റ് തോമസ് പള്ളിയിൽ അൾത്താര ശുശ്രൂഷകരായിരുന്ന ഇരട്ട സഹോദരങ്ങളെ ആദരിക്കാൻ വികാരി ഫാ. വർഗീസ് ഇടശേരിയും ഇടവകാംഗങ്ങളും ഒരുങ്ങുന്നു. മാതാപിതാക്കളായ വർഗീസും ജെസിയും ജ്യേഷ്ഠസഹോദരൻ വിജോയും വിനുവിന്റെയും വിജുവിന്റെയും പഠനവഴികളിൽ പിന്തുണയും പ്രോത്സാഹനവുമായുണ്ട്. 

നിഷ്‌ക്കളങ്കരുടെ നിലവിളിക്ക് മുമ്പിൽ നിശബ്ദരായിരിക്കരുത് !


Sunday Shalom, 07 September 2013

സിറിയ: സിറിയയിൽ നിന്നുയരുന്ന നിലവിളികൾക്ക് മുമ്പിൽ നിശബ്ദരായിരിക്കരുതെന്ന് സിറിയയിലെ അപ്പസ്‌തോലിക് ന്യൂൺഷോ ആർച്ച് ബിഷപ് മാരിയോ സെനാരി. കഴിഞ്ഞ ദിവസങ്ങളിൽ അനേകം നിഷ്‌ക്കളങ്കരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഭീകരദൃശ്യങ്ങൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങളുടെ നിലവിളികൾ ഞാൻ കേൾക്കുന്നു..  ഈ നിലവിളിക്ക് മുമ്പിൽ ഇനിയും നാം നിശബ്ദരായിരിക്കരുത്. അന്തർദ്ദേശീയ സമൂഹം ഉണരണം. വിവേകത്തോടും ജ്ഞാനത്തോടും കൂടി നേതാക്കൾ ഈ പ്രശ്‌നത്തിൽ ഇടപെടണം.  ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ഇനിയൊരിക്കലും ആവർത്തിക്കരുത്. കൂട്ടക്കുരുതികൾക്ക് തടയിടാൻ  അന്തർദ്ദേശീയസമൂഹങ്ങൾക്ക് കഴിയും രാസായുധങ്ങൾ ഉപയോഗിച്ചതിനെക്കുറിച്ച് തനിക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ചുള്ള സത്യം വെളിച്ചത്തുകൊണ്ടുവരാൻ ഉത്തരവാദിത്തമുണ്ട്.

ഈജിപ്റ്റ്, സിറിയ, ഇറാക്ക് തുടങ്ങിയ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നടക്കുന്ന കലാപങ്ങൾക്ക് ക്രിസ്ത്യാനികൾ വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നതെന്ന് മാരോനൈറ്റ് പാത്രിയാർക്ക കർദിനാൾ ബെച്ചാറ റായ് പറഞ്ഞു. ദിവസം കഴിയും തോറും ഇവിടെ പ്രശ്‌നങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനികൾ സ്ഥിരതയും സുരക്ഷിതത്വവും  ആവശ്യപ്പെടുന്നു. അവർ സ്ഥാപനങ്ങളെയും അധികാരികളെയും ഭരണഘടനയെയും ആദരിക്കുന്നവരുമാണ്. 'മുസ്ലീം  ബ്രദർ ഹുഡ്' ശരിയ നിയമം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. എന്നാൽ ക്രിസ്ത്യാനികൾ ഇതിനെതിരാണ്. നവീകരിച്ചതും ജനാധിപത്യസ്വഭാവമുള്ളതുമായ ഈജിപ്റ്റിനെയാണ് അവർ ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞു.
 

