Wednesday, 16 July 2014

മൊസൂളിൽ, 'ദിവ്യബലി അവസാനിച്ചു; സമാധാനത്തോടെ പോവുക' അസാധ്യം

Sunday Shalom, 11 July 2014
Written by  സ്വന്തം ലേഖകൻ 

മൊസൂളിൽ, 'ദിവ്യബലി അവസാനിച്ചു; സമാധാനത്തോടെ പോവുക' അസാധ്യം















മൊസൂൾ(ഇറാക്ക്): 'ഇനി ഒരു ബലി അർപ്പിക്കാൻ വരുമോ ഇല്ലയോ എന്ന് അറിഞ്ഞുകൂടാ' എന്ന് സീറോ മലബാർ കുർബാനയിലെ അവസാനഭാഗത്ത് ചൊല്ലുന്ന ഭാഗം മൊസൂളിലെ കത്തോലിക്കരെ സംബന്ധിച്ച് അന്വർത്ഥമായി. കാരണം 1600 വർഷങ്ങൾക്ക് ശേഷം ആദ്യമായി ദിവ്യബലി ഇല്ലാതെയാണ്  ഒരു ഞായർ  ഇവിടെ കടന്നുപോയത്. ഐ.എസ്.ഐ.എസ് എന്ന ഭീകരവാദസംഘടന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്നാണ്  ഞായറാഴ്ച ദിവ്യബലി മുടങ്ങിയത്.

ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമാണ് മൊസൂൾ.  ഒരിക്കൽ ക്രൈസ്തവ വിശ്വാസികളുടെ കേന്ദ്രമായിരുന്ന മൊസൂളിൽ ഇപ്പോൾ ഒരു കൂദാശയും അർപ്പിക്കപ്പെടുന്നില്ല. ഭീകരരുടെ മേധാവിത്വം തുടരുന്ന സാഹചര്യമുണ്ടായാൽ അവസാന ദേവാലയവും പൂട്ടേണ്ടതായി വരും. അവസാന ദിവ്യകാരുണ്യ അപ്പവും ഉപയോഗിക്കപ്പെടും. അങ്ങനെ സംഭവിച്ചാൽ ഒരർത്ഥത്തിൽ മൊസൂളിലെ ക്രിസ്തുസാന്നിധ്യം നഷ്ടപ്പെടും. സുന്നി തീവ്രവാദികളുടെ അക്രമം ഭയന്ന് ക്രൈസ്തവർ കൂട്ടമായി പലായനം ചെയ്യുകയാണ്. ഭീകരരുടെ പ്രഖ്യാപനമനുസരിച്ച് പ്രാർഥിക്കാൻ ആഗ്രഹിക്കുന്നവർ നിശബ്ദ പ്രാർഥന നടത്താൻ ഇനി നിർബന്ധിതരാവും.

പാശ്ചാത്യലോകത്തെ ക്രൈസ്തവർ പ്രാർഥന വഴിയും ഭൗതികസമ്പത്തു നല്കിയും സഹായിക്കുന്നു. എന്നാൽ അവരുടെ എണ്ണം വളരെ കുറവാണ്. മൊത്തത്തിൽ പാശ്ചാത്യർ ഒന്നും ചെയ്യുന്നില്ലെന്ന് പറയാം. ഞങ്ങൾ വളരെ ദുഃഖിതരാണ്. സിറിയയിലെയും ഇറാക്കിലെയും പ്രശ്‌നങ്ങളെക്കാൾ ഫുട്‌ബോളിനോടാണവർക്ക് താത്പര്യം. പാശ്ചാത്യ നയങ്ങൾ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വച്ചുള്ളവയാണ്. ഈ പ്രശ്‌നത്തിന് ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ അന്താരാഷ്ട്രസമൂഹം ഇറാക്കി ഗവൺമെന്റിനുമേൽ സമ്മർദ്ദം ചെലുത്തണം; കൽദായ കത്തോലിക്ക പാത്രിയാർക്കീസ് ലൂയീസ് റാഫേൽ ഒന്നാമൻ സാക്കോ ഇറാക്ക് പ്രശ്‌നത്തിൽ അന്താരാഷ്ട്രസമൂഹം പുലർത്തുന്ന നിസംഗതാമനോഭാവത്തിലുള്ള ദുഃഖവും അമർഷവും മറച്ചുവയ്ക്കാതെ പ്രതികരിച്ചു.

