Thursday, 14 August 2014

ഖാറഖോഷും അഭയമായില്ല...

Sunday Shalom, 14 August 2014
Written by  സ്വന്തം ലേഖകൻ 

http://shalomonline.net/media/k2/items/cache/a1f8354ad53013a8414afa8d5586d7ac_L.jpg
നീ ഉറങ്ങുക, കണ്ണിമ ചിമ്മാതെ ഞാൻ കാവലിരിക്കാം

ഇറാക്കിലെ ക്രൈസ്തവരുടെ ഭാവി നമ്മുടെ ഐകദാർഢ്യത്തിലാണെന്നും  എല്ലാവരുടെയും മനഃസാക്ഷി ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെ ന്നും ഫ്രാൻസീസ് മാർപാപ്പ. ഇറാക്കിലെ ക്രൈസ്തവർ കുരിശിന്റെ വഴിയിലാണെന്ന് ബാഗ്ദാദിലെ കൽദിയൻ പാത്രിയാർക്ക ലൂയിസ് സാക്കോ. മൊസൂളിൽ നിന്ന് പലായനം ചെയ്ത് ഖാറഖോഷിൽ അഭയം തേടിയ പതിനായിരക്കണക്കിന് ക്രൈസ്തവരെ ജിഹാദിസ്റ്റുകൾ വിളംബരം മുഴക്കി കുടിയിറക്കിയ സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.   

''രാത്രി പതിനൊന്നുമണിയോടെയാണ് ജിഹാദിസ്റ്റുകൾ നഗരത്തിലെത്തിയത്. വീടുവിട്ടിറങ്ങാനും ഉടുവസ്ത്രത്തോടെ സ്ഥലം വിട്ടുപോകാനും അവർ ഉച്ചഭാഷിണിയിലൂടെ ക്രൈസ്തവരോട് ആജ്ഞാപിച്ചു,'' ഡോട്ടേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ കൽദായ സിസ്റ്റർ ലൂജിനാ അനുസ്മരിക്കുന്നു. നിനവെ പ്രോവിൻസിലെ ഖാറഖോഷ് പിടിച്ചെടുത്ത്  മുസ്ലീം നഗരമാക്കി സ്വയപ്രഖ്യാപനവും അവർ നടത്തി. ദേവാലയത്തിലെ കുരിശുകൾ നീക്കം ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്തു.

''ക്രൈസ്തവർക്ക് എല്ലാം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഉടുവസ്ത്രമല്ലാതെ അവരുടെ പക്കൽ ഒന്നുമില്ല. ചെരിപ്പ് അണിയാൻ പോലും അവകാശമില്ല. ഇറാക്കിലെ പൊള്ളുന്ന വേനൽച്ചൂടിൽ നഗ്നപാദരായാണ് അവർ  നടന്നുനീങ്ങുന്നത്. പരിതാപകരമായ മനുഷ്യാവസ്ഥയാണ് ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്..'' ഇറാക്കിലെ മുൻ ന്യൂൺഷ്യോയും കോൺഗ്രിഗേഷൻ ഫോർ ദ ഇവാഞ്ചലൈസേഷൻ ഓഫ് പീപ്പിൾസ് പ്രിഫക്ടുമായ കർദിനാൾ ഫെർനാഡോ ഫിലോനി പറഞ്ഞു. ക്രിസ്ത്യാനികളെ വിമത സേന വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പി ച്ചു. ''വംശവിച്ഛേദമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. മനുഷ്യവംശത്തിന്റെ മഹാദുരന്തമാണ് ഇവിടെ അരങ്ങേറുന്നത്..'' പാത്രിയാർക്ക ലൂയിസ് സാക്കോ പറഞ്ഞു. ''അവർക്ക് ഭക്ഷണം വേണം, വെള്ളം വേണം, അഭയം വേണം..''

''ഇവിടത്തെ ദുരന്തങ്ങളെക്കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല.'' കാൽദിയൻ ആർച്ച് ബിഷപ് ജോസഫ് തോമസ് പറഞ്ഞു. നീതിരഹിതമായും ഭയലേശമന്യേയുമാണ് ഇസ്ലാമിക വിമതർ പ്രവർത്തിക്കുന്നതെന്ന് ബാഗ്ദാദിലെ ആംഗ്ലിക്കൻ വൈദികൻ അഭിപ്രായപ്പെട്ടു. ഇസ്ലാമിക വിമതരുടെ കൈകളാൽ 1500 പേർ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പത്തുവർഷമായി ഇവിടെ സേവനം ചെയ്യുന്ന ബാഗ്ദാദിലെ സെന്റ് ജോർജ് ചർച്ചിലെ ആംഗ്ലിക്കൻ കാനോൻ ആൻഡ്രു വൈറ്റ് പറയുന്നു. ക്രൈസ്തവർ യാചകരെപ്പോലെ തെരുവുകളിൽ അലഞ്ഞുതിരിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് കൽദായ വൈദികൻ ഫാ.പൗലോ മെക്കോയു ടെ വാക്കുകൾ. മൊസൂളിൽ അഭയാർത്ഥികൾക്കുവേണ്ടി ഏതാനും മാസങ്ങളായി ജീവിക്കുന്ന വൈദികനാണ് അദ്ദേഹം.

ഇക്കഴിഞ്ഞ ജൂണിലാണ് ഇസ്ലാമിക വിമതർ മൊസൂൾ പിടിച്ചടക്കിയത്. അവിടെ നിന്ന് 20 മൈൽ അകലെയാണ് ഖാറഖോഷ്. ഇറാക്കിലെ ഏറ്റവും വലിയ ക്രൈസ്തവനഗരമാണിത്. അമ്പതിനായിരത്തോളം ക്രൈസ്തവർ ഇവിടെ ജീവിക്കുന്നു. ഇതിൽ പതിനായിരം ആളുകളെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നതുവരെ കുടിയൊഴിപ്പിച്ചത്. മൂന്ന് തരം തിരഞ്ഞെടുപ്പുകളാണ് വിമതർ ക്രൈസ്തവർക്ക് മുമ്പിൽ വച്ചിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിക്കുക, താങ്ങാനാവാത്ത നികുതി നല്കുക, രാജ്യം വിടുക.
 

