By Editor Sunday Shalom, July 20, 2016
ന്യൂഡൽഹി: ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ ചിത്രം മൂന്ന് മാസം പഴക്കമുള്ളതാണെന്ന് തെളിഞ്ഞു. ഫാദർ ടോമിനെ കൺകെട്ടി പ്രഹരിക്കുന്നതായ വീഡിയോ ടാജിനോൻ എന്ന പേരിലുള്ള ട്വിറ്റർ അക്കൌണ്ടിൽ നിന്നും ഏപ്രിൽ പന്ത്രണ്ടിനാണ് പുറത്ത് വന്നത്. പലരും കൈമാറി വാട്ട്സ്അപ്പീലൂടെയാണ് ഇന്നലെയത് വ്യാപകമായത്.
അവശനിലയിലായ വൈദികനെ ഭീകരർ ഉപദ്രവിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. എന്നാൽ ദൃശ്യത്തിലുള്ളത് ടോം അച്ചനാണെന്ന കാര്യം വ്യക്തമല്ല. വീഡിയോ പുറത്ത് വിട്ടത് ഐ.എസ് എന്ന ഭീകര സംഘടനയാണെന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല. തെളിമയല്ലാത്ത പശ്ചാത്തലമായതിനാൽ വീഡിയോ ചിത്രം വ്യാജമാണെന്നും പറയുന്നു.
അച്ചന്റെ ഫേസ് ബുക്ക് പേജിൽ ടാഗ് ചെയ്ത സേവ്യർ കെ.പി എന്ന വ്യക്തിയുടെ പോസ്റ്റ് ഇങ്ങനെ;
”ഫാ. ടോം ഉഴുന്നാലിന്റെ അക്കൗണ്ടിൽ നിന്നും ഇന്നലെ എനിക്ക് വന്ന മെസ്സേജ് ആണിത്. അദ്ദേഹത്തിന്റെ ഫ്രണ്ട് ലിസ്റ്റിലുള്ള പലർക്കും ഇതേ മെസേജ് പോയിട്ടുണ്ട്.അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഒരു യെമനി ഫ്രണ്ട് ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് പറയുകയും മറ്റൊരു ട്വിറ്റെർ മെസേജിന്റെ ലിങ്ക് കോപ്പി ചെയ്തു വീഡിയോ കണക്ട് ചെയ്തിരിക്കുന്നു. മെസ്സേജിന്റെ ഉദ്ദേശ്യം അദ്ദേഹത്തെ സഹായിക്കുകയാണോ അതോ തടവിലാക്കിയവർക്കു പണം വേഗത്തിൽ ലഭ്യമാക്കുകയാണോ എന്ന് വ്യക്തമല്ല. എന്തായാലും ഗവണ്മെണ്ടും സഭയും മോചനദ്രവ്യം നൽകി അദ്ദേഹത്തെ മോചിപ്പിക്കാൻ സാധ്യത കുറവാണ്. പക്ഷെ ലോകരക്ഷകനായ യേശുവിനു അത് സാധ്യമാണ്. നമുക്ക് പ്രാർത്ഥിക്കാം. ഈ അവസരത്തിൽ അതാണ് ഏറ്റവും ആവശ്യം.”
അച്ചന്റെ പോസ്റ്റിൽ നിന്നും ലഭിച്ചതായി പറയപ്പെടുന്ന മെസേജിൽ കാണുന്നത് ‘ഇപ്പോഴും ടോം അച്ചൻ ഭീകരരുടെ കയ്യിൽ തന്നെയാണന്നും അദേഹത്തിന് യാതൊരു പരിചരണവും ലഭിക്കുന്നില്ലെന്നും ഇതേ അക്കൗണ്ട് ഉപയോഗിച്ച് ടോം അച്ചനെ സഹായിക്കണമെന്നുമാണ്” സൂചിപ്പിച്ചിരിക്കുന്നത്.
ഫാ. ടോമിന്റെ മോചനത്തിനായുള്ള ഇടപെടൽ തുടരുകയാണെന്നും മധ്യസ്ഥർ മുഖേന ചർച്ചകൾ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം ആവർത്തിക്കുന്നതിനിടെയാണ് വീഡിയോ ഉൾപ്പെടെ പുറത്ത് വന്നത്.
ഇതോടെ ശക്തമായ പ്രതികരണമാണ് എല്ലായിടത്തു നിന്നും ഉയരുന്നത്. സഭ, എത്രയും വേഗം ടോം അച്ചനെ മോചിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി കഴിഞ്ഞു. ഫാ.ടോം ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്ന് ജോസ്.കെ.മാണി എംപി ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് അദ്ദേഹം ലോക്സഭയിൽ അടിയന്തര പ്രമേയത്തിനു നോട്ടീസും നൽകി.
യെമനിൽ ഏഡനിലെ വൃദ്ധസദനം ആക്രമിച്ച ഭീകരർ കഴിഞ്ഞ മാർച്ച് നാലിനാണു ഫാ. ടോമിനെ തട്ടിക്കൊണ്ടു പോയത്. ഇദ്ദേഹം ഭീകരരുടെ തടവിലാണെന്നു വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നെങ്കിലും തടവിൽ പാർപ്പിച്ചിരിക്കുന്ന കേന്ദ്രം കണ്ടെത്താനായിരുന്നില്ല.