സിറിയയിലെ ഏറ്റുമുട്ടലുകൾ ഒരിക്കലും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന പ്രതീക്ഷ നല്കുന്നില്ലെന്ന് ഫ്രാൻസീസ് മാർപാപ്പ പറഞ്ഞു. സംവാദമാണ് ഇതിനുള്ള പരിഹാരം. തുടർന്നുകൊണ്ടിരിക്കുന്ന കലാപങ്ങൾ അവസാനിപ്പിക്കുവാൻ ഒരു പരിഹാരം കണ്ടുപിടിക്കണം. സഹോദരങ്ങൾ തമ്മിലുള്ള യുദ്ധത്തിന്റെ ഭീകരദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ നാം കണ്ടുകഴിഞ്ഞു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അവരോടുള്ള എന്റെ അടുപ്പവും ഐക്യദാർഢ്യവും അറിയിച്ചുകൊള്ളുന്നു. പ്രത്യേകിച്ച് കുട്ടികളോട്.. അന്തർദ്ദേശീയ സമൂഹത്തോട് ഞാൻ സിറിയായിലെ  പ്രശ്‌നങ്ങൾക്ക് അന്ത്യം കുറിക്കാനും അവരെ സഹായിക്കാനും സഹായം ചോദിക്കുന്നു. നമുക്കെല്ലാവർക്കും  സമാധാനരാജ്ഞിയായ മറിയത്തോട് നമുക്ക് വേണ്ടി പ്രാർത്ഥിക്കണമേയെന്ന് ആവശ്യപ്പെടാം. മാർപാപ്പ പറഞ്ഞു. ഈജിപ്തിലെ രാഷ്ട്രീയസാഹചര്യങ്ങൾ ഒരു പുറപ്പാട് അനുഭവത്തിലേക്ക് കോപ്റ്റിക് ക്രിസ്ത്യാനികളെ കൊണ്ടുപോവുകയാണെന്ന് സാമുവൽ തദ്രോസ് അഭിപ്രായപ്പെട്ടു. ഈജിപ്ത് വാസിയായ ഇദ്ദേഹം മദർലാന്റ് ലോസ്റ്റ്: ദ ഈജിപ്ഷ്യൻ ആന്റ് കോപ്റ്റിക് ക്വസ്റ്റ് ഫോർ മോഡേനിറ്റി എന്ന കൃതിയുടെ കർത്താവും.  ഹഡ്‌സൺ ഇൻസ്റ്റിറ്റിയൂട്ട്‌സ് സെന്റർ ഫോർ റിലിജീയസ് ഫ്രീഡത്തിൽ റിസേർച്ച് ഫെല്ലോയും ആണ് ഇദ്ദേഹം. ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികളുടെ സ്വത്വബോധത്തിന് തന്നെ ഇന്ന് വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.'' അതെ, ഇതൊരു പതനത്തിന്റെ കഥയാണ്. എന്നാൽ അതോടൊപ്പം അതിജീവനത്തിന്റെയും. ശരിയാണ്, ഇതൊരു അപചയത്തിന്റെ കഥയാണ്. എന്നാൽ അതോടൊപ്പം സഹിഷ്ണുതയുടെയും..'' ഈജിപ്തിലെ സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് അദ്ദേഹം വിശദീകരിക്കുന്നു. ന്യൂനപക്ഷങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന ധ്രുവീകരണത്തിനെതിരെ ഇദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. മിലിട്ടറിയോ അല്ലെങ്കിൽ ഭൂരിപക്ഷമോ മാത്രമേ സംരക്ഷിക്കാനുള്ളൂ എന്നവർ കരുതുന്നു. കോപ്റ്റിക് ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ സ്‌നേഹത്തോടെ കഴിഞ്ഞ ഒരു ഭൂതകാലം ഇവിടെയുണ്ടായിരുന്നു. അദ്ദേഹം ഓർമ്മിച്ചു.

സിറിയായിൽ പട്ടാളപ്രവേശം ഉണ്ടാവുകയാണെങ്കിൽ അതൊരു ലോകമഹായുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് താൻ ഭയപ്പെടുന്നതായി അലെപ്പോ കൽദായ ബിഷപും കാരിത്താസ് സിറിയയുടെ പ്രസിഡന്റുമായ അന്റോയെൻ ഓഡോ പറഞ്ഞു. അലെപ്പോയിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്. ദമാസ്‌ക്കസിൽ യാത്രചെയ്യാനും ലെബനോനിലേക്ക് പോകാനും ഇപ്പോഴും സാധ്യതകളുണ്ട്. പക്ഷേ അലെപ്പോയിൽ നിന്ന് അനങ്ങുവാൻ പോലും സാധിക്കില്ല. സംവാദമാണ് അത്യാവശ്യം.

യുദ്ധമല്ല. ഇതിന് ഇന്റർനാഷനൽ ലെവലിൽ തന്നെ ശ്രമം നടത്തണം. അദ്ദേഹം ഓർമ്മിപ്പിച്ചു. യു എസ് സെക്രട്ടറി ജനറൽ ബാൻകി മൂൺ കഴിഞ്ഞ ജൂലൈയിൽ അറിയിച്ചത് സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ ഒരു ലക്ഷത്തോളം പേർ കൊല്ലപ്പെട്ടുവെന്നാണ്. 1.7 മില്യൻ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുമുണ്ട്. ഓഗസ്റ്റ് മധ്യത്തിലെ റിപ്പോർട്ടനുസരിച്ച് മുപ്പതിനായിരം സിറിയക്കാരാണ്  നോർത്തേൺ ഇറാക്കിലേക്ക് പോയിട്ടുള്ളത്.