ജൂലൈ 20 ലെ ത്രികാലജപത്തിനിടയിൽ ഫ്രാൻസീസ് മാർപാപ്പ ഇറാക്കിലെ ക്രൈസ്തവരുടെ അവസ്ഥയോർത്ത് വേദനയിൽ കരഞ്ഞിരുന്നു. ''അക്രമങ്ങൾക്ക് ഒരിക്കലും അക്രമത്തെ കീഴടക്കാനാവില്ല. സമാധാനം കൊണ്ട് മാത്രമേ അക്രമത്തെ കീഴ്‌പ്പെടുത്താനാവൂ. നിശബ്ദതയിൽ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കുക...'' അന്ന് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.
''എന്താണ്  നമുക്ക് ചുറ്റും - ലിബിയ, ഗാസ, ഇറാക്ക്, സിറിയ - സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഒരു മാറ്റവും ഇല്ലാതെ സാഹചര്യങ്ങൾ  എപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്താണ് അടുത്ത നിമിഷം സംഭവിക്കാൻ പോവുന്നത് എന്ന ഭീതിയിലാണ് ആളുകൾ. ഞങ്ങൾ നന്മയിൽ വിശ്വസിക്കുന്നു. സർവ്വശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നു. ഗാസയുടെയും സിറിയയുടെയും ഇറാക്കിന്റെയും ലിബിയയുടെയും അതിജീവനത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു..'' ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കയും ജോർദാനിലെ പാത്രിയാർക്ക വികാറുമായ ആർച്ച് ബിഷപ് മൗറോൻ ലാഹാം പറഞ്ഞു. അതേ സമയം രാാജ്യത്തിന്റെ ഉത്ഭവത്തിലും ചരിത്രത്തിലും ക്രിസ്ത്യാനികൾ അടിസ്ഥാനഘടകമാണെന്ന് ഇറാക്കി അംബാസിഡർ ഹബീബ് എംഎച്ച് അൽ സദാർ ക്രൈസ്തവർക്ക് നേരെ തുടരുന്ന മതദ്രോഹപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമാക്കി.  മാർപാപ്പയുടെ പ്രതിനിധിയായി കോൺഗ്രിഗേഷൻ ഫോർ ദ ഇവാഞ്ചലൈസേഷൻ ഓഫ് പീപ്പി ൾസ് പ്രിഫക്ട് കർദിനാൾ ഫെർണാഡോ ഫിലോനിയെ ഇറാക്കിലേക്ക് അയ്ക്കും. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഗാസയിലേക്ക് തിരിഞ്ഞ അവസരത്തിലാണ് ഇറാക്കിൽ ക്രൈസ്തവർക്ക് നേരെയുള്ള  അതിക്രമം നടന്നത്. ഗാസയിൽ ഓരോ മണിക്കൂറിലും ഒരു കുഞ്ഞ് മരിച്ചുവീഴുകയാണ്.

Wednesday, 16 July 2014

മൊസൂളിൽ, 'ദിവ്യബലി അവസാനിച്ചു; സമാധാനത്തോടെ പോവുക' അസാധ്യം

Sunday Shalom, 11 July 2014
Written by  സ്വന്തം ലേഖകൻ 

മൊസൂളിൽ, 'ദിവ്യബലി അവസാനിച്ചു; സമാധാനത്തോടെ പോവുക' അസാധ്യം















മൊസൂൾ(ഇറാക്ക്): 'ഇനി ഒരു ബലി അർപ്പിക്കാൻ വരുമോ ഇല്ലയോ എന്ന് അറിഞ്ഞുകൂടാ' എന്ന് സീറോ മലബാർ കുർബാനയിലെ അവസാനഭാഗത്ത് ചൊല്ലുന്ന ഭാഗം മൊസൂളിലെ കത്തോലിക്കരെ സംബന്ധിച്ച് അന്വർത്ഥമായി. കാരണം 1600 വർഷങ്ങൾക്ക് ശേഷം ആദ്യമായി ദിവ്യബലി ഇല്ലാതെയാണ്  ഒരു ഞായർ  ഇവിടെ കടന്നുപോയത്. ഐ.എസ്.ഐ.എസ് എന്ന ഭീകരവാദസംഘടന നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്നാണ്  ഞായറാഴ്ച ദിവ്യബലി മുടങ്ങിയത്.

ഇറാക്കിലെ രണ്ടാമത്തെ വലിയ നഗരമാണ് മൊസൂൾ.  ഒരിക്കൽ ക്രൈസ്തവ വിശ്വാസികളുടെ കേന്ദ്രമായിരുന്ന മൊസൂളിൽ ഇപ്പോൾ ഒരു കൂദാശയും അർപ്പിക്കപ്പെടുന്നില്ല. ഭീകരരുടെ മേധാവിത്വം തുടരുന്ന സാഹചര്യമുണ്ടായാൽ അവസാന ദേവാലയവും പൂട്ടേണ്ടതായി വരും. അവസാന ദിവ്യകാരുണ്യ അപ്പവും ഉപയോഗിക്കപ്പെടും. അങ്ങനെ സംഭവിച്ചാൽ ഒരർത്ഥത്തിൽ മൊസൂളിലെ ക്രിസ്തുസാന്നിധ്യം നഷ്ടപ്പെടും. സുന്നി തീവ്രവാദികളുടെ അക്രമം ഭയന്ന് ക്രൈസ്തവർ കൂട്ടമായി പലായനം ചെയ്യുകയാണ്. ഭീകരരുടെ പ്രഖ്യാപനമനുസരിച്ച് പ്രാർഥിക്കാൻ ആഗ്രഹിക്കുന്നവർ നിശബ്ദ പ്രാർഥന നടത്താൻ ഇനി നിർബന്ധിതരാവും.