ഇറാക്കിനെ കുറിച്ചുള്ള വാർത്തകളെല്ലാം നാടകീയമായ തലക്കെട്ടോടുകൂടിയാണ് മാധ്യമങ്ങളിൽ വരുന്നത്. 'ക്രൈസ്തവരുടെ അവസാന യാത്ര', 'തിരിച്ചുപോകാൻ തയ്യാറായി ക്രൈസ്തവർ', 'മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യാനികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ' തുടങ്ങിയ വിവിധ ഭാവങ്ങളിലുള്ളവ ആ കൂട്ടത്തിലുണ്ട്. അൽക്വയ്ദ പോലും തള്ളിപ്പറയത്തക്കവിധത്തിലുള്ള ഭീകരമായ രക്തച്ചൊരിച്ചിലിനാണ് ഇറാക്ക് സാക്ഷ്യം വഹിച്ചുക്കുന്നത്.
എണ്ണ ശേഖരത്തിന്റെ ആധിക്യം കൊണ്ട് ഒരു കാലത്ത് സമ്പന്നമായിരുന്ന ഇറാക്ക് ഇന്ന് ചെറിയ കഷണങ്ങളായി ചിതറിക്കപ്പെട്ടിരിക്കുകയാണ്. 25 വർഷത്തോളം തുടർച്ചയായി നേരിട്ട വിവിധ യുദ്ധങ്ങൾ ജനത്തെ തളർത്തിയിരിക്കുന്നു. സിറിയ ഒരു കാലത്ത് മധ്യപൂർവദേശത്തിന് പ്രാദേശിക സുസ്ഥിരത നല്കിയിരുന്ന അടിസ്ഥാശിലയായിരുന്നു. സിറിയയും  ഇന്ന് വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. 15 മില്യണോളം വരുന്ന മധ്യപൂർവദേശത്തെ ക്രൈസ്തവർക്ക് ശക്തരായ സഖ്യകക്ഷികളോ വിവിധ റീത്തുകളെയും സഭകളെയും ഒന്നിപ്പിക്കത്തക്ക സുദൃഡം ആശയങ്ങളോ ഇല്ല. അതുകൊണ്ട് ഇത്തരം സംഘട്ടനങ്ങളുടെ കാലത്ത് ചരിത്രത്തിൽ സംഭവിച്ചത് വീണ്ടും ആവർത്തിക്കുന്നു. അവർ മലകളിലേക്ക് ഓടിപ്പോകുന്നത് തുടരുന്നു.

എതിരാളികളിൽ ഭീകരത വിതയ്ക്കാൻ ഐ.എസ്.ഐ.എസ് ക്രൂശിച്ച വിവിധ ആളുകളുടെ ഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

Monday, 14 July 2014

ലോകയുവജന സമ്മേളനം 2016: പ്രാർഥന




ദൈവമേ, കരുണയുള്ള പിതാവേ, അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിലൂടെ അങ്ങേ സ്‌നേഹം അങ്ങ് വെളിപ്പെടുത്തുകയും ആശ്വാസദായകനായ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്ക് പകരുകയും ചെയ്തു. ലോകത്തിത്തെയും ഇവിടെയുള്ള ഒരോ സ്ത്രീയുടെയും പുരുഷന്റെയും ജീവിതവും അങ്ങേക്ക് ഞങ്ങൾ ഭരമേല്പ്പിക്കുന്നു.

പ്രത്യേകമായ വിധത്തിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവരും വിവിധ ദേശങ്ങളിലുള്ളവരുമായ എല്ലാ യുവജനങ്ങളെയും അങ്ങേക്ക് ഞങ്ങൾ ഭരമേല്പ്പിക്കുന്നു. ഇന്നത്തെ ലോകത്തിന്റെ സങ്കീർണമായ വഴികളിൽ അവരെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ. ക്രാക്കോവിലെ യുവജനസമ്മേളനത്തിൽ നിന്ന് ധാരാളം ഫലം പുറപ്പെടുവിക്കുവാനുള്ള കൃപ അവർക്ക് നല്കുകയും ചെയ്യേണമേ.

