Thursday, 21 July 2016

ടോം അച്ചന്റെ വീഡിയോ പഴയത്, എന്നാൽ അച്ചന്റെ ആരോഗ്യസ്ഥിതി മോശം





Monday, 22 February 2016

വിശുദ്ധരുടെ കഥപറയാൻ ഇനി ബോബും പെന്നിയുമില്ല!

വിശുദ്ധരുടെ കഥപറയാൻ ഇനി ബോബും പെന്നിയുമില്ല!

മോറിൾട്ടൺ, അർക്കൻസാസ്: ബോബും പെന്നിയും വിശുദ്ധരുടെ കഥ പറയുന്നതുകേട്ട് വിശുദ്ധരെക്കുറിച്ചറിഞ്ഞ യുവതലമുറയിലെ വലിയൊരു സമൂഹം ലോകമെങ്ങുമുണ്ട്. ഇനി ഈ ഭൂമിയിൽ വിശുദ്ധരുടെ കഥപറയാൻ അവരുണ്ടാവില്ല. കത്തോലിക്കാ മാധ്യമശുശ്രൂഷാരംഗത്ത് അനിതരസാധാരണമായ സംഭാവനകൾ നൽകി ജീവിതം സുവിശേഷപ്രചാരണത്തിനായി കാഴ്ചവച്ച ബോബ് ലോർഡ് അന്തരിച്ചു. ഫെബ്രുവരി 13 നായിരുന്നു ബോബ് തന്റെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. 81 വയസ്സായിരുന്നു. ഫെബ്രുവരി 26 ന് അർക്കൻസാസിലെ മോറിൾട്ടൺ സേക്രട്ട് ഹാർട്ട് ചർച്ചിലാണ് സംസ്‌കാരശുശ്രൂഷകൾ.
EWTN ടെലിവിഷൻ നെറ്റ്‌വർക്കുമായി സഹകരിച്ച് നൂറുകണക്കിന് പ്രോഗ്രാമുകൾ ബോബും ഭാര്യ പെന്നിയും ചേർന്ന് നിർമ്മിച്ചിരുന്നു. വിശുദ്ധർ, രക്തസാക്ഷികൾ, ദിവ്യകാരുണ്യ അത്ഭുതങ്ങൾ, മാതാവിന്റെ അത്ഭുതങ്ങൾ, ഉണ്ണീശോയുടെ അത്ഭുതങ്ങൾ തുടങ്ങി കത്തോലിക്കാ വിശ്വാസത്തിന്റെ ഊടും പാവും നെയ്ത അനേകം ചരിത്രസംഭവങ്ങൾ അവ നടന്ന സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് ഹൃദയസ്പർശിയായ വിവരണത്തോടുകൂടി അവർ പ്രേക്ഷകരുടെ മുമ്പിലെത്തിച്ചിരുന്നു. അതിനായി രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് അവർ സഞ്ചരിച്ചു. ആയിരക്കണക്കിന് വ്യക്തികളുമായി അഭിമുഖം നടത്തി. ചരിത്രം ചികഞ്ഞെടുക്കാനും സമകാലീന സംഭവങ്ങളുമായി അവയെ ബന്ധപ്പെടുത്താനും ശ്രമിച്ചു.
ടെലിവിഷൻ എപ്പിസോഡുകൾ കൂടാതെ, അതിന്റെ ഡിവിഡിയും പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ബോബും പെന്നിയും ചേർന്ന് തയ്യാറാക്കിയിരുന്നു. ഭാര്യയും ഭർത്താവും ഒരുമിച്ച് ആശയങ്ങൾ പങ്കുവച്ചുള്ള അവരുടെ അവതരണരീതി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.
55 വർഷം നീണ്ട അവരുടെ ദാമ്പത്യജീവിതവും മാതൃകാപെരുമാറ്റവും ക്രിസ്തുവിനായി ഉഴിഞ്ഞുവച്ച ദിനരാത്രങ്ങളും ക്രൈസ്തവമാധ്യമരംഗത്ത് ചർച്ചാവിഷയമായിരുന്നു. പെന്നിയുടെ വിയോഗം 2014 ജനുവരി 21 നായിരുന്നു.
1986 ൽ EWTN സ്ഥാപകയായ മദർ അഞ്ചലീക്കയുമായുള്ള അഭിമുഖത്തോടെയായിരുന്നു ബോബിന്റെയും പെന്നിയുടെയും ശുശ്രൂഷാ ജീവിതത്തിന്റെ തുടക്കം. പിന്നീട് 200 ലധികം പ്രോഗ്രാമുകൾ ഓരോ സംഭവവും നടന്ന രാജ്യങ്ങളിൽ പോയി പഠനം നടത്തി അവർ നിർമ്മിക്കുകയുണ്ടായി. ”ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു, ഞങ്ങളും നിങ്ങളെ സ്‌നേഹിക്കുന്നു” എന്ന വാക്കുകളോടെ സൈൻ ഓഫ് ചെയ്തിരുന്ന അവരുടെ പ്രോഗ്രാമുകൾ വീക്ഷിച്ചത് മില്യൺ കണക്കിന് ജനങ്ങളാണ്.