പാശ്ചാത്യലോകത്തെ ക്രൈസ്തവർ പ്രാർഥന വഴിയും ഭൗതികസമ്പത്തു നല്കിയും സഹായിക്കുന്നു. എന്നാൽ അവരുടെ എണ്ണം വളരെ കുറവാണ്. മൊത്തത്തിൽ പാശ്ചാത്യർ ഒന്നും ചെയ്യുന്നില്ലെന്ന് പറയാം. ഞങ്ങൾ വളരെ ദുഃഖിതരാണ്. സിറിയയിലെയും ഇറാക്കിലെയും പ്രശ്‌നങ്ങളെക്കാൾ ഫുട്‌ബോളിനോടാണവർക്ക് താത്പര്യം. പാശ്ചാത്യ നയങ്ങൾ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വച്ചുള്ളവയാണ്. ഈ പ്രശ്‌നത്തിന് ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ അന്താരാഷ്ട്രസമൂഹം ഇറാക്കി ഗവൺമെന്റിനുമേൽ സമ്മർദ്ദം ചെലുത്തണം; കൽദായ കത്തോലിക്ക പാത്രിയാർക്കീസ് ലൂയീസ് റാഫേൽ ഒന്നാമൻ സാക്കോ ഇറാക്ക് പ്രശ്‌നത്തിൽ അന്താരാഷ്ട്രസമൂഹം പുലർത്തുന്ന നിസംഗതാമനോഭാവത്തിലുള്ള ദുഃഖവും അമർഷവും മറച്ചുവയ്ക്കാതെ പ്രതികരിച്ചു.

ഇറാക്കിനെ കുറിച്ചുള്ള വാർത്തകളെല്ലാം നാടകീയമായ തലക്കെട്ടോടുകൂടിയാണ് മാധ്യമങ്ങളിൽ വരുന്നത്. 'ക്രൈസ്തവരുടെ അവസാന യാത്ര', 'തിരിച്ചുപോകാൻ തയ്യാറായി ക്രൈസ്തവർ', 'മിഡിൽ ഈസ്റ്റിലെ ക്രിസ്ത്യാനികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ' തുടങ്ങിയ വിവിധ ഭാവങ്ങളിലുള്ളവ ആ കൂട്ടത്തിലുണ്ട്. അൽക്വയ്ദ പോലും തള്ളിപ്പറയത്തക്കവിധത്തിലുള്ള ഭീകരമായ രക്തച്ചൊരിച്ചിലിനാണ് ഇറാക്ക് സാക്ഷ്യം വഹിച്ചുക്കുന്നത്.
എണ്ണ ശേഖരത്തിന്റെ ആധിക്യം കൊണ്ട് ഒരു കാലത്ത് സമ്പന്നമായിരുന്ന ഇറാക്ക് ഇന്ന് ചെറിയ കഷണങ്ങളായി ചിതറിക്കപ്പെട്ടിരിക്കുകയാണ്. 25 വർഷത്തോളം തുടർച്ചയായി നേരിട്ട വിവിധ യുദ്ധങ്ങൾ ജനത്തെ തളർത്തിയിരിക്കുന്നു. സിറിയ ഒരു കാലത്ത് മധ്യപൂർവദേശത്തിന് പ്രാദേശിക സുസ്ഥിരത നല്കിയിരുന്ന അടിസ്ഥാശിലയായിരുന്നു. സിറിയയും  ഇന്ന് വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. 15 മില്യണോളം വരുന്ന മധ്യപൂർവദേശത്തെ ക്രൈസ്തവർക്ക് ശക്തരായ സഖ്യകക്ഷികളോ വിവിധ റീത്തുകളെയും സഭകളെയും ഒന്നിപ്പിക്കത്തക്ക സുദൃഡം ആശയങ്ങളോ ഇല്ല. അതുകൊണ്ട് ഇത്തരം സംഘട്ടനങ്ങളുടെ കാലത്ത് ചരിത്രത്തിൽ സംഭവിച്ചത് വീണ്ടും ആവർത്തിക്കുന്നു. അവർ മലകളിലേക്ക് ഓടിപ്പോകുന്നത് തുടരുന്നു.

എതിരാളികളിൽ ഭീകരത വിതയ്ക്കാൻ ഐ.എസ്.ഐ.എസ് ക്രൂശിച്ച വിവിധ ആളുകളുടെ ഫോട്ടോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

Monday, 14 July 2014

ലോകയുവജന സമ്മേളനം 2016: പ്രാർഥന




ദൈവമേ, കരുണയുള്ള പിതാവേ, അങ്ങയുടെ പുത്രനായ യേശു ക്രിസ്തുവിലൂടെ അങ്ങേ സ്‌നേഹം അങ്ങ് വെളിപ്പെടുത്തുകയും ആശ്വാസദായകനായ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്ക് പകരുകയും ചെയ്തു. ലോകത്തിത്തെയും ഇവിടെയുള്ള ഒരോ സ്ത്രീയുടെയും പുരുഷന്റെയും ജീവിതവും അങ്ങേക്ക് ഞങ്ങൾ ഭരമേല്പ്പിക്കുന്നു.

പ്രത്യേകമായ വിധത്തിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവരും വിവിധ ദേശങ്ങളിലുള്ളവരുമായ എല്ലാ യുവജനങ്ങളെയും അങ്ങേക്ക് ഞങ്ങൾ ഭരമേല്പ്പിക്കുന്നു. ഇന്നത്തെ ലോകത്തിന്റെ സങ്കീർണമായ വഴികളിൽ അവരെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യേണമേ. ക്രാക്കോവിലെ യുവജനസമ്മേളനത്തിൽ നിന്ന് ധാരാളം ഫലം പുറപ്പെടുവിക്കുവാനുള്ള കൃപ അവർക്ക് നല്കുകയും ചെയ്യേണമേ.