സ്വർഗീയ പിതാവേ, നിന്റെ കരുണക്ക് സാക്ഷ്യം വഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. സംശയമുള്ളവരോട് വിശ്വാസം പ്രഘോഷിക്കുവാനും നിരാശ ബാധിച്ചവർക്ക്  പ്രത്യാശ നല്കാനും നിസംഗതപുലർത്തുന്നവരിലേക്ക് സ്‌നേഹം ചൊരിയാനും ദ്രോഹം ചെയ്തവരോട്  ക്ഷമിക്കാനും സന്തോഷമില്ലാത്തവരിലേക്ക് ആനന്ദം പകരാനും ഞങ്ങളെ പഠിപ്പിക്കേണമെ! അങ്ങ് ഞങ്ങളുടെ ഉള്ളിൽ കത്തിച്ച കരുണാർദ്ര സ്‌നേഹത്തിന്റെ തീപ്പൊരി അഗ്നിയായി പടർന്ന് ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനും ഭൂമിയുടെ മുഖച്ഛായ തന്നെ മാറ്റുന്നതിനും ഇടയാകട്ടെ.
മറിയമേ, കരുണയുടെ മാതാവേ.... ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ ജോൺ പോൾ പാപ്പായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 

Tuesday, 1 July 2014

എന്തുകൊണ്ട് മിശ്രവിവാഹം

Sunday Shalom, 27 June 2014 
Written by  (തയ്യാറാക്കിയത്: സാബു ജോസ്, ജെയ്‌സ് കോഴിമണ്ണിൽ, ഇ.എം.പോൾ)



വിവാഹത്തിന് മതമേതായാലും മതി, വിശ്വാസം അപ്രസക്തമാണ് എന്ന കാഴ്ചപ്പാടുമായി വിവാഹത്തിനണയുന്ന യുവതീയുവാക്കളുടെ എണ്ണം പെരുകുകയാണെന്ന് മലങ്കര കത്തോലിക്കാസഭ ഇടുക്കി മേഖലാധ്യക്ഷൻ ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്‌തേഫാനോസ് പറഞ്ഞു. സൺഡേശാലോം സംഘടിപ്പിച്ച സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

മിശ്രവിവാഹം അഥവാ മിക്‌സഡ് മാര്യേജ് എന്നാൽ ഒരു കത്തോലിക്കാ വിശ്വാസിയും മറ്റൊരു അകത്തോലിക്കാ വിശ്വാസിയും തമ്മിലുള്ള വിവാഹമെന്നാണ് കാനോൻ നിയമപ്രകാരം മനസിലാക്കുന്നത്. ഇത്തരം വിവാഹങ്ങളെപ്പറ്റി സഭയിൽ വ്യക്തമായ നിയമനിർദേശങ്ങൾ നിലവിലുണ്ട്. കത്തോലിക്കാവിശ്വാസിയും ഒരു അവിശ്വാസിയും തമ്മിലുള്ള വിവാഹത്തെ ഇന്റർ റിലിജിയസ് മാര്യേജ് എന്നാണ് വിളിക്കുന്നത്. ഇത്തരം വിവാഹങ്ങൾ അപകടകരമായ രീതിയിൽ വർധിച്ചുവരികയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

ഇതിന് കാരണങ്ങൾ പലതാണ്. വിശ്വാസരാഹിത്യവും ഭൗതികാത്മകതയും വളരെ അയഞ്ഞ മനസാക്ഷിയും എല്ലാം കൂടിക്കുഴഞ്ഞ ഒരു സാഹചര്യം മിശ്രവിവാഹത്തിലേക്ക് യുവജനങ്ങളെ നയിക്കുന്നു. വിദ്യാഭ്യാസ തൊഴിൽ സാഹചര്യങ്ങളനുസരിച്ച് കുടുംബങ്ങളിൽനിന്നും മാതാപിതാക്കളിൽനിന്നും അകന്ന് ജീവിക്കുമ്പോ ൾ സാധാരണ സൗഹൃദത്തിലാരംഭിക്കുന്ന ബന്ധം വിവാഹത്തിൽ അവസാനിക്കുന്നതായി കണ്ടുവരുന്നു. ഇവിടെയും പരമ്പരാഗത വിവാഹത്തെപ്പറ്റിയുള്ള സങ്കൽപങ്ങൾ തകർന്നടിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതായി മാർ സ്‌തേഫാനോസ് ചൂണ്ടിക്കാട്ടി. 