1935 ലാണ് ബോബിന്റെ ജനനം, ന്യൂയോർക്കിലെ ബ്രോങ്ക്‌സിൽ. യുവാവായിരിക്കെ രണ്ടുവർഷക്കാലം സൈന്യത്തിൽ സേവനം അനുഷ്ഠിച്ചു. 1957 സെപ്തംബർ 23 നാണ് പോളിൻ മക്കലൂസോ എന്ന പെന്നി ലോർഡിനെ കണ്ടുമുട്ടുന്നത്. 1958 ഡിസംബർ 21 ന് അവർ വിവാഹിതരായി. 67 ൽ കാലിഫോർണിയയിലേക്ക് താമസം മാറി. മകന്റെ മരണത്തിലൂടെ വലിയൊരു വേദനയുണ്ടായപ്പോൾ അല്പകാലം ദൈവത്തിൽനിന്നകന്നു നിൽക്കുവാൻ പോലും ഇടയായി. പിന്നീട് തിരികെവന്നപ്പോൾ ഇരട്ടിതീക്ഷ്ണതയോടെ ക്രിസ്തുവിനായി നിലകൊള്ളാൻ അവർ തീരുമാനിച്ചു.
തീർത്ഥാടനവേളകളിലാണ് അവർ പ്രോഗ്രാമുകളുടെ നിർമ്മാണത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങുന്നത്. കുറച്ച് വർഷങ്ങൾ കഴഞ്ഞ് ”ഇതെന്റെ ശരീരം, ഇതെന്റെ രക്തം” എന്ന പേരിൽ അവർ പുറത്തിറക്കിയ പുസ്തകം മൂന്ന് ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിച്ചപ്പോൾ അതു കത്തോലിക്കാ മാധ്യമരംഗത്ത് വലിയ ചർച്ചയായി. ഈ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങൾ എന്ന പ്രോഗ്രാമാണ് EWTN ൽ ആദ്യം സംപ്രേക്ഷണം ആരംഭിക്കുന്നത്. ജേർണീസ് ഓഫ് ഫെയ്ത് എന്ന പേരിൽ അവർ ആരംഭിച്ച ശുശ്രൂഷ ലോകവ്യാപകമായി. പിന്നീട് 25 ഓളം പുസ്തകങ്ങൾ ബോബിന്റെ തൂലികയിൽനിന്നും പിറന്നു.
അവരുടെ വിശുദ്ധജീവിതവും അനേകർക്ക് മാതൃകയും പ്രചോദനവുമായി. ബോബും പെന്നിയും പരസ്പരം അഭിപ്രായം പറയുമ്പോഴും വിശുദ്ധമായ ജീവിതത്തെക്കുറിച്ചായിരുന്നു സംസാരം. പരസ്പരം മാതൃകയായി ജീവിക്കാൻ കഴിഞ്ഞു എന്നതും അവരുടെ ജീവിതത്തിന്റെ വിജയമായി.
യാത്രകളും അധ്വാനവും അവരെ ക്ഷീണിപ്പിച്ചെങ്കിലും തീക്ഷ്ണതയോടെ മുന്നേറി. അടുത്ത കാലത്ത് ബോബിന് ബ്ലഡ് ക്യാൻസർ ആണെന്ന് കണ്ടെത്തി. എങ്കിലും അദ്ദേഹം തന്റെ വിളിയിൽനിന്ന് പിന്മാറിയില്ല. അനേകർക്ക് സുവിശേഷം പകർന്നുനല്കി ജീവിച്ചു.
പെന്നിയുടെ മരണശേഷം ഒരുവർഷം കഴിഞ്ഞ് അവളുടെ ജന്മദിവസം ”ഹാപ്പി ബർത്ത്‌ഡേ ഇൻ ഹെവൻ” എന്നുള്ള ബോബിന്റെ ആശംസ ഏറെപ്പേരെ സ്വാധീനിച്ചു. ”എന്റെ പെന്നീ, ഇതു നിന്റെ സ്വർഗത്തിലെ ആദ്യത്തെ ജന്മദിനമാണ്. ശാരീരികമായി എനിക്കവിടെ ആയിരിക്കാൻ സാധിക്കുന്നില്ല. അതു ശരിയല്ലെന്നറിയാം. എന്നാൽ അവിടെ നടക്കുന്ന വലിയ ആഘോഷത്തെ ഭാവനയിൽ കാണുവാൻ എനിക്ക് കഴിയും. നീണ്ട 57 വർഷം നിന്റെ ജന്മദിനത്തിന് കരം പിടിച്ചതുപോലെ പിടിക്കാൻ എനിക്കാവില്ല. പക്ഷേ, ഈ വർഷം നമ്മുടെ മകൻ റിച്ചാർഡിന് അതു സാധിക്കും. (മരിച്ചുപോയ മകനെക്കുറിച്ച്). ഈശോയും സകല വിശുദ്ധരും നിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കും. എത്ര മനോഹരമായിരിക്കും അത്…” ജീവിതം മുഴുവൻ സ്വർഗം സ്വപ്‌നം കണ്ടു ജീവിച്ച ദമ്പതികൾ.
30 വർഷത്തോളം അവരുടെ കഠിനപ്രയത്‌നത്താൽ നിർമ്മിക്കപ്പെട്ട വിശുദ്ധർ, രക്തസാക്ഷികൾ, ദിവ്യകാരുണ്യ അത്ഭുതങ്ങൾ, മാതാവിന്റെ അത്ഭുതങ്ങൾ, ഉണ്ണീശോയുടെ അത്ഭുതങ്ങൾ തുടങ്ങി എല്ലാ പ്രോഗ്രാമുകളും ശാലോം ടിവിയിൽ മലയാളത്തിൽ പരിഭാഷപ്പെടുത്തി സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതിലൂടെ ബോബ്-പെന്നി ലോർഡ് കുടുംബത്തിന്റെ ശുശ്രൂഷ ലോകമെങ്ങുമുള്ള മലയാളികൾക്കും പരിചിതമാണ്.