സ്വർഗീയ പിതാവേ, നിന്റെ കരുണക്ക് സാക്ഷ്യം വഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. സംശയമുള്ളവരോട് വിശ്വാസം പ്രഘോഷിക്കുവാനും നിരാശ ബാധിച്ചവർക്ക്  പ്രത്യാശ നല്കാനും നിസംഗതപുലർത്തുന്നവരിലേക്ക് സ്‌നേഹം ചൊരിയാനും ദ്രോഹം ചെയ്തവരോട്  ക്ഷമിക്കാനും സന്തോഷമില്ലാത്തവരിലേക്ക് ആനന്ദം പകരാനും ഞങ്ങളെ പഠിപ്പിക്കേണമെ! അങ്ങ് ഞങ്ങളുടെ ഉള്ളിൽ കത്തിച്ച കരുണാർദ്ര സ്‌നേഹത്തിന്റെ തീപ്പൊരി അഗ്നിയായി പടർന്ന് ഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനും ഭൂമിയുടെ മുഖച്ഛായ തന്നെ മാറ്റുന്നതിനും ഇടയാകട്ടെ.
മറിയമേ, കരുണയുടെ മാതാവേ.... ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ ജോൺ പോൾ പാപ്പായേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. 

Tuesday, 1 July 2014

എന്തുകൊണ്ട് മിശ്രവിവാഹം

Sunday Shalom, 27 June 2014 
Written by  (തയ്യാറാക്കിയത്: സാബു ജോസ്, ജെയ്‌സ് കോഴിമണ്ണിൽ, ഇ.എം.പോൾ)



വിവാഹത്തിന് മതമേതായാലും മതി, വിശ്വാസം അപ്രസക്തമാണ് എന്ന കാഴ്ചപ്പാടുമായി വിവാഹത്തിനണയുന്ന യുവതീയുവാക്കളുടെ എണ്ണം പെരുകുകയാണെന്ന് മലങ്കര കത്തോലിക്കാസഭ ഇടുക്കി മേഖലാധ്യക്ഷൻ ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്‌തേഫാനോസ് പറഞ്ഞു. സൺഡേശാലോം സംഘടിപ്പിച്ച സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

മിശ്രവിവാഹം അഥവാ മിക്‌സഡ് മാര്യേജ് എന്നാൽ ഒരു കത്തോലിക്കാ വിശ്വാസിയും മറ്റൊരു അകത്തോലിക്കാ വിശ്വാസിയും തമ്മിലുള്ള വിവാഹമെന്നാണ് കാനോൻ നിയമപ്രകാരം മനസിലാക്കുന്നത്. ഇത്തരം വിവാഹങ്ങളെപ്പറ്റി സഭയിൽ വ്യക്തമായ നിയമനിർദേശങ്ങൾ നിലവിലുണ്ട്. കത്തോലിക്കാവിശ്വാസിയും ഒരു അവിശ്വാസിയും തമ്മിലുള്ള വിവാഹത്തെ ഇന്റർ റിലിജിയസ് മാര്യേജ് എന്നാണ് വിളിക്കുന്നത്. ഇത്തരം വിവാഹങ്ങൾ അപകടകരമായ രീതിയിൽ വർധിച്ചുവരികയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

ഇതിന് കാരണങ്ങൾ പലതാണ്. വിശ്വാസരാഹിത്യവും ഭൗതികാത്മകതയും വളരെ അയഞ്ഞ മനസാക്ഷിയും എല്ലാം കൂടിക്കുഴഞ്ഞ ഒരു സാഹചര്യം മിശ്രവിവാഹത്തിലേക്ക് യുവജനങ്ങളെ നയിക്കുന്നു. വിദ്യാഭ്യാസ തൊഴിൽ സാഹചര്യങ്ങളനുസരിച്ച് കുടുംബങ്ങളിൽനിന്നും മാതാപിതാക്കളിൽനിന്നും അകന്ന് ജീവിക്കുമ്പോ ൾ സാധാരണ സൗഹൃദത്തിലാരംഭിക്കുന്ന ബന്ധം വിവാഹത്തിൽ അവസാനിക്കുന്നതായി കണ്ടുവരുന്നു. ഇവിടെയും പരമ്പരാഗത വിവാഹത്തെപ്പറ്റിയുള്ള സങ്കൽപങ്ങൾ തകർന്നടിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നതായി മാർ സ്‌തേഫാനോസ് ചൂണ്ടിക്കാട്ടി. 

''വിശ്വാസജീവിതത്തെ സെക്കുലർ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് ഓരോരുത്തർക്കും ഇഷ്ടമുള്ള രീതിയിൽ പരിഷ്‌കരിക്കുകയും പിന്തുടരുകയും ചെയ്യാവുന്നതല്ല. സനാതനമായ ദൈവിക-സഭാ നിയമങ്ങൾക്കനുസൃതമായി ജീവിക്കാൻ വിശ്വാസികൾക്ക് കഴിയണം. അല്ലെങ്കിൽ അത് സമുദായത്തിന്റെ ശിഥിലീകരണത്തിനും സഭയുടെ തകർച്ചയ്ക്കും കാരണമായി മാറുമെന്ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ പറഞ്ഞു. 
ദൈവവചനവും പാരമ്പര്യവും സഭയുടെ നിയമങ്ങളും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ വിവാഹകാര്യത്തിലും അനുസരിക്കാനും പിന്തുടരാനും വിശ്വാസികൾ കടപ്പെടുന്നുണ്ട്. കലാ-കായിക-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പലരും സ്വന്തം താൽപര്യമോ സൗകര്യമോ അനുസരിച്ച് ഇത്തരം കാര്യങ്ങളൊക്കെ അവഗണിക്കുന്നതായി കാണുന്നു. ഇത്തരം കാര്യങ്ങളിൽ കർക്കശമായ നിലപാടുകളോടെ സഭ ഇടപെടാത്തതുകൊണ്ട് ഇവ സ്വീകാര്യവും അഭിലഷണീയവുമാണെന്ന് സാധാരണ വിശ്വാസികൾ കരുതുന്നതാ യും അദ്ദേഹം പറയുന്നു.  