Monday, 9 September 2013

ഫ്രാൻസീസ് മാർപാപ്പ ലോകത്തെ മറിയത്തിന്‍റെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നു


 

Sunday Shalom, 07 September 2013  

ഫ്രാൻസീസ് മാർപാപ്പ ഒക്‌ടോബർ 13 ന്, ലോകത്തെമുഴുവൻ മറിയത്തിന്‍റെ വിമലഹൃദയത്തിന് സമർപ്പിക്കും. വിശ്വാസവർഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് പോർച്ചുഗലിൽ നിന്ന് പുറപ്പെടുന്ന ഫാത്തിമാമാതാവിന്‍റെ തിരുസ്വരൂപം വത്തിക്കാനിൽ എത്തിച്ചേരുന്ന വേളയിലാകും ഈ സമർപ്പണം.

പോർച്ചുഗലിലെ ഔർ ലേഡി ഓഫ് ഫാത്തിമ ആശ്രമാധികാരികളോട് ആഘോഷത്തോടനുബന്ധിച്ച് ഫാത്തിമാമാതാവിന്‍റെ തിരുസ്വരൂപം വത്തിക്കാനിലേക്ക് നല്കണമെന്ന് അപേക്ഷിച്ചിരുന്നതായി ആർച്ച് ബിഷപ് റിനോ ഫിസിചെല്ലി അറിയിച്ചു. ഇത് സംബന്ധിച്ച് ബിഷപ് അന്റോണിയോ മാർട്ടോയ്ക്ക് പൊന്തിഫിക്കൽ കൗൺസിൽ ഫോർ ദ പ്രമോഷൻ ഓഫ് ദ ന്യൂ ഇവാഞ്ചലൈസേഷൻ പ്രസിഡന്‍റ് കൂടിയായ ആർച്ച് ബിഷപ് റിനോ കത്തയച്ചിരുന്നു. ഈ ആഘോഷവേളയിൽ ലോകമെങ്ങും വണങ്ങുന്ന ഫാത്തിമാമാതാവിന്‍റെ തിരുസ്വരൂപം വത്തിക്കാനിലെത്തണമെന്ന് പരിശുദ്ധപിതാവ് അതിയായി ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഒക്‌ടോബർ 12 ന് തിരുസ്വരൂപം പോർച്ചുഗലിൽ നിന്ന് റോമിൽ എത്തിച്ചേരും. 1920 മുതൽ ഇതുവരെ 11 തവണ മാത്രമേ ഈ തിരുസ്വരൂപം പോർച്ചുഗലിലെ മരിയൻ ആശ്രമത്തിൽ നിന്ന് പുറത്തേയ്ക്ക് പോയിട്ടുള്ളൂ. സെ
ന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ മാർപാപ്പയും  വിശ്വാസികളും ചേർന്ന് തിരുസ്വരൂപത്തിന് സ്വീകരണം നല്കും. അവിടെ നിന്ന് ഷ്രൈൻ ഓഫ് ഡിവൈൻ ലൗവിലേക്ക് തിരുസ്വരൂപം കൊണ്ടുപോകും. നൈറ്റ് വിജിൽ അവിടെയായിരിക്കും. 13 ന് തിരുസ്വരൂപവും തീർത്ഥാടകരും സെന്‍റ് പീറ്റേഴ്‌സ് സ്വകയറിൽ തിരിച്ചെത്തും. വിശുദ്ധ കുർബാനയ്ക്കും ജപമാലയക്കും മാർപാപ്പ കാർമ്മികത്വം വഹിക്കും. അവിടെ വച്ച് ലോകത്തെ മുഴുവൻ മറിയത്തിന്‍റെ വിമലഹൃദയത്തിന് സമർപ്പിക്കും.  

പിയൂസ് പന്ത്രണ്ടാമന്‍റെ കാലത്താണ് ആദ്യമായി ഇങ്ങനെയൊരു സമർപ്പണം നടന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് 1942 ഒക്‌ടോബർ 31 നായിരുന്നു ആ സമർപ്പണം. യൂറോപ്യൻ മിസൈൽ പ്രതിസന്ധിയുടെ കാലത്ത് 1984 മാർച്ച് 25 ന്  ജോൺ പോൾ രണ്ടാമനാണ് മറ്റൊരു സമർപ്പണം നടത്തിയത്.