ഇനി നമുക്കൊരു ധൂർത്ത പുത്രി കൂടി…


ഇനി നമുക്കൊരു ധൂർത്ത പുത്രി കൂടി…

സിസ്റ്റർ തെരേസ നോബിൾ ഒരിക്കൽ കടുത്ത നിരീശ്വരവാദിയായിരുന്നു. തലയിൽ കളർ പൂശി ബുദ്ധിജീവി ചമഞ്ഞായിരുന്നു അവൾ കോളജിൽ പോയത്. ഒരു നല്ല വ്യക്തിയായിരിക്കുവാൻ ഒരു ദൈവത്തിന്റെ ആവശ്യമില്ല. ഇതായിരുന്നു അവളുടെ കണ്ടെത്തൽ. പക്ഷേ, ദൈവത്തിന് അവളെ കുറിച്ച് ഒരു പദ്ധതിയുണ്ടായിരുന്നു. അത് അവൾ തിരിച്ചറിഞ്ഞു. ആ കഥയാണ് ‘ദ പ്രൊഡീഗൽ യു ലവ്; ഇൻവൈറ്റിംഗ് ലവ്ഡ് വൺസ് ബാക് ടു ദ ചർച്ച്’ എന്ന പുസ്തകത്തിൽ സിസ്റ്റർ തെരേസ നോബിൾ വിവരിക്കുന്നത്. പൗളിൻ ബുക്‌സാണ് സിസ്റ്റർ തെരേസയുടെ ആത്മകഥാംശമുള്ള ധൂർത്തപുത്രിയുടെ കഥ പറയുന്ന പുസ്തകം പുറത്തിറക്കിയത്.
എല്ലാ കുടുംബത്തിലും ഒരു ധൂർത്തപുത്രനോ, പുത്രിയോ ഉണ്ടായിരിക്കുമെന്ന് സിസ്റ്റർതെരേസ പറയുന്നു. വർഷങ്ങളോളം ദൈവവിശ്വാസം ഇല്ലാതെ കഴിയുന്ന അവരെ കുറിച്ച് പലപ്പോഴും അവരുടെ മാതാപിതാക്കൾ പ്രതീക്ഷയറ്റവരും നിസഹായരുമായിരിക്കും. അവർക്ക് ധൈര്യം പകരുവാനാണ് ഈ പുസ്തകം രചിച്ചത് എന്നാണ് സിസ്റ്റർ തെരേസ പറയുന്നത്.
വളരെ തീക്ഷ്ണതയുള്ള കത്തോലിക്ക കുടുംബത്തിലായിരുന്നു അവളുടെ ജനനം. 14 മുതൽ 24 വയസുവരെ അവൾക്ക് ദൈവമില്ലെന്ന കാഴ്ചപ്പാടായിരുന്നു. ഒരു മനുഷ്യന് നന്നായി ജീവിക്കുവാൻ ദൈവത്തിന്റെ ആവശ്യമില്ല, ദൈവം ഭാവനസൃഷ്ടിയാണ് എന്നൊക്കെയായിരുന്നു അവളുടെ കാഴ്ചപ്പാട്. പക്ഷേ, അവളിലെ സത്യാന്വേഷണത്വര അവിടെ നിന്നില്ല. അവൾ പതിയെ ബുദ്ധിസ്റ്റ് പുസ്തകങ്ങളിൽ എന്തിനോ വേണ്ടി പരതി നടന്നു.
അങ്ങനെയാണ് പൗരസ്ത്യ ആത്മീയ ചിന്തകളിൽ അവൾ ആകൃഷ്ടയാകുന്നത്. ഗ്രാജ്വേഷൻ കഴിഞ്ഞപ്പോൾ അവൾ കോസ്റ്റിക്കയിൽ പാവപ്പെട്ട ജനങ്ങളുടെ ഇടയിൽ സേവനത്തിന് പോയി. അവിടെ വെച്ചാണ് അവളുടെ ആന്തരികദാഹം അവൾ തിരിച്ചറിയുന്നത്. തനിക്കുചുറ്റുമുള്ളവർ ദരിദ്രരാണ്. പക്ഷേ, ദൈവത്തിൽ വിശ്വസിക്കുന്ന അവർ തന്നെക്കാളും ഏറെ സന്തുഷ്ടരാണ് എന്ന തിരിച്ചറിവ് അവളെ വല്ലാതെ അലട്ടി.
അവിടുത്തെ ഇടവക വികാരിയുമായുള്ള സംഭാഷണം വീണ്ടും അവളിലെ ആത്മീയതയെ ഉണർത്തി. അവിടെ ഉണ്ടായിരുന്ന വൈദികനാകട്ടെ ഒരിക്കൽ വക്കീലായിരുന്നു. അദ്ദേഹത്തിന് വിവാഹം വരെ ഉറപ്പിച്ചിരുന്നതാണ്. എന്നാൽ അതൊക്കെ ഉപേക്ഷിച്ചാണ് അദ്ദേഹം വൈദികനാകാൻ തീരുമാനിച്ചത്. ഇന്ന് ആ വൈദികൻ അനുഭവിക്കുന്ന സന്തോഷം അവളെ ഇരുത്തിച്ചിന്തിപ്പിച്ചു. പതിയെ അവൾ ദൈവം ഉണ്ട് എന്ന സത്യം അനുഭവിച്ചറിയുകയായിരുന്നു. എന്നാൽ ആ ദൈവത്തിലേയ്ക്ക് അടുക്കണമെങ്കിൽ എളിമ വേണമെന്നും അവൾക്ക് മനസിലായി. സഭ വളരുന്നത് മതപരിവർത്തനത്തിലൂടെയല്ല, ദൈവത്തോടുളള ആകർഷണത്തിലൂടെയാണ് എന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ വാക്കുകൾ തെരേസയെ ഇരുത്തിചിന്തിപ്പിച്ചു.
നാം എന്തൊക്കെ പറഞ്ഞാലും നമ്മുടെ പ്രിയപ്പട്ടവർ സഭയിൽ നിന്നകന്നുപോകുന്നത് അവരുടെ സ്വന്തം തീരുമാനത്താലാണ്. എന്നാൽഅവരുടെ മനസ്സിനെ മാറ്റിമറിക്കുവാൻ അവിടുത്തേക്ക് കഴിയും. കാരണം അവിടുന്നാണ് ലോകരക്ഷകൻ. പ്രാർത്ഥനയിലൂടെ മാത്രമേ നമ്മുടെ നഷ്ടപ്പെട്ടുപോയ ധൂർത്തപുത്രന്മാരെ ദൈവത്തിലേക്ക് മടക്കിക്കൊണ്ടുവരാനാവൂ. തെരേസ പറയുന്നു.