ദൈവവചനം ഉദ്ധരിച്ച് മാർ റെമിജിയൂസ് തുടരുന്നു: ''നിന്റെ പൂർവികരുടെ ഗോത്രത്തി ൽ നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളിൽനിന്ന് വിവാഹം ചെയ്യരുത്... നമ്മുടെ പൂർവ പിതാക്കന്മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരഞ്ഞെടുത്തത്'' (തോബിത്ത് 4:12). പൂർവപിതാവായ അബ്രാഹം, ഇസഹാക്കിന്റെ വിവാഹം സംബന്ധിച്ച് ഭൃത്യന് നൽകുന്ന നിർദേശം ഇപ്രകാരമാണ്, ''ഞാൻ പാർക്കുന്ന ഈ നാട്ടിലെ കാനാന്യരുടെ പെൺമക്കളിൽനിന്ന് എന്റെ മകന് ഭാര്യയെ തെരഞ്ഞെടുക്കുകയില്ലെന്ന് ആകാശത്തിന്റെയും ഭൂമിയുടെയും ദൈവമായ കർത്താവിന്റെ നാമത്തി ൽ നിന്നെക്കൊണ്ടു ഞാൻ സത്യം ചെയ്യിക്കും. എന്റെ നാട്ടിൽ എന്റെ ചാർച്ചക്കാരുടെ അടുക്കൽ പോയി അവരിൽനിന്ന്  ഇസഹാക്കിന് ഭാര്യയെ കണ്ടുപിടിക്കണം'' (ഉൽപ. 24:3-4).
''സിനിമാതാരങ്ങളും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധിക്കപ്പെട്ടവരുമെല്ലാം ഇതര മതവിശ്വാസത്തിലുള്ളവരുമായി വിവാഹം ചെയ്യുന്ന വാർത്ത പലർക്കും പ്രചോദനമായി മാറുന്നുണ്ടോയെന്ന് സംശയിക്കണമെന്ന്''കെ.സി.ബി.സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ജോസ് കോട്ടയിൽ പറഞ്ഞു. 

 ''വ്യത്യസ്ത വിശ്വാസത്തിൽ ഉള്ളവർ വിവാഹത്തിൽ ഏർപ്പെട്ട് പലവിധ വിഷമാവസ്ഥകളിലും എത്തപ്പെടുകയും വിവാഹമോചനത്തിന് പരിശ്രമിക്കുകയും ചെയ്യുന്ന അനുഭവങ്ങൾ അടുത്തറിയാം. സൗഹൃദമോ ഒരുമിച്ചുള്ള ജോലിയോ പോലെയല്ല കുടുംബജീവിതം എന്ന് അറിയാതെയാണ് പലരും പ്രണയത്തിൽ കുടുങ്ങി നശിക്കുന്നത്.'' ഫാ. കോട്ടയിൽ പറഞ്ഞു.

വിവാഹം, കുടുംബം എന്നിവയെക്കുറിച്ചുള്ള സഭയുടെ പ്രബോധനം കൃത്യമായി നമ്മുടെ യുവതിയുവാക്കൾ മനസിലാക്കുന്നില്ല. കേരളത്തിന് വെളിയിൽ പഠനം, ജോലി എന്നിവയ്ക്കായി പോകുന്നവർക്ക് അവിടെ അജപാലന സംരക്ഷണം ലഭിക്കുവാൻ വേണ്ട സംവിധാനവും ഉണ്ടാകണം. വിവാഹജീവിത മൂല്യങ്ങളെക്കുറിച്ച് ബോധവൽക്കരണവും വിശ്വാസ പരിശീലനവും കാലികമാക്കുകയാണ് ഇതിനുളള പരിഹാരമെന്നും ഫാ. കോട്ടയിൽ പറഞ്ഞു. 
''സഭാപരമായ ഭാര്യാഭർതൃ വിവാഹബന്ധം ദൈവികപദ്ധതിയാണ് എന്നുള്ള വിശ്വാസം യുവജനങ്ങളിൽ ആഴപ്പെടുത്തുകയാണ് മിശ്രവിവാഹങ്ങൾക്കുള്ള പരിഹാരമെന്ന് മാർ സ്‌തേഫാനോസ് പറയുന്നു. സ്വതന്ത്രമായ ലോകത്തിൽ ജീവിതത്തെയും മനസാക്ഷിയെയും തിരുവചനങ്ങളെയും ദൈവികകൽപ്പനകളോടും തിരുസഭയുടെ പ്രബോധനങ്ങളോടും ചേർന്നവിധം ഇതിനായി പരിശീലിപ്പിക്കണം. കുടുംബപ്രാർത്ഥനകൾ, പങ്കുവയ്ക്കലുകൾ, മാതൃകാപരമായ ദാമ്പത്യകുടുംബബന്ധങ്ങൾ ഇവയെല്ലാം ഊട്ടിയുറപ്പിക്കുക എന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 