ഇതിന് മുമ്പ് മഹാജൂബിലി വർഷത്തോടനുബന്ധിച്ച് രണ്ടായിരത്തിലാണ് ഫാത്തിമാരൂപം വത്തിക്കാനിലെത്തിയത്. മാർച്ച് 17 ന് നടത്തിയ ആദ്യപ്രസംഗത്തിൽ ഫ്രാൻസീസ് മാർപാപ്പ ഫാത്തിമാമാതാവിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. 1992 ൽ താൻ മെത്രാനായി അവരോധിതനായ വൈകാതെ ബ്യൂണസ് ഐറിസിൽ എത്തിച്ചേർന്ന തിരുസ്വരൂപത്തെയും രോഗികൾക്കുവേണ്ടി നടത്തിയ വിശുദ്ധ കുർബാനയെയും അദ്ദേഹം അന്ന് അനുസ്മരിച്ചു.

ഫാത്തിമായിൽ ഇടയബാലർക്ക് മാതാവ് പ്രത്യക്ഷപ്പെട്ടതിന്‍റെ തൊണ്ണൂറ്റിയാറാം വാർഷികം കൂടിയാണിത്. മുൻഗാമികളെപ്പോലെ മരിയഭക്തനാണ് ഫ്രാൻസീസ് മാർപാപ്പയും. സെ
ന്‍റ് മേരീസ് മേജർ ബസിലിക്ക ഇതിനകം അഞ്ചുതവണ ഫ്രാൻസീസ് മാർപാപ്പ സന്ദർശിച്ചിട്ടുണ്ട്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ പിറ്റേന്ന് മാർച്ച് 14 നാണ് ആദ്യ സന്ദർശനം. പൂക്കൾ സമർപ്പിച്ച് റോം നഗരത്തെ മുഴുവൻ അമ്മയ്ക്ക് സമർപ്പിച്ച് അന്ന് മാർപാപ്പ പ്രാർത്ഥിച്ചിരുന്നു.

മെയ് നാലിനായിരുന്നു അടുത്ത സന്ദർശനം. റിയോയിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ലോകയുവജനദിനത്തെ മുഴുവൻ സമർപ്പിച്ച് പ്രാർത്ഥിക്കുവാനും തിരികെയെത്തിയപ്പോൾ നന്ദിപറയുവാനും പാപ്പ അവിടെയെത്തിയിരുന്നു

 

Monday, 2 September 2013

മിലീഷൃ ഓഫ് റോസറിയിലേക്ക് പുതിയൊരു വൃക്തികൂടി

ലോകത്തോടുള്ള വിരക്തിയുടെ പ്രതീകമായി നമ്മുടെ കര്‍ത്താവായ യേശുക്രസ്തുവിന്‍റെ വിശുദ്ധ കുരിശ് നിന്‍റെ വസ്ത്രത്തിനുമേല്‍ ദരിക്കണം. അത് നീ ലോകത്തിന്‍റേതല്ല ക്രസ്തുവിന്‍റേതാണ് എന്ന ഭോദൃം എപ്പോഴും നിന്നില്‍ ഉണര്‍ത്തണം

റോബിന്‍ മിലീഷൃ ഓഫ് റോസറിയുടെ അംഗമായി

 ബഹുമാനപ്പെട്ട സന്തോഷച്ചന്‍ റോബിന് ധരിക്കാനുള്ള വി. കുരിശ് ആശീര്‍വദിക്കുന്നു.

ബഹുമാനപ്പെട്ട സന്തോഷച്ചന്‍ റോബിന്‍റെ ശിരസില്‍ കരംവച്ച് പ്രാര്‍ത്ഥിക്കുന്നു

ബഹുമാനപ്പെട്ട സന്തോഷച്ചന്‍ റോബിനെ കുരിശുമാല ധരിപ്പിക്കുന്നു.
(പ. അമ്മയുടെ 8 നോബിന്‍റെ 2-ാം ദിനം ഉച്ചതിരിഞ്ഞ് 4.55 ന് അങ്കമാലി മാര്‍ട്ടിന്‍ ഡീ പോറസ് ദേവാലയത്തില്‍ വച്ച് ബഹുമാനപ്പെട്ട സന്തോഷച്ചനില്‍ നിന്നും റോബിന്‍ വി.കുരിശ് സ്വീകരിച്ചു)