''വിശ്വാസജീവിതത്തെ സെക്കുലർ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ പരിഷ്‌കരിക്കുകയും പിന്തുടരുകയും ചെയ്യാവുന്നതല്ല. സനാതനമായ ദൈവിക-സഭാ നിയമങ്ങൾക്കനുസൃതമായി ജീവിക്കാൻ വിശ്വാസികൾക്ക് കഴിയണം. അല്ലെങ്കിൽ അത് സമുദായത്തിന്റെ ശിഥിലീകരണത്തിനും സഭയുടെ തകർച്ചയ്ക്കും കാരണമായി മാറുമെന്ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ പറഞ്ഞു. 
ദൈവവചനവും പാരമ്പര്യവും സഭയുടെ നിയമങ്ങളും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ വിവാഹകാര്യത്തിലും അനുസരിക്കാനും പിന്തുടരാനും വിശ്വാസികൾ കടപ്പെടുന്നുണ്ട്. കലാ-കായിക-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പലരും സ്വന്തം താൽപര്യമോ സൗകര്യമോ അനുസരിച്ച് ഇത്തരം കാര്യങ്ങളൊക്കെ അവഗണിക്കുന്നതായി കാണുന്നു. ഇത്തരം കാര്യങ്ങളിൽ കർക്കശമായ നിലപാടുകളോടെ സഭ ഇടപെടാത്തതുകൊണ്ട് ഇവ സ്വീകാര്യവും അഭിലഷണീയവുമാണെന്ന് സാധാരണ വിശ്വാസികൾ കരുതുന്നതാ യും അദ്ദേഹം പറയുന്നു.  

ദൈവവചനം ഉദ്ധരിച്ച് മാർ റെമിജിയൂസ് തുടരുന്നു: ''നിന്റെ പൂർവികരുടെ ഗോത്രത്തി ൽ നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളിൽനിന്ന് വിവാഹം ചെയ്യരുത്... നമ്മുടെ പൂർവ പിതാക്കന്മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരഞ്ഞെടുത്തത്'' (തോബിത്ത് 4:12). പൂർവപിതാവായ അബ്രാഹം, ഇസഹാക്കിന്റെ വിവാഹം സംബന്ധിച്ച് ഭൃത്യന് നൽകുന്ന നിർദേശം ഇപ്രകാരമാണ്, ''ഞാൻ പാർക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെൺമക്കളിൽനിന്ന് എന്റെ മകന് ഭാര്യയെ തെരഞ്ഞെടുക്കുകയില്ലെന്ന് ആകാശത്തിന്റെയും ഭൂമിയുടെയും ദൈവമായ കർത്താവിന്റെ നാമത്തി ൽ നിന്നെക്കൊണ്ടു ഞാൻ സത്യം ചെയ്യിക്കും. എന്റെ നാട്ടിൽ എന്റെ ചാർച്ചക്കാരുടെ അടുക്കൽ പോയി അവരിൽനിന്ന്  ഇസഹാക്കിന് ഭാര്യയെ കണ്ടുപിടിക്കണം'' (ഉൽപ. 24:3-4).
''സിനിമാതാരങ്ങളും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ടവരുമെല്ലാം ഇതര മതവിശ്വാസത്തിലുള്ളവരുമായി വിവാഹം ചെയ്യുന്ന വാർത്ത പലർക്കും പ്രചോദനമായി മാറുന്നുണ്ടോയെന്ന് സംശയിക്കണമെന്ന്''കെ.സി.ബി.സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കോട്ടയിൽ പറഞ്ഞു. 

 ''വ്യത്യസ്ത വിശ്വാസത്തിൽ ഉള്ളവർ വിവാഹത്തിൽ ഏർപ്പെട്ട് പലവിധ വിഷമാവസ്ഥകളിലും എത്തപ്പെടുകയും വിവാഹമോചനത്തിന് പരിശ്രമിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ അടുത്തറിയാം. സൗഹൃദമോ ഒരുമിച്ചുള്ള ജോലിയോ പോലെയല്ല കുടുംബജീവിതം എന്ന് അറിയാതെയാണ് പലരും പ്രണയത്തിൽ കുടുങ്ങി നശിക്കുന്നത്.'' ഫാ. കോട്ടയിൽ പറഞ്ഞു.

വിവാഹം, കുടുംബം എന്നിവയെക്കുറിച്ചുള്ള സഭയുടെ പ്രബോധനം കൃത്യമായി നമ്മുടെ യുവതിയുവാക്കൾ മനസിലാക്കുന്നില്ല. കേരളത്തിന് വെളിയിൽ പഠനം, ജോലി എന്നിവയ്ക്കായി പോകുന്നവർക്ക് അവിടെ അജപാലന സംരക്ഷണം ലഭിക്കുവാൻ വേണ്ട സംവിധാനവും ഉണ്ടാകണം. വിവാഹജീവിത മൂല്യങ്ങളെക്കുറിച്ച് ബോധവൽക്കരണവും വിശ്വാസ പരിശീലനവും കാലികമാക്കുകയാണ് ഇതിനുളള പരിഹാരമെന്നും ഫാ. കോട്ടയിൽ പറഞ്ഞു. 
''സഭാപരമായ ഭാര്യാഭർതൃ വിവാഹബന്ധം ദൈവികപദ്ധതിയാണ് എന്നുള്ള വിശ്വാസം യുവജനങ്ങളിൽ ആഴപ്പെടുത്തുകയാണ് മിശ്രവിവാഹങ്ങൾക്കുള്ള പരിഹാരമെന്ന് മാർ സ്‌തേഫാനോസ് പറയുന്നു. സ്വതന്ത്രമായ ലോകത്തിൽ ജീവിതത്തെയും മനസാക്ഷിയെയും തിരുവചനങ്ങളെയും ദൈവികകൽപ്പനകളോടും തിരുസഭയുടെ പ്രബോധനങ്ങളോടും ചേർന്നവിധം ഇതിനായി പരിശീലിപ്പിക്കണം. കുടുംബപ്രാർത്ഥനകൾ, പങ്കുവയ്ക്കലുകൾ, മാതൃകാപരമായ ദാമ്പത്യകുടുംബബന്ധങ്ങൾ ഇവയെല്ലാം ഊട്ടിയുറപ്പിക്കുക എന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 

''മൊബൈൽ, ഫെയ്‌സ്ബുക്ക് എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം വികലമായ വ്യക്തിബന്ധങ്ങളിലേക്ക് നയിക്കപ്പെടുന്നതിനുള്ള കാരണമായി കെസിബിസി വക്താവ് ഫാ.വർഗീസ് വള്ളിക്കാട്ട് ചൂണ്ടിക്കാട്ടി. ജീവിതത്തെ ഗൗരവമായി വീക്ഷിക്കാത്തവരാണ് പലപ്പോഴും പ്രണയക്കുരുക്കിൽ അകപ്പെട്ട്, മിശ്രവിവാഹത്തിൽ എത്തിച്ചേരുന്നത്. പിന്നീട് ഇവരുടെ കുടുംബജീവിതത്തിൽ വിശ്വാസങ്ങളുടെ വൈരുധ്യം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ഇടവരുത്തുന്നത് കണ്ടിട്ടുണ്ട്. വിശ്വാസത്തിലുള്ള വൈരുധ്യം വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനും തടസങ്ങൾ ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.

പ്രണയക്കുരുക്കുകളിൽ അകപ്പെടുന്ന പ്രായത്തിനുമുമ്പ് കുടുംബജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച മാതാപിതാക്കളിൽനിന്നും മുതിർന്ന കുടുംബാംഗങ്ങളിൽനിന്നും ലഭിക്കണം. മിശ്രവിവാഹം വർദ്ധിക്കുന്നതിനെക്കുറിച്ച് സഭ ഗൗരവമായി പഠിക്കുകയും  വിവിധ സഭാസംവിധാനങ്ങളിലൂടെ യുവതിയുവാക്കൾക്ക് വ്യക്തമായ ദിശാബോധം നൽകുകയും ചെയ്താൽ ഇക്കാര്യം പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.