''മൊബൈൽ, ഫെയ്‌സ്ബുക്ക് എന്നിവയുടെ അനിയന്ത്രിതമായ ഉപയോഗം വികലമായ വ്യക്തിബന്ധങ്ങളിലേക്ക് നയിക്കപ്പെടുന്നതിനുള്ള കാരണമായി കെസിബിസി വക്താവ് ഫാ.വർഗീസ് വള്ളിക്കാട്ട് ചൂണ്ടിക്കാട്ടി. ജീവിതത്തെ ഗൗരവമായി വീക്ഷിക്കാത്തവരാണ് പലപ്പോഴും പ്രണയക്കുരുക്കിൽ അകപ്പെട്ട്, മിശ്രവിവാഹത്തിൽ എത്തിച്ചേരുന്നത്. പിന്നീട് ഇവരുടെ കുടുംബജീവിതത്തിൽ വിശ്വാസങ്ങളുടെ വൈരുധ്യം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ഇടവരുത്തുന്നത് കണ്ടിട്ടുണ്ട്. വിശ്വാസത്തിലുള്ള വൈരുധ്യം വ്യക്തിജീവിതത്തിനും കുടുംബജീവിതത്തിനും തടസങ്ങൾ ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.

പ്രണയക്കുരുക്കുകളിൽ അകപ്പെടുന്ന പ്രായത്തിനുമുമ്പ് കുടുംബജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച മാതാപിതാക്കളിൽനിന്നും മുതിർന്ന കുടുംബാംഗങ്ങളിൽനിന്നും ലഭിക്കണം. മിശ്രവിവാഹം വർദ്ധിക്കുന്നതിനെക്കുറിച്ച് സഭ ഗൗരവമായി പഠിക്കുകയും  വിവിധ സഭാസംവിധാനങ്ങളിലൂടെ യുവതിയുവാക്കൾക്ക് വ്യക്തമായ ദിശാബോധം നൽകുകയും ചെയ്താൽ ഇക്കാര്യം പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Wednesday, 25 June 2014

എന്നെ ഞെട്ടിച്ച ചോദ്യം

Shalom Times, 03 June 2014
Written by  ഫാ. ജോർജ് ആലുക്ക സി.എസ്.റ്റി. 



ഉപവാസത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഒരിക്കൽ സുഹൃത്തിനോട് ചോദിച്ചു: ''ഉപവസിച്ച് പ്രാർത്ഥിച്ചിട്ടുണ്ടോ?'' ''ഉണ്ട്.'' ''എന്തിനുവേണ്ടിയാണ് ഉപവസിച്ച് പ്രാർത്ഥിച്ചത്?'' ''വണ്ടി കള്ളൻ കൊണ്ടുപോയപ്പോൾ അതു കിട്ടാൻ വേണ്ടിയാണ് ഉപവസിച്ച് പ്രാർത്ഥിച്ചത്.'' ''എന്നിട്ട് വണ്ടി കിട്ടിയോ?'' ''രണ്ടാഴ്ച്ചയ്ക്കകം വണ്ടി കിട്ടി'' ഞാൻ അവരോട് പറഞ്ഞു: ''ഇതാണ് ഉപവാസ പ്രാർത്ഥനയുടെ ശക്തി.'' ഉപവസിച്ച് പ്രാർത്ഥിച്ചാൽ ദൈവം ഉത്തരം നല്കും.
ഇതുകഴിഞ്ഞ് പ്രാർത്ഥിക്കാനായി ഇരുന്നപ്പോൾ ഈശോ ഇങ്ങനെ ചോദിക്കുന്നതായി തോന്നി. ''വണ്ടി കള്ളൻ കൊണ്ടുപോയപ്പോൾ ഉപവസിച്ച് പ്രാർത്ഥിച്ചു. എന്നാൽ ഞാൻ കുരിശിൽ മരിച്ച്, എന്റെ അമൂല്യരക്തം വിലയായി കൊടുത്ത് വീണ്ടെടുത്ത ആത്മാക്കളെ പിശാച് മോഷ്ടിച്ചുകൊണ്ടുപോകുമ്പോൾ എന്താണ് ഉപവസിച്ച് പ്രാർത്ഥിക്കാത്തത്?'' ആ ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി.

ശരിയല്ലേ! നമ്മൾ എന്തിനെല്ലാം വേണ്ടി ഉപവസിച്ച് പ്രാർത്ഥിക്കുന്നു? രോഗം മാറാൻ, കടം മാറാൻ, സ്ഥലം കിട്ടാൻ, ജോലി ലഭിക്കാൻ... എന്നാൽ, പാപികളുടെ മാനസാന്തരത്തിനുവേണ്ടി, ആത്മാക്കളുടെ രക്ഷയ്ക്കായി ഉപവസിച്ച്, ത്യാഗം ചെയ്ത് പ്രാർത്ഥിക്കാറുണ്ടോ? ഇതാണ് നമ്മൾ ഏറ്റവും കൂടുതലായി ചെയ്യേണ്ടത്. പാപികളുടെ മാനസാന്തരമാണ് ഈശോ ഏറ്റവും കൊതിക്കുന്നത്. വ്യക്തികളുടെ രക്ഷ ഏറ്റവും അധികം ആഗ്രഹിക്കുകയും ചെയ്യുന്നു. പാപികളുടെ മാനസാന്തരത്തിനായുള്ള പ്രാർത്ഥനയാണ് അവിടുന്ന് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്. ഈശോ പറഞ്ഞിട്ടില്ലേ- അനുതപിക്കുന്ന പാപിയെക്കുറിച്ചാണ് സ്വർഗത്തിൽ സന്തോഷമുണ്ടാകുന്നതെന്ന് (ലൂക്കാ 15:7,10).
നമ്മുടെ ഉപവാസപ്രാർത്ഥന വഴി ഒരു പാപിയെങ്കിലും തിരിച്ചുവരുമ്പോൾ സ്വർഗത്തിൽ എത്രമാത്രം സന്തോഷം ഉണ്ടാകും. അപ്പോൾ ദൈവം നമ്മെ എത്രമാത്രം അനുഗ്രഹിക്കും! അനുഗ്രഹം പ്രാപിക്കാനുള്ള എളുപ്പവഴി പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നതാണ്. നമ്മുടെ അയല്പക്കത്തും നാട്ടിലും തിന്മയുടെ, പാപത്തിന്റെ ബന്ധനത്തിൽ കഴിയുന്നവരുണ്ടാകും. അവരെ പിശാച് മോഷ്ടിച്ചിരിക്കുകയാണ്. ഈശോ പറഞ്ഞിട്ടില്ലേ, അവൻ കള്ളനാണെന്ന് (യോഹ. 8:44, 10:10). മനുഷ്യരുടെ ആത്മാക്കളെ തെറ്റായ മോഹങ്ങൾ നല്കി മോഷ്ടിക്കലാണവന്റെ പണി. ഈശോ തിരുരക്തം കൊടുത്ത് വീണ്ടെടുത്തവരെ അവൻ വീണ്ടും അടിമകളാക്കുന്നു.