Wednesday, 6 January 2016

ഒറീസ്സയിലെ 100 ക്രിസ്ത്യന്‍ രക്തസാക്ഷികള്‍ വിശുദ്ധ പദവിയിലേക്ക്…

ഒറീസ്സയിലെ 100 ക്രിസ്ത്യന്‍ രക്തസാക്ഷികള്‍ വിശുദ്ധ പദവിയിലേക്ക്…
Hrudayavayal
By  on 
ഒറീസ്സയിലെ കാണ്ഡമാലില്‍ ജീവന്‍ പൊലിഞ്ഞ 100 ക്രിസ്ത്യന്‍ രക്തസാക്ഷികളെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു. 2008 ലാണ് കാണ്ഡമാലില്‍ അരങ്ങേറിയ വ്യാപകമായ മതപീഢനത്തില്‍ നൂറുകണക്കിന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടത്.
2008 ആഗസ്റ്റില്‍ നടമാടിയ ക്രൂര പീഡനങ്ങള്‍ക്ക് തുടക്കം കുറിച്ചത് സ്വാമി ലക്ഷ്മണാനന്ദ എന്ന ഒരു വിഷ്ണു ഹിന്ദു പരിഷത്ത് നേതാവിന്റെ കൊലപാതകത്തോടെയാണ്. സ്വാമിയുടെ കൊലപാതകത്തിന് ഉത്തരാവാദികളെന്നാരോപിച്ചത് ന്യൂനപക്ഷമായ ക്രൈസ്തവരെ മതതീവ്രവാദികള്‍ തെരഞ്ഞു പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഹിന്ദു മതത്തിലേക്ക് മതപരിവര്‍ത്തനത്തിനു തയ്യാറാകാതിരുന്ന നൂറോളം ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടമായി. 56000 പേര്‍ക്ക് ഭവനം നഷ്ടമായി. വനങ്ങള്‍ അലയാന്‍ നിര്‍ബന്ധിതരായ അവര്‍ പട്ടിണി കിടന്നും തേളുകളുടെയും പാമ്പുകളുടെും കടിയേറ്റും നരകയാതന സഹിച്ചു. 6500 വീടുകളും 395 പള്ളികളും നശിപ്പിക്കപ്പെട്ടു. 10,000 പേര്‍ ഇപ്പോഴും ഭയം മൂലം തങ്ങളുടെ വീടുകളിലേക്ക് മടങ്ങി വന്നിട്ടില്ല.
ഹിന്ദുമതത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരെ തെരഞ്ഞു പിടിച്ച് വധിക്കുന്ന പ്രതിഭാസം അവിടെ നിലനിന്നു. ചിലര്‍ ഭയം മൂലം പുനര്‍ മതപരിവര്‍ത്തനം ചെയ്തു.
കാണ്ഡമാലിലെ അതിക്രൂരമായ പീഡനങ്ങളുടെ കഥ അവരുടെ ഉറ്റ ബന്ധുക്കളില്‍ നിന്നും കേട്ട മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഗ്രേഷ്യസ് ആണ് നാമകരണ നടപടികള്‍ക്ക് മുന്‍കൈ എടുത്തത്. കാണ്ഡമാല്‍ രക്തസാക്ഷികള്‍ എന്നാവും അവര്‍ അറിയപ്പെടുക.

ഇരുമ്പ് മെഴുകാക്കുന്നവർ

119


ആൻസിമോൾ ജോസഫ്‌

ഫ്രാൻസിലെ രാജാവായിരുന്ന ലൂയി പതിനൊന്നാമന്റെ മകൾ ആനി രാജകുമാരി ഒരുദിനം തോഴിമാരുമൊപ്പം നടക്കാനിറങ്ങിയതായിരുന്നു. അടുത്തുള്ള ചെറിയ വനമേഖലയ്ക്കുള്ളിൽ, വൃക്ഷങ്ങൾക്കിടയിൽ അവർ വലിയ ഒരു പ്രകാശം കണ്ടു. പ്രകാശത്തിന്റെ ഉറവിടം തേടിച്ചെന്ന രാജകുമാരിയെയും തോഴിമാരെയും ആ കാഴ്ച അമ്പരപ്പിച്ചു. കണ്ണടയ്ക്കാൻ മറന്ന് അവർ നിശ്ചലരായി നോക്കിനിന്നുപോയി. ഒരു ഗുഹയ്ക്കുള്ളിൽ പ്രകാശത്തിൽ കുളിച്ചു വായുവിലുയർന്ന് നില്ക്കുന്ന മനുഷ്യരൂപം. വിവരമറിഞ്ഞ രാജാവും കൊട്ടാര-ദേശവാസികളും ഓടിക്കൂടി ഇക്കാഴ്ച അത്ഭുതത്തോടെ നോക്കിനിന്നു. അന്തരീക്ഷത്തിൽ ഉയർന്നു പ്രകാശിക്കുന്ന രൂപം അവർ സാവധാനം തിരിച്ചറിഞ്ഞു. തങ്ങളോടൊപ്പം വസിക്കുന്ന പവോളയിലെ വിശുദ്ധ ഫ്രാൻസിസ്.
രോഗിയും മരണാസന്നനുമായ ലൂയി രാജാവിനെ മരണത്തിനൊരുക്കാൻ സിക്റ്റസ് നാലാമൻ മാർപാപ്പയുടെ നിർദേശപ്രകാരം ഫ്രാൻസിലെ രാജകൊട്ടാരത്തിൽ താമസിച്ചു വരികയായിരുന്നു വിശുദ്ധൻ. അദ്ദേഹം പ്രാർത്ഥിക്കാൻ തിരഞ്ഞെടുത്തതാകട്ടെ കൊട്ടാരത്തിനടുത്തുള്ള ഗുഹയും. സ്ഥിരമായി അനേക മണിക്കൂറുകൾ അദ്ദേഹമവിടെ പ്രാർത്ഥിച്ചിരുന്നു, എന്നാൽ മറ്റാരും- രാജാവോ വിശുദ്ധന്റെ സഹസന്യാസിമാരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ചെറുപ്രായത്തിൽത്തന്നെ പരിസരംമറന്നുള്ള പ്രാർത്ഥനയുടെ നിമിഷങ്ങളിൽ ഫ്രാൻസിസിന്റെ ശരീരം പ്രകാശിക്കുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ലൂയിയുടെ കൊട്ടാരത്തിൽ താമസിക്കവേ, രാജാവ് വിശുദ്ധനെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. പാതിരാത്രിയിൽ മറഞ്ഞിരുന്ന് വിശുദ്ധന്റെ മുറി നിരീക്ഷിച്ച രാജാവ് കണ്ടത് മറ്റൊരു രംഗമാണ്. രാജാവു നല്കിയ പതുപതുത്ത മെത്തയും കൊത്തുപണികളുള്ള കട്ടിലും തൊടാതെ, ഒപ്പമുള്ള രണ്ടു സന്യാസിമാരുടെ നടുവിലായി വെറും നിലത്തു കിടന്നുറങ്ങുന്ന വിശുദ്ധ ഫ്രാൻസിസ്. കരങ്ങൾ കൂപ്പിപ്പിടിച്ച് പ്രാർത്ഥിക്കുന്നതുപോലെ കിടക്കുന്ന വിശുദ്ധന്റെ ശരീരത്തിൽനിന്നും പ്രകാശം പ്രവഹിക്കുന്നു. അത് ആ മുറി മുഴുവൻ പ്രകാശിപ്പിക്കുന്നതായാണ് രാജാവ് കാണുന്നത്.
”ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശം നിറഞ്ഞതാണെങ്കിൽ, വിളക്ക് അതിന്റെ രശ്മികൾകൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവൻ പ്രകാശമാനമായിരിക്കും” (ലൂക്കാ 11:36) എന്ന് ഈശോ നമുക്കുറപ്പു നല്കുന്നുണ്ട്. ഒപ്പം അപ്രകാരം പ്രകാശമായിത്തീരാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. ഈശോയ്ക്ക് നമ്മെക്കുറിച്ചുള്ള വലിയ ആഗ്രഹമാണതെന്ന് അവിടുത്തെ വാക്കുകൾ ശ്രദ്ധിച്ചാലറിയാം.
”നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ്” (മത്താ. 5:14) എന്ന് അവിടുന്ന് പ്രഖ്യാപിക്കുമ്പോഴും ”മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ടു, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ”(മത്താ. 5:16) എന്ന് നിർദേശിക്കുമ്പോഴുമൊക്കെ നാം ജ്വലിക്കുന്ന പ്രകാശമാകണമെന്ന അവിടുത്തെ തീക്ഷ്ണമായ പ്രതീക്ഷയാണ് വ്യക്തമാക്കുന്നത്. ”കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവൻ” (യോഹ. 5:35) എന്ന് യേശു സ്‌നാപക യോഹന്നാനെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. തന്മൂലമാണ് സ്‌നാപകന് യേശുവിന് വഴിയൊരുക്കാൻ സാധിച്ചത്. വെളിച്ചമില്ലാത്തവൻ എങ്ങനെ വഴിയൊരുക്കും. വഴിയൊരുക്കുന്നവനും അതുവഴി വരുന്നവരും വഴിതെറ്റുകയും അന്ധകാരത്തിൽ നിപതിക്കുകയുമില്ലേ?
നാം മറ്റുള്ളവർക്കു പ്രകാശമാകുമ്പോൾ അതുവഴി ദൈവം മഹത്വപ്പെടുമല്ലോ. ലൂയി രാജാവ് ആദ്യമൊക്കെ ഫ്രാൻസിസ് പവോളയെ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഉറങ്ങുമ്പോൾ പോലും രാജാവ് വിശുദ്ധനെ നിരീക്ഷിച്ചിരുന്നത്. എന്നാൽ ഫ്രാൻസിസിൽ വസിക്കുകയും പ്രവഹിക്കുകയും ചെയ്യുന്ന ദൈവിക പ്രകാശം ദർശിച്ച രാജാവ് ദൈവത്തിന്റെ ശക്തിയും മഹത്വവും തിരിച്ചറിയുകയും അതു വെളിപ്പെടുത്താൻ അവിടുന്ന് ഉപകരണമാക്കിയ ഫ്രാൻസിസിലെ വിശുദ്ധി ബോധ്യപ്പെടുകയും ചെയ്തു.
പ്രാർത്ഥിക്കുമ്പോൾ മാത്രമല്ല, ഉറങ്ങുമ്പോഴും വിശുദ്ധൻ പ്രകാശിച്ചിരുന്നു, അഥവാ ഉറങ്ങുമ്പോഴും അദ്ദേഹം പ്രാർത്ഥിക്കുകയായിരുന്നു- ദൈവവുമായി സംസാരിക്കുകയായിരുന്നു. കാരണം പ്രകാശമായ ദൈവത്തോട് സംസാരിക്കുന്നവരാണല്ലോ പ്രകാശിക്കുന്നത്.
നാമെന്തു ചെയ്യണം?
”ദൈവം പ്രകാശമാണ്” എന്ന് തിരുവചനം സാക്ഷിക്കുന്നു (1 യോഹ. 1:5). ദൈവവുമായി സംസാരിച്ചതിനാൽ തന്റെ മുഖം തേജോമയമായി എന്ന കാര്യം അവൻ അറിഞ്ഞില്ല. അഹറോനും ഇസ്രായേൽജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതുകണ്ട് അവനെ സമീപിക്കാൻ ഭയപ്പെട്ടു… ഇസ്രായേൽജനം മോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു (പുറ. 34:29,30,35).
ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ശരീരം മുഴുവൻ പ്രകാശപൂരിതമാകാൻ, വിളക്കുപോലെ വെളിച്ചമേകാൻ നാമും ചെയ്യേണ്ടത് ദൈവത്തോട് സംസാരിക്കുകയാണ്, അവിടുത്തോടൊത്ത് വസിക്കുകയാണ്. അവിടുത്തേക്കായി മുഴുവൻ നല്കിക്കൊണ്ട്, ഒന്നും മാറ്റിവയ്ക്കാതെ, അവിടുത്തെ പ്രകാശം അഥവാ പ്രകാശമായ ദൈവം നമ്മിൽ നിറയാനും പ്രവഹിക്കാനുമായി സ്വയം വിട്ടുകൊടുക്കുക. അവിടുത്തേക്ക് നമ്മിൽ നിറയാനും പ്രകാശിക്കാനുമാകാത്തവിധം നമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അതു നീക്കം ചെയ്തു വിശുദ്ധീകരിക്കുക. അശുദ്ധിയും അന്ധകാരത്തിന്റെ പ്രവൃത്തികളുമുള്ളിടത്ത് ദൈവം പ്രകാശിക്കില്ലല്ലോ.
മാലാഖമാർ പ്രകാശിക്കുന്നതെങ്ങനെ?
കാരാഗൃഹത്തിലായിരുന്ന പത്രോസിനെ രക്ഷിക്കാൻ ദൈവദൂതൻ പ്രത്യക്ഷപ്പെട്ടപ്പോൾ ”ആ മുറിയാകെ പ്രകാശം നിറഞ്ഞു” എന്ന് അപ്പസ്‌തോല പ്രവർത്തനങ്ങൾ 12:7 ൽ കാണാം. ദൈവദൂതർ ദൈവത്തോടൊത്ത് നിരന്തരം വസിക്കുകയും അവിടുത്തോട് സംസാരിക്കുകയും അവിടുത്തെ സ്വരം ശ്രവിക്കുകയും ചെയ്യുമ്പോൾ അവർ പ്രകാശിക്കാതിരിക്കുന്നതെങ്ങനെ? ”അവിടുത്തെ നോക്കിയവർ (പോലും) പ്രകാശിതരായി” (സങ്കീ. 34:5).
”ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നു” (വെളി. 22:5) എന്ന് തിരുവചനം വെളിപ്പെടുത്തുന്നു. തിന്മ പ്രവർത്തിക്കാതെ നാം എത്ര സൂക്ഷിച്ചാലും എത്രമാത്രം നന്മകൾ പ്രവർത്തിച്ചാലും നമുക്ക് സ്വയം പ്രകാശിക്കാൻ കഴിവില്ല, മേല്പറഞ്ഞ തിരുവചനപ്രകാരം ദൈവമാണ് നമ്മിൽ പ്രകാശിക്കുന്നത്. ദൈവത്തോടൊപ്പമായാലേ പ്രകാശിക്കൂ.
പാർലറിൽ അഗ്നി
കൊറോട്ടയിലെ സിസ്റ്റേഴ്‌സിന് ദൈവസ്‌നേഹത്തെക്കുറിച്ച് ക്ലാസെടുത്തുകൊണ്ടിരിക്കുകയായിരുന്നു വിശുദ്ധ ജറാർദ് മജെല്ല. ദൈവസ്‌നേഹാഗ്നിയാൽ അദ്ദേഹത്തിന്റെ ഹൃദയം കത്തിജ്വലിച്ചു. നെഞ്ചിൽ എരിഞ്ഞ അഗ്നിയുടെ ചൂട് ശമിപ്പിക്കാൻ അദ്ദേഹത്തിന് തണുത്തവെള്ളത്തിൽ കുളിക്കേണ്ടിവന്നു. ചില അവസരങ്ങളിൽ സൂര്യനെപ്പോലെ പ്രകാശവും ചൂടും ഉള്ളവനായിത്തീർന്നു ജറാർദ്. ഇരുമ്പ് ഗെയ്റ്റ് അദ്ദേഹത്തിന്റെ കയ്യിൽ മെഴുകുപോലെ വഴങ്ങി. ശരീരം മുഴുവൻ പ്രകാശിച്ച്, അദ്ദേഹം നിന്നിരുന്ന പാർലർ അഗ്നിയിൽ മുങ്ങിയ അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
പ്രകാശമായ ദൈവത്തിന്റെ പതിപ്പുകളാകാൻ സൃഷ്ടിക്കപ്പെട്ടവരാണ് പ്രകാശത്തിന്റെ -ദൈവത്തിന്റെ – മക്കളായ നാമോരോരുത്തരും. നമ്മിൽ എവിടെയെങ്കിലും ദൈവം പ്രകാശിക്കാത്തതുണ്ടെങ്കിൽ അന്ധകാരം നീക്കി, ശുദ്ധിചെയ്ത്, അവിടെയും ദൈവം പ്രകാശിക്കാനായി വിട്ടുകൊടുക്കാം. ”അന്ധകാരത്തിൽ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേൽ പ്രകാശം ഉദിച്ചു” (ഏശ. 9:2). നാം അന്ധകാരത്തിലാണെങ്കിലും ആഗ്രഹമുണ്ടെങ്കിൽ നമുക്കായി ഉദിച്ചിരിക്കുന്ന ക്രിസ്തുവിന്റെ പ്രകാശം കാണാൻ സാധിക്കും. കൂരിരുട്ടിലാണെങ്കിലും നമുക്കുമേൽ ഉദിക്കാൻമാത്രം ദൈവപുത്രൻ നമ്മെ സ്‌നേഹിക്കുന്നു. മനസുവച്ചാൽ നമുക്കതു സ്വന്തമാക്കാനാകും, പ്രകാശിക്കാനാകും.
വിശുദ്ധാത്മാക്കൾക്ക് ലഭിച്ച ദർശനങ്ങളനുസരിച്ച്, വിശുദ്ധരെല്ലാം സ്വർഗപ്രവേശനം നടത്തിയത് പ്രഭാപൂരിതരായാണ്. ശുദ്ധീകരണ സ്ഥലത്തുനിന്നും സ്വർഗത്തിൽ പ്രവേശിക്കുന്നവരും അഭൗമികമായ പ്രകാശത്താൽ പൂരിതരായിരുന്നു. അന്ധകാരം ഒട്ടും ഇല്ലാതെ, പൂർണമായി പ്രകാശിച്ചാൽ മാത്രമേ പ്രകാശമായ ദൈവത്തിനടുക്കലെത്താനും അവിടുത്തോടൊപ്പം സദാ വസിക്കാനും സാധിക്കൂ. അഥവാ സ്വർഗപ്രവേശനത്തിനും സ്വർഗത്തിന്റെ നാഥനായ ദൈവപിതാവിനൊപ്പമുള്ള ജീവിതത്തിനും യോഗ്യരാകുകയുള്ളൂ. സൂര്യൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും പ്രകാശിപ്പിക്കുന്നതുപോലെ ദൈവമായ കർത്താവിന്റെ പ്രകാശം നമ്മിലും പ്രകാശിച്ച് നമുക്കും ദൈവത്തിന്റെ ചന്ദ്രനും നക്ഷത്രങ്ങളുമാകാം, അനേകർക്ക് വെളിച്ചമാകാം, ദൈവത്തിന്റെ മഹത്വമാകാം. വിശുദ്ധ ജീവിതം നയിക്കുന്ന സമർപ്പിതർ ചന്ദ്രനെപ്പോലെയും വിശുദ്ധ ജീവിതം നയിക്കുന്ന ക്രൈസ്തവ വിശ്വാസികൾ നക്ഷത്രങ്ങളെപ്പോലെയുമാണെന്ന് ഉണ്ണീശോ ഒരിക്കൽ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞുകൊടുക്കുകയുണ്ടായി.
നിത്യപ്രകാശമായ ഈശോയെ ദിവ്യകാരുണ്യത്തിൽ സ്വീകരിക്കുന്ന നാം എത്രയധികമായി പ്രകാശിക്കേണ്ടിയിരിക്കുന്നു! പ്രകാശിക്കാത്തതെന്തായിരിക്കാം?

ക്രിസ്തുരാജ്യം ജനങ്ങളെ സ്വതന്ത്രരാക്കുന്നു: പാപ്പ

ക്രിസ്തുരാജ്യം ജനങ്ങളെ സ്വതന്ത്രരാക്കുന്നു: പാപ്പ

Editor Sunday Shalom

ജനങ്ങളെ യഥാർത്ഥത്തിൽ സ്വതന്ത്രരാക്കുന്നതാണ് ക്രിസ്തുരാജ്യമെന്ന് ഫ്രാൻസിസ് പാപ്പ. ക്രിസ്തുരാജന്റെ തിരുനാൾദിവസം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു പാപ്പ. ഈ ലോകത്തിലെ അധികാരകേന്ദ്രങ്ങളും സാമ്രാജ്യങ്ങളും ജനങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, ക്രിസ്തുവിന്റെ രാജ്യം യഥാർത്ഥസന്തോഷവും സമാധാനവും നൽകി അവരെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നു. ഇതൊരു സങ്കൽപ്പമല്ല. മറിച്ച് ക്രിസ്തുവിനെ അറിഞ്ഞ് അവനെ അനുഗമിക്കുമ്പോൾ കരഗതമാകുന്ന വലിയ സന്തോഷത്തിന്റെ അനുഭവമാണ്.
എല്ലാ ഭരണാധികാരികളെയും പോലെ ക്രിസ്തുവും ഒരു രാജാവാണ്. എന്നാൽ തന്റെ പൗരന്മാരുടെമേൽ ആധിപത്യവും അധികാരവും സ്ഥാപിക്കുക എന്നതല്ല അവിടുത്തെ ലക്ഷ്യം. മറിച്ച്, അവരെ തന്റെ മഹത്വത്തിലേക്ക് ഉയർത്തുക എന്നതാണ്. ഈ ലോകത്തിൽ ഏതു രാജാവാണ്, അല്ലെങ്കിൽ ഏത് അധികാരിയാണ് തനിക്കുള്ള മഹത്വവും ശ്രേഷ്ഠതയും എല്ലാ പൗരന്മാർക്കും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത്?
ക്രിസ്തുവിന്റെ ഭരണത്തിന്റെ ശക്തി അധികാരമോ, ആൾബലമോ അല്ല, സ്‌നേഹമാണ്. സ്‌നേഹം ഭരിക്കുകയല്ല സേവിക്കുകയാണ് ചെയ്യുന്നത്. ഓരോരുത്തരെയും അവരുടെ ബലഹീനതകളിൽനിന്നും കഷ്ടപ്പാടുകളിൽനിന്നും ഈ രാജാവ് രക്ഷിക്കുന്നു. അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും പാത അവർക്കായി തുറക്കുന്നു. ക്രിസ്തു തന്റെ രാജ്യത്തിലെ അംഗങ്ങളെ സ്വന്തം മഹത്വത്തിന് സമാനമായ മഹത്വത്തിലേക്ക് ഉയർത്തുന്നു, പാപ്പ പറഞ്ഞു.
പന്തിയോസ് പീലാത്തോസിനോട് തന്റെ രാജ്യം ഐഹികമല്ല എന്നാണ് ക്രിസ്തു പറയുന്നത്. അപ്പോൾ ഈ ലോകത്തിൽ നിലവിലിരിക്കുന്ന രീതിയും ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ രീതിയും രണ്ടും വ്യത്യസ്തമാണെന്ന് നാം മനസ്സിലാക്കണം. ഈ ലോകത്തിൽ അധികാരത്തിനായുള്ള അഭിനിവേശങ്ങളും പോരാട്ടങ്ങളും നടക്കുന്നു. മത്സരങ്ങളും കുറവല്ല. എന്നാൽ ക്രിസ്തുവിന്റെ രാജ്യത്തിൽ എല്ലാവരും തുല്യരാണ്. അതിനാൽതന്നെ മത്സരിക്കേണ്ടതിന്റെയോ, അധികാരം സ്ഥാപിച്ചെടുക്കേണ്ടതിന്റെയോ ആവശ്യമില്ല.
സുവിശേഷം ശക്തി പ്രകടമാക്കുന്നത് സത്യത്തിന്റെയും എളിമയുടെയും ബലത്തിൽ നിശ്ശബ്ദമായാണ്. ഈശോയുടെ രാജത്വം പൂർണമായി വെളിപ്പെടുത്തപ്പെട്ടത് കുരിശിലാണ്. ലോകത്തിന്റെ കണ്ണുകളിൽ പരാജയപ്പെട്ടതിന്റെയും ഇല്ലാതായതിന്റെയും അടയാളമായിരുന്നു കുരിശുമരണം. എന്നാൽ സത്യത്തിൽ ലോകത്തിന്റെയും മരണത്തിന്റെയും നരകത്തിന്റെയുംമേൽ അവിടുന്ന് വിജയം വരിക്കുകയായിരുന്നു. ആരെയും കാണിക്കാനല്ല, സത്യത്തിന്റെയും എളിമയുടെയും ബലത്തിൽ, നിശ്ശബ്ദനായി.
ഒരു ക്രിസ്ത്യാനി അധികാരത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും സംസാരിക്കുമ്പോൾ, കുരിശിന്റെ അധികാരവും ക്രിസ്തുസ്‌നേഹത്തിന്റെ ശക്തിയുമാണ് വെളിപ്പെടുത്തേണ്ടത്.
അതല്ലാതെ ഈ ലോകത്തിൽ കാണുന്ന അധികാരവും ശക്തിയുമല്ല. തിരസ്‌കരണത്തിന്റെയും വേദനയുടെയും നടുവിലും ഈ ശക്തി നമ്മുടെ കൂടെയുണ്ടാവും. സ്വന്തം ജീവൻ മനുഷ്യവംശത്തിനുവേണ്ടി ത്യജിക്കാൻവരെ അതുനമ്മെ പ്രാപ്തരാക്കും.
സ്വന്തം ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുന്നതിലാണ് ഈ ലോകത്തിൽ ലഭ്യമാകുന്ന അധികാരത്തിന്റെ മുഴുവൻ ശ്രദ്ധ. എന്നാൽ സ്വന്തം ജീവൻ മറ്റുള്ളവർക്കായി വിട്ടുകൊടുത്തുകൊണ്ടാണ് ക്രിസ്തു യഥാർത്ഥ ശക്തിയും അധികാരവും പ്രകടമാക്കിയത്. അങ്ങനെ മരണത്തെപ്പോലും കീഴടക്കുന്ന അധികാരവും ശക്തിയും അവിടുന്ന് പ്രകടിപ്പിച്ചു, പാപ്പ പറഞ്ഞു.

തിന്മയെ പ്രതിരോധിക്കാൻ ഉദ്‌ബോധിപ്പിച്ച് പാപ്പയുടെ പുതുവർഷത്തിലെ ആദ്യ സന്ദേശം


തിന്മയെ പ്രതിരോധിക്കാൻ ഉദ്‌ബോധിപ്പിച്ച് പാപ്പയുടെ പുതുവർഷത്തിലെ ആദ്യ സന്ദേശം
Sunday Shalom January 3, 2016
വത്തിക്കാൻ സിറ്റി: തിന്മയ്‌ക്കെതിരെ പോരാടാൻ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ 2016 ലെ ആദ്യത്തെ പ്രസംഗം. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ കൂടിയിരുന്ന ആയിരങ്ങളോട് ജനുവരി 3 ഞായറാഴ്ച പ്രസംഗിക്കവെയാണ് ക്രിസ്തുവിനായി ഹൃദയങ്ങൾ തുറക്കുവാനും അങ്ങനെ തിന്മയെ പ്രതിരോധിക്കുവാനും പാപ്പ ഉപദേശിച്ചത്. വചനം മാംസമായി നമ്മുടെ ഇടയിൽ വസിച്ചു എന്ന വചനത്തെ ഉദ്ധരിച്ചാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്. ”മനുഷ്യർ ആ വചനത്തെ തിരസ്‌കരിച്ച് ജീവിക്കുന്നതിനെ യോഹന്നാൻ എടുത്തുപറയുന്നു. വചനം പ്രകാശമാണ്. എന്നാൽ, പ്രകാശത്തെക്കാൾ മനുഷ്യർ അന്ധകാരത്തെ സ്‌നേഹിച്ചു. ദൈവപുത്രന്റെ നേരെ അവർ വാതിലുകളടച്ചുകളഞ്ഞു.” പാപ്പ പറഞ്ഞു.
”തിന്മയുടെ രഹസ്യമാണത്. നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിനെ തിരസ്‌കരിക്കുവാനുള്ള പ്രവണ അതു ജനിപ്പിക്കുന്നു. തിന്മയുടെ ശക്തികൾ വിജയം വരിക്കാതിരിക്കാൻ നാം അതീവ ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു.” പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
ഉല്പത്തി പുസ്തകത്തിലെ അനുഭവം വിവരിച്ചുകൊണ്ട് പാപം നമ്മുടെ പടിവാതിലിൽ പതിയിരിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. ”അതു നമ്മുടെ പടിവാതിൽ കടന്നുവരാൻ അനുവദിച്ചാൽ നാശം. മറ്റുള്ള ആർക്കും പ്രവേശിക്കാനാവാത്ത വിധം തിന്മ നമ്മുടെ വാതിലുകൾ അടച്ചുകളയും. നന്മയുള്ള സകലതിനെയും പ്രതിരോധിക്കാൻ ഉള്ളിൽ കയറിയ തിന്മയ്ക്ക് സാധിക്കും. ദൈവചനത്തിനും, യേശുവിനും വേണ്ടി തുറക്കപ്പെടേണ്ടവയാണ് നമ്മുടെ വാതിലുകൾ. കരുണയുടെ വർഷത്തിൽ വചനം നമ്മുടെ ജീവിതത്തിൽ മാംസം ധരിക്കുന്നതിനായി തുറവിയുള്ളവരാകണം.”
ഈ അവസ്ഥ നമ്മുടെ ജീവിതത്തിൽ ഉറപ്പുവരുത്തേണ്ടതെങ്ങനെയാണ്; ”വചനത്തോട് കൂടുതൽ അടുക്കുക. വചനം ധ്യാനിക്കുക. ഈശോയെ മനസിലാക്കുന്നതിനും അവിടുത്തെ മറ്റുള്ളവരിൽ എത്തിക്കുന്നതിനുമായി ഓരോ ദിവസവും വചനം ജീവിതത്തിൽ മാംസം ധരിക്കുന്നതിനായി പരിശ്രമിക്കുക.” പരിശുദ്ധ പിതാവ് വ്യക്തമാക്കി.
”ഇതാണ് മാമ്മോദീസ സ്വീകരിച്ച ഓരോ വിശ്വാസിയുടെയും ദൈവവിളി. യേശുവിനെ മറ്റുള്ളവർക്കു കാണിച്ചുകൊടുക്കുക. പക്ഷേ, അതു ചെയ്യുന്നതിനായി ആദ്യം നാം അവിടുത്തെ അറിയണം. ജീവിതത്തിൽ അവിടുത്തെ നാഥനായി സ്വീകരിക്കണം.”
”യേശുവാണ് നമ്മെ തിന്മയിൽനിന്ന് സംരക്ഷിക്കുന്നത്. അവിടുത്തെ സാന്നിധ്യമാണ് തിന്മയെ അകറ്റുന്നത്. നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ എല്ലായ്‌പ്പോഴും യേശു വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്.” പരിശുദ്ധ പിതാവ് സന്ദേശത്തിൽ പറഞ്ഞു.