നമ്മൾ ഉപവസിച്ച്, സഹിച്ച് പ്രാർത്ഥിച്ചാൽ അവരെ നമുക്ക് മോചിപ്പിക്കാൻ പറ്റും. ഓരോ കുഞ്ഞുസഹനവും ത്യാഗവും ഈശോയോടുള്ള സ്‌നേഹത്തെപ്രതി ആത്മാക്കളെ രക്ഷിക്കാനായി കാഴ്ചവയ്ക്കണം. ഈശോയോടുള്ള സ്‌നേഹത്തെപ്രതി നമ്മൾ ചെയ്യുന്ന ഉപവാസവും ത്യാഗവും പ്രാർത്ഥനയും എത്രയോ പേരെ രക്ഷിക്കും!

സഹനം പിശാചിന് ഉൾക്കൊള്ളാൻ പറ്റാത്ത കാ ര്യമാണ്. സഹിച്ച്, ത്യാഗം ചെയ്ത് പ്രാർത്ഥിക്കുന്ന വരുണ്ടെങ്കിൽ അവർ ആർക്കുവേണ്ടി പ്രാർത്ഥിക്കുന്നുവോ അവരിൽനിന്ന് പിശാച് ഓടിപ്പോകും. അങ്ങനെ ആ വ്യക്തിയെ നമുക്ക് ഈശോയ്ക്ക് കൊടുക്കാം.

പ്രാർത്ഥന
പരിശുദ്ധ മാതാവേ, പാപികളുടെ മാനസാന്തരത്തിനായി ഉപവസിച്ച് പ്രാർത്ഥിക്കുവാനുള്ള കൃപ ഞങ്ങൾക്ക് വാങ്ങിത്തരണമേ, ആമ്മേൻ.

ഒരു ക്രൈസ്തവൻ കോപം എങ്ങനെ കൈകാര്യം ചെയ്യും?



 യുകാറ്റ് (കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥം)

വിശുദ്ധ പൗലോസ് ഇങ്ങനെ പറയുന്നു: ''കോപിക്കാം, എന്നാൽ പാപം ചെയ്യരുത്. നിങ്ങളുടെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ നീണ്ടുപോകാതിരിക്കട്ടെ'' (എഫേ. 4:26)
കോപം ആരംഭത്തിൽ ഒരു സ്വാഭാവികവികാരമാണ്. കാണപ്പെടുന്ന നീതിനിഷേധത്തോടുള്ള പ്രതികരണമാണ്. എന്നാൽ അത് വിദ്വേഷമായിത്തീരുകയും ഒരുവന് അയൽക്കാരോട് മാത്സര്യമുണ്ടായിരിക്കുകയും ചെയ്താൽ ഈ സ്വാഭാവികവികാരം പരസ്‌നേഹത്തിനെതിരായ ഗൗരവപൂർണമായ ദ്രോഹമായിത്തീരുന്നു. അനിയന്ത്രിതമായ കോപം, പ്രത്യേകിച്ച് പ്രതികാരചിന്ത, സമാധാനത്തിനു നാശം ചെയ്യും. ക്രമത്തിന്റെ പ്രശാന്തത നശിപ്പിക്കുകയും ചെയ്യും.

ലോകം അത്ഭുതപ്പെട്ട ദിനം

Sunday Shalom, 20 June 2014
Written by  ജറുസലെമിൽ നിന്ന് ഫാ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ 

 

ലോകം അത്ഭുതത്തോടെയാണ് അത് വീക്ഷിച്ചത്. തീർത്തും അസാധ്യമായ കാര്യം. എന്നിട്ടും ഫ്രാൻസീസ് മാർപാപ്പാ അത് സാധ്യമാക്കി മാറ്റി. ഇസ്രായേൽ പ്രസിഡന്റ് ശിമോൻ പെറസും പാലസ്തീനിയൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസും മാർപാപ്പായും പങ്കെടുത്ത പ്രാർത്ഥനയായിരുന്നു അത്. കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയായും ഈ പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയത് ചരിത്രമായി. സമാധാനത്തിന് ചർച്ച മാത്രം പോരെന്നും മനുഷ്യർ ദൈവസന്നിധിയിലേക്ക് തിരിയണമെന്നുമുള്ള ഓർമപ്പെടുത്തലായിരുന്നു ഈ മഹാസംഭവം.  

മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ജൂൺ എട്ടിന് പന്തക്കുസ്താ തിരുനാളിൽ വത്തിക്കാൻ ഗാർഡനിലായിരുന്നു പ്രാർത്ഥന. വിശുദ്ധനാടിന്റെ സംരക്ഷണത്തിന് കത്തോലിക്ക സഭയുടെ ഭാഗത്തുനിന്ന് പ്രത്യേകം നിയോഗിക്കപ്പെട്ടിരിക്കുന്ന ഫ്രാൻസിസ്‌ക്കൻ വൈദി കരുടെ തലവനും വിശുദ്ധനാടിന്റെ സംരക്ഷകൻ എന്ന ഔദ്യോഗിക പേരുള്ളയാളുമായ ഫാ.പിയർ ബത്തിസ്ത ഭരണ തലവന്മാരെ നയിച്ചുകൊണ്ട് വത്തിക്കാനിലേക്ക് എത്തി. ''മനുഷ്യകുലം ഒന്നിച്ച് ദൈവസന്നിധിയിലേക്ക് തിരിയണമെന്നുമുള്ള സന്ദേശമാണ് പാപ്പാ നൽകിയത്. വിശുദ്ധനാട് ഉൾപ്പെടുന്ന മധ്യപൂർവ ദേശത്ത് സമാധാനം പുലർത്തുവാൻ സമാധാന ദാതാവായ ദൈവത്തിന്റെ പക്കലേക്കുള്ള അപേക്ഷയായിരുന്നു ഈ പ്രാർത്ഥന.'' ഫാ. പിയർ ബത്തിസ്ത സൺഡേ ശാലോമിനോട് പറഞ്ഞു.

വത്തിക്കാൻ ഗാർഡനിൽ പന്തക്കുസ്താദിനം വൈകുന്നേരം ഏഴുമണിയോടെ പ്രാർത്ഥനാശുശ്രൂഷ ആരംഭിച്ചു. യഹൂദ-ക്രൈസ്തവ, ഇസ്ലാം മതത്തിൽ പെട്ട പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാണ്  പ്രാർത്ഥനയിൽ പങ്കെടുത്തത്. മതങ്ങളുടെ ആവിർഭാവത്തിന്റെ ക്രമമനുസരിച്ച് യഹൂദ-ക്രൈസ്തവ-ഇസ്ലാമികം എന്ന ക്രമത്തിലാണ് പ്രാർത്ഥന ക്രമീകരിച്ചത്. എല്ലാ മതങ്ങളുടെ പ്രാർത്ഥനകളിലും പ്രപഞ്ച സ്രഷ്ടാവായ ദൈവത്തെ മഹത്വപ്പെടുത്തുന്നതും പാപപരിഹാരത്തിനും സമാധാനത്തിനുമുളള പ്രാർത്ഥനകൾ നടത്തുകയും ധ്യാനാത്മകമായ സംഗീതത്തോടെ സമാപിപ്പിക്കുകയും ചെയ്തു. ഈ ക്രമം മൂന്ന് പ്രാർത്ഥനകളിലും പാലിച്ചു.

ഹീബ്രുഭാഷയിൽ നടത്തിയ യഹൂദരുടെ പ്രാർത്ഥനാശുശ്രൂഷയിൽ സ്രഷ്ടാവായ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് 8, 147 സങ്കീർത്തനങ്ങളും പാപപരിഹാരത്തിനായി 25, 130 സങ്കീർത്തനങ്ങളും പാപപരിഹാരദിനത്തിൽ (യോം കിപ്പൂർ) നടത്തുന്ന അനുരഞ്ജന പ്രാർത്ഥനയും സമാധാനത്തിനുള്ള പ്രാർത്ഥനയിൽ യഹൂദന്മാരുടെ അനുദിന പ്രാർത്ഥനയിൽ നിന്നുമുള്ള സമാധാനപ്രാർത്ഥനയും ഉൾച്ചേർത്തു.

തുടർന്ന് ഇംഗ്ലീഷ്, ഇറ്റാലിയൻ, അറബി ഭാഷകളിൽ പ്രാർത്ഥനയുടെ ഓരോ ഘട്ടവും നടന്നു. സ്രഷ്ടാവിനെ മഹത്വപ്പെടുത്തിക്കൊണ്ട് എട്ടാം സങ്കീർത്തനവും ഏശയ്യായുടെ പുസ്തകം 65, 17-25 ഉം ധ്യാനാത്മകമായി വായിച്ചു. പാപപരിഹാരത്തിനായുള്ള ജോൺപോൾ രണ്ടാമൻ പാപ്പാ രചിച്ച പ്രാർത്ഥനയും നടത്തി. അറബിയിൽ നടന്ന സമാധാനത്തിനുള്ള പ്രാർത്ഥനയും ഇതോടൊപ്പമുണ്ടായിരുന്നു.

മൂന്നാമതായി ഇസ്ലാം മതവിശ്വാസികളുടെ പ്രാർത്ഥനയിൽ അറബിയിൽ തന്നെ പാപപരിഹാരത്തിനും സമാധാനത്തിനുമുള്ള പ്രാർത്ഥനയും നടന്നു. മാർപാപ്പയും രാഷ്ട്രത്തലവന്മാരും സന്ദേശം നൽകി. ദൈവത്തിന്റെ മഹാദാനമാണ് സൃഷ്ടിയെന്നും പ്രകൃതിയുടെ മനുഷ്യവംശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സന്ദേശം നൽകിയ മാർപാപ്പ ഈ പ്രപഞ്ചം ഇപ്പോൾ ജീവിക്കുന്നവർക്കുവേണ്ടി മാത്രമുള്ളതല്ലെന്നും വരാനിരിക്കുന്ന ജനതയ്ക്ക് വേണ്ടി പ്രപഞ്ചത്തെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും ഓർമപ്പെടുത്തി. സമാധാനത്തിനുവേണ്ടിയുള്ള ഒന്നിച്ചുള്ള പ്രയത്‌നത്തിന്റെ അടയാളമായി മാർപാപ്പയും രാഷ്ട്രത്തലവന്മാരും എക്യുമെനിക്കൽ പാത്രിയർക്കീസും ഒരുമിച്ച്  വത്തിക്കാൻ ഗാർഡനിൽ ഒലിവുമരം നട്ടതോടെ പ്രാർത്ഥനാശുശ്രൂഷ സമാപിച്